Saturday, April 20, 2024
Homeഫിഖ്ഹ്മുഹറം നോമ്പിന്റെ പ്രാധാന്യം എന്ത്?

മുഹറം നോമ്പിന്റെ പ്രാധാന്യം എന്ത്?

ചോദ്യം : മുഹറം ഒമ്പതിനും പത്തിനും നോമ്പ് നോല്‍ക്കുന്നതിന്റെ പ്രാധാന്യമെന്താണ്?

മുഹറം പത്തിന് (ആശൂറാഅ്) നോമ്പ് നോല്‍ക്കുന്നതിന് വലിയ പ്രധാന്യമാണ് ഇസ്‌ലാമിലുള്ളത്. പ്രവാചകന്‍ (സ) പറഞ്ഞു :’ആശൂറാഅ് ദിവസം (മുഹറം പത്ത്) നോമ്പ് നോല്‍ക്കുന്നതിന് വലിയ പ്രതിഫലമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തെ പാപങ്ങള്‍ അതുവഴി അല്ലാഹു പൊറുത്തു തരും’ (മുസ്‌ലിം). മുഹറം ഒമ്പതിന് നോമ്പെടുക്കാന്‍ പ്രവാചകന്‍ നമ്മളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അബ്ബാസ് (റ) പറഞ്ഞതായി ഇമാം തിര്‍മിദി റിപ്പോര്‍ട്ട് ചെയ്യുന്നു : മുഹറം ഒമ്പതിനും പത്തിനും ഞങ്ങള്‍ നോമ്പെടുക്കാറുണ്ടായിരുന്നു. ജൂതരില്‍ നിന്നും വ്യത്യസത പാലിക്കുന്നതിനു വേണ്ടിയാണ് രണ്ടു ദിവസം നോമ്പെടുത്തിരുന്നത്. (തിര്‍മിദി). മുഹറം പത്തിന് നോമ്പെടുക്കുന്നത് പ്രവാചകന്റെ ശീലമായിരുന്നു. എന്നാല്‍ പ്രവാചകന്‍ (സ) മദീനയില്‍ വന്ന സമയത്ത് മൂസാനബിയുടെ ഓര്‍മ പുതുക്കി ജൂതരും അതേദിവസം നോമ്പെടുക്കുന്നതായി പ്രവാചകന്‍ (സ) കാണാനിടയായി. ‘മൂസയോട് നിങ്ങളേക്കാള്‍ അടുത്തവന്‍ ഞാനാണെന്ന്’ പറഞ്ഞ പ്രവാചകന്‍ തന്റെ സ്വഹാബികളോടും അന്നേദിവസം നോമ്പെടുക്കാന്‍ ആവശ്യപ്പെടുകയുണ്ടായി എന്ന് ഹദീസുകളില്‍ കാണാം. പ്രവാചകന്‍ (സ) മരണപ്പെടുന്നതിന് മുമ്പ് മുഹറം ഒമ്പതിനും നോമ്പെടുക്കണമെന്ന് വിശ്വാസികളോട് നിര്‍ദ്ദേശിക്കുകയുണ്ടായി.

പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതന്‍ സയ്യിദ് സാബിഖ് തന്റെ കര്‍മശാസ്ത്ര ഗ്രന്ഥമായ ഫിഖ്ഹുസ്സുന്നയില്‍ മുഹറം നോമ്പുമായി ബന്ധപ്പെട്ട് വിശദീകരിക്കുന്നു :
അബൂ ഹുറൈറയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു : നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കു പുറമെ ഏറ്റവും കൂടുതല്‍ പുണ്യകരമായ നമസ്‌കാരമേതാണെന്ന് ഞാന്‍ പ്രവാചകനോട് ചോദിച്ചു. പ്രവാചകന്‍ (സ) പറഞ്ഞു : അര്‍ദ്ധരാത്രിയിലെ നമസ്‌കാരം. ഞാന്‍ ചോദിച്ചു : റമദാന് ശേഷം ഏത് നോമ്പിനാണ് ഏറ്റവും പ്രാധാന്യമുള്ളത്? പ്രവാചകന്‍ (സ) പറഞ്ഞു : നിങ്ങള്‍ മുഹറം എന്ന് വിളിക്കുന്ന അല്ലാഹുവിന്റെ മാസത്തിലെ നോമ്പ്. (അഹ്മദ്, മുസ്‌ലിം, അബൂ ദാവൂദ്). പ്രവാചകന്‍ പറയുന്നത് കേട്ടതായി മുആവിയ ബിന്‍ അബൂസുഫ്‌യാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു : ‘ആശൂറാ ദിവസം നോമ്പെടുക്കല്‍ എനിക്കു നിര്‍ബന്ധമായ പോലെ നിങ്ങള്‍ക്ക് നിര്‍ബന്ധമല്ല. എന്നാല്‍ നോമ്പെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോമ്പെടുക്കുകയും അല്ലാത്തവര്‍ക്ക് ഉപേക്ഷിക്കുകയും ചെയ്യാവുന്നതാണ്’. (ബുഖാരി, മുസ്‌ലിം). മുഹറം മാസത്തിലെ നോമ്പിനെ കുറിച്ച് മുസ്‌ലിം പണ്ഡിതന്‍മാര്‍ പ്രധാനമായും മൂന്ന് അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

1. തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ നോമ്പെടുക്കുക. മുഹറം ഒമ്പതിനും പത്തിനും പതിനൊന്നിനും.
2. മുഹറം ഒമ്പതിനും പത്തിനും നോമ്പെടുക്കുക.
3. പത്തിന് മാത്രം നോമ്പെടുക്കുക.
അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവന്‍.

വിവ : ജലീസ് കോഡൂര്‍

Recent Posts

Related Posts

error: Content is protected !!