നമസ്‌കാരത്തില്‍ കൂടുതല്‍ ശ്രദ്ധയും ഏകാഗ്രതയും കിട്ടുന്നതിന് കണ്ണുകള്‍ അടച്ചാണ് ഞാന്‍ നമസ്‌കരിക്കാറുള്ളത്. ഇങ്ങനെ കണ്ണുചിമ്മി നമസ്‌കരിച്ചാല്‍ നമസ്‌കാരം ശരിയാവില്ലെന്ന് ഒരു കൂട്ടുകാരന്‍ എന്നോട് പറഞ്ഞു. അതിലുള്ള ശരിയായ നിലപാട് അറിയിച്ചു തരണമെന്ന് താങ്കളോട് അപേക്ഷിക്കുന്നു.
മറുപടി: നമസ്‌കാരത്തില്‍ കണ്ണുകള്‍ അടച്ചുവെക്കുന്നത് അനഭികാമ്യമായിട്ടാണ് (മക്‌റൂഹ്) പണ്ഡിതന്‍മാര്‍ കാണുന്നത്. എന്നാല്‍ നമസ്‌കാരത്തെയത് അസാധുവാക്കുകയില്ല. അതുകൊണ്ടു തന്നെ താങ്കള്‍ നമസ്‌കാരത്തില്‍ കണ്ണുകള്‍ അടച്ചുവെച്ചതു കൊണ്ട് താങ്കളുടെ നമസ്‌കാരം ശരിയാവാതിരിക്കില്ല. എന്നാല്‍ കണ്ണുകള്‍ അടക്കാതെ നില്‍ക്കലാണ് ഏറ്റവും ഉത്തവും നല്ലതും. പ്രാര്‍ഥനാ സമയത്ത് കണ്ണുകള്‍ അടക്കുന്നത് ജൂതന്‍മാരുടെ രീതിയാണെന്ന് പറയപ്പെടാറുണ്ട്. ചുരുക്കത്തില്‍ കണ്ണുകള്‍ അടക്കാതിരിക്കലാണ് ഉത്തമം. അതുകൊണ്ട് കണ്ണടക്കാതെ തന്നെ ഏകാഗ്രതയും ശ്രദ്ധയും ഉണ്ടാക്കിയെടുക്കാന്‍ പരമാവധി ശ്രമിക്കുകയാണ് നിങ്ങള്‍ വേണ്ടത്. ഏറ്റവും ശ്രേഷ്ഠവും സൂക്ഷ്മവുമായിട്ടുള്ള രീതി അതാണ്. എന്നാല്‍ കണ്ണുകള്‍ തുറന്നുവെക്കുക എന്നത് നമസ്‌കാരം ശരിയാവുന്നതിനുള്ള ഉപാധിയല്ലാത്തതിനാല്‍ കണ്ണുകള്‍ ചിമ്മിയാലും നമസ്‌കാരത്തെ അത് അസാധുവാക്കില്ല.