ചോദ്യം- അടുത്ത ബന്ധുക്കളോ പരിചയക്കാരോ അല്ലാത്തവരുടെ മയ്യിത്ത് കാണാന്‍ വേണ്ടി പലരും തിക്കും തിരക്കും കൂട്ടുന്നത് പലയിടത്തും പതിവു കാഴ്ചയാണ്. പുരുഷന്മാരുടെ മയ്യിത്ത് കാണാന്‍ സ്ത്രീകളും നേരെ തിരിച്ചും ഇങ്ങനെ ക്യൂ നില്‍ക്കുന്നത് കാണാറുണ്ട്. അന്യ സ്ത്രീ-പുരുഷന്മാരുടെ മയ്യിത്ത് കാണല്‍ ഇസ്‌ലാമികമാണോ?
ഉത്തരം- ഇന്ന് പല പ്രദേശങ്ങളിലും കണ്ടുവരുന്ന പ്രവണതയാണ് മയ്യിത്ത് കാണാന്‍ വേണ്ടി ക്യൂ നില്‍ക്കുക എന്നത്. അന്യയായ സ്ത്രീയുടെ മയ്യിത്ത് കാണാന്‍ പുരുഷന്മാര്‍ തിരക്ക് കൂട്ടുന്നതും, അന്യപുരുഷന്റെ മയ്യിത്ത് കാണാന്‍ സ്ത്രീകള്‍ അണിയായി നില്‍ക്കുന്നതും തികച്ചും നിരുത്സാഹപ്പെടുത്തപ്പെടേണ്ട കാര്യമാണ്. ഇസ്‌ലാം നിര്‍ദേശിച്ച ജനാസ സംസ്‌കരണത്തില്‍ പെട്ട കാര്യമാണ് ഇവയെല്ലാം എന്നായിരിക്കാം പരേതന്റെ/പരേതയുടെ സാധാരണക്കാരായ ബന്ധുക്കള്‍ ഒരുപക്ഷേ വിചാരിക്കുന്നുണ്ടാവുക. തിക്കിലും തിരക്കിലും പ്രയാസപ്പെടുന്ന പലരും മരണവീടിന്റെയും ശോകമൂകമായ അന്തരീക്ഷത്തിന്റെയും ഗൗരവം പരിഗണിച്ച് തങ്ങളുടെ അമര്‍ഷവും നീരസവും ഉള്ളിലൊതുക്കി മിണ്ടാതിരിക്കുകയുമാവാം.
ജനാസ സംസ്‌കരണത്തില്‍ നാല് കാര്യങ്ങളാണ് സാമൂഹിക ബാധ്യതകള്‍. അതില്‍ ഭംഗം വരുന്ന പക്ഷം സര്‍വരും കുറ്റക്കാരാകും.
1. മയ്യിത്ത് കുളിപ്പിക്കല്‍
2. കഫന്‍ ചെയ്യല്‍
3. മയ്യിത്തിന് വേണ്ടി നമസ്‌കരിക്കല്‍
4. മയ്യിത്ത് മറവ് ചെയ്യല്‍
ധാരാളം ആളുകള്‍ മയ്യിത്ത് സന്ദര്‍ശിക്കുന്നത് മയ്യിത്തിനോ സന്ദര്‍ശിക്കുന്നവര്‍ക്കോ പുണ്യം ലഭിക്കുന്ന കര്‍മമാണെന്ന് കുറിക്കുന്ന യാതൊരു പ്രമാണവും ഇല്ല; ഇമാമുകളാരും അങ്ങനെ അഭിപ്രായപ്പെട്ടതായും അറിയില്ല.
മരിച്ചു കഴിഞ്ഞ ഉടനെ അടുത്തുള്ളവര്‍ ചെയ്ത് കൊടുക്കേണ്ട കാര്യങ്ങള്‍:
1. മയ്യിത്തിന്റെ കണ്‍പോളകള്‍ അടച്ച് കൊടുക്കുക
2. മയ്യിത്തിന്റെ സന്ധികള്‍ ചൂടാറും മുമ്പ് മടക്കുകയും നിവര്‍ത്തുകയും ചെയ്യുക.
3. താടി, തലയോട് ചേര്‍ത്ത് പിടിച്ച് ഒരു നാട കൊണ്ട് കെട്ടുക
4. മയ്യിത്തിനെ ഒരു തുണി കൊണ്ട് മൂടുകയും പള്ളമേല്‍ ചെറിയ കനമുള്ള എന്തെങ്കിലും എടുത്ത് വെക്കുകയും ചെയ്യുക.
5. മയ്യിത്തിന്റെ കാലിലെ തള്ളവിരലുകള്‍ അടുപ്പിച്ച് വെച്ച് കെട്ടിയിടുക.
6. മയ്യിത്ത് കിടത്തിയ ഭാഗത്തു നിന്ന് അശുദ്ധിയുള്ളവര്‍ മാറിനില്‍ക്കുക.
7. സമീപത്ത് ബഹളം വെക്കാതിരിക്കുക. മയ്യിത്തിന് വേണ്ടി പാപമോചനത്തിനും കാരുണ്യത്തിനും മൗനമായി പ്രാര്‍ഥിക്കുക.
8. മയ്യിത്ത് കുളിപ്പിക്കാനും കഫന്‍ ചെയ്യാനും എത്രയും പെട്ടെന്ന് ഏര്‍പ്പാട് ചെയ്യുക.
9. കുളിപ്പിക്കലും കഫന്‍ ചെയ്യലും കഴിയുന്ന മുറക്ക് , മയ്യിത്ത് നമസ്‌കാരത്തിനുള്ള തയാറെടുപ്പ് നടത്തുക.
10. നമസ്‌കരിച്ചു കഴിഞ്ഞാല്‍ അധികം താമസിപ്പിക്കാതെ മൃതദേഹം ഉടന്‍ മറവ് ചെയ്യുക.