ചോദ്യം: മുഹര്‍റം മാസത്തില്‍ വിവാഹം കഴിക്കുന്നത് നല്ലതല്ലെന്നും നിഷിദ്ധമാണെന്നും ചിലയാളുകള്‍ വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന് ഇസ്‌ലാമില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ?
ഉത്തരം: ദീനില്‍ അതിന് ഒരു അടിസ്ഥാനവുമില്ല. അല്ലാഹു പവിത്രമാക്കിയ നാല് മാസങ്ങളിലെന്നാണ് മുഹര്‍റമെന്നതിന് ദീനില്‍ അടിസ്ഥാനമുണ്ട്. ആ മാസത്തില്‍ യുദ്ധം വിലക്കപ്പെട്ടിരിക്കുന്നു. മറ്റു മാസങ്ങളേക്കാള്‍ തെറ്റുകുറ്റങ്ങള്‍ക്ക് നിഷിദ്ധമേര്‍പ്പെടുത്തിയ മാസമാണ് മുഹര്‍റം. ഈ മാസത്തെ പ്രവാചകന്‍ ആദരസൂചകമായി വിശേഷിപ്പിക്കുന്നത് “شهر الله” (അല്ലാഹുവിന്റെ മാസം) എന്നാണ്. സുന്നത്ത് നോമ്പിനെ കുറിച്ച് ചോദിച്ച സ്വഹാബിയോട് പ്രവാചകന്‍ പറഞ്ഞത്: ‘നീ റമദാനിന് ശേഷം നോമ്പുകാരനാവുകയാണെങ്കില്‍ മുഹര്‍റത്തില്‍ നോമ്പനുഷ്ഠിക്കുക, അത് അല്ലാഹുവിന്റെ മാസമാണ്. ഈ മാസത്തില്‍ ഒരു ദിനമുണ്ട്, അതില്‍ അല്ലാഹു ഒരു വിഭാഗത്തിന് പൊറുത്തുകൊടുക്കുകയും മറ്റു വിഭാഗങ്ങളില്‍ നിന്നായ് പശ്ചാത്താപം സ്വീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു’. മുഹര്‍റം സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ട മാസമാണ്. അതില്‍ വിവാഹം നിഷിദ്ധമാക്കപ്പെട്ടിട്ടില്ല. മുഹര്‍റം മാസത്തെ സങ്കടത്തിന്റെയും വിലാപത്തിന്റെയും മാസമാക്കി തീര്‍ക്കുന്നത് ഈജിപ്തിലെ അതിരുകടന്ന ഫാത്വിമികളാണ്. അവരുടെ ഇത്തരം ഊഹാപോഹങ്ങളില്‍ നിന്ന് മുസ്‌ലിം സമുദായം മുക്തമാകേണ്ടതുണ്ട്. അവര്‍ ഈ മാസത്തിലെ എല്ലാ സന്തോഷങ്ങളെയും ഉപേക്ഷിക്കുന്നു. അതിന്റെ ഭാഗമാണ് വിവാഹം കഴിക്കാന്‍ പാടില്ലെന്ന് പറയുന്നതും. ഇസ്‌ലാമില്‍ മാസങ്ങളെയും ദിവസങ്ങളെയും സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാടുണ്ട്.
അവലംബം: al-qaradawi.net
വിവ: അര്‍ശദ് കാരക്കാട്