Friday, May 24, 2024
Homeകച്ചവടംവെള്ളം കച്ചവടം ചെയ്യുന്നതിന്റെ ഇസ്‌ലാമിക വിധി

വെള്ളം കച്ചവടം ചെയ്യുന്നതിന്റെ ഇസ്‌ലാമിക വിധി

വെള്ളം കച്ചവടം ചെയ്യുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്?
മറുപടി: വെള്ളം ഒരു കമ്പോള വസ്തുവായി മാറിയിരിക്കുന്ന ഇന്ന് ഏറെ പ്രസക്തിയുള്ള ചോദ്യമാണിത്. വാങ്ങല്‍ ശേഷിയുള്ള ആളുകള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് ജീവജലം മാറിക്കൊണ്ടിരിക്കുകയാണ്. കുറച്ചു കൂടി മുന്നോട്ടു പോയാല്‍ ഒരുപക്ഷെ വെള്ളം ഒരു ആഢംബര വസ്തുവായി മാറാനുള്ള സാധ്യതയും വിദൂരമല്ല. വായുവും വെളിച്ചവും പോലെ ഒരു ദൈവിക അനുഗ്രഹമാണ് വെള്ളവും. മുഴുവന്‍ സൃഷ്ടികള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയേണ്ട ഒന്നാണത്. എന്നാല്‍ സാമര്‍ത്ഥ്യമുള്ള ചില ആളുകള്‍ അത് കച്ചവടവല്‍കരിച്ചു കഴിഞ്ഞിരിക്കുന്നു.

മുമ്പ് നാട്ടുരാജാക്കന്‍മാര്‍ ഭരിച്ചിരുന്ന കാലത്ത് ഭാരം ഇറക്കി വെക്കാനുള്ള അത്താണികള്‍ ഉണ്ടായിരുന്നു. അതുപോലെ യാത്രക്കാര്‍ക്കും ആവശ്യക്കാര്‍ക്കും സൗജന്യമായി വെളളം കുടിക്കാനുള്ള തണ്ണീര്‍പന്തലുകളും വഴിയോരങ്ങളില്‍ ഒരുക്കിയിരുന്നു. നാഗരികമായി നാം വികാസം പ്രാപിച്ചപ്പോള്‍ നമ്മില്‍ സങ്കുചിതമായ ഒരു മാനസികാവസ്ഥയാണ് രൂപപ്പെട്ടു വന്നുകൊണ്ടിരിക്കുന്നത്. വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ മാഊനില്‍ ‘അവര്‍ പരോപകാരങ്ങള്‍ പോലും തടയുന്നു’ എന്നൊരു പ്രയോഗമുണ്ട്. ഒരിക്കല്‍ ആഇശ(റ) പ്രവാചകന്‍(സ)യോട് എന്താണ് ‘മാഊന്‍’ (ചെറിയ ചെറിയ പരോപകാരങ്ങള്‍) എന്നന്വേഷിച്ചു. അത് വിശദീകരിച്ചു കൊണ്ട് നബി(സ) നാല് വസ്തുക്കള്‍ പ്രത്യേകം എണ്ണിപ്പറഞ്ഞു. വെള്ളം, തീ, പുല്ല്, ഉപ്പ് എന്നിവ ആരും ആര്‍ക്കും തടയരുത്.

മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് ജല ലഭ്യത. അഥവാ മനുഷ്യന്റെ മൗലികാവകാശമാണത്. അതുകൊണ്ട് തന്നെ ജലം തടയപ്പെടാന്‍ പാടില്ല. ഈ അവകാശബോധത്തെ കച്ചവടക്കാരന്‍ വളരെ സമര്‍ത്ഥമായി അട്ടിമറിക്കുകയാണ് ചെയ്യുന്നത്. വെള്ളം അത്യാവശ്യമായ ഉപഭോഗ വസ്തുവാണെന്നും അത്യാവശ്യ വസ്തുവായതിനാല്‍ അത് കാശുകൊടുത്ത് വാങ്ങണമെന്നുമുള്ള തരത്തിലുള്ള പ്രചരണങ്ങള്‍ നടന്നു. നമുക്കു ചുറ്റുമുള്ള നിരവധി മാഫിയകളുടെ കൂട്ടത്തില്‍ പെട്ടതാണ് ജലമാഫിയയും. വെള്ളത്തോടൊപ്പം ജീവിക്കുന്ന മലയാളികള്‍ പോലും എത്ര പെട്ടന്നാണ് ഇത്തരം മാഫിയകളുടെ കൈകളില്‍ അകപ്പെടുന്നത്! കല്യാണ വീടുകളില്‍ നിരത്തി വെച്ചിരിക്കുന്ന കുപ്പിവെള്ളം അലങ്കാരത്തിന്റെയും അഭിമാനത്തിന്റെയും ഭാഗമായത് അതിന്റെ ഫലമാണ്. വലിച്ചെറിയപ്പെടുന്ന ആ ബോട്ടിലുകളുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്.

പ്രവാചകന്‍(സ) പ്രത്യേകം എടുത്തു പറഞ്ഞ ആ നാല് വസ്തുക്കളും പരസ്പരം കൈമാറ്റം ചെയ്യേണ്ട പ്രകൃതിവിഭവങ്ങളാണ്. അത് വില്‍ക്കപെടാന്‍ പാടില്ലാത്ത വസ്തുക്കളാണെന്നാണ് ഉദ്ദേശ്യം. വെള്ളം ബോട്ടിലുകളിലായി വ്യാവസായിക വല്‍കരിക്കപ്പെട്ടു. അപ്രകാരം ഉപ്പും കച്ചവട വസ്തുവാണിന്ന്. ഗ്യാസിന്റെയും വിറകിന്റെയുമെല്ലാം രൂപത്തില്‍ തീയും കാലികള്‍ക്കായുള്ള പുല്ലും വില്‍പന ചരക്കായി മാറിയിരിക്കുന്നു. ഇത്തരത്തില്‍ ഒന്നും പങ്കുവെക്കാന്‍ കഴിയാത്ത സ്വാര്‍ത്ഥതയിലേക്ക് നാം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. യൂറോപിലും അറബ് നാടുകളിലുമെല്ലാം വെള്ളം നേരത്തെ തന്നെ വില്‍പന വസ്തുവായി മാറിയിരുന്നു. വെള്ളം കാശ് കൊടുത്തു വാങ്ങുന്നു എന്ന് കേള്‍ക്കുമ്പോള്‍ കൗതുകം തോന്നിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. ഇനി ലോകം നേരിടാനിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ജല പ്രതിസന്ധിയായിരിക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൂട്ടല്‍. സാമ്പത്തിക പ്രതിസന്ധി, ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ നാം ഇതുവരെ നേരിട്ട പ്രതിസന്ധികളേക്കാളെല്ലാം ഗുരുതരമായ പ്രതിസന്ധി ജലത്തിന് വേണ്ടിയുള്ള യുദ്ധമായിരിക്കുമെന്നാണ് പറയുന്നത്. ജീവനുള്ള കാലത്തോളം വെള്ളം അത്യാവശ്യമായതിനാല്‍ ജല മാഫിയ ഈ വിഷയത്തില്‍ പിടിമുറുക്കും. വെള്ളം ദാനം ചെയ്യുന്നതിന് വലിയ പ്രാധാന്യമുണ്ടെന്ന് നബി തിരുമേനി(സ) പഠിപ്പിച്ചിട്ടുണ്ട്. ആഇശ(റ)ന് നല്‍കിയ മറുപടിയില്‍ നബി(സ) പറഞ്ഞു: നീയൊരാള്‍ക്ക് ഒരു ഗ്ലാസ് ജീവജലം നല്‍കി അതിലൂടെ ഒരാള്‍ക്ക് തന്റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവന്‍ നല്‍കിയത് പോലെയാണത്. ഒരാള്‍ക്ക് ഒരു ഗ്ലാസ് വെള്ളം നല്‍കുന്നത് ഇത്രത്തോളം പുണ്യമുള്ള കാര്യമാണ്. ഇന്നത്തെ കമ്പോള സംസ്‌കാരം അട്ടിമറിച്ചതും അതാണ്. ട്രെയിനില്‍ ഒന്നിച്ചു യാത്ര ചെയ്യുമ്പോള്‍ സഹയാത്രികനോട് ഒരു കവിള്‍ വെള്ളം ചോദിക്കാന്‍ കഴിയാത്തവിധം എല്ലാം കച്ചവടവല്‍കരിക്കിപ്പെട്ടിരിക്കുന്നു. നമ്മുടെ ജീവകാരുണ്യ മനസ്സ് വീണ്ടെടുത്താല്‍ മാത്രമേ ഇത്തരം ഭൗതിക താല്‍പര്യങ്ങളെ ചെറുത്ത് തോല്‍പിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ.

Recent Posts

Related Posts

error: Content is protected !!