Sunday, October 6, 2024
Homeജനാസ സംസ്കരണംആത്മഹത്യ ചെയ്തവന്നുള്ള മയ്യിത്ത് നമസ്‌കാരം

ആത്മഹത്യ ചെയ്തവന്നുള്ള മയ്യിത്ത് നമസ്‌കാരം

എന്റെ അകന്ന ബന്ധത്തില്‍പെട്ട ഒരാള്‍ ഈയടുത്ത് ആത്മഹത്യ ചെയ്യുകയുണ്ടായി. ധാരാളം പേര്‍ പങ്കെടുത്ത അദ്ദേഹത്തിന്റെ ജനാസ നമസ്‌കാരത്തില്‍ ഈയുള്ളവനും ഭാഗവാക്കുവുകയുണ്ടായി. ഇതറിഞ്ഞ എന്റെ ഒരു സുഹൃത്ത് ആത്മഹത്യ ചെയ്തവന്റെ മേല്‍ ജനാസ നമസ്‌കരിക്കാന്‍ പാടില്ല എന്ന്് വളരെ കര്‍ശനമായി എന്നോട് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഈ വിഷയത്തില്‍ ഇസ്‌ലാമിന്റെ വിധി എന്താണ്? ഞാന്‍ തൗബ ചെയ്യേണ്ടതുണ്ടോ? -യഹ്‌യ ബിന്‍ സകരിയ്യ- ആലത്തൂര്‍

 

ഇസ്‌ലാം നിരോധിച്ച വലിയ പാപങ്ങളിലൊന്നാണ് അല്ലാഹു നല്‍കിയ ജീവന്‍ അവന്റെ അനുമതിയില്ലാതെ തിരിച്ചെടുക്കുക(ആത്മഹത്യ)യെന്നത്. ഒരു വ്യക്തിക്ക് സ്വയമോ, അവന്റെ അനുവാദത്തോടെ മറ്റുളളവര്‍ക്കോ അത് ചെയ്യാവതല്ല. ആത്മഹത്യയെ നിരോധിച്ചും, അതിനുള്ള ശിക്ഷ ശാശ്വതമായ നരകവാസമാണെന്ന് സൂചിപ്പിച്ചുമുള്ള ധാരാളം നബി വചനങ്ങളുണ്ട്. (ബുഖാരി: 5442,5700) മുസ്‌ലിം(104,110)
അവയില്‍ ഒരു ഹദീസ് ഇപ്രകാരമാണ് ‘നബി തിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു. നിങ്ങള്‍ക്ക് മുമ്പുള്ള സമുദായത്തിലെ ഒരാള്‍ക്ക് മുറിവ് പറ്റി. പരിഭ്രമിച്ച അദ്ദേഹം ഒരു കത്തിയെടത്ത് കയ്യിലെ ഞരമ്പ് മുറിച്ചു. ഉടനെ തന്നെ രക്തം വാര്‍ന്ന് അദ്ദേഹം മരിച്ചു. അദ്ദേഹത്തെക്കുറിച്ച് അല്ലാഹു ഇപ്രകാരം പറഞ്ഞു. ‘എന്റെ അടിമ എന്റെ അടുത്തേക്ക് ധൃതികാണിച്ചിരിക്കുന്നു. അവന്ന് മേല്‍ സ്വര്‍ഗം നിഷിദ്ധമാണ്.’ (ബുഖാരി 3276, മുസ്‌ലിം 113)
ആത്മാഹുതി ചെയ്തവന്റെ മേല്‍ പ്രവാചകന്‍ നമസ്‌കരിക്കാറുണ്ടായിരുന്നില്ല. അദ്ദേഹത്തിനുള്ള ശിക്ഷയും, അദ്ദേഹത്തെ അനുകരിക്കുന്നവര്‍ക്കുള്ള താക്കീതുമായിരുന്നു അത്. എന്നാല്‍ അത്തരക്കാര്‍ക്ക് മേല്‍ നമസ്‌കരിക്കാന്‍ അനുയായികള്‍ക്ക് പ്രവാചകന്‍(സ) അനുമതി നല്‍കിയിരുന്നു.
ജാബിര്‍ ബിന്‍ സമുറയില്‍ നിന്ന് നിവേദനം ‘അമ്പ് കൊണ്ട് സ്വയം മുറിവേല്‍പിച്ച് മരിച്ച ഒരാളുടെ മൃതദേഹം പ്രവാചകന്റെ അടുത്ത് ഹാജരാക്കപ്പെട്ടു. അദ്ദേഹം അയാള്‍ക്ക് മേല്‍ നമസ്‌കരിച്ചില്ല.’ (മുസ്‌ലിം 978)
പ്രവാചകന്‍ തിരുമേനി(സ) നമസ്‌കരിച്ചില്ലയെന്നത് പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നതാണ്. മുസ്‌ലിം ഉമ്മത്തിലെ നേതാക്കള്‍ക്ക് ബാധകമായ ചര്യയാണത്. മറ്റുള്ളവര്‍ക്ക് താക്കീതാവുന്ന വിധത്തില്‍ ഇങ്ങനെ മാറിനില്‍ക്കുന്നത് ഉത്തമമാണെന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ അഭിപ്രായപ്പെടുന്നു.(അല്‍ ഫതാവാ അല്‍ കുബ്‌റാ പേ: 52)
തെറ്റുകള്‍ ചെയ്ത മറ്റുള്ളവരെപ്പോലെ തന്നെ കുറച്ച് മുസ്‌ലിംകള്‍ക്ക് അയാളുടെ മേല്‍ നമസ്‌കരിക്കാമെന്നാണ് ശൈഖ് ഇബ്‌നു ബാസിന്റെയും അഭിപ്രായം. (ഫതാവാ ഇബ്‌നു ബാസ് 162/13)
ഇപ്രകാരം ആത്മഹത്യ ചെയ്തവന്റെ മേല്‍ സാധാരണക്കാര്‍ക്ക് മയ്യിത്ത് നമസ്‌കരിക്കാമെന്ന് തന്നെയാണ് ഇമാം അബൂഹനീഫ, മാലിക്, ശാഫഈ, ഹസന്‍, ഖതാദ, നഖഈ തുടങ്ങിയവരുടെയും അഭിപ്രായം.
 

Recent Posts

Related Posts

error: Content is protected !!