ചോദ്യം: ഭക്ഷ്യയോഗ്യമല്ലാത്ത മൃഗം രോഗിയാവുകയും, അവശയാവുകയും, ഉപകാരമപ്രദമാകാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ആ മൃഗത്തെ കൊല്ലുന്നതിന്റെ വിധിയെന്താണ്?
ഉത്തരം: ഇമാം ശാഫിഈ, ഇമാം അബൂ ദാവൂദ്, ഇമാം ഹാകിം എന്നിവര്‍ അബ്ദുല്ലാഹിബിന്‍ ഉമര്‍(റ)വില്‍ നിന്നുള്ള ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നു: പ്രവാചകന്‍(സ) പറഞ്ഞു: ഒരു മനുഷ്യന്‍ ചെറിയ കിളിയെയോ അല്ലെങ്കില്‍ മറ്റുള്ള ജീവികളെയോ അന്യായമായി കൊല്ലുകയാണെങ്കില്‍ അല്ലാഹു ആ മനുഷ്യനെ അതിന്റെ പേരില്‍ ചോദ്യം ചെയ്യുന്നതായിരിക്കും. ഇബ്‌നു ഉമര്‍(റ) ചോദിച്ചു: എന്താണ് ആ ന്യായം? പ്രവാചകന്‍(സ) പറഞ്ഞു: അറുക്കുക, ഭക്ഷിക്കുക, തല ഛേദിക്കാതിരിക്കുക, അതിനെ മാറ്റിവെക്കുക എന്നതാണത് (നൈലുല്‍ അൗത്താര്‍-വാള്യം: 8, പേജ്: 142). ഭക്ഷിക്കാവുന്ന കിളിയെ അന്യായമായി കൊല്ലുന്നത് നിഷിദ്ധമാണെങ്കില്‍, ഭക്ഷ്യയോഗ്യമല്ലാത്ത മൃഗത്തെ കൊല്ലുന്നത് എത്രത്തോളം നിഷിദ്ധമാണ്! ഇമാം ശാഫിഈ(റ) അക്കാലത്തുണ്ടായിരുന്ന ഭക്ഷ്യയോഗ്യമല്ലാത്ത അവശയായ കഴുതയെ അറക്കുന്നത് അനുവദനീയമല്ലെന്നാണ് അഭിപ്രായപ്പെട്ടത്. ആ മൃഗം പ്രയാസത്തോടെയാണ് ജീവിക്കുന്നുവെങ്കിലും അതിനെ അറുക്കുന്നത് അനുവദനീയമല്ലെന്ന് ഇമാം ശാഫിഈ(റ) വ്യക്തമാക്കുന്നു.
മൃഗത്തിന്റെ തോല് ഉപയോഗപ്പെടുത്തിന്നതിന് വേണ്ടിയാണെങ്കില്‍ അതില്‍ പ്രശ്‌നമില്ല. കാരണം, ന്യായമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് അറുക്കുന്നത്. അതുപോലെ, മൃഗശാലയിലുള്ള മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് വേണ്ടിയാണ് അറക്കുന്നതെങ്കില്‍ അതിലും പ്രശ്‌നമൊന്നുമില്ല. കാരണം, ഈയൊരു മൃഗശാലയും ന്യായമായ ലക്ഷ്യത്തെ മുന്‍നിര്‍ത്തികൊണ്ടുള്ളതാണ്. ഇതിലൂടെ വന്യമൃഗങ്ങളെ കുറിച്ച് മനസ്സിലാക്കുവാനും പഠിക്കുവാനുമുള്ള അവസരം സൃഷ്ടിക്കപ്പെടകയാണ്. എല്ല്, രോമം, കുളമ്പ് എന്നിവ ഉപയോഗപ്പെടുത്തുന്നതിനായി കരയിലെ മൃഗങ്ങളെ വേട്ടയാടാവുന്നതാണ്. ഇതെല്ലാം അനുവദനീയമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ്. എന്നാല്‍, രോഗിയായതോ അല്ലെങ്കില്‍ രോഗിയല്ലാത്തതോ ആയ മൃഗത്തെ ന്യായമായ ആവശ്യത്തിനല്ലാതെ കൊല്ലുന്നത് നിഷിദ്ധമാണ്; അനുവദനീയമല്ല. ഉദാഹരണം; അമ്പെയത്ത് മത്സരത്തിനായോ, വെടിവെപ്പ് മത്സരത്തിനായോ പക്ഷികളെയും മൃഗങ്ങളെയും ഉപയോഗിക്കുക. ‘നിങ്ങള്‍ മൃഗത്തെ എറിഞ്ഞ് കൊല്ലരുത്’ എന്ന് സ്വഹീഹുല്‍ മുസ്‌ലിമില്‍ കാണാവുന്നതാണ്. അബ്ദുല്ലാഹിബിന്‍ ഉമര്‍(റ) ബന്ധപ്പെട്ട ഒരു സംഭവം; ഖുറൈശികളില്‍പ്പെട്ട ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒരു പക്ഷിയെ പിടിച്ചുവെച്ച് എറിയുകയായിരുന്നു. അവര്‍ പക്ഷിയുടെ ഉടമസ്ഥന് തെറിച്ചുപോയ എല്ലാം അമ്പുകളും നല്‍കുകയായിരുന്നു. അന്നേരം കടന്നുവന്ന ഇബ്‌നു ഉമര്‍(റ)വിനെ കണ്ട് അവര്‍ ഓടിപോയി. അപ്പോള്‍ ഇബ്‌നു ഉമര്‍(റ) പറഞ്ഞു: ആരാണ് ഈ ക്രൂരത ചെയ്തത്? ഇപ്രകാരം ചെയ്തവരെ അല്ലാഹു ശപിക്കട്ടെ, അല്ലാഹുവിന്റെ റസൂല്‍ പറയുന്നു: മൃഗത്തെ എറിഞ്ഞുകൊല്ലുന്നവന്‍ ശപിക്കപ്പെട്ടിരിക്കുന്നു.
കടപ്പാട്: islamonline.net