Friday, March 29, 2024
Homeജനാസ സംസ്കരണംചെരുപ്പോ ഷൂസോ ധരിച്ചുകൊണ്ടുള്ള മയ്യിത്ത് നമസ്‌കാരം

ചെരുപ്പോ ഷൂസോ ധരിച്ചുകൊണ്ടുള്ള മയ്യിത്ത് നമസ്‌കാരം

ചോദ്യം- മുറ്റത്തോ മൈതാനത്തോ വെച്ച് മയ്യിത്ത് നമസ്‌കരിക്കുന്നതില്‍ അസാംഗത്യമുണ്ടോ? അത്തരം സന്ദര്‍ഭങ്ങളില്‍ ചെരുപ്പോ ഷൂസോ ധരിച്ചുകൊണ്ട് നമസ്‌കരിക്കുന്നതിന് വിരോധമുണ്ടോ?

ഉത്തരം-          ‘പള്ളികള്‍, അവയുമായി ബന്ധപ്പെട്ട വിധികള്‍’ എന്ന അധ്യായത്തില്‍ (ശറഹുല്‍ മുഹദ്ദബ്) ഇമാം നവവി പറയുന്നു: ‘പള്ളിയില്‍ പ്രവേശിക്കാന്‍ ഉദ്ദേശിച്ചവര്‍ക്ക് കയറും മുമ്പ് തന്റെ ചെരുപ്പ് പരിശോധിച്ചു നോക്കുകയും അതിന്മേല്‍ വല്ല മാലിന്യങ്ങളുമുണ്ടെങ്കില്‍ അത് തുടച്ച് കളയുകയും ചെയ്യുക എന്നത് സുന്നത്താണ്. അബൂ സഈദില്‍ ഖുദ്‌രിയുടെ ഹദീസാണ് ഇതിന് ആധാരം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ”നിങ്ങളിലാരെങ്കിലും പള്ളിയിലേക്ക് വന്നാല്‍ തന്റെ ചെരുപ്പിന്മേല്‍ വല്ല ചേറോ മാലിന്യമോ ഉണ്ടോ എന്ന് നോക്കണം. അങ്ങനെ വല്ലതും കണ്ടാല്‍ അത് തുടച്ച് കളഞ്ഞിട്ട് അതണിഞ്ഞു കൊണ്ട് നമസ്‌കരിച്ചു കൊള്ളട്ടെ” (ശറഹുല്‍ മുഹദ്ദബ്: 2/179).

ഈ ഹദീസ് ഇമാം അബൂദാവൂദ് ഉദ്ധരിച്ചതാണ്. അതിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്: അബൂ സഈദ് പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ അനുചരന്മാരുമൊത്ത് നമസ്‌കരിക്കുകയായിരുന്നു. അപ്പോള്‍ തിരുമേനി തന്റെ രണ്ട് ചെരിപ്പുകളും അഴിക്കുകയും തന്റെ ഇടത് ഭാഗത്ത് വെക്കുകയും ചെയ്തു. അത് കണ്ടപ്പോള്‍ പിന്നിലുള്ള അണികളും തങ്ങളുടെ ചെരിപ്പഴിച്ചു. അങ്ങനെ നമസ്‌കാരം നിര്‍വഹിച്ചു കഴിഞ്ഞപ്പോള്‍ തിരുമേനി ചോദിച്ചു: ‘നിങ്ങളുടെ ചെരിപ്പൂരാന്‍ പ്രേരിപ്പിച്ച ഘടകമെന്താണ്?’ താങ്കള്‍ ചെരിപ്പൂരുന്നത് ഞങ്ങള്‍ കണ്ടു, അപ്പോള്‍ ഞങ്ങളും ഞങ്ങളുടെ ചെരിപ്പഴിച്ചു വെച്ചു, അവര്‍ പറഞ്ഞു. അപ്പോള്‍ തിരുമേനി: ‘ജിബ്‌രീല്‍ (അ) എന്റെ അടുത്ത് വന്ന് പറഞ്ഞു, അതിന്മേല്‍ ചേറുണ്ട്, അല്ലെങ്കില്‍ ഉപദ്രവമുണ്ട് എന്ന്. അത് കൊണ്ടാണ് ഞാനങ്ങനെ ചെയ്തത്” (അബൂദാവൂദ്). അന്നേരമാണ് പള്ളിയില്‍ വരുമ്പോള്‍ ഉള്ളിലേക്ക് കടക്കും മുമ്പ് ചെരിപ്പില്‍ നോക്കണമെന്നും അഴുക്ക് വല്ലതും കണ്ടാല്‍ അത് നീക്കിയ ശേഷമേ അതണിഞ്ഞ് നമസ്‌കരിക്കാവൂ എന്നും തിരുമേനി പറഞ്ഞത്.

ചെരുപ്പണിഞ്ഞ്  നമസ്‌കരിക്കുന്നത് എന്തോ വലിയ അപരാധമായിട്ടായിരുന്നു ജൂതന്മാര്‍ കണ്ടിരുന്നത്. എന്നാല്‍ നബി (സ) ആ കാഴ്ചപ്പാട് തിരുത്തി. മുസ്‌ലിംകളോട് തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. അവിടുന്ന് ഇങ്ങനെ പറഞ്ഞു: ”നിങ്ങള്‍ യഹൂദികള്‍ക്ക് എതിരാവുക (യഹൂദികളോട് വിയോജിക്കുക). കാരണം, അവര്‍ ചെരുപ്പോ ബൂട്ടോ അണിഞ്ഞ് നമസ്‌കരിക്കാറില്ല” (അബൂദാവൂദ്).
തിരുമേനി തന്നെ ചെരുപ്പണിഞ്ഞും അണിയാതെയും നമസ്‌കരിക്കാറുണ്ടായിരുന്നു എന്ന് സ്വീകാര്യയോഗ്യമായി ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട് (അഹ്മദ്, ഇബ്‌നുമാജ, അബൂ ദാവൂദ്, നസാഇ).

ചെരുപ്പണിഞ്ഞ് നമസ്‌കരിക്കാമെന്ന് ഇമാം ഗസ്സാലിയും അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: ”ചെരുപ്പ് ധരിച്ചുള്ള നമസ്‌കാരം അനുവദനീയമാകുന്നു. ചെരുപ്പഴിക്കുന്നത് എളുപ്പമാണെങ്കില്‍ പോലും. ബൂട്ട് ധരിച്ച് നമസ്‌കരിക്കാമെന്നത് ബൂട്ട് ഊരാന്‍ പ്രയാസം കണക്കിലെടുത്തു കൊണ്ടുള്ള ഇളവല്ല, പ്രത്യുത അങ്ങനെയുള്ള മാലിന്യങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യപ്പെടുമെന്നതിനാലാണ്” (ഇഹ്‌യാ 1/189).

ഇത്തരം നബിവചനങ്ങളും പണ്ഡിത വചനങ്ങളും തന്നെ ധാരാളം മതി, ചെരുപ്പണിഞ്ഞു കൊണ്ട് നമസ്‌കരിക്കാമെന്നതിന്. അവയില്‍ പല വചനങ്ങളും ചെരുപ്പണിഞ്ഞ് പള്ളിയില്‍ വെച്ച് തന്നെ നമസ്‌കരിക്കുന്നതിനെപ്പറ്റിയാണ്. എന്നാല്‍, ഇന്നത്തെ പോലെ വിരിപ്പോ പായയോ കാര്‍പ്പറ്റോ ഒന്നുമില്ലാത്ത കാലത്ത് ഉണ്ടായിരുന്ന അനുവാദം ഇന്ന് അതേപടി സ്വീകരിക്കുന്നത് ഒട്ടും ഉചിതമല്ല എന്ന് നമുക്കറിയാം. അങ്ങനെ ചെരിപ്പിട്ട് പള്ളിയില്‍ കയറാമെന്നു സമര്‍ഥിക്കുകയുമല്ല ഇവിടെ. പ്രത്യുത, മയ്യിത്ത് നമസ്‌കാരം മുറ്റം, മൈതാനം പോലുള്ള സ്ഥലങ്ങളില്‍ വെച്ച് നിര്‍വഹിക്കുമ്പോള്‍ ആരെങ്കിലും ചെരുപ്പും ഷൂവും ഊരിയില്ലെങ്കില്‍ അത് ഒരു കുറ്റമായി കാണേണ്ടതില്ല എന്ന് വ്യക്തമാക്കുക മാത്രമാണ്. പള്ളി വളരെ ചെറുതും അസൗകര്യമുള്ളതുമായിരിക്കുക, മയ്യിത്തിരിക്കുന്ന സ്ഥലവും പള്ളിയും തമ്മില്‍ വലിയ അകലമുണ്ടായിരിക്കുക, നമസ്‌കരിക്കാന്‍ വേണ്ടി മാത്രം പ്രയാസപ്പെട്ട് അങ്ങോട്ട് വഹിച്ചു പോവേണ്ടി വരിക, പള്ളിയും ഖബ്‌റിസ്ഥാനും തമ്മില്‍ വലിയ അകലമുണ്ടായിരിക്കുക, ആളുകള്‍ക്ക് എത്തിപ്പെടാനും അണിനില്‍ക്കാനും പ്രയാസമുള്ള സാഹചര്യമുണ്ടാവുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ വൃത്തിയും വിശാലതയുമുള്ള മുറ്റത്തോ മൈതാനത്തോ നമസ്‌കരിക്കുന്നതിന് യാതൊരു അസാംഗത്യവുമില്ല. അവിടെ വെച്ച് ചെരുപ്പിട്ട് നമസ്‌കരിക്കുന്നതിനും വിരോധമില്ല. മാത്രമല്ല, ജനാസ നമസ്‌കരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അതായിരിക്കും ഏറെ സൗകര്യം. എങ്കില്‍ അതിനാണ് മുന്‍ഗണന നല്‍കേണ്ടതും. പള്ളിയില്‍ വെച്ചു തന്നെ ജനാസ നമസ്‌കരിക്കണമെന്ന് ശാഠ്യം പിടിക്കേണ്ടതില്ല. ഹനഫീ മദ്ഹബനുസരിച്ച്, ജുമുഅ- ജമാഅത്ത് നടക്കുന്ന പള്ളികളില്‍ വെച്ച് ജനാസ നമസ്‌കാരം കറാഹത്താണ് എന്നുമുണ്ട്. ജനാസ പള്ളിയില്‍ വെക്കുന്നത് താന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് ഇമാം മാലിക് പറഞ്ഞിട്ടുണ്ട്. പറഞ്ഞതിന്റെ  ചുരുക്കം ഇതാണ്:

1.    കൂടുതല്‍ ആളുകള്‍ ജനാസ നമസ്‌കരിക്കാനുണ്ടാവുകയും, ജനാസ നമസ്‌കാരം പള്ളിയില്‍ വെച്ചാകുന്നതിനേക്കാള്‍ സൗകര്യം മൈതാനത്തോ മുറ്റത്തോ വെച്ചാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ മൈതാനത്തിനും മുറ്റത്തിനുമാണ് പ്രാമുഖ്യം നല്‍കേണ്ടത്.

2.    അത്തരം സ്ഥലങ്ങളില്‍ വെച്ച് നമസ്‌കരിക്കുമ്പോള്‍ ചെരിപ്പോ ഷൂവോ അഴിച്ചു വെക്കണമെന്ന് ശഠിക്കേണ്ടതില്ല. അവ അണിഞ്ഞു കൊണ്ടുതന്നെ നമസ്‌കരിക്കാവുന്നതാണ്. അവയില്‍ വല്ല മാലിന്യവും പറ്റിയിട്ടുണ്ടോ എന്നേ ശ്രദ്ധിക്കേണ്ടതുള്ളൂ. അങ്ങനെ ശ്രദ്ധയില്‍പെട്ടാല്‍ തന്നെ അവ നിലത്ത് ഉരച്ചു കളയുന്നതോടെ അവ ശുദ്ധവുമായി.

ഇൽയാസ് മൗലവി
1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.

Recent Posts

Related Posts

error: Content is protected !!