Thursday, July 18, 2024
Homeപെരുമാറ്റ മര്യാദകൾവെളുത്ത കള്ളം അനുവദനീയമോ?

വെളുത്ത കള്ളം അനുവദനീയമോ?

ഒരു നിശ്ചിത ദിവസം കൂട്ടുകാരിയുടെ അടുത്തു ചെല്ലാമെന്ന് ഞാനവള്‍ക്ക് വാക്കു കൊടുത്തു. നിശ്ചിത ദിവസം ചില തിരക്കുകള്‍ കാരണം എനിക്ക് പോകാന്‍ കഴിഞ്ഞില്ല. പിന്നീട് അവളെ അഭിമുഖീകരിക്കാന്‍ എനിക്ക് മടിയുണ്ടായിരുന്നു. അതുകൊണ്ട് ഇറങ്ങാന്‍ സമയം വീട്ടില്‍ വിരുന്നുകാര്‍ വന്നതു കൊണ്ടാണ് വരാതിരുന്നതെന്ന് കാരണം പറഞ്ഞു. ഇത്തരത്തിലുള്ള കളവ് നിഷിദ്ധമാണോ? അത് എനിക്കോ കൂട്ടുകാരിക്കോ ഒരു ദ്രോഹവും വരുത്തിന്നില്ലെന്ന് മാത്രമല്ല വലിയൊരു പ്രയാസത്തില്‍ നിന്ന് എനിക്കത് ആശ്വാസവും നല്‍കുന്നു. അതുകൊണ്ടു തന്നെ ‘വെളുത്ത കള്ളം’ (നിരുപദ്രവകരമായ കളവ്) എന്നാണ് അതിന് പറയുന്നത്. കച്ചവടങ്ങളിലെയും ഇടപാടുകളിലെയും കളവുകള്‍ പോലെ അതില്‍ ചതിയുടെയോ വഞ്ചനയുടെയോ പ്രശ്‌നമില്ല. അതുകൊണ്ട് ആരുടെയും അവകാശം ഹനിക്കപ്പെടുകയോ ദോഷം സംഭവിക്കുകയോ ചെയ്യുന്നുമില്ല. എന്നെ പോലെ നിത്യജീവിതത്തില്‍ ഇത്തരം കളവുകള്‍ പറയുന്ന എത്രയോ ആളുകളുണ്ട്. ഇത്തരത്തിലുള്ള കളവുകളില്‍ ഇസ്‌ലാം വല്ല ഇളവും അനുവദിക്കുന്നുണ്ടോ എന്നറിയാന്‍ താല്‍പര്യപ്പെടുന്നു.

മറുപടി: ഒരാള്‍ തനിക്ക് വിശ്വാസമുള്ള ഒരു പണ്ഡിതനില്‍ നിന്നും ഒരു വിഷയത്തില്‍ ഇളവ് തേടുന്നത് തെറ്റായ കാര്യമൊന്നുമല്ല. ചോദ്യകര്‍ത്താവിന്റെ ഉത്കണ്ഠയില്‍ നിന്നും കുറ്റബോധത്തില്‍ നിന്നും ആശ്വാസം നല്‍കുന്ന ഇളവകുള്‍ പണ്ഡിതന്‍ അന്വേഷിക്കുന്നതിലും തെറ്റില്ല. ഏറെ സൂക്ഷ്മത പുലര്‍ത്തിയിരുന്ന പണ്ഡിതനും കര്‍മശാസ്ത്രജ്ഞനുമായിരുന്ന സുഫ്‌യാനു ഥൗരി ഒരിക്കല്‍ പറഞ്ഞു: വിശ്വസ്തനായ പണ്ഡിതനില്‍ നിന്നുള്ള ഇളവാണ് അറിവ്, കാര്‍ക്കശ്യം എല്ലാവര്‍ക്കും സാധിക്കുന്നതാണ്.

എന്നാല്‍ ഇളവ് തേടുന്ന എല്ലാ കാര്യത്തിലും ഇളവനുവദിക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. കളവിന് ‘നിരുപദ്രവകരമായ കളവ്’ (White Lie) എന്ന് വിളിച്ചാല്‍ തന്നെയും വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലല്ലാതെ ഒരു ഇളവും ഞാന്‍ കാണുന്നില്ല. കളവിനെ കുറിച്ച് പൊതുവെ ശക്തമായ താക്കീതാണ് ഇസ്‌ലാം നല്‍കുന്നത്. മാത്രമല്ല കുഫ്‌റിന്റെയും നിഫാഖിന്റെയും അടയാളമായിട്ടാണ് ഇസ്‌ലാം അതിനെ എണ്ണുന്നത്. ഖുര്‍ആനില്‍ നമുക്ക് കാണാം: ”അല്ലാഹുവിന്റെ സൂക്തങ്ങള്‍ അംഗീകരിക്കാത്തവരാകുന്നു വ്യാജം ചമയ്ക്കുന്നത്.അവര്‍തന്നെയാകുന്നു യഥാര്‍ഥത്തില്‍ കള്ളം പറയുന്നവരും.” (അന്നഹ്ല്‍: 105)
നബി(സ) പറഞ്ഞു: ”മുനാഫിഖിന്റെ അടയാളങ്ങള്‍ മൂന്നെണ്ണമാണ്. സംസാരിച്ചാല്‍ കളവ് പറയും, വാഗ്ദാനം ചെയ്താല്‍ ലംഘിക്കും, കരാര്‍ ചെയ്താല്‍ വഞ്ചിക്കും.” അവന്‍ നമസ്‌കരിക്കുകയും നോമ്പെടുക്കുകയും മുസ്‌ലിമാണെന്ന് വാദിക്കുകയും ചെയ്താല്‍ പോലും എന്ന് മുസ്‌ലിം റിപോര്‍ട്ട് ചെയ്ത ഹദീഥില്‍ കൂടുതലായി കാണാം.
മറ്റൊരു ഹദീഥില്‍ ഇങ്ങനെയാണ്: ”നാല് ഗുണങ്ങളുള്ളവന്‍ പരിപൂര്‍ണ മുനാഫിഖാണ്. അതില്‍ ഏങ്കിലും ഒന്ന് ഒരാള്‍ക്കുണ്ടെങ്കില്‍ അതുപേക്ഷിക്കും വരെ നിഫാഖിന്റെ അംശം അവനിലുണ്ട്: വിശ്വസിച്ചാല്‍ വഞ്ചിക്കും, സംസാരിച്ചാല്‍ കളവ് പറയും, കരാര്‍ ചെയ്താല്‍ ലംഘിക്കും, പിണങ്ങിയാല്‍ അസഭ്യം പറയും.”

ഒരിക്കല്‍ പ്രവാചകന്‍(സ)യോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, വിശ്വാസി ഭീരുവാകുമോ? അദ്ദേഹം പറഞ്ഞു: ആവാം. വീണ്ടും ചോദിച്ചു: വിശ്വാസി പുശുക്കനാകുമോ? അദ്ദേഹം പറഞ്ഞു: ആവാം. വീണ്ടും ചോദിച്ചു: വിശ്വാസി കളവുപറയുന്നവനാവുമോ? പ്രവാചകന്‍ പറഞ്ഞു: ഇല്ല’. പ്രവാചകന് ഏറ്റവും വെറുപ്പുള്ള കാര്യം കളവു പറയലായിരുന്നു എന്ന് ഒരിക്കല്‍ ആഇശ(റ) പറഞ്ഞതായി കാണാം. ഇസ്‌ലാം കളവ് പറയുന്നതിനെ എത്രത്തോളം വെറുക്കുന്നുണ്ടെന്നാണ് ഇതെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നത്. മക്കളെ വളര്‍ത്തേണ്ടതും കളവ് പറയാത്തവരായിട്ടാണ്. അതുകൊണ്ട് ദ്രോഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും കളവ് തന്നെയാണത്. യഥാര്‍ഥ്യത്തിന് വിരുദ്ധമായി സംസാരിക്കലും മുനാഫിഖുകളെ അനുകരിക്കലുമാണത്.

പ്രയോജനം ചെയ്യുമെങ്കില്‍ മാത്രമേ സത്യസന്ധത മുറുകെ പിടിക്കുകയുള്ളൂ എന്ന ശാഠ്യം പാടില്ല. ദ്രോഹമുണ്ടെങ്കില്‍ മാത്രമേ കളവ് വര്‍ജിക്കുകയുള്ളൂ എന്നതും അതുപോലെ തന്നെ. വ്യക്തിപരമായി ചില പ്രയാസങ്ങള്‍ നേരിടേണ്ടി വന്നാലും ശ്രേഷ്ഠ ഗുണങ്ങള്‍ മുറുകെ പിടിക്കുകയാണ് വേണ്ടത്. താല്‍ക്കാലികമായ നേട്ടങ്ങള്‍ തരുന്നുണ്ടെങ്കിലും ചീത്ത ഗുണങ്ങള്‍ വെടിയുകയുമാണ് വേണ്ടത്.

തന്നോട് മറ്റുള്ളവര്‍ കളവ് പറയുന്നത് എല്ലാ മനുഷ്യരും വെറുക്കുന്നു. അതേസമയം കള്ള ക്ഷമാപണങ്ങള്‍ നടത്തി അവന്‍ മറ്റുള്ളവരെ പറ്റിക്കുകയും ചെയ്യുന്നു. താന്‍ വെറുക്കുന്ന കളവ് മറ്റുള്ളവരുടെ കാര്യത്തിലും പരിഗണിക്കുകയാണ് അവന്‍ വേണ്ടത്. ജനങ്ങള്‍ നിന്നോട് എങ്ങനെ പെരുമാറണമെന്നാണോ നീ ആഗ്രഹിക്കുന്നത്, അതുപോലെ അവരോട് പെരുമാറുക എന്നതായിരിക്കണം നിന്റെ അടിസ്ഥാന തത്വം. കള്ളം പറയുന്നതിന്റെ ഏറ്റവും വലിയ ദോഷം അതില്‍ നിന്ന് മോചനം നേടാനാവാത്ത വിധം നാവ് അതൊരു ശീലമാക്കുമെന്നതാണ്. തെളിവുകള്‍ ആവശ്യമില്ലാത്ത കണ്‍മുമ്പില്‍ കാണുന്ന യാഥാര്‍ഥ്യമാണത്. ‘നീ നാവിനെ സത്യം ശീലിപ്പിക്കുകയും അതില്‍ തൃപ്തിപ്പെടുത്തുകയും ചെയ്യുക, നാവ് നീ ശീലിപ്പിക്കുന്നതാണ് ശീലമാക്കുന്നത്’ എന്ന് മുമ്പൊരു കവി പറഞ്ഞിട്ടുണ്ട്.

കളവ് പറഞ്ഞ് അവസാനം അല്ലാഹുവിന്റെ അടുക്കല്‍ കള്ളം പറയുന്നവനായി രേഖപ്പെടുത്തപ്പെടുന്നതിനെ കുറിച്ച് നബി(സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ”നിങ്ങള്‍ സത്യവാന്മാരാവുക, തീര്‍ച്ചയായും സത്യം നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കും. ഒരു മനുഷ്യന്‍ സത്യം പറഞ്ഞുകൊണ്ടേയിരിക്കും, അവന്റെ പേര് അല്ലാഹുവിങ്കല്‍ സത്യവാന്‍ എന്ന് എഴുതപ്പെടുന്നത് വരെ. കളവിനെ നിങ്ങള്‍ സൂക്ഷിക്കുക, കളവ് അധര്‍മത്തിലേക്കും അധര്‍മം നരകത്തിലേക്കും നയിക്കും. ഒരു മനുഷ്യന്‍ കളവു പറഞ്ഞുകൊണ്ടേയിരിക്കും, അവന്റെ പേര് അല്ലാഹുവിങ്കല്‍ വ്യാജന്‍ എന്ന് എഴുതപ്പെടുന്നത് വരെ.”

എന്നാല്‍ അതോടൊപ്പം തത്വങ്ങള്‍ക്കും അവയുടെ പ്രായോഗികതക്കും ഇടയില്‍ സന്തുലിതത്വം പാലിക്കുന്നുവെന്നത് ഇസ്‌ലാമിന്റെ സവിശേഷതയാണ്. ചില തത്വചിന്തകരെ പോലെ യാഥാര്‍ഥ്യ ലോകത്തേക്കിറങ്ങാത്ത ആകാശത്ത് വട്ടമിട്ട് പറക്കുന്ന സിദ്ധാന്തങ്ങള്‍ മാത്രമല്ല അത് കാണിച്ചു തരുന്നത്. ജര്‍മന്‍ തത്വചിന്തകന്‍ കാന്റ് അതിനൊരു ഉദാഹരണമാണ്. ഒരു സന്ദര്‍ഭത്ിലും കളവ് പറയാനോ അതുപോലുള്ള കാര്യങ്ങള്‍ക്കോ അദ്ദേഹം ഇളവ് നല്‍കുന്നില്ല, എന്തൊക്കെ കാരണങ്ങളുണ്ടെങ്കിലും അതിന്റെ ഫലം എന്തുതന്നെയായായും ശരി. എന്നാല്‍ ഇസ്‌ലാം മനുഷ്യ പ്രകൃതിയും അനിവാര്യതകളും അറിയുന്ന അല്ലാഹുവില്‍ നിന്നും പ്രത്യയശാസ്ത്രമാണ്. അതുകൊണ്ടു തന്നെ മനുഷ്യപ്രകൃതി പരിഗണിച്ച് കളവിന് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഇളവുകള്‍ അതനുവദിക്കുന്നു. അനിവാര്യത പരിഗണിച്ചാണത്. മൈമൂന്‍ ബിന്‍ മിഹ്‌റാന്‍ പറയുന്നു: കള്ളം സത്യത്തേക്കാള്‍ നല്ലതായി വരുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. ഒരാള്‍ മറ്റൊരാളെ വധിക്കാനായി വാളുമായി അയാളുടെ പുറകെ വാളുമായി വരികയാണ്. അതിനിടെ പിന്തുടരപ്പെടുന്ന ആള്‍ ഒരു വീടിനകത്തേക്ക് കയറുന്നത് നിങ്ങള്‍ കണ്ടു. കൊല്ലാനായി വരുന്നയാള്‍ നിങ്ങളോട് അയാളെ കുറിച്ച് അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ പറയുന്നു ‘ഞാനയാളെ കണ്ടിട്ടില്ല’. ഇത് അനിവാര്യമായ കളവാണ്.

അപ്രകാരം കളവ് പറയാന്‍ അനുവാദം നല്‍കുന്ന മറ്റ് ചില പ്രത്യേക സന്ദര്‍ഭങ്ങളുണ്ടെന്നും ഹദീസുകളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ”’മൂന്നു സന്ദര്‍ഭങ്ങളില്‍ കളവു പറയുന്നതിലല്ലാതെ പ്രവാചകന്‍(സ) ഒരു കാര്യത്തിലും ഇളവ് അനുവദിച്ചതായി ഞാന്‍ കേട്ടിട്ടില്ല.: (ആളുകള്‍ക്കിടയില്‍) രഞ്ജിപ്പുണ്ടാക്കുന്നതിന് പറയുന്ന വാക്ക്, ഒരാള്‍ യുദ്ധത്തില്‍ പറയുന്ന വാക്ക്, ഒരു പുരുഷന്‍ ഭാര്യയോട് സംസാരിക്കുമ്പോഴും സ്ത്രീ ഭര്‍ത്താവിനോട് സംസാരിക്കുമ്പോഴും.”

ഇനി നമുക്ക് ചോദ്യത്തിലേക്ക് തന്നെ മടങ്ങി വരാം. ഇല്ലാത്ത കാരണം ഉയര്‍ത്തി ക്ഷമാപണം നടത്തുകയാണ് ചോദ്യകര്‍ത്താവ് ചെയ്തിരിക്കുന്നത്. കളവ് പറയാന്‍ ഇളവനുവദിക്കപ്പെട്ടിട്ടുള്ള മൂന്ന് സന്ദര്‍ഭങ്ങളിലോ അവക്ക് സമാനമായതിലോ ഇതുള്‍പ്പെടുമോ? അല്ലെങ്കില്‍ നിഷിദ്ധത്തിന്റെ പരിധിയിലാണോ വരിക?

സഹോദരിയുടെ ചോദ്യം പരിശോധിക്കുമ്പോള്‍ രണ്ട് തെറ്റുകളാണ് അവര്‍ ചെയ്തിരിക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാം. ഒന്ന്, കൂട്ടുകാരിയോടുള്ള വാഗ്ദാന ലംഘനം. മുനാഫിഖിന്റെ അടയാളങ്ങളിലൊന്നാണ്. രണ്ട്, ഒരു കാരണം കെട്ടിച്ചമച്ച് പ്രസ്തുത ലംഘനത്തെ അവര്‍ ന്യായീകരിക്കുകയും ചെയ്തിരിക്കുന്നു. ഒരു തെറ്റിനെ മറ്റൊരു തെറ്റു കൊണ്ടാണിവിടെ ചികിത്സിക്കുന്നത്.

തന്റെ വീഴ്ച്ച പ്രകടമാവുമെങ്കിലും യാഥാര്‍ഥ്യം തുറന്നു പറയുകയായിരുന്നു നല്ലത്. കളവ് പറയുന്നതിന് പകരം മയപ്പെടുത്തിയ വാക്കുകളിലൂടെ യാഥാര്‍ഥ്യം അവതരിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അത്തരത്തില്‍ അവതരിപ്പിക്കാന്‍ സാധ്യമല്ലെങ്കിലോ? രണ്ട് കൂട്ടുകാരികള്‍ക്കുമിടയിലുള്ള ബന്ധത്തെ പരിഗണിച്ചായിരിക്കണം അത്. യാഥാര്‍ഥ്യം പറഞ്ഞാല്‍ പ്രസ്തുത ബന്ധം തകരുമെന്ന് ഒരാള്‍ ഭയന്നാല്‍ അനിവാര്യതയുടെ കൂട്ടത്തിലാണ് അതിനെ എണ്ണേണ്ടത്. അനിവാര്യതയില്‍ അനുവദിക്കുന്ന പരിധി അതിലും പാലിക്കേണ്ടതുണ്ട്. അതൊരു ശീലമാക്കി മാറ്റരുത്. അല്ലാത്തപക്ഷം ആവശ്യത്തിനും അനാവശ്യത്തിനും കളവു പറയുന്ന ശീലം അതുണ്ടാക്കും.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!