ഞങ്ങളുടെ സ്‌കൂളിലെ ഒരധ്യാപകന്‍ മരണപ്പെട്ടപ്പോള്‍ മുസ്‌ലിംകളും അമുസ്‌ലിംകളുമടങ്ങുന്ന എല്ലാ സഹപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ മൃതദേഹം സന്ദര്‍ശിക്കാനെത്തുകയുണ്ടായി. ഇതര മതസ്ഥര്‍ക്ക് മയ്യിത്ത് കാണിക്കാന്‍ പാടില്ല എന്ന് ചിലര്‍ അഭിപ്രായപ്പെടുകയുണ്ടായി. ഈ വിഷയത്തില്‍ ഇസ്‌ലാമിക കാഴ്ചപ്പാട് എന്താണ്? -ശമീം ഷാ ചൂനൂര്‍-
മേല്‍സൂചിപ്പിച്ച റിപ്പോര്‍ട്ടില്‍ അബൂബക്ര്‍ (റ) പ്രവാചകന്റെ മുഖം ദര്‍ശിച്ചതായും, അദ്ദേഹത്തെ ചുംബിച്ചതായും വിശദീകരിക്കപ്പെട്ടിരിക്കുന്നു. പ്രവാചകന്‍ (സ)യുടെ കര്‍മമോ, അനുവാദമോ അല്ല പ്രസ്തുത റിപ്പോര്‍ട്ടിലുള്ളതെങ്കില്‍ പോലും വിലക്കപ്പെട്ട കാര്യമായിരുന്നുവെങ്കില്‍ അബൂബക്ര്‍ (റ) അപ്രകാരം ചെയ്യുമായിരുന്നില്ല എന്നും, അദ്ദേഹത്തിന്റെ പ്രവൃത്തി അനുചിതമായിരുന്നുവെങ്കില്‍ മറ്റ് സഹാബാക്കള്‍ അത് വിലക്കുമായിരുന്നുവെന്നുമാണ് മനസ്സിലാക്കപ്പെടുന്നത്.
ജാബിര്‍ (റ) പറയുന്നു ‘എന്റെ പിതാവ് കൊല്ലപ്പെട്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് വസ്ത്രം നീക്കുകയും കരയുകയും ചെയ്തു. അവര്‍ (സഹാബാക്കള്‍) എന്നെ അതില്‍ നിന്നും വിലക്കി. എന്നാല്‍ പ്രവാചകന്‍ (സ) എന്നെ വിലക്കുകയുണ്ടായില്ല.’ ബുഖാരി(1187)
ആഇശ (റ)യില്‍ നിന്ന് തന്നെയുള്ള മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം ‘ഉസ്മാന്‍ ബിന്‍ മള്ഊന്‍ മരണപ്പെട്ടതിന് ശേഷം പ്രവാചകന്റെ അദ്ദേഹത്തെ ചുംബിക്കുന്നതായി ഞാന്‍ കണ്ടു. കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു അദ്ദേഹത്തില്‍ നിന്ന്.’
മേലുദ്ധരിച്ച പ്രമാണങ്ങളില്‍ നിന്നും മൃതദേഹത്തിന്റെ ബന്ധുക്കള്‍ക്ക് പ്രയാസമോ, വിയോജിപ്പോ ഇല്ലാത്ത പക്ഷം അതിനെ ദര്‍ശിക്കുന്നതോ, ചുംബിക്കുന്നതോ ഇസ്‌ലാം വിലക്കിയിട്ടില്ല എന്ന് തന്നെയാണ് മനസ്സിലാവുന്നത്. കൂടാതെ, ജനാസയെ പിന്തുടരുന്നതും, ഖബ്ര്‍ സന്ദര്‍ശിക്കുന്നതും പുണ്യകരമാണെന്ന് പഠിപ്പിച്ച പ്രവാചകന്‍ (സ), അതിന് കാരണമായി വിശദീകരിക്കുന്നത് മരണസ്മരണ നിലനിര്‍ത്തുമെന്നതാണ്. തദടിസ്ഥാനത്തില്‍ പരേതന്റെ മുഖം ദര്‍ശിക്കുന്നത് വിലക്കപ്പെടേണ്ട കാര്യമല്ല. മാത്രമല്ല, സമൂഹത്തില്‍ തങ്ങള്‍ക്കിടയില്‍ ഇതുവരെ ജീവിച്ചിരുന്ന വ്യക്തിയുടെ മുഖം മരണ ശേഷം ദര്‍ശിക്കുന്നത് ഒരു പക്ഷെ, ജീവിതത്തില്‍ തന്നെ മാറ്റം വരുത്താനോ, ഏതാനും ദിവസങ്ങള്‍ക്കെങ്കിലും ഹൃദയത്തില്‍ ദൈവബോധം സൃഷ്ടിക്കാനോ വഴിവെച്ചേക്കും.
മൃതദേഹത്തെ ആര്‍ക്കെല്ലാം കാണാം എന്നതാണ് അടുത്ത പ്രശ്‌നം. അമുസ്‌ലിംകളോ, സ്ത്രീകളോ മൃതദേഹം കാണരുത് എന്ന് തെളിയിക്കുന്ന സ്ഥിരപ്പെട്ട പ്രമാണങ്ങള്‍ ലഭ്യമല്ല. അതിനാല്‍തന്നെ, ജീവിച്ചിരിക്കുന്ന കാലത്ത് പരസ്പരം കാണല്‍ അനുവദനീയമായ എല്ലാവര്‍ക്കും മരണശേഷവും സന്ദര്‍ശിക്കാവുന്നതാണ്. മാത്രമല്ല, ജീവിച്ചിരിക്കുന്നവര്‍ പര്‌സപരം കാണന്ന വിഷയത്തില്‍ ഉയര്‍ന്ന് വരുന്ന ആശങ്കയോ, പ്രശ്‌നമോ, ഫിത്‌നയോ മൃതദേഹത്തെ കാണുമ്പോള്‍ ഇല്ല എന്നതും ഇതിനോട് ചേര്‍ത്ത് മനസ്സിലാക്കേണ്ടതാണ്.