Thursday, April 25, 2024
Homeഭക്ഷണംഹോട്ടലില്‍ മദ്യ വിതരണത്തിന് ഇടം നല്‍കാമോ?

ഹോട്ടലില്‍ മദ്യ വിതരണത്തിന് ഇടം നല്‍കാമോ?

ഹോട്ടല്‍, വില്ലേജ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് ഞങ്ങളുടേത്. അതിന് കീഴില്‍ നിരവധി ഹോട്ടലുകളും വില്ലേജ് ടൂറിസം സംവിധാനങ്ങളുമുണ്ട്. മദ്യം വിതരണം ചെയ്യാനുള്ള ലൈസന്‍സ് ഉണ്ടെങ്കിലും ഞങ്ങള്‍ ഹോട്ടലിലെത്തുന്ന അതിഥികള്‍ക്ക് മദ്യം വിതരണം ചെയ്യാറില്ല. എന്നാല്‍ മദ്യം ആവശ്യപ്പെടുന്ന എത്രയോ അതിഥികളുണ്ടാവാറുണ്ട്. അതിന്റെ അഭാവത്തില്‍ വരുന്ന അതിഥികളുടെ എണ്ണത്തില്‍ കുറവ് വരുന്നു. മാത്രമല്ല പല സംഘങ്ങളും മദ്യം നല്‍കണമെന്ന ഉപാധിയോടെയാണ് എത്തുന്നത്. അത് പരിഹരിക്കുന്നതിനായി ഹോട്ടലിനകത്ത് മദ്യം വില്‍പന നടത്താന്‍ ഒരു വ്യക്തിക്ക് സൗകര്യം നല്‍കിയിട്ടുണ്ട്. കമ്പനിയുടെ ഭാഗമല്ലാത്ത ആ വ്യക്തിയാണ് മദ്യവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നടത്തുന്നത്. അതിന്റെ പേരില്‍ കമ്പനി അയാളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ പണം ഈടാക്കുന്നുമില്ല. ശൈഖുല്‍ അസ്ഹറുമായി (ഈജിപ്ത്) ഈ വിഷയത്തില്‍ ഞങ്ങള്‍ അന്വേഷണം നടത്തിയിരുന്നു. മദ്യത്തിന്റെ വില്‍പന ഞങ്ങളുടെ പരിധിയില്‍ വരാത്തിടത്തോളം അതില്‍ തെറ്റൊന്നുമില്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. പ്രസ്തുത മറുപടിയില്‍ വേണ്ടത്ര തൃപ്തി വരാത്തതിനാല്‍ ഒന്നുകൂടി ഉറപ്പിക്കുന്നതിനായി അന്നത്തെ ഈജിപ്തിന്റെ മുഫ്തി ഡോ. നസ്ര്‍ ഫരീദ് വാസിലിനോട് (1996-2002) ഞങ്ങള്‍ അഭിപ്രായം തേടി. എന്നാല്‍ അത് അനുവദനീയമല്ലെന്ന ഫത്‌വയാണ് അദ്ദേഹം നല്‍കിയത്. അതുകൊണ്ട് വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ഈ വിഷയത്തിലുള്ള താങ്കളുടെ അഭിപ്രായം ഞങ്ങള്‍ തേടുകയാണ്. തൃപ്തികരമായ ഒരു മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

മറുപടി: തിന്മകള്‍ക്കും ദുര്‍വൃത്തികള്‍ക്കുമെതിരെ പോരാടുന്ന പ്രത്യയശാസ്ത്രമാണ് ഇസ്‌ലാമെന്നത് വളരെ വ്യക്തമായ ഒന്നാണ്. അവയിലേക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടക്കുകയാണത് ചെയ്യുന്നത്. അതുകൊണ്ടു തന്നെ തിന്മകളെ നിഷിദ്ധമാക്കുക മാത്രമല്ല ഇസ്‌ലാം ചെയ്യുന്നത്. അതിലേക്കുള്ള മാര്‍ഗങ്ങളും അതിന് സഹായകമായ കാര്യങ്ങളും കൂടി വിലക്കുന്നു. ഹലാല്‍ – ഹറാമിന്റെ അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണ് ഹറാമിലേക്ക് നയിക്കുന്ന എല്ലാ കാര്യങ്ങളും ഹറാം ആണെന്നുള്ളത്.

പ്രസ്തുത തത്വത്തെ വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള തെളിവാണ് ഈ സൂക്തം: ”ദൈവികസൂക്തങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും കേട്ടാല്‍ അവര്‍ മറ്റു വര്‍ത്തമാനങ്ങളിലേര്‍പ്പെടുന്നതുവരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്ന് അല്ലാഹു ഈ വേദത്തിലൂടെ നേരത്തേ നിങ്ങളോട് വിധിച്ചിട്ടുള്ളതാണല്ലോ. അവ്വിധം ചെയ്യുകയാണെങ്കില്‍ നിങ്ങളും അവരുടെ മാതിരിയാകുന്നു. അല്ലാഹു കപടവിശ്വാസികളെയും സത്യനിഷേധികളെയും നരകത്തില്‍ സമ്മേളിപ്പിക്കുന്നവനാണെന്ന് ഉറപ്പിച്ചുകൊള്ളുക.” (അന്നിസാഅ്: 140)

ഖലീഫ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ അടുക്കലേക്ക് മദ്യപിച്ച ഒരു സംഘം ഹാജരാക്കപ്പെട്ടു. അവര്‍ക്ക് മേലുള്ള ശിക്ഷ നടപ്പാക്കുന്നതിനായിരുന്നു അത്. എന്നിട്ട് ഒരാള്‍ പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, ഇവരില്‍ ഒരാള്‍ അവരോടൊപ്പം മദ്യപിച്ചിട്ടില്ല, അവരോടൊപ്പം ഇരിക്കുക മാത്രമാണ് അയാള്‍ ചെയ്തിട്ടുള്ളത്. മാത്രമല്ല, അയാള്‍ നോമ്പുകാരനുമായിരുന്നു. അപ്പോള്‍ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് പറഞ്ഞു: എന്നാല്‍ അവനില്‍ നിന്ന് ശിക്ഷ ആരംഭിക്കട്ടെ. എന്നിട്ട് അദ്ദേഹം മേല്‍ സൂചിപ്പിച്ച ഖുര്‍ആന്‍ സൂക്തം പാരായണം ചെയ്തു.

നബി(സ) പലിശ ഭുജിക്കുന്നവനെ മാത്രമല്ല ശപിച്ചിട്ടുള്ളത്. മറിച്ച് അത് നല്‍കുന്നവനെയും അതിന്റെ കണക്കെഴുത്തുകാരനെയും സാക്ഷിയെയും വരെ ശപിച്ചിട്ടുണ്ട്. അപ്രകാരം മദ്യപിക്കുന്നവനെ മാത്രല്ല ശപിക്കപ്പെട്ടിട്ടുള്ളത്. മറിച്ച് അത് വാറ്റുന്നവനും അത് വഹിക്കുന്നവനും വഹിപ്പിക്കുന്നവനും തുടങ്ങി അതിന് സഹായകമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവരും ശപിക്കപ്പെട്ടവരാണ്.

ക്ഷണികമായ ഐഹിക നേട്ടങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ ഹോട്ടലില്‍ മദ്യം ലഭ്യമാക്കുന്നതിലൂടെ മദ്യപിക്കുന്നവര്‍ക്ക് സൗകര്യം ഒരുക്കുകയാണ് ചെയ്യുന്നത് എന്നതില്‍ ഒരു സംശയവുമില്ല. അതുകൊണ്ട് തന്നെ ഈജിപ്ത് മുഫ്തി നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതാണ് ശരിയായ മറുപടി.

വിവ: നസീഫ്‌

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!