കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ അസൈന്‍മെന്റുകളും റിസര്‍ച്ച് ജോലികളും ചെയ്തുകൊടുക്കുന്ന നിരവധി വെബ്‌സൈറ്റുകള്‍ ഇന്ന് നിലവിലുണ്ട്. ഇത്തരം ജോലികള്‍ ചെയ്യുന്നതിലൂടെ വരുമാനം നേടുന്ന നിരവധി ആളുകളുമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പണമുണ്ടാക്കുന്നത് അനുവദനീയമാണോ?
മറുപടി: സത്യസന്ധമായ മാര്‍ഗത്തിലൂടെ ഉപജീവനം കണ്ടെത്താനാണ് ഇസ്‌ലാം നമ്മോട് കല്‍പിക്കുന്നത്. വഞ്ചന കാണിക്കുന്നതും അതിന് മറ്റുള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതും ഗുരുതരമായ കുറ്റമാണ്. ആ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്ന മുഴുവന്‍ ആളുകളും കുറ്റകൃത്യത്തിലും പങ്കുകാരാണ്. വ്യക്തികളിലും സമൂഹത്തിലും ഗുരുതരമായ അനന്തരഫലങ്ങളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്നത്. അത് വ്യക്തികളെ അസതയും മടിയും പഠിപ്പിക്കുകയും തങ്ങള്‍ തെരെഞ്ഞെടുത്തിട്ടുള്ള മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നതില്‍ നിന്ന് പിന്നോട്ടടിപ്പിക്കുകയും ചെയ്യുന്നു. അക്കാദമിക മികവോ വൈജ്ഞാനിക മേന്മയോ ഇല്ലാത്ത വ്യക്തികളെ ഉണ്ടാക്കിയെടുക്കുന്നതിലൂടെ വ്യക്തികളും സമൂഹവും നശിപ്പിക്കപ്പെടുകയാണതിലൂടെ. പ്രാവീണ്യവും മികവും അധ്വാനശീലവുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നബി(സ) പറയുന്നു: ‘നിങ്ങളിലാരെങ്കിലും ഒരു കാര്യം ചെയ്താല്‍ ഏറ്റവും നന്നായിട്ടത് ചെയ്യുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു.” (തബ്‌റാനി)
അതുകൊണ്ടു തന്നെ കൃത്രിമമായ മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നത് വഞ്ചനയാണ്. നബി(സ) പറയുന്നു: ”വഞ്ചന കാണിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല.” (മുസ്‌ലിം)
മറ്റൊരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു: അല്ലാഹു പരിശുദ്ധനാണ്. പരിശുദ്ധമല്ലാത്തതൊന്നും അവന്‍ സ്വീകരിക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു പ്രവാചകന്‍മാരോട് കല്‍പിച്ചതെന്തോ അത് സത്യവിശ്വാസികളോടും കല്പിച്ചിരിക്കുന്നു. അതായത്, അല്ലാഹു പറഞ്ഞു: ‘അല്ലയോ; ദൂതന്‍മാരേ, ത്വയ്യിബായതില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.”
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കാകുന്ന വിദ്യാര്‍ഥികള്‍ വഞ്ചനയാണ് കാണിക്കുന്നതെന്ന് ഒരു മുഫ്തിയും പറയാതെ തന്നെ നിങ്ങള്‍ക്ക് മനസ്സിലാകും. ഗുരുതരമായ കുറ്റമാണ് അവര്‍ ചെയ്യുന്നത്. അതിന് കൂട്ടുനില്‍ക്കുന്നവരും സഹായിക്കുന്നതും അതേ ഗൗരവമുള്ള കുറ്റം തന്നെയാണ് ചെയ്യുന്നത്. അതിലൂടെ നിങ്ങളുണ്ടാക്കുന്ന പണം തീര്‍ത്തും മ്ലേച്ഛവുമാണ്.
നിഷിദ്ധമായ സമ്പാദ്യത്തെ കുറിച്ച് പ്രവാചകന്‍(സ) നമുക്ക് ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. അത്തരക്കാരുടെ പ്രാര്‍ഥന പോലും അല്ലാഹു സ്വീകരിക്കില്ല. ഒരു യാത്രികന്റെ ഉദാഹരണത്തിലൂടെ നമുക്കത് വ്യക്തമാക്കി തന്നിട്ടുണ്ട്. യാത്ര കാരണം മുടിയെല്ലാം ജഡപിടിച്ച് അങ്ങേയറ്റം ക്ഷീണിതനായ അയാള്‍ ഇരുകരങ്ങളും ഉയര്‍ത്തി അല്ലാഹുവോട് പ്രാര്‍ഥിക്കുകയാണ്. ”അവന്റെ ഭക്ഷണം ഹറാമാണ്, അവന്റെ പാനീയം ഹറാമാണ്, അവന്റെ വസ്ത്രവും ഹറാമാണ്, അവന്‍ ഭക്ഷിപ്പിക്കപ്പെട്ടതും ഹറാമില്‍ നിന്നുമാണ്. പിന്നെ അവനെങ്ങനെ ഉത്തരം ലഭിക്കാനാണ്.” എന്നാണ് അതിലൂടെ പ്രവാചകന്‍ പഠിപ്പിക്കുന്നത്.