പുരുഷന്‍മാര്‍ തങ്ങളുടെ കാലുകളിലെയും മുതുകിലെയും രോമങ്ങള്‍ നീക്കം ചെയ്യുന്നത് അനുവദനീയമാണോ?
മറുപടി: ഇസ്‌ലാമിക ശരീഅത്തിലെ വിധികളുടെ അടിസ്ഥാനത്തില്‍ ശരീരത്തിലെ രോമങ്ങളെ നമുക്ക് മൂന്നായി തരം തിരിക്കാം. താടി, പുരികം പോലുള്ള നിലനിര്‍ത്തണമെന്ന് കല്‍പിക്കപ്പെട്ടിട്ടുള്ള രോമങ്ങളാണ് അതില്‍ ഒന്നാമത്തേത്. ഗുഹ്യഭാഗത്തെയും കക്ഷത്തിലെയും രോമങ്ങള്‍ പോലെ നീക്കം ചെയ്യാന്‍ നമ്മോട് കല്‍പിച്ചിട്ടുള്ളവയാണ് രണ്ടാമത്തെ ഇനം. ഇവ രണ്ടുമല്ലാത്ത പ്രത്യേക വിധികളൊന്നും കല്‍പിച്ചിട്ടില്ലാത്തവയാണ് മൂന്നാമത്തെ ഇനം. കൈകളിലെയും കാലുകളിലെയും മുതുകിലെയും മാറിലെയും രോമങ്ങള്‍ അവസാനം പറഞ്ഞ കൂട്ടത്തിലാണ് പെടുക. അവ നിലനിര്‍ത്തണമെന്നോ നീക്കം ചെയ്യണമെന്നോ ഇസ്‌ലാം കല്‍പിച്ചിട്ടില്ല. ഒരാള്‍ക്ക് അത് നീക്കം ചെയ്യാനും ചെയ്യാതിരിക്കാനും അനുവാദമുണ്ടെന്നാണ് പൊതുവില്‍ മനസ്സിലാക്കേണ്ടത്. എന്നാല്‍ ഒരു പുരുഷന്‍ രോമങ്ങള്‍ നീക്കുന്നതിലൂടെ സ്ത്രീകളോട് സാദൃഷ്യപ്പെടുകയാണ് ചെയ്യുന്നതെങ്കില്‍ അത് നിഷിദ്ധമാണ്. അതേസമയം ഒരാള്‍ക്ക് തന്റെ ശരീരത്തിലെ രോമങ്ങളുടെ ആധിക്യം വൈരൂപ്യമോ അസ്വസ്ഥതയോ ഉണ്ടാക്കുകയാണെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് വിരോധവുമില്ല.