Thursday, July 25, 2024
Homeഫിഖ്ഹ്ശഅ്ബാന്‍ മാസത്തിന് പ്രത്യേക ശ്രേഷ്ഠതയുണ്ടോ?

ശഅ്ബാന്‍ മാസത്തിന് പ്രത്യേക ശ്രേഷ്ഠതയുണ്ടോ?

ശഅ്ബാന്‍ മാസത്തിന് വല്ല ശ്രേഷ്ഠതയുമുണ്ടോ? എന്ത് കൊണ്ട്?

മറുപടി: നബി തിരുമേനി(സ) പ്രത്യേകം പരിഗണിച്ചിരുന്ന മാസമാണ് ശഅ്ബാന്‍ മാസമെന്ന് പ്രബലമായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസത്തിലും അവിടുന്ന് സുന്നത്ത് നോമ്പനുഷ്ഠിക്കുകയുണ്ടായിട്ടില്ല, റമദാനിലല്ലാതെ. അതേപ്പറ്റി ചോദിക്കപ്പെട്ട സന്ദര്‍ഭത്തില്‍ പൊതുവേ ആളുകള്‍ അശ്രദ്ധ വരുത്താന്‍ സാധ്യതയുള്ള മാസമാണതെന്നും, യഥാര്‍ത്ഥത്തില്‍ അല്ലാഹുവിലേക്ക് കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസമാണതെന്നും, അതിനാല്‍ എന്റെ കര്‍മ്മങ്ങള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ നോമ്പ് നോറ്റ ഏറ്റവും പരിശുദ്ധമായ അവസ്ഥയിലാകണമെന്ന് എനിക്കാഗ്രഹമുണ്ടെന്നും അതിനാലാണ് താനത്രയധികം ദിവസം ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നതെന്നും തിരുമേനി(സ) വ്യക്തമാക്കുകയുണ്ടായി.

തിരുമേനി(സ) സൂചിപ്പിച്ച പോലെ പൊതുവേ നാമെല്ലാം ശ്രദ്ധിക്കാതെ വിടുന്ന മാസമായിരിക്കുന്നു ശഅ്ബാന്‍. ധാരാളം ഹദീസുകള്‍ ഇവിടെ ഉരിക്കാനുണ്ടെങ്കിലും രണ്ടെണ്ണം മാത്രം ചുവടെ ചേര്‍ക്കുന്നു. ആയിശ(റ)പറയുന്നു: അല്ലാഹുവിന്റെ റസൂല്‍(സ) പതിവായി നോമ്പെടുക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നു വെച്ചാല്‍ തിരുമേനി ഒട്ടും നോമ്പ് ഒഴിവാക്കാറുണ്ടായിരുന്നില്ല എന്ന് ഞങ്ങള്‍ പറയുവോളം. അതുപോലെ തിരുമേനി നോമ്പെടുക്കാറില്ല എന്ന് പറയുവോളം ചില സന്ദര്‍ഭങ്ങളില്‍ നോമ്പെടുക്കാത്ത സ്ഥിതിയും ഉണ്ടാവാറുണ്ട്. എന്നാല്‍ റമദാനിലല്ലാതെ ഒരു മാസവും പൂര്‍ണ്ണമായി നോമ്പനുഷ്ഠിച്ചതായി ഞാന്‍ കണ്ടിട്ടില്ല. റമദാന്‍ കഴിഞ്ഞാല്‍ പിന്നെ ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസവും നോമ്പനുഷ്ഠിക്കുന്നതും ഞാന്‍ കണ്ടിട്ടില്ല. (ബുഖാരി, മുസ്‌ലിം)

മറ്റു ചില റിപ്പോര്‍ട്ടുകളില്‍ ശഅ്ബാന്‍ മുഴുവന്‍ നബിതിരുമേനി(സ) നോമ്പനുഷ്ഠിച്ചിരുന്നു എന്നും കാണാം. ഇത്തരം ധാരാളം ഹദീസുകളില്‍ നിന്ന് നബി(സ) ഏറ്റവും കൂടുതല്‍ സുന്നത്ത് നോമ്പുകള്‍ അനുഷ്ഠിച്ചിരുന്നത് ശഅ്ബാനിലായിരുന്നുവെന്ന് മനസ്സിലാവുന്നു.

ഇതിന്റെ രഹസ്യത്തെപ്പറ്റി സ്വഹാബിവര്യന്‍ ഉസാമ(റ) റസൂലിനോട് അന്വേഷിക്കുകയുണ്ടായി. അല്ലാഹുവിന്റെ റസൂലേ, ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസത്തിലും താങ്കള്‍ നോമ്പനുഷ്ഠിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ? തിരുമേനി പറഞ്ഞു: റജബിന്റേയും റമദാനിന്റേയും ഇടയില്‍ ആളുകള്‍ ശ്രദ്ധിക്കാതെ പോവുന്ന മാസമാണത്. യഥാര്‍ത്ഥത്തില്‍ ലോകരക്ഷിതാവായ അല്ലാഹുവിങ്കലേക്ക് കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസമാണത്. അതിനാല്‍ ഞാന്‍ നോമ്പുകാരനായിരിക്കെ എന്റെ കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്നതാണ് ഞാന്‍ ഇഷ്ട്ടപ്പെടുന്നത്. (നസാഈ)

ഇവിടെ പരാമര്‍ശിക്കപ്പെട്ട റജബ്, യുദ്ധം വിലക്കപ്പെട്ട പവിത്രമാസങ്ങളില്‍ പെട്ടതാണ്. മറ്റൊന്ന് പരിശുദ്ധമായ റമദാനും. അവ രണ്ടിനും ഇടയിലുള്ള ശഅ്ബാന്‍ ശ്രദ്ധിക്കാതെപ്പടാതെ പോവുക സ്വാഭാവികം. എന്നാല്‍ അവഗണിക്കേണ്ട മാസമല്ല അതെന്നും പ്രത്യുത പരമാവധി സല്‍ക്കര്‍മ്മങ്ങള്‍ വര്‍ധിപ്പിച്ച് തങ്ങളുടെ കര്‍മ്മരേഖ അല്ലാഹുവിന് സമര്‍പ്പിക്കപ്പെടാന്‍ പാകത്തില്‍ ഒരുങ്ങിയിരിക്കുകയും ചെയ്യേണ്ട മാസമാണ് ശഅ്ബാന്‍ എന്നും, ആ മാസത്തില്‍ ചെയ്യാവുന്ന പുണ്യകര്‍മ്മങ്ങളില്‍ ഏറ്റവും ഉത്തമം സുന്നത്ത് നോമ്പുകള്‍ ആണെന്നുമാണ് നബി(സ) പഠിപ്പിക്കുന്നത്.

Recent Posts

Related Posts

error: Content is protected !!