ചോദ്യം- മയ്യിത്ത് കാണുക, മയ്യിത്തിന്റെ മുഖം കാണുക ഇതൊക്കെ പുണ്യമുള്ള കാര്യങ്ങളാണോ?
ഉത്തരം- ഇത്തരം വിഷയങ്ങളില്‍, ജീവിച്ചിരിക്കുന്നവരുടെ കാര്യത്തില്‍ പിന്തുടരുന്ന അതേ നിയമങ്ങള്‍ തന്നെയാണ് മരിച്ചു കഴിഞ്ഞാലും പാലിക്കേണ്ടത്. മയ്യിത്തിന്റെ മുഖം കാണുക എന്നത് ഇസ്‌ലാമില്‍ സുന്നത്തുള്ള കാര്യമല്ല. മയ്യിത്തിനോട് മറ്റുളളവര്‍ കാണിക്കേണ്ട വാജിബാത്തുകളില്‍ അത് പെടുകയുമില്ല. അറിയപ്പെട്ട ഒരു മദ്ഹബിലും അങ്ങനെ പറഞ്ഞതായും കാണുന്നില്ല. അത് മയ്യിത്ത് സംസ്‌കരണത്തിന്റെ ഭാഗവുമല്ല. എന്നാല്‍, ഭാര്യാസന്താനങ്ങള്‍, ബന്ധുമിത്രാദികള്‍, അനുയായികള്‍, ശിഷ്യന്മാര്‍ തുടങ്ങി പരേതനുമായി അടുത്ത ബന്ധം പുലര്‍ത്തിയവര്‍ക്ക് മയ്യിത്തിനെ അവസാനമായി ഒന്നു കാണുക എന്നത് ഉല്‍ക്കടമായ അഭിലാഷമായിരിക്കും. അതിനെ ഇസ്‌ലാം വിലക്കിയിട്ടുമില്ല. നബി(സ) വഫാത്തായപ്പോള്‍ അബൂബക്ര്‍ (റ) നബിയുടെ മയ്യിത്ത് കാണാനായി വരികയും തിരുമുഖത്ത് ചുംബനമര്‍പ്പിക്കുകയും ‘ജീവിച്ചിരുന്നപ്പോഴും മരണപ്പെട്ടപ്പോഴും അങ്ങ് എത്ര പ്രസന്നവദനന്‍’ എന്ന് പറയുകയും ചെയ്തതായി ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം.