ചോദ്യം- മയ്യിത്ത് നമസ്‌കാരത്തിന് സമയം നേരത്തെ നിശ്ചയിക്കുന്നുണ്ടെങ്കിലും പലപ്പോഴും പല കാരണങ്ങളാല്‍ വൈകിയാണ് നമസ്‌കാരം തുടങ്ങാറുള്ളത്. ഇത് അഭിലഷണീയമാണോ?
ഉത്തരം- പരേതന് വേണ്ടി ജീവിച്ചിരിക്കുന്നവര്‍ക്ക് ചെയ്യാവുന്ന ഏറ്റവും ഉത്തമമായ കാര്യമാണ് മയ്യിത്ത് നമസ്‌കാരം. പരമാവധി ആളുകള്‍ പങ്കെടുക്കുന്നത് മയ്യിത്തിന് അത്രയും പുണ്യമായി ഭവിക്കും. അതിനാല്‍ ഏറ്റവും അധികം ആളുകള്‍ പങ്കെടുക്കാനാവും വിധം സമയം മുന്‍കൂട്ടി കണ്ട് നിശ്ചയിച്ച് അറിയിപ്പ് നല്‍കുകയും ആ സമയത്ത് തന്നെ അത് നിര്‍വഹിക്കുകയും ചെയ്യുകയാണ് നല്ലത്. തിരക്ക് പിടിച്ച ഈ കാലത്ത് നിശ്ചിത സമയം ഉദ്ദേശിച്ച് നേരത്തെ എത്തിപ്പെടുന്നവര്‍ അതിനായി കാത്തിരിക്കുമ്പോള്‍ സമയം വൈകിപ്പിക്കുന്നത് നമസ്‌കാരത്തില്‍ പങ്കെടുക്കാതെ പിരിഞ്ഞ് പോകാനും, ഇനി അഥവാ നിന്നാല്‍ തന്നെ ഏകാഗ്രതയില്ലാതെ നമസ്‌കാരത്തില്‍ പങ്കെടുക്കാനും ഇടയാക്കുമെന്നതിനാല്‍ ആ രീതി പാടെ ഉപേക്ഷിക്കേണ്ടതാണ്. ഏതാനും വ്യക്തികള്‍ക്കായി നേരത്തെ അണിനിന്ന ആയിരങ്ങളെ അതേ നില്‍പ്പില്‍ നിര്‍ത്തുന്നതില്‍ പലരും അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കാണാറുണ്ട്. അത്തരക്കാരുടെ നമസ്‌കാരത്തില്‍ ഏകാഗ്രതയും ഭയഭക്തിയും എത്രത്തോളമായിരിക്കുമെന്ന് ഊഹിക്കാമല്ലോ. അതിനൊന്നും അവസരമുണ്ടാക്കാതിരിക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടത്.
പല കാരണങ്ങളാല്‍ പലര്‍ക്കും നിശ്ചിത സമയത്ത് എത്താന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അങ്ങനെ വൈകി എത്തുന്നവര്‍ക്ക് ഖബ്‌റിന്നടുത്ത് വെച്ചും നമസ്‌കരിക്കാം.
അബ്ദുല്ലാഹിബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ”തിരുമേനി (സ) സന്ദര്‍ശിക്കാറുണ്ടായിരുന്ന ഒരു രോഗി മരണപ്പെട്ടു. രാത്രി തന്നെ അദ്ദേഹത്തെ അവര്‍ മറവ് ചെയ്തു. നേരം വെളുത്തപ്പോള്‍ തിരുമേനിയെ വിവരമറിയിച്ചു. അന്നേരം അവിടുന്ന് ചോദിച്ചു. ‘നിങ്ങള്‍ക്ക് എന്നെ വിവരമറിയിക്കാന്‍ എന്തായിരുന്നു തടസ്സം?’ ‘രാത്രിയായിരുന്നു, നല്ല ഇരുട്ടുമുണ്ടായിരുന്നു, അങ്ങയെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി’-അവര്‍ മറുപടി പറഞ്ഞു. അന്നേരം തിരുമേനി പരേതന്റെ ഖബ്‌റിനരികെ ചെല്ലുകയും അദ്ദേഹത്തിന് വേണ്ടി നമസ്‌കരിക്കുകയും ചെയ്തു” (ബുഖാരി, മുസ്‌ലിം). തിരുമേനി ഇമാമായി നിന്നു കൊണ്ടായിരുന്നു നമസ്‌കരിച്ചത് എന്നും പിന്നില്‍ അണിനിന്ന കൂട്ടത്തില്‍ താനുമുണ്ടായിരുന്നു എന്നും ഇബ്‌നു അബ്ബാസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കാണാം (അഹ്കാമുല്‍ ജനാഇസ് 112).