ചോദ്യം: രോഗികള്‍ക്ക് രക്തം ദാനമായി നല്‍കുന്നത് ദാന ധര്‍മങ്ങളില്‍ ഉള്‍പ്പെടുമോ?
ഉത്തരം: ശസ്ത്രക്രിയക്കും ശരീരത്തില്‍ നിന്ന് നഷ്ടപ്പെട്ടുപോയ രക്തത്തിനും പകരമായി രോഗിയുടെ കുടുംബവും കൂട്ടുകാരും രോഗിക്ക് നല്‍കുന്ന രക്തം ഏറ്റവും ഉന്നതമായ സേവനവും ദാനധര്‍മവുമാണ്. കാരണം ഇത്തരമൊരു അവസ്ഥയില്‍ രക്തം നല്‍കി ഒരു ജീവന്‍ സംരക്ഷിക്കുകയാണ്. പരിശുദ്ധ ഖുര്‍ആന്‍ മനുഷ്യ ജീവന് ഉന്നതമായ സ്ഥാനം കല്‍പ്പിക്കുന്നു. മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു (മാഇദ:32).
സമ്പത്ത് ദാനമായി നല്‍കി സഹായിക്കുക എന്നതിന് ദീനില്‍ പ്രത്യേക സ്ഥാനമാണുളളത്. എത്രത്തോളമെന്നാല്‍, അള്ളാഹുവില്‍ നിന്ന് എഴുപത് ഇരട്ടി പ്രതിഫലം ലഭിക്കുന്ന പുണ്യമാണിത്. എന്നാല്‍, രക്തം ദാനമായി നല്‍കുകയെന്നത് അതിനേക്കാള്‍ പുണ്യകരമാണ്. ഇത് ജീവന് കാരണമാകുന്നു എന്നതാണ് ഇവിടെ പരിഗണനീയമായിട്ടുള്ളത്. മനുഷ്യ ജീവനാണ് സമ്പത്തിനേക്കാള്‍ വിലമതിക്കുന്നത്. രക്തദാതാവ് തന്റെ ശരീര ഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന രക്തത്തെ സഹോദരങ്ങള്‍ക്ക് സ്‌നേഹത്തോടെ ജീവ സ്പന്ദനത്തിനായി സമ്മാനിക്കുകയാണ്. നഷ്ടപ്പെട്ടവന് മുന്നില്‍ സഹായ ഹസ്തങ്ങള്‍ നീട്ടുന്നതും പ്രശ്‌നമനുഭവിക്കുന്നവന് സങ്കീര്‍ണതകള്‍ ദുരീകരിച്ച് കൊടുക്കുന്നതും അള്ളാഹുവില്‍ നിന്ന് അളവറ്റ പ്രതിഫലം ലഭ്യമാവുന്നതിന് കാരണമാണ്. ‘ഇല്ലാത്തവരെ സഹായിക്കുന്നവരെ അള്ളാഹുവിന് ഇഷ്ടമാണ്’ എന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. വിശ്വാസിയുടെ ഇഹലോകത്തെ പ്രശ്‌നങ്ങളില്‍ ഒരു പ്രശ്‌നം ആരെങ്കിലും ദുരീകരിച്ച് കൊടുക്കുകയാണെങ്കില്‍ അള്ളാഹു പരലോകത്തെ സങ്കീര്‍ണതകളില്‍പ്പെട്ട സങ്കീര്‍ണത നീക്കകൊടുക്കുന്നതാണെന്ന് പ്രവാചകന്‍ വിശദീകരിക്കുന്നുണ്ട്.
ജന്തു ജാലങ്ങള്‍ അന്നപാനീയങ്ങള്‍ തേടികൊണ്ടിരിക്കുമ്പോള്‍, അവയെ സഹായിക്കുന്നവന് അള്ളാഹുവില്‍ നിന്ന് മഹത്തായ പ്രതിഫലമാണ് ലഭിക്കുക. ശക്തമായ ദാഹത്താല്‍ നാവിട്ടടിച്ച് മണ്ണ് നക്കുന്ന നായക്ക് ദാഹജലം നല്‍കിയ മനുഷ്യനെ പ്രവാചകന്‍ നമുക്ക് പരിചയപ്പെടുത്തുന്നു. തന്റെ ചെരുപ്പുമായി കിണറില്‍ ഇറങ്ങുകയും അതില്‍ വെള്ളം നിറക്കുകയും വായ കൊണ്ട് കടിച്ച് പിടിച്ച് പുറത്ത് വരികയും ദാഹം ശമിക്കുന്നതുവരെ നായക്ക് വെള്ളം നല്‍കുകയും ചെയ്ത മനുഷ്യന്‍! പ്രവാചകന്‍ മുഹമ്മദ് നബി(സ) പറയുന്നു: ആ മനുഷ്യന് അള്ളാഹു നന്ദി പ്രകടിപ്പിക്കുകയും പൊറുത്ത് കൊടുക്കുകയും ചെയ്തു. അത്ഭുതത്തോടെ പ്രവാചക അനുചരന്മാര്‍ ചോദിച്ചു: അള്ളാഹുവിന്റെ പ്രവാചകരെ, ജന്തു ജാലങ്ങളില്‍ ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടോ? പ്രവാചകന്‍ പറഞ്ഞു: തീര്‍ച്ചയായും എല്ലാ ജീവനുകള്‍ക്കും പ്രതിഫലമുണ്ട്. ജന്തുജാലങ്ങള്‍ക്കുള്ള നന്മ അള്ളാഹു സ്വീകരിക്കില്ലന്നാണ് പ്രവാചക അനുചരന്മാര്‍ വിചാരിച്ചിരുന്നത്. എന്നാല്‍ എല്ലാ ജീവനുകള്‍ക്കും നന്മ ചെയ്യുന്നത് പുണ്യകരമാണെന്ന് പ്രവാചകന്‍ വിശദീകരിക്കുകയാണ്. അത് നായയാലും മറ്റുള്ള മൃഗങ്ങളായാലും. അപ്പോള്‍ മനഷ്യരുടെ കാര്യം പറയേണ്ടതില്ലല്ലോ. അത് വിശ്വാസികളാവുകയും ചെയ്താല്‍ അതിന്റെ പ്രധാന്യം വര്‍ധിക്കുകയാണ്.
രക്തദാനത്തിന് അളവറ്റ പ്രതിഫലമുണ്ടെന്ന് പൊതുവായി പറയുമ്പോള്‍ തന്നെ അതിനൊരു പ്രത്യേക വശമുണ്ട്. ഒരുവന്‍ തന്റെ കൂട്ടുകാരന് രക്തം ദാനമായി നല്‍കുന്നതിലൂടെ അവര്‍ക്കിടയിലെ ബന്ധം ദൃഢമാവുന്നു എന്നതാണത്. പ്രവാചകന്‍ പറയുന്നു: ‘ആവശ്യക്കാര്‍ക്ക് ദാനം ചെയ്യുന്നത് സ്വദഖയാണ്. കുടംബ ബന്ധം പുലര്‍ത്തുന്നവന് രണ്ട് കാര്യങ്ങളാണുളളത്. ദാന ധര്‍മങ്ങള്‍ സ്വീകരിക്കപ്പെടുകയും ബന്ധങ്ങള്‍ ഊഷ്മളാവുകയും ചെയ്യുന്നുവെന്നതാണ്’. പൈശാചിക പ്രേരണകള്‍ക്ക് വശംവദനായി കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കിയവര്‍ക്ക് തക്കതായ പ്രതിഫലം ലഭ്യമാവുകയില്ല. എതൊരുവന്‍ ഇതിനെ അതിജയിച്ച് ആവശ്യക്കാരായവര്‍ക്ക് സമ്പത്തും രക്തവും നല്‍കുന്നുവോ, അവന്‍ അള്ളാഹുവിന്റെ അടുത്തും ജനങ്ങള്‍ക്കിടയിലും സ്വീകാര്യനാണ്. പ്രവാചകന്‍ പറയുന്നു ‘ആര്‍ക്ക് നല്‍കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ദാനധര്‍മങ്ങള്‍ ഏറ്റവും ഉന്നതമായി തീരുന്നത്’.
വിവ.അര്‍ശദ് കാരക്കാട്