ചോദ്യം: മരണപ്പെട്ട വ്യക്തിയുടെ പേരിൽ കുടുംബം പ്രാർത്ഥനയല്ലാതെ മൃഗത്തെ അറുത്ത് ദാനം ചെയ്യുന്നതുപോലുള്ള പ്രവർത്തനങ്ങൾ അനുവദനീയമല്ലെന്ന് പറയുന്നു. മരിച്ച വ്യക്തിയുടെ സ്വാലിഹായ മകൻ ചെയ്യുന്ന പ്രാർത്ഥന മാത്രമാണ് സ്വീകരിക്കപ്പെടുകയെന്നും അതല്ലാത്ത മൃഗ ബലി പോലെയുള്ള മറ്റെല്ലാം സൽപ്രവർത്തികളും സ്വീകാര്യ യോഗ്യമല്ലെന്നും പറയപ്പെടുന്നു. ‘ഒരു മനുഷ്യൻ മരണപ്പെട്ടാൽ മൂന്ന് കാര്യങ്ങളൊഴികെ മറ്റെല്ലാ പ്രവർത്തനങ്ങളും അവനെത്തൊട്ട് പിരിഞ്ഞുപോകും. ജാരിയായ സ്വദഖ, ഉപകാരപ്രദമായ അറിവ്, അവന് വേണ്ടി പ്രാർത്ഥിക്കുന്ന സൽവൃത്തനായ സന്താനം എന്നിവ മാത്രമേ ബാക്കിയുണ്ടാകൂ’ എന്ന ഹദീസാണ് അവർ അതിന് തെളിവായി അവലംബിക്കുന്നത്. അവരുടെ വിശദീകരണ പ്രകാരം ജാരിയായ സ്വദഖ അത് മരണപ്പെടുന്നതിന് മുമ്പ് ആ വ്യക്തി സ്വയം ചെയ്തതല്ലേ, അത് കുടുംബം ചെയ്യുന്നതല്ലല്ലോ. മകന് പ്രാർത്ഥിക്കുക മാത്രമല്ലേ ചെയ്യുന്നൊള്ളൂ. അത് പ്രവർത്തനത്തിൽ ഉൾപ്പെടുത്താനാകുമോ?
മറുപടി: മരണപ്പെട്ട വ്യക്തിയുടെ മേൽ കുടുംബം നൽകുന്ന സ്വദഖ, സൽപ്രവർത്തികൾ, മരിച്ച വ്യക്തിയുടെ സന്താനത്തിന്റെ പ്രാർത്ഥന തുടങ്ങിയവയെല്ലാം അനുവദനീയമാണെന്നതിൽ പണ്ഡിതന്മാർക്ക് ഒരേ സ്വരമാണ്. മയ്യിത്തിന് വേണ്ടി എന്ന ഉദ്ദേശ്യത്തോടെ മൃഗത്തെ അറുത്ത് സ്വദഖ നൽകുന്നതും ഇതിന്റെ ഭാഗമായിത്തന്നെയാണ് വരിക.
മഹതി ആയിശ ബീവി ഉദ്ധരിക്കുന്ന ഒരു ഹദീസാണ് അതിനുള്ള തെളിവ്; ഒരു സ്ത്രീ നബിക്കരികിൽ വന്ന് ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരെ, എന്റെ മാതാവ് മരണപ്പെട്ടു. അവരൊരു വസിയ്യത്തും എഴുതിവെച്ചിട്ടില്ല. അവർ സ്വദഖ നൽകിയിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർക്ക് വേണ്ടി ഞാൻ സ്വദഖ നൽകുന്നത് അനുവദനീയമാണോ? പ്രവാചകൻ(സ്വ) പറഞ്ഞു: ‘അതെ, അവരുടെ പേരിൽ സ്വദഖ നൽകിക്കോളൂ’.(ബുഖാരി, മുസ്‌ലിം). സ്വന്തം ഉമ്മയുടെ പേരിൽ സ്വദഖ നൽകാൻ തിരുനബി(സ്വ) ആ സ്ത്രീയോട് കൽപിച്ചു. മരിച്ചവരുടെ മേൽ സ്വദഖ ചെയ്താൽ അത് സ്വീകാര്യമാണെന്നതാണ് അതിനർത്ഥം.
സഅദ് ബ്‌നു ഉബാദ(റ) ഉദ്ധരിക്കുന്നു; അദ്ദേഹം നാട്ടിലില്ലാത്ത സമയത്ത് അദ്ദേഹത്തിന്റെ ഉമ്മ മരണപ്പെട്ടു. അപ്പോൾ അദ്ദേഹം നബി(സ്വ)യുടെ അടുക്കൽ വന്ന് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്റെ അഭാവത്തിൽ എന്റെ ഉമ്മ മരണപ്പെട്ടു. ഞാൻ അവരുടെ മേൽ വല്ലതും സ്വദഖ ചെയ്താൽ അത് ഉപകാരപ്രദമാകുമോ? പ്രവാചകൻ(സ്വ) പറഞ്ഞു: ‘ആടിന്റെ രണ്ടു കുറക് അവളുടെ മേലുള്ള സ്വദഖയാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു’.(ബുഖാരി)
Also read: ഒഴിവ് സമയം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നിറയട്ടെ
ഈ ഹദീസുകളുടെ അടിസ്ഥാനത്തിൽ, മേലുദ്ധരിച്ച ഹദീസിൽ പറഞ്ഞത് മാത്രമല്ല മയ്യിത്തിന് ഉപകാരപ്രദമാവുകയെന്നത് വ്യക്തമാണ്. അതുകൊണ്ടാണ് മരിച്ചവരുടെ മേൽ സത്യവിശ്വാസികൾ നമസ്‌കരിക്കുന്നതും പ്രാർത്ഥിക്കുന്നതും. സ്വന്തം സന്താനത്തിൽ നിന്ന് മാത്രമേ പ്രാർത്ഥന സ്വീകരിക്കപ്പെടുകയുള്ളൂ എങ്കിൽ മരിച്ചവർക്ക് വേണ്ടി പ്രവാചകൻ(സ്വ) പ്രാർത്ഥിക്കുകയോ ഖബർ സിയാറത്ത് ചെയ്യുമ്പോൾ ഖബർ നിവാസികൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ കൽപിക്കുകയോ ചെയ്യില്ലായിരുന്നു. സ്വദഖയും അപ്രകാരം തന്നെയാണ്. മുൻ ചൊന്ന ഹദീസുകൾ അതിന് തെളിവുമാണ്. മതാപിതാക്കൾക്ക് വേണ്ടി ഹജ്ജ് ചെയ്ത ചരിത്രവുമുണ്ട്; ജുഹൈന ഗോത്രത്തിൽ പെട്ട ഒരു സ്ത്രീ നബി(സ്വ)ക്കരികിൽ വന്നു ചോദിച്ചു: എന്റെ മാതാവ് ഹജ്ജ് നിർവ്വഹിക്കാൻ നേർച്ച ചെയ്തുട്ടുണ്ടായിരുന്നു. അവരത് നിർവ്വഹിക്കും മുമ്പേ മരണപ്പെട്ടു. അവർക്ക് പകരം ഞാൻ ഹജ്ജ് ചെയ്താൽ സ്വീകരിക്കപ്പെടുമോ? നബി(സ്വ) പറഞ്ഞു: ‘അതെ, അവർക്ക് വേണ്ടി ഹജ്ജ് ചെയ്‌തോളൂ. നിന്റെ ഉമ്മയുടെ പേരിൽ കടം ബാക്കിയുണ്ടായിരുന്നെങ്കിൽ അത് നീ വീട്ടുമായിരുന്നില്ലേ? നിങ്ങൾ അല്ലാഹുവിനോടുള്ള കടം വീട്ടുക. കടമകളെല്ലാം പൂർത്തീകരിച്ചു നൽകാൻ ഏറ്റം ബാധ്യസ്ഥൻ അല്ലാഹുവമാണ്’.(ബുഖാരി). മരിച്ച സഹോദരിയുടെ മേൽ ഹജ്ജ് നിർവ്വഹിക്കാൻ ഒരാളോട് പ്രവാചകൻ(സ്വ) കൽപിച്ചത് ഇമാം അഹ്മദ് തന്റെ മുസ്‌നദ് എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നുണ്ട്.(5/ 79)
ഇതുകൊണ്ടാണ് ശാഫി, ഹനഫി, മാലിക്കി, ഹമ്പലി മദ്ഹബുകൾ മരിച്ച വ്യക്തിയുടെ മേലുള്ള സ്വദഖ അനുവദനീയമാക്കിയത്. ഇത് അനുവദനീയമാണെന്നതിൽ മറുപക്ഷമില്ലെന്ന് ഇബ്‌നു മുബാറക് ഉദ്ധരിച്ചതായി ഇമാം മുസ്‌ലിം തന്റെ മുഖദ്ദിമയിൽ വിവരിക്കുന്നുണ്ട്. മുൻഗാമികൾ ഏകോപിച്ച കാര്യമാണത്. മയ്യിത്തിന്റെ പേരിൽ മൃഗത്തെ അറുത്ത് ദാനം ചെയ്താൽ അതും അനുവദനീയം തന്നെയാണ്. മുന്ന് പ്രവർത്തനങ്ങളൊഴികെ മറ്റെല്ലാ പ്രവർത്തനങ്ങളും പിരിഞ്ഞു പോകും എന്ന ഹദീസ് മയ്യിത്തിന്റെ പ്രവർത്തനങ്ങൾ അവനെത്തൊട്ട് പിരിഞ്ഞുപോകും എന്നതിനുള്ള തെളിവാണ്. സ്വന്തം സന്താനത്തിൽ നിന്നുമല്ലാതെയുള്ള പ്രാർത്ഥനകളും സ്വദഖകളും സ്വീകരിക്കുമെന്നതിന് ഈ ഹദീസ് എതിരാകുന്നില്ല. ശറഇൽ അത് അനുവദിക്കപ്പെട്ടതാണെന്നതിനും മയ്യിത്തിനതെല്ലാം ഉപകാരപ്പെടുമെന്നതിനും വേറെയും ഒരുപാട് പ്രമാണങ്ങളുണ്ട്. മേലുദ്ധൃത പണ്ഡിത ഏകോപനവും അതുനുള്ള തെളിവ് തന്നെയാണ്.
മുഗ്നി എന്ന ഗ്രന്ഥത്തിൽ ഇബ്‌നു ഖുദാമ പറയുന്നു: ‘മയ്യിത്തിന് വേണ്ടി ചെയ്യുന്ന ഏത് പ്രവർത്തനവും അവന് പ്രതിഫലം ലഭിക്കാൻ വേണ്ടിയാണെങ്കിൽ ഉപകാരപ്രദമാണ്. പ്രാർത്ഥന, ഇസ്തിഅ്ഫാർ, സ്വദഖ, നിർബന്ധമായ കാര്യങ്ങൾ വീട്ടുക തുടങ്ങിയവയിലെല്ലാം അഭിപ്രായ ഭിന്നതകളുള്ളതായി എനിക്ക് അറിവില്ല’.
മയ്യിത്തിന്റെ ഓർമ്മ ദിനത്തിൽ അവരുടെ കുടുംബം സദ്യ ഒരുക്കുന്നതും അതിന് വേണ്ടി ഒരുമിച്ച് കൂടുന്നതും തിരുചര്യയല്ലെങ്കിൽ കൂടി അനുവദനീയമാണ്. ജരീർ ബ്‌നു അബ്ദുല്ലാഹിൽ ബജലിയെത്തൊട്ട് ഇബ്‌നു മാജ ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: മയ്യിത്തിന്റെ കുടുംബക്കാരുടെ വീട്ടിൽ ഞങ്ങൾ ഒരുമിച്ച് കൂടുകയും മറവ് ചെയ്തതിന് ശേഷം ഭക്ഷണം ഒരുക്കുകയും ചെയ്യാറുണ്ടായിരുന്നു.(ഇബ്‌നു മാജ, അഹ്മദ്)
വിവ- മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍