റമദാന്‍ മാസത്തില്‍ ഇശാഅ് ജമാഅത്ത് കഴിഞ്ഞ ശേഷം പള്ളിയില്‍ എത്തുന്ന പല ആളുകളും ഉണ്ട്. ഇമാം തറാവീഹ് നമസ്‌കാരം ആരംഭിച്ച ശേഷമാണ് അവര്‍ എത്തുന്നതെങ്കില്‍ അവര്‍ ഒറ്റക്ക് നമസ്‌കരിക്കുകയാണോ അതല്ല ഇമാമിനൊപ്പം നമസ്‌കരിക്കുകയാണോ വേണ്ടത്?
മറുപടി: ഇശാഅ് നമസ്‌കാരത്തിന്റെ ജമാഅത്ത് നഷ്ടപ്പെട്ട് ഇമാം തറാവീഹ് നമസ്‌കാരം ആരംഭിച്ച ശേഷം പള്ളിയില്‍ എത്തുന്നവര്‍ ഇശാഅ് നമസ്‌കാരത്തിന്റെ നിയത്തോടെ തറാവീഹ് നമസ്‌കരിക്കുന്ന ഇമാമിനോടൊപ്പം ചേര്‍ന്ന് നമസ്‌കരിക്കുകയാണ് വേണ്ടത്. ഇമാം സലാം വീട്ടിയ ശേഷം ഇശാഅ് നമസ്‌കാരത്തിലെ അവശേഷിക്കുന്ന റക്അത്തുകള്‍ അവര്‍ പൂര്‍ത്തീകരിക്കണം. ഇശാഅ് നമസ്‌കാരത്തിനായി അവര്‍ മറ്റൊരു ജമാഅത്ത് അവിടെ ഉണ്ടാക്കരുത്. കാരണം ഒരു പള്ളിയില്‍ ഒരേസമയം ഒന്നിലേറെ ജമാഅത്ത് നമസ്‌കാരങ്ങള്‍ നടക്കുന്ന അവസ്ഥയുണ്ടാക്കുകയും നേരത്തെ തന്നെ ഇമാമിനൊപ്പം നമസ്‌കരിച്ചു കൊണ്ടിരുന്നവര്‍ക്ക് അത് ശല്യമായി മാറുകയും ചെയ്യും.
മുആദ്(റ) നബി(സ)ക്കൊപ്പം ഇശാഅ് നമസ്‌കരിക്കുകയും പിന്നീട് തന്റെ സമൂഹത്തിലേക്ക് ചെന്ന് അതേ നമസ്‌കാരത്തിന് അവര്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യാറുണ്ടായിരുന്നു എന്ന് ജാബിര്‍(റ)ല്‍ നിന്നും സ്ഥിരീകരിക്കപ്പെട്ട റിപോര്‍ട്ടുണ്ട്. (ബുഖാരി, മുസ്‌ലിം) ‘അദ്ദേഹത്തെ (മുആദ്) സംബന്ധിച്ചടത്തോളം അത് ഐശ്ചിക നമസ്‌കാരവും അവര്‍ക്ക് (അദ്ദേഹത്തിന്റെ സമൂഹത്തിന്) നിര്‍ബന്ധ ഇശാഅ് നമസ്‌കാരവുമാണത്.’ എന്നും റിപോര്‍ട്ടുകളിലുണ്ട്. (ഇമാം ശാഫിഇയും ദാറഖുത്വ്‌നിയും ഇത് റിപോര്‍ട്ട് ചെയ്യുകയും ഫത്ഹുല്‍ ബാരിയില്‍ ഹാഫിദ് ഇബ്‌നു ഹജര്‍ ഇത് ശരിവെക്കുകയും ചെയ്തിട്ടുണ്ട്.)
സുന്നത്ത് നമസ്‌കരിക്കുന്ന ഒരാളെ പിന്തുടര്‍ന്ന് ഫര്‍ദ് നമസ്‌കരിക്കല്‍ അനുവദനീയമാണ് എന്നതിനെയാണ് ഈ ഹദീസ് കുറിക്കുന്നത്. അതുകൊണ്ടു തന്നെ സുന്നത്തായ തറാവീഹ് നമസ്‌കരിക്കുന്ന ഇമാമിനെ പിന്തുടര്‍ന്ന് ഇശാഅ് നമസ്‌കരിക്കുന്നത് സാധുവാകും. പണ്ഡിതന്‍മാര്‍ക്കിടയില്‍ പ്രബലമായ അഭിപ്രായമാണിത്. ശാഫി, ഹനഫി മദ്ഹബുകളുടെ നിലപാടും ഇതുതന്നെയാണ്.