Thursday, April 25, 2024
Homeജനാസ സംസ്കരണംഅനുശോചന യോഗങ്ങളിലെ പങ്കാളിത്തം

അനുശോചന യോഗങ്ങളിലെ പങ്കാളിത്തം

മത രാഷ്ട്രീയ മേഖലയില്‍ പ്രശസ്തരായവര്‍ മരണപ്പെട്ടാല്‍ (നല്ല വ്യക്തിയോ, മോശം വ്യക്തിയോ ആവട്ടെ) അനുശോചന ചടങ്ങ് സംഘടിപ്പിക്കുകയെന്നത് നമ്മുടെ നാട്ടില്‍ സാധാരണയാണ്. ഇത്തരത്തിലുള്ള ചടങ്ങില്‍ ഒരു മുസ്‌ലിമിന് പങ്കെടുക്കാമോ? ഇസലാമിക ചരിത്രത്തില്‍ നിന്നും ഇതിന് വല്ല ഉദാഹരണവും നല്‍കാമോ? -റമീസ് തൃക്കരിപ്പൂര്‍

മരണപ്പെട്ട വ്യക്തികളുടെ കാര്യത്തില്‍ അനുശോചനമറിയിക്കലും, അവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കലും ഇസ്‌ലാം അഭികാമ്യമായി കാണുന്ന കാര്യമാണ്. പ്രവാചകന്‍ തിരുമേനി(സ) ഇപ്രകാരം അരുള്‍ ചെയ്തിരിക്കുന്നു. ‘സഹോദരന്റെ വിപത്തില്‍ അനുശോചിക്കുന്ന വിശ്വാസിക്ക് അല്ലാഹു അന്ത്യനാളില്‍ മാന്യതയുടെ ഉടയാട അണിയിക്കുന്നതാണ്’.

ഉസാമത് ബിന്‍ സൈദില്‍ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്നു ‘എന്റെ മകന്‍ മരണപ്പെട്ടപ്പോള്‍ വിവരമറിയിക്കാനായി പ്രവാചകന്റെ അടുത്തേക്ക് മകളെ -സൈനബാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു- അയക്കുകയുണ്ടായി. നബി തിരുമേനി(സ) അദ്ദേഹത്തിന്റെ സലാം എന്നെ അറിയിക്കുകയും ഇപ്രകാരം പറഞ്ഞയക്കുകയും ചെയ്തു ‘അല്ലാഹു എടുത്തതും, തന്നതുമെല്ലാം അവന്റേത് മാത്രമാണ്. എല്ലാറ്റിനും അവന്റെ അടുത്ത് നിശ്ചിത പരിധിയുണ്ട്. അതിനാല്‍ താങ്കള്‍ ക്ഷമിക്കുകയും പ്രതിഫലം കാംക്ഷിക്കുകയും ചെയ്യുക’.

കര്‍മ ശാസ്ത്ര പണ്ഡിതര്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അനുശോചനമറിയിക്കുന്നത് സുന്നത്താണെന്ന് അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നേരിട്ട് ചെന്ന് അനുശോചനമറിയിക്കണമെന്നില്ല. നിലവിലുള്ള ആശവിനിമയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സന്ദേശം കൈമാറിയാലും മതി.

അടുത്ത കുടുംബ ബന്ധത്തിലോ, സുഹൃദ്‌വലയത്തിലോ പെടുന്ന വ്യക്തിയാണ് മരണപ്പെട്ടതെങ്കില്‍ ഇത് നിര്‍ബന്ധ ബാധ്യതയുമാണ്. കുടുംബ ബന്ധത്തിന്റെയും, സുഹൃദ് ബന്ധത്തിന്റെയും അകല്‍ച്ചക്ക് ഒരു പക്ഷെ അതിന്റെ അഭാവം കാരണമായേക്കും.

പരേതന് വേണ്ടി പ്രാര്‍ത്ഥിക്കുക, ബന്ധുക്കളെ ആശ്വസിപ്പിക്കുക, അവരുടെ സന്താനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുക, അവരുടെ സദ്ഗുണങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയവയെല്ലാം അനുശോചനത്തിന്റെ മാര്‍ഗങ്ങളാണ്. തന്റെ പിതൃവ്യ പുത്രനായ ജഅ്ഫര്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ബന്ധുക്കളോട് പ്രവാചകന്‍(സ) ഇപ്രകാരം പറഞ്ഞു ‘ജഅ്ഫറിന്റെ കുടുംബത്തിന് നിങ്ങള്‍ ഭക്ഷണമൊരുക്കുക. അവരെ വിഷമിപ്പിക്കുന്ന വിപത്തിറങ്ങിയിരിക്കുന്നു’.

വിശ്വാസിയെന്നോ, അല്ലാത്തവരെന്നോ ഭേദമില്ലാതെ മരിച്ചവരുടെ ബന്ധുക്കളുടെ ദുഖത്തില്‍ പങ്ക്‌ചേരുകയും, അവരെ ആശ്വസിപ്പിക്കുകയും ചെയ്യാവുന്നതാണ് എന്ന് ഇമാം ശാഫിഈ(അല്‍ മജ്മൂഅ് 5/275), അബൂ ഹനീഫ തുടങ്ങിയവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇമാം അഹ്മദ് ഇക്കാര്യം വിലക്കിയിരിക്കുന്നു. ഇപ്രകാരം നിഷേധികളെ അനുശോചിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുള്ള പണ്ഡിതന്മാര്‍ ഉദ്ധരിക്കുന്ന തെളിവുകള്‍ പരിശോധിക്കുമ്പോള്‍ അവ ബാലിശമാണെന്നാണ് മനസ്സിലാവുന്നത്. യഹൂദികളോട് സലാം ചൊല്ലുന്നത് വിലക്കിയുള്ള ഹദീസുകളാണ് അവര്‍ ഉദ്ധരിക്കുന്നത്. അവയുടെ സാഹചര്യം ഈ പംക്തിയില്‍ തന്നെ നാം മുമ്പ് വിശദീകരിച്ചതാണ്.

മുസ്‌ലിമല്ലാത്തവര്‍ രോഗികളാവുകയോ, മരണപ്പെടുകയോ ചെയ്താല്‍ സലഫുസ്സാലിഹുകള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്ന് കുറിക്കുന്ന ധാരാളം റിപ്പോര്‍ട്ടുകളുണ്ട് എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. പ്രവാചകന്‍ തിരുമേനി(സ) പോലും തന്റെ സേവകനായിരുന്ന യഹൂദ ബാലന്‍ മരണശയ്യയിലായിരിക്കെ അവനെ സന്ദര്‍ശിക്കുകയും അവന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തതായി ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.(1356)

ചുരുക്കത്തില്‍ മാനുഷികവും, പ്രബോധനപരവുമായ പരിഗണനകള്‍ വെച്ച് കൊണ്ട് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലേര്‍പെടാവുന്നതാണ് എന്ന് പ്രമാണങ്ങള്‍ സൂചിപ്പിക്കുന്നു.

അനുശോചനത്തിന് പ്രത്യേകമായ ദിവസവും, സമയവും നിശ്ചയിക്കുന്നതിന് സവിശേഷമായ പുണ്യമൊന്നുമില്ല. എന്നാല്‍ പരേതന്റെ നന്മ വ്യാപിപ്പിക്കുക, മൂല്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കുക, മരണസ്മരണ നിലനിര്‍ത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങള്‍ വെച്ച് കൊണ്ട് ഒരുമിച്ചിരിക്കുകയും, അവ പങ്ക് വെക്കുകയും ചെയ്യാവുന്നതാണ്. ‘നിങ്ങള്‍ നന്മയിലും, ദൈവബോധത്തിലും പരസ്പരം സഹായിക്കുകയെന്ന’ വിശുദ്ധ ഖുര്‍ആന്റെ കല്‍പനയുടെ ഭാഗമായി ഇതിനെ കണക്കാക്കാവുന്നതാണ്.

Recent Posts

Related Posts

error: Content is protected !!