Friday, March 29, 2024
Homeഫിഖ്ഹ്ദിക്ർ-പ്രാർഥനരോഗിക്കു വേണ്ടി ഇമാമിന്റെ പ്രാര്‍ഥന

രോഗിക്കു വേണ്ടി ഇമാമിന്റെ പ്രാര്‍ഥന

ന്യൂയോര്‍ക്കിലെ ഒരു പള്ളിയില്‍ ഇമാമാണ് ഞാന്‍. ജുമുഅക്ക് ശേഷം ഒരു രോഗിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനായി ചിലര്‍ വന്നു ആവശ്യപ്പെടുന്നു. കൂടുതല്‍ ആളുകള്‍ ‘ആമീന്‍’ പറയുമല്ലോ എന്നാണവരുടെ പ്രതീക്ഷ. മുസ്‌ലിംകള്‍ക്ക് ഒരുമിച്ചു കൂടാന്‍ മറ്റൊരിടം ഇവിടെയില്ല താനും. ഇതൊരു ബിദ്അത്താണൊ

-അല്‍ഹംദു ലില്ലാഹ്! ഒന്ന്. തന്നോട് പ്രാര്‍ത്ഥിക്കാനായി, അല്ലാഹു തന്റെ ദാസന്മാരോട് ആജ്ഞാപിക്കുകയും അതിന്നു പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ പറയുന്നു:
നിന്നോട് എന്റെകദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ( അവര്‍ക്ക് ഏറ്റവും ) അടുത്തുള്ളവനാകുന്നു ( എന്ന് പറയുക. ) പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്.[2: 186]
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച്. [40: 60]
അല്ലാഹു രോഗം സുഖപ്പെടുത്തുമെന്ന പ്രതീക്ഷയോടെ, അല്ലാഹുവിന്റെ സച്ചരിതരുടെ പ്രാര്‍ത്ഥന പ്രയോജനപ്രദമാകുമെന്ന വിശ്വാസത്തോടെ, ഒരു രോഗിക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയും ഇതില്‍ പെടുന്നു. നബി(സ) രോഗികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. സഈദ് ബ്‌നു അബീ വഖ്ഖാസ് പറയുന്നു: ഞാന്‍ രോഗിയായിരിക്കെ, നബി(സ) എന്നെ സന്ദര്‍ശിച്ചു. അവിടുന്ന് തന്റെ കരം എന്റെ നെറ്റിയില്‍ വെച്ച്, അത് കൊണ്ട് മുഖവും വയറും തടവിക്കൊണ്ട്, ‘ അല്ലാഹുവെ, സ അദിന്ന് സൗഖ്യം നല്‍കേണമേ, ‘ എന്നു ഏഴ് പ്രാവശ്യം പ്രാര്‍ത്ഥിക്കുകയുണ്ടായി. അവിടത്തെ കരത്തിന്റെ കുളിര്‍മ ഇപ്പോഴും എനിക്ക് അനുഭവപ്പെടുന്നു.’
(ബുഖാരി, മുസ്ലിം)
രോഗികള്‍ക്ക് വേണ്ടിയുള്ള നിരവധി പ്രാര്‍ത്ഥനകള്‍ നബി(സ) അനുയായികളെ പഠിപ്പിച്ചിട്ടുണ്ട്. ഇബ്‌നു അബ്ബാസില്‍ നിന്നും നിവേദനം ചെയ്യപ്പെട്ട ഒരു ഹദിസ് ഉദാഹരണം.
നബി(സ) പറഞ്ഞു; ആരെങ്കിലും ആസന്ന മരണനല്ലാത്ത ഒരു രോഗിയെ സന്ദര്‍ശിച്ചു അയാളുടെ സാന്നിധ്യത്തില്‍, (മഹത്തായ സിംഹാസനത്തിന്റെ ഉടമയായ അല്ലാഹുവോട്, താങ്കളെ സൗഖ്യമാക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു)എന്ന് ഏഴ് തവണ പറഞ്ഞാല്‍, അയള്‍ക്ക് സൗഖ്യം ലഭിക്കാതിരിക്കുകയില്ല’. (അബൂദാവുദ്)
ഇമാം നവവി (റ) പറയുന്നു:
ജീവിച്ചിരിക്കുമെന്ന് പ്രതീക്ഷയുള്ള ഒരു രോഗിയെ സന്ദര്‍ശിക്കുന്നയാള്‍, അയാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് സുന്നത്താണ്. അയാളുടെ ജീവിതം പ്രതീക്ഷയുണ്ടാകട്ടെ, അല്ലെങ്കില്‍ സാധ്യതയുണ്ടാകട്ടെ. രോഗിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത് സംബന്ധമായി ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്. ‘അല്‍ അദ്കാര്‍’ എന്ന കൃതിയില്‍ ഞാനത് സമാഹരിച്ചിട്ടുണ്ട്. (അല്‍ മജ്മൂഅ് 5/112)
രോഗിക്ക് വേണ്ടി ഒറ്റയായും കൂട്ടായും പ്രാര്‍ത്ഥിക്കുന്നതിന്നു വിരോധമില്ല. ഒരു സംഘം ആളുകള്‍ രോഗിയെ സന്ദര്‍ശിക്കുകയും അവരിലൊരാള്‍ പ്രാര്‍ത്ഥിക്കുകയും മറ്റുള്ളവര്‍ ‘ആമീന്‍’ പറയുകയും ചെയ്താലും കുഴപ്പമില്ല. കൂട്ടത്തില്‍, അത്തരമവസരങ്ങളിലെ പ്രാര്‍ത്ഥനകള്‍ വശമില്ലാത്തവരുണ്ടെങ്കില്‍, പ്രത്യേകിച്ചും.
രണ്ട്. നമസ്‌കാരാനന്തരം കൂട്ടു പ്രാര്‍ത്ഥന നടത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. ആരാധനാ കര്‍മങ്ങളെല്ലാം തൌഖീഫി(വഹ് യോ ഹദീസോ മുഖേന അറിയപ്പെടുന്നതും ഗവേഷണത്തിന്നു പഴുതില്ലാത്തതും)യാണെന്നതാണ് കാരണം. പ്രവാചകനില്‍ നിന്നോ സഹാബികളില്‍ നിന്നൊ ഇത് ഉദ്ദരിക്കപ്പെട്ടിട്ടില്ല.
നമസ്‌കാര ശേഷം ഇമാമും പിന്നിലുള്ളവരും കൈ ഉയര്‍ത്തുകയും, ഇമാം പ്രാര്‍ത്ഥിക്കുകയും പിന്നിലുള്ളവര്‍ ‘ആമീന്‍’ ചൊല്ലുകയും ചെയ്യുന്നതിനെ കുറിച്ച്, ഫത് വാ സ്റ്റാന്റിംഗ് കമ്മറ്റിയുടെ മുമ്പില്‍ ഒരു ചോദ്യം വരികയുണ്ടായി. അവരുടെ മറുപടി ഇങ്ങനെയായിരുന്നു;
ആരാധനാ കര്‍മങ്ങളെല്ലാം തൌഖീഫി(വഹ് യോ ഹദീസോ മുഖേന അറിയപ്പെടുന്നതും ഗവേഷണത്തിന്നു പഴുതില്ലാത്തതും)യാണ്. അതിനാല്‍ തന്നെ, ശരീഅത്തില്‍ തെളിവില്ലാതെ, ഈ പ്രവര്‍ത്തനം നിരുപാധികമായോ, അല്ലെങ്കില്‍, എണ്ണം, രൂപം, സ്ഥലം എന്നിവ അടിസ്ഥനമാക്കിയൊ നിര്‍ദ്ദേശിക്കപ്പെട്ടതാണെന്നു പറയാനാവില്ല. പ്രവാചകന്റെ വാക്കിലൂടെയോ, പ്രവര്‍ത്തിയിലൂടെയോ, അംഗീകാരത്തിലൂടെയോ ഇത് സുന്നത്തായി വന്നിട്ടില്ലെന്നു നമുക്കറിയാം. (മജല്ലതുല്‍ ബുഹൂഥില്‍ ഇസ്ലാമിയ്യ: 17/55). എന്നാല്‍ ഈ പ്രാര്‍ത്ഥന ഒരു രോഗിക്കു വേണ്ടി നടത്തുകയും ഇമാം പ്രാര്‍ത്ഥിക്കുകയും മറ്റുള്ളവര്‍ ‘ആമീന്‍’ പറയുകയുമാണെങ്കില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍, ഇന്ന സഹോദരന്‍ രോഗിയാണെന്ന്, ഇമാം ആളുകളോട് പറയുകയും, അയാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും അയാളെ സന്ദര്‍ശിക്കാനും ആവശ്യപ്പെടുകയുമാണെങ്കില്‍, ഇതിന്റെ ആവശ്യം വരുന്നില്ല. രോഗ സന്ദര്‍ശനവും പ്രാര്‍ത്ഥനയും അത് വഴി നിര്‍വഹിക്കപ്പെടുമല്ലോ.

വിവ. കെ എ ഖാദര്‍ ഫൈസി

Recent Posts

Related Posts

error: Content is protected !!