ശഅ്ബാന്‍ 15ന് ശേഷം സുന്നത്ത് നോമ്പ് പാടില്ലെന്ന് കേള്‍ക്കുന്നു. ഒരു വിശദീകരണം നല്‍കാമോ?
മറുപടി: അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞു: ”ശഅബാന്‍ പകുതി കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്.” (അബുദാവൂദ്, ഇബ്‌നു മാജ,തിര്‍മിദി)
ഈ ഹദീസിന്റെ വെളിച്ചത്തില്‍ ശഅബാന്‍ പകുതി കഴിഞ്ഞാല്‍ സുന്നത്തു നോമ്പുകളൊന്നും അനുഷ്ടിക്കാന്‍ പാടില്ലെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ ഹദീസ് സ്വഹീഹാണെന്ന് ശൈഖ് അല്‍ബാനിയുള്‍പ്പെടെയുള്ള ഹദീസ് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുമുണ്ട്. (സ്വഹീഹ് അല്‍ജാമിഅ്) എന്നാല്‍ ഇതിന് വിരുദ്ധമായ ആശയമുള്ള ഹദീസുകളും കാണാവുന്നതാണ്.
ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസ് ഇപ്രകാരമാണ്. റസൂല്‍(സ) പറഞ്ഞു ‘റമദാനിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് നിങ്ങള്‍ നോമ്പെടുക്കരുത്. എന്നാല്‍ മുമ്പേ നോമ്പെടുത്തു വരുന്ന ഒരാള്‍ക്കങ്ങനെ ആകാവുന്നതാണ്.’ (ബുഖാരി-1914, മുസ്‌ലിം-1961)
ഈ രണ്ട് ഹദീസുകളും പ്രത്യക്ഷത്തില്‍ വിരുദ്ധമായി തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവിടെ വൈരുദ്ധ്യമില്ല. പണ്ഡിതന്മാര്‍ അതിങ്ങനെ വിശദീകരിക്കുന്നു:
തിങ്കള്‍, വ്യാഴം തുടങ്ങിയ ദിവസങ്ങളില്‍ നോമ്പെടുക്കുന്നത് സുന്നത്താണല്ലോ. അത് പതിവാക്കിയ ഒരാള്‍ ശഅ്ബാന്‍ പാതി കഴിഞ്ഞാലും നോമ്പ് എടുക്കുന്നതിന് വിരോധമില്ല. ഇവിടെ ആദ്യമായി ഒരാള്‍ നോമ്പെടുക്കുന്നത് പാതി കഴിഞ്ഞാവുന്നതിനാണ് വിലക്ക്. നേരത്തെ നോമ്പെടുക്കുന്ന പതിവുള്ളവര്‍ക്കിത് ബാധകമല്ല. ഈ കാര്യം ഇമാം നവവി റിയാളുസ്വാലിഹീനില്‍ (412) വ്യക്തമാക്കിയിട്ടുണ്ട്.
ഇമാം ഇബ്‌നു ഖയ്യിം തഹ്ദീബുസ്സുനനിലും വിശദമായി ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇടക്കിടെ സുന്നത്ത് നോമ്പെടുക്കുന്ന ശീലമുള്ളവര്‍ക്കും ശഅ്ബാന്‍ തുടക്കം മുതലേ സുന്നത്ത് നോമ്പെടുത്തു തുടങ്ങിയവര്‍ക്കും ഈ വിലക്ക് ബാധകമല്ലെന്ന് ചുരുക്കം. തിരുമേനി ശഅ്ബാന്‍ മിക്ക ദിവസങ്ങളിലും നോമ്പെടുക്കാറുണ്ടായിരുന്നു എന്ന് ആയിശ(റ) വ്യക്തമാക്കിയത് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്. അത് പോലെ നോറ്റുവീട്ടാനുള്ള നോമ്പുകള്‍ ഖദാ വീട്ടുന്നതിനും വിരോധമില്ല. തനിക്ക് നോറ്റു വീട്ടാനുള്ള നോമ്പുകള്‍ ഉണ്ടാവാറുണ്ടായിരുന്നു എന്നും അവ ഞാന്‍ ശഅ്ബാനിലാണ് നോറ്റു വീട്ടിയിരുന്നതെന്നും ആഇശ(റ) വ്യക്തമാക്കിയത് ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. (മിശ്കാത്ത്)
ഭൂരിഭാഗം ഫുഖഹാക്കളും ശഅ്ബാന്‍ 15-ന് ശേഷം നോമ്പെടുക്കുന്നതിന് യാതൊരു വിരോധവുമില്ല എന്ന വീക്ഷണക്കാരാണ്. അത് പാടില്ലെന്ന് കുറിക്കുന്ന ഹദീസുകളെല്ലാം അവര്‍ തിരസ്‌കരിക്കുന്നു. അവയെല്ലാം ദുര്‍ബലമാണെന്നാണ് അവരുടെ വീക്ഷണം. ചുരുക്കത്തില്‍ ശഅ്ബാന്‍ 15-ന് ശേഷം പുതുതായി ഒരു സുന്നത്തു നോമ്പ് തുടങ്ങാതിരിക്കുക എന്നതാണ് കുടൂതല്‍ പ്രബലമായ വീക്ഷണം. എന്നാല്‍ പതിവായി സുന്നത്തു നോമ്പുകള്‍ ശീലിച്ചവരും നോമ്പ് നോറ്റു വീട്ടാന്‍ ബാക്കിയുള്ളവരും അത് മാറ്റിവെക്കേണ്ടതുമില്ല.