മറ്റൊരു മതത്തില്‍ നിന്നും ഇസ്‌ലാമിലേക്ക് പുതുതായി കടന്നു വന്നിട്ടുള്ള ഒരാളാണ് ഞാന്‍. മുസ്‌ലിംകളല്ലാത്ത മാതാപിതാക്കളില്‍ നിന്നും എനിക്ക് അനന്തരമായ ലഭിച്ച സ്വത്ത് വിറ്റുകിട്ടുന്ന പണം കൊണ്ട് ഉംറ നിര്‍വഹിക്കാമോ?
മറുപടി: ഇസ്‌ലാം സ്വീകരിച്ച ഒരാള്‍ അമുസ്‌ലിംകളായ മാതാപിതാക്കളെയോ ബന്ധുക്കളെയോ അനന്തരമെടുക്കുമോ എന്ന വിഷയത്തില്‍ ഇസ്‌ലാമിക ലോകത്ത് നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഇമാം നവവി പറയുന്നു: ”സത്യനിഷേധിയായ വ്യക്തി മുസ്‌ലിമിന്റെ അനന്തരാവകാശത്തിന് അര്‍ഹനാവുകയില്ല എന്നതില്‍ മുസ്‌ലിം ലോകത്തിന് അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ സത്യനിഷേധിയായ ഒരാളുടെ സ്വത്തില്‍ മുസ്‌ലിമിന് അനന്തരാവകാശമുണ്ടാകുമോ എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. സഹാബികളെയും താബിഇകളിലെയും അതിന് ശേഷം വന്ന ഫുഖഹാക്കളിയെും ബഹുഭൂരിഭാഗവും അഭിപ്രായപ്പെട്ടിട്ടുള്ളത് സത്യനിഷേധി മുസ്‌ലിമിനെ അനന്തരമെടുക്കാത്തത് പോലെ മുസ്‌ലിം സത്യനിഷേധിയെയും അനന്തരമെടുക്കുകയില്ലെന്നാണ്. നിഷേധിയായ വ്യക്തിയില്‍ നിന്നുള്ള അനന്തരസ്വത്ത് മുസ്‌ലിമിന് സ്വീകരിക്കാമെന്നാണ് സഹാബിമാരായ മുആദ് ബിന്‍ ജബല്‍(റ) മുആവിയ(റ) തുടങ്ങിയവരും താബിഈകളായ സഈദ് ബിന്‍ ജുബൈര്‍, മസ്‌റൂഖ് പോലുള്ളവരും അഭിപ്രായപ്പെട്ടിട്ടുള്ളത്. അവര്‍ അതിന് തെളിവായി സ്വീകരിച്ചിരിക്കുന്നത് ‘ഇസ്‌ലാം എപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നു, അതിന്റെ മുകളില്‍ മറ്റൊന്നും തന്നെ ഉയര്‍ന്നു നില്‍ക്കില്ല’ എന്ന പ്രവാചക വചനമാണ്.”(1) (നബി(സ) പ്രത്യേകമായി തെരെഞ്ഞെടുത്ത് യമനിലേക്ക് നിയോഗിച്ച, ഫഖീഹുസ്സ്വഹാബ എന്ന വിശേഷണത്തിന് അര്‍ഹനായിട്ടുള്ള സഹാബിയാണ് മുആദ്)
മുസ്‌ലിം സത്യനിഷേധിയെയോ തിരിച്ച് സത്യനിഷേധി മുസ്‌ലിമിനെയോ അനന്തരമെടുക്കുയില്ല എന്ന് പറയുന്ന ഹദീസിനെ സംബന്ധിച്ച് പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുള്ളത് അത് ഇസ്‌ലാമിനെതിരെ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന സത്യനിഷേധിയെ (ഹര്‍ബിയായ കാഫിര്‍) സംബന്ധിച്ചാണെന്നാണ്. യഥാര്‍ത്ഥത്തില്‍ മുനാഫിഖുകളും സത്യനിഷേധികളുടെ ഗണത്തിലാണ് ഉള്‍പ്പെടുക. കാരണം തങ്ങളിലെ കുഫ്‌റ് (ദൈവനിഷേധം) ഒളിപ്പിച്ചു വെക്കുകയും പുറമെ മുസ്‌ലിമാണെന്ന് നടിക്കുകയുമാണവര്‍ ചെയ്യുന്നത്. അബ്ദുല്ലാഹ് ബിന്‍ ഉബയ്യ് ബിന്‍ സലൂലിനെ പോലുള്ള മുനാഫിഖുകള്‍ നബി(സ) കാലത്തുണ്ടായിരുന്നു. അവരെ കുറിച്ച് നബി(സ) അറിയുകയും ഹുദൈഫ(റ)ന് അത് അറിയിച്ചു കൊടുക്കുകയും ചെയ്തിരുന്നു. അബ്ദുല്ലാഹ് ബിന്‍ ഉബയ്യ് ബിന്‍ സലൂല്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മകനായ അബ്ദുല്ലക്ക് അനന്തരാവകാശം സ്വീകരിച്ചത് നബി(സ) വിലക്കിയിട്ടില്ല. അതുകൊണ്ടു തന്നെ അമുസ്‌ലിം ആയി എന്നത് കൊണ്ട് മാത്രം അനന്തരാവകാശം തടയപ്പെടുകയില്ല. ഈ അടിസ്ഥാനത്തില്‍ അമുസ്‌ലിംകളായ മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ അനന്തരാവകാശം മുസ്‌ലിംകള്‍ക്ക് സ്വീകരിക്കാമെന്നാണ് ഈ നിലപാട് സ്വീകരിച്ച പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. സ്വത്ത് ഇസ്‌ലാമില്‍ പ്രവേശിക്കുന്നതിന് ഒരാള്‍ക്ക് തടസ്സമായി മാറാന്‍ പാടില്ലെന്നതാണ് അതിന് ന്യായമായി അവര്‍ പറഞ്ഞിട്ടുള്ളത്. ഇസ്‌ലാം സ്വീകരിച്ചു എന്ന കാരണത്താല്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തുള്ള ഒരു പിതാവിന്റെ മകന് തനിക്ക് അവകാശപ്പെട്ട നന്മ നഷ്ടപ്പെടാന്‍ പാടില്ലല്ലോ.
ഈ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ അമുസ്‌ലിംകളായ മാതാപിതാക്കളില്‍ നിന്നും അനന്തരമായി കിട്ടിയ സ്വത്ത് വിറ്റ പണം ഉംറ നിര്‍വഹിക്കുന്നതിനോ അനുവദനീയമായ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കാവുന്നതാണ്. (കാര്യങ്ങള്‍ ഏറ്റവും സൂക്ഷ്മമായി അറിയുന്നവന്‍ അല്ലാഹു മാത്രമാണ്.)
…………
(1)قَالَ النَّوَوِيّ : أَجْمَعَ الْمُسْلِمُونَ عَلَى أَنَّ الْكَافِر لَا يَرِث الْمُسْلِم ، وَأَمَّا الْمُسْلِم مِنْ الْكَافِر فَفِيهِ خِلَاف ، فَالْجُمْهُور مِنْ الصَّحَابَة وَالتَّابِعِينَ وَمَنْ بَعْدهمْ عَلَى أَنَّهُ لَا يَرِث أَيْضًا ، وَذَهَبَ مُعَاذ بْن جَبَل وَمُعَاوِيَة وَسَعِيد بْن الْمُسَيِّب وَمَسْرُوق رَحِمَهُمْ اللَّه وَغَيْرهمْ إِلَى أَنَّهُ يَرِث مِنْ الْكَافِر ، وَاسْتَدَلُّوا بِقَوْلِهِ عَلَيْهِ الصَّلَاة وَالسَّلَام : ” الْإِسْلَام يَعْلُو وَلَا يُعْلَى عَلَيْهِ ” – أَخْرَجَهُ أَبُو دَاوُدَ وَصَحَّحَهُ الْحَاكِم.