Home കലാസാഹിത്യം വേശ്യാവൃത്തിയും നിര്‍ബന്ധിത സാഹചര്യവും

വേശ്യാവൃത്തിയും നിര്‍ബന്ധിത സാഹചര്യവും

വേശ്യാവൃത്തിയിലേര്‍പ്പെടുന്ന സ്ത്രീകളെ കുറിച്ച് പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്. മക്കളെ വളര്‍ത്തുന്നതിനും കുടുംബം പുലര്‍ത്തുന്നതിനും മാന്യമായ മറ്റു തൊഴിലുകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ വേശ്യാവൃത്തി തൊഴിലായി സ്വീകരിക്കുന്നവരുടെ വിധി എന്താണ്? നിര്‍ബന്ധിതാവസ്ഥയുടെ ഇളവനുസരിച്ച് അവര്‍ക്കത് അനുവദനീയമാകുമോ? അതൊരു തൊഴിലായി സ്വീകരിച്ചിരിക്കുന്ന സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ വിവരിക്കുന്ന സിനിമകളില്‍ അശ്ലീല രംഗങ്ങളില്‍ അഭിനയിക്കുന്ന സ്ത്രീയെ വേശ്യയെന്ന് വിളിക്കാമോ?

മറുപടി: കുടുംബം പുലര്‍ത്തുന്നതിനും മക്കളെ പോറ്റുന്നതിനും മാന്യമായ മറ്റ് തൊഴിലുകളൊന്നും ലഭിക്കാത്ത നിര്‍ബന്ധിതാവസ്ഥയില്‍ ഒരു സ്ത്രീ വേശ്യാവൃത്തി തൊഴിലായി സ്വീകരിക്കുന്നതിന്റെ ഇസ്‌ലാമിക വിധിയാണ് സഹോദരി ചോദിച്ചിരിക്കുന്നത്. എന്തൊക്കെയാണ് അനുവദനീയം എന്തൊക്കെയാണ് നിഷിദ്ധം എന്ന് അല്ലാഹു നമുക്ക് നിശ്ചയിച്ചു തന്നിട്ടുണ്ട്. അല്ലാഹു നിഷിദ്ധമാക്കിയ വന്‍പാപങ്ങളുടെ കൂട്ടത്തില്‍ ഒന്നാണ് വ്യഭിചാരം. ജീവിതത്തില്‍ ഒരിക്കലാണ് അത് സംഭവിക്കുന്നതെങ്കില്‍ പോലും ഗുരുതരമായ കുറ്റമാണത്. എന്നാല്‍ അതൊരു തൊഴിലായി സ്വീകരിക്കുന്നത് ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്ന പ്രവര്‍ത്തനമാണ്. പരലോകത്ത് കഠിനമായ ശിക്ഷയാണ് അവരെ കാത്തിരിക്കുന്നത്. അതിന് പിന്നിലെ പ്രേരകം കേവലം വികാരമല്ലാത്തതിനാല്‍ മനുഷ്യകുലത്തെ തന്നെ അപകടത്തിലാക്കുന്ന പാതകമാണത്.

ലൂത്വ് നബിയുടെ സമൂഹത്തില്‍ മ്ലേച്ഛവൃത്തി വ്യാപകമായതിനെ തുടര്‍ന്ന് സമാനതയില്ലാത്ത ശിക്ഷയാണ് അല്ലാഹു അവര്‍ക്ക് നല്‍കിയത്. അവര്‍ക്ക് നല്‍കിയ ശിക്ഷയെ കുറിച്ച് പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ സൂക്തം അവസാനിക്കുന്നത് ഇങ്ങനെയാണ്: ”ഈ ശിക്ഷയാവട്ടെ; അത് ഈ അതിക്രമികളില്‍ നിന്ന് ഒട്ടും വിദൂരമല്ല.” (ഹൂദ്: 83) അത്തരത്തില്‍ അതിക്രമം ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിത്.

വ്യഭിചാരത്തിന് നിര്‍ബന്ധിതാവസ്ഥ ഒരു നിലക്കും ന്യായീകരണമല്ല. കുടുംബം പുലര്‍ത്താന്‍ അത് മാത്രമേ വഴിയുള്ളൂ എന്ന് പറയുന്നതും ശരിയല്ല. അതിനേക്കാള്‍ എത്രയോ നല്ലത് അവള്‍ക്ക് യാചിച്ച് ജീവിക്കുന്നതാണ്. കാരണം യുവാക്കളെയും പുരുഷന്‍മാരെയും തെറ്റിലേക്ക് നയിക്കുന്ന, സമൂഹത്തെ ധാര്‍മികമായി തകര്‍ക്കുന്ന ഒരു കുറ്റകൃത്യമാണത്. മാരകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തില്‍ അതുണ്ടാക്കുക.

ലൈംഗിക രംഗങ്ങളില്‍ അഭിനയിക്കുന്ന സ്ത്രീയെ വ്യഭിചാരിണിയെന്ന് വിളിക്കുന്നതിനെ കുറിച്ചാണ് മറ്റൊരു ചോദ്യം. അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുന്നത് ഇസ്‌ലാം ഒരു നിലക്കും അംഗീകരിക്കുന്നില്ല. നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ ഒരു തെറ്റ് ചെയ്യുന്നതിന് യാതൊരു ന്യായീകരണവുമില്ല. അതായത് ആ തെറ്റ് ചെയ്യാത്ത പക്ഷം കൊല്ലപ്പെടും എന്ന സാഹചര്യം ഉണ്ടെങ്കില്‍ മാത്രം. സമൂഹത്തെ വഴിതെറ്റിക്കുകയും അതിന്റെ ധാര്‍മിക നിലവാരം തകര്‍ക്കുകയും ചെയ്യുന്ന തെറ്റുകളെ നിര്‍ബന്ധിതാവസ്ഥയുടെ പേരില്‍ ന്യായീകരിക്കാനാവില്ലെന്ന് ചുരുക്കം.

error: Content is protected !!