ചോദ്യം: ഇബ്നുസീരിന്റെ സ്വപ്ന വ്യാഖ്യാനത്തെ കുറിച്ച ഇസ് ലാമിക മാനം എന്താണ്? അദൃശ്യ ജ്ഞാനവുമായി ബന്ധപ്പെട്ട വല്ലതും അതിൽ കാണുന്നുണ്ടോ? ഉദാഹരണമായി, ഇപ്രകാരം സ്വപ്നം കാണുകയാണെങ്കിൽ അത് ഇന്നതിന്റെ തെളിവാണെന്ന് എന്ന് പറയുക. അത് ജോത്സ്യത്തോട് സാദൃശ്യപ്പെടുന്നുണ്ടോ?
മറുപടി: ഇമാം മുഹമ്മദ് ബിൻ സീരീനിലേക്ക് ചേർത്ത് ജനങ്ങൾക്കിടയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന സ്വപ്ന വ്യാഖ്യാന ഗ്രന്ഥം അദ്ദേഹത്തിന്റേതാണെന്ന് സ്ഥിരപ്പെട്ടിട്ടില്ല. അറിയുക, നന്നായി സ്വപ്നം വ്യാഖ്യാനിക്കാൻ കഴിവുള്ളർ സ്വപ്ന വ്യാഖ്യാനം നടത്തുന്നത് അനുവദനീയമാണ്. പ്രവാചകൻ(സ)യും, അബൂബക്കർ(റ)വും സ്വപ്ന വ്യാഖ്യാനം നടത്തിയിരുന്നു. അല്ലാഹു തന്റെ അടിമകളിൽ ചിലർക്ക് അതിനുള്ള കഴിവ് നൽകുന്നുവെന്ന് യൂസുഫ് നബിയുടെ വിഷയത്തിൽ വിശുദ്ധ ഖുർആൻ പറയുന്നു: അപ്രകാരം യൂസുഫിന് നാം ആ ഭൂപ്രദേശത്ത് സൗകര്യമുണ്ടാക്കികൊടുത്തു. സ്വപ്നവാർത്തകളുടെ വ്യഖ്യാനത്തിൽ നിന്ന് അദ്ദേഹത്തിന് നാം അറിയിച്ച് കൊടുക്കാൻ വേണ്ടിയും കൂടിയാണത്. (യൂസുഫ്: 21) ഇവിടെ ഉദ്ദേശിച്ചത് സ്വപ്ന വ്യഖ്യാനമാണെന്ന് ഇമാം മുജാഹിദ് അഭിപ്രായപ്പെടുന്നു. സ്വപ്നം നന്നായി വ്യാഖ്യാനിക്കാൻ ശേഷിയുള്ള വ്യക്തിയിൽ നിന്നാണെങ്കിൽ അത് ജോത്സ്യമായോ അദൃശ്യജ്ഞാനമുണ്ടെന്ന് വാദിക്കുന്നതായോ പരിഗണിക്കുകയില്ല. അപ്രകാരം, നന്നായി വ്യാഖ്യാനിക്കാൻ കഴിവില്ലാത്തവർക്ക് സ്വപ്ന വ്യാഖ്യാനിക്കുന്നതിന് അനുവാദമില്ല.
എന്നാൽ, വിധിയോ, കൽപനയോ, വയസ്സ് നിർണയിക്കുകയോ ചെയ്യുന്നത് സ്വപ്നം കൊണ്ട് സ്ഥിരപ്പെടുകയില്ല. സ്വപ്നത്തിലൂടെ വയസ്സ് കൃത്യപ്പെടുത്തുകയെന്നത് സാധ്യമല്ല. കാരണം അത് ശരിയാകാനും തെറ്റാകാനും സാധ്യതയുണ്ട്. ഓരോ മനുഷ്യനും നിശ്ചിയച്ചിട്ടുള്ള അവധി കൃത്യപ്പെടുത്താൻ ആർക്കും കഴിയുകയില്ല. അത് അല്ലാഹുവുമായി മാത്രം ബന്ധപ്പെട്ട് നിൽക്കുന്ന അദൃശ്യ ജ്ഞാനമാണ്. അബ്ദുല്ലാഹി ബിൻ ഉമർ(റ)വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ പറയുന്നു: അദൃശ്യകാര്യങ്ങൾ അഞ്ചാകുന്നു. തുടർന്ന് പ്രവാചകൻ പാരായണം ചെയ്തു: തീർച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുളള അറിവ്. അവൻ മഴ പെയ്യിക്കുന്നു. ഗർഭാശയത്തിലുള്ളത് അവൻ അറിയുകയും ചെയ്യുന്നു. നാളെ താൻ എന്താണ് പ്രവർത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താൻ ഏത് നാട്ടിൽ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീർച്ചയായും അല്ലാഹു സർവജ്ഞനും സൂക്ഷമജ്ഞാനിയുമാകുന്നു.
ഇബ്നുഹജർ ഫതഹിൽ പറയുന്നു: ഖുർത്വുബി പറയുന്നു: ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ഈ അഞ്ച് കാര്യങ്ങൾ അറിയുന്നതിന് ആരും താൽപര്യം പ്രകടിപ്പിക്കാവതല്ല. ഇബ്നു മസ്ഊദ്(റ) പറയുന്നു: നിങ്ങളുടെ പ്രവാചകന് എല്ലാ അറിവും നൽകപ്പെട്ടിരിക്കുന്നു; ഈ അഞ്ച് കാര്യങ്ങളിലൊഴികെ. അബൂഹുറൈ(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) പറയുന്നു: അന്ത്യദിനം അടുത്താൽ വിശ്വാസികളുടെ സ്വപ്നം കളവായിത്തീരുകയില്ല. അന്ത്യദിനം അടുത്താൽ വിശ്വാസികളുടെ സ്വപ്നം സത്യമായിരിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാകുന്നു. കൂടുതൽ സത്യമാകുമെന്നത് കളവായിത്തീരാനുള്ള സാധ്യതയും സൂചിപ്പിക്കുന്നു. വ്യാഖ്യാനിക്കുന്നവർ ചിലപ്പോൾ സത്യമായിരിക്കുകയില്ല വ്യാഖ്യാനിക്കുന്നതെന്നർഥം. അതുകൊണ്ടാണ്, സ്വപ്നം നന്നായി വ്യാഖ്യാനിക്കാൻ ശേഷിയില്ലാത്തവരിൽ പണ്ഡിതന്മാർ ആശങ്ക പ്രകടിപ്പിക്കുന്നത്.
Also read: സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്?
ഇബ്നു അബ്ദിൽബർറ് അത്തംഹീദിൽ പറയുന്നു: മാലിക്കിനോട് ചോദിക്കപ്പെട്ടു. എല്ലാവർക്കും സ്വപ്നം വ്യാഖ്യാനിക്കാമോ? അദ്ദേഹം ചോദിച്ചു: പ്രവാചകത്വം കൊണ്ട് കളിക്കാമോ? ഇമാം മാലിക്ക് പറയുന്നു: സ്വപ്നം നന്നായി വ്യാഖ്യാനിക്കുന്നതിൽ മികവ് തെളിയിച്ചവരല്ലാതെ സ്വപ്നം വ്യാഖ്യാനിക്കാവതല്ല. നന്മ കാണുകയാണെങ്കിൽ അത് അറിയിക്കുക. വെറുക്കപ്പെട്ടത് കാണുകയാണെങ്കിൽ നല്ലതുപറയുകയോ മിണ്ടാതിരിക്കുകയോ ചെയ്യുക. ഭാവിയെ സംബന്ധിച്ച് അറിവുണ്ടെന്ന അടിസ്ഥാനത്തിലല്ല സ്വപ്ന വ്യഖ്യാനം നടത്തുന്നത്. ശരിയാകാനും തെറ്റാനുമുള്ള സാധ്യതയെ അത് മുന്നിൽ കാണുന്നുണ്ട്. അതിനാൽ ജോത്സ്യവും സ്വപ്ന വ്യാഖ്യാനവും ഒന്നാണെന്ന് പറയുക അസാധ്യവുമാണ്.
അവലംബം: islamweb.net