Wednesday, May 22, 2024
Homeവിശ്വാസംഇവ തമ്മിൽ എങ്ങനെയാണ് സമന്വയിപ്പിക്കുക?

ഇവ തമ്മിൽ എങ്ങനെയാണ് സമന്വയിപ്പിക്കുക?

ചോദ്യം- “ധൃതി പൈശാചികമാണ്”. “വേഗം ചെയ്തുതീർക്കുന്ന പുണ്യമാണ് ഉത്തമം” എന്നിങ്ങനെയുള്ള രണ്ട് വാക്യങ്ങൾ നാം ഇടയ്ക്കിടെ കേൾക്കാറുണ്ടല്ലോ. പരസ്പര വിരുദ്ധമായ ഇവ രണ്ടും തിരുവചനങ്ങൾ തന്നെയാണോ? ഇവ തമ്മിൽ എങ്ങനെയാണ് സമന്വയിപ്പിക്കുക?

ഉത്തരം- താങ്കൾ ആദ്യം ഉദ്ധരിച്ച വചനം “അവധാനത ദൈവികമാണ്; ധൃതി പൈശാചികമാണ്” ( ബുഖാരിയടക്കം വളരെ പേർ ഉദ്ധരിച്ചതാണിത്) എന്ന തിരുവചനത്തിന്റെ അർധഭാഗമാണ്. മനുഷ്യ പ്രകൃതി അവധാനതയെ നല്ല സ്വഭാവവും ധൃതിയെ ചീത്ത സ്വഭാവവും ആയി പരിഗണിക്കുന്നു. പണ്ടുള്ളവരും ഇന്നുള്ളവരും സമ്മതിക്കുന്ന ഒരു യാഥാർഥ്യമാണിത്. “മെല്ലെത്തിന്നാൽ മുള്ളും തിന്നാം’, “അവധാനതയിൽ രക്ഷയുണ്ട്; ധൃതിയിൽ ദുഃഖമുണ്ട്’ തുടങ്ങിയ ചൊല്ലുകൾ പ്രസിദ്ധമാണല്ലോ. “എന്റെ കൂട്ടുകാരേ! തിരക്കുകൂട്ടുന്നതായാൽ നിങ്ങൾ ആക്ഷേപിതരാകും; തിരക്കുകൂട്ടാതിരിക്കുന്നതിലാണ് വിജയം കുടികൊള്ളുന്നത്’ എന്ന് മുറഖ്ഖിശ് പാടുകയുണ്ടായി. “അവധാനത കൈക്കൊള്ളുന്നവർ ഭാഗികമായെങ്കിലും ലക്ഷ്യം നേടും, ധൃതിവെക്കുന്നവർ അടിതെറ്റിയതുതന്നെ’ എന്നാണ് മറ്റൊരു കവിയുടെ ഭാഷ്യം. “ധൃതിമൂലം മനുഷ്യൻ ദുഃഖം മാത്രമേ നേടൂ’ എന്ന് അംറുബ്നുൽ ആസ്വ് പറയുകയുണ്ടായി.

ഇമാം ഇബ്നുൽ ഖയ്യിമിന്റെ വീക്ഷണത്തിൽ ധൃതി പൈശാചികമായതിന് കാരണമുണ്ട്. അത് മനുഷ്യനിൽ ലാഘവബുദ്ധിയും കരുതലില്ലായ്മയും അശ്രദ്ധയും സൃഷ്ടിക്കുന്നു. മനോദാർഢ്യം, ഗൗരവം, സഹനം തുടങ്ങിയ ഗുണങ്ങൾ നശിപ്പിക്കുന്നു. അസ്ഥാനത്ത് കാര്യങ്ങൾ ചെയ്യിക്കുന്നു. തൻമൂലം നാശം വരുത്തിവെക്കുകയും നൻമകളെ തടയുകയും ചെയ്യുന്നു. ആക്ഷേപാർഹമായ രണ്ടു സ്വഭാവങ്ങളുടെ -തീവ്രതയുടെയും സമയത്തിനു മുമ്പ് കാര്യങ്ങൾ ചെയ്തുതീർക്കാനുള്ള വ്യഗ്രതയുടെയും- സന്തതിയാണത്.

“ഒരു ദാസൻ ധൃതിവെക്കാത്ത കാലത്തോളം അവന്റെ പ്രാർഥനക്ക് ഉത്തരം നൽകപ്പെടും”( ബുഖാരി, മുസ്ലിം) എന്ന ഒരു തിരുവചനമുണ്ട്.

“വേഗം ചെയ്തുതീർക്കുന്ന പുണ്യമാണുത്തമം’ എന്ന രണ്ടാമത്തെ വാക്യത്തെക്കുറിച്ച് അജലൂനി തന്റെ “കശ്ഫുൽ ഖഫാഇ’ൽ പറയുന്നു: “അത് ഹദീസല്ല. പക്ഷേ, അതേ ആശയമുള്ള ഒരു വചനം അബ്ബാസിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അത് ഇപ്രകാരമാണ്: “വേഗം ചെയ്തുതീർത്തെങ്കിലല്ലാതെ നൻമ പൂർത്തിയാവില്ല. കാരണം, നൻമ വേഗം ചെയ്തു തീർത്താൽ അതു ചെയ്യുന്നവന് ആശ്വസിക്കാം.’ “കാത്തിരിപ്പ് മരണത്തെക്കാൾ കഠിനമാണ്’ എന്ന വാക്യം പ്രസിദ്ധമാണല്ലോ. പുണ്യം കേവലം നന്മ ചെയ്യുക എന്നതിനെക്കാൾ അർഥവ്യാപ്തിയുള്ള ഒന്നത്രേ. മനുഷ്യനെ അല്ലാഹുവിലേക്ക് അടുപ്പിക്കുകയും ജനങ്ങൾക്ക് പ്രയോജനം ലഭിക്കുകയും ചെയ്യുന്ന എല്ലാ സത്കർമങ്ങളും പുണ്യം എന്ന പദത്തിന്റെ വിവക്ഷയിൽ പെടുന്നു. നൻമയും പുണ്യവും സത്കർമങ്ങളും പ്രവർത്തിക്കുന്നതിൽ ധൃതികൂട്ടുന്നത് പ്രശംസാർഹമായ കാര്യമാണ്. ഖുർആനും തിരുചര്യയും അതിന് പ്രോത്സാഹനം നൽകിയിട്ടുണ്ട്. “നൻമ പ്രവർത്തിക്കുന്നതിൽ ധൃതിവെക്കുന്നവരാണവർ. അവരതിലേക്ക് കുതിച്ചുചെല്ലും.’ “…അവർ നൻമ പ്രവർത്തിക്കുന്നതിൽ ധൃതിവെക്കുകയും ചെയ്യുന്നു; അവർ സുകൃതവാൻമാരിൽ പെട്ടവരത്രേ’, “നന്മയിലേക്ക് ധൃതിവെച്ച് ചെല്ലുക, “ദൈവത്തിങ്കൽ നിന്നുള്ള പാപമോചനത്തിലേക്കും സ്വർഗത്തിലേക്കും ത്വരിതഗമനം ചെയ്യുക’ തുടങ്ങിയ ഖുർആൻ സൂക്തങ്ങൾ പുണ്യം ചെയ്യുവാൻ മുന്നേറുന്നവരെ പ്രശംസിക്കുകയാണ്.

അപ്പോൾ, “വേഗം ചെയ്തുതീർക്കുന്ന പുണ്യമാണുത്തമം’ എന്ന വാക്യത്തിന്റെ ആശയം സ്വീകാര്യമാണ്. അത് “ധൃതി പൈശാചികമാണ്’ എന്ന തിരുവചനവുമായി ഇടയുന്നില്ല. എല്ലാ വിധത്തിലും പരസ്പര ഭിന്നമാവുകയും ഒരു രൂപത്തിലും യോജിപ്പിക്കുവാൻ സാധ്യമാവാതെ വരുകയും ചെയ്യുന്നുണ്ടെങ്കിലേ, രണ്ടു വാക്യങ്ങളോ പ്രശ്നങ്ങളോ തമ്മിൽ വൈരുധ്യമുണ്ടെന്ന് തീർപ്പുകൽപിക്കാനാവൂ. അവയിൽ ഒന്നിന് സവിശേഷമായ ആശയം നൽകിക്കൊണ്ടോ പ്രത്യേക സാഹചര്യവുമായി ബന്ധപ്പെടുത്തിക്കൊണ്ടോ ഒരു വിശദീകരണത്തിന് സാധ്യത ഉണ്ടാകുമ്പോൾ വൈരുധ്യം ഉടലെടുക്കുന്നില്ല.

മൂന്ന് ഉപാധികളുടെ അടിസ്ഥാനത്തിൽ മാത്രമേ അവധാനത പ്രശംസനീയവും ധൃതി ആക്ഷേപാർഹവും ആകുന്നുള്ളൂ എന്ന് പണ്ഡിതൻമാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഒന്ന്: നിർദിഷ്ട കർമം അല്ലാഹുവിന് നേരിട്ടുള്ള അനുസരണവുമായി ബന്ധപ്പെട്ടതാവാതിരിക്കുക. അങ്ങനെയാവുമ്പോൾ നൻമയിലേക്ക് ധൃതിവെക്കുക എന്ന ദൈവികാജ്ഞയുടെ അടിസ്ഥാനത്തിൽ അത് വേഗം ചെയ്തുതീർക്കലാണുത്തമം. “പാരത്രിക വിജയത്തിന് വേണ്ടിയുള്ള കർമങ്ങളിലൊഴിച്ചെല്ലാറ്റിലും സാവകാശമാണുത്തമം” എന്ന് തിരുദൂതർ പറഞ്ഞതായി സഅ്ദുബ്നു അബീവഖ്ഖാസ് നിവേദനം ചെയ്യുന്നു.( അബൂ ദാവൂദ്, ബൈഹകി, ഹാകിം) പണ്ടൊരാൾ പ്രകൃതിയുടെ വിളിക്കുത്തരം നൽകാൻ വെളിക്ക് പോയിരുന്ന തന്റെ ഭൃത്യനോട്, ഭിക്ഷ ചോദിച്ചു വന്ന ഒരാൾക്ക് ദാനം നൽകാനാജ്ഞാപിച്ചു. ഭൃത്യൻ ചോദിച്ചു: “ഞാനീ വെളിമ്പറമ്പിൽ നിന്ന് പുറത്തുവരും വരെ അങ്ങയ്ക്കൊന്നു ക്ഷമിച്ചുകൂടേ?’ “ദാനം ചെയ്യാൻ ഞാൻ ഉദ്ദേശിച്ചു. അതു വേഗം ചെയ്യുന്നതാണ് നല്ലതെന്ന് തോന്നുന്നു. എന്റെ ഉദ്ദേശ്യം മാറുകയില്ലെന്നുറപ്പിക്കാൻ മാത്രം എന്റെ മനസ്സിനെ എനിക്ക് വിശ്വാസം പോരാ’ എന്നായിരുന്നു അയാളുടെ മറുപടി!

അലി(റ) ഒരു തിരുവചനം ഇപ്രകാരം ഉദ്ധരിക്കുന്നു: തിരുദൂതർ പറഞ്ഞു: “”അല്ലയോ അലീ! മൂന്നു കാര്യങ്ങൾ നിങ്ങൾ പിന്തിക്കരുത്. ഒന്ന്: നമസ്കാരം അതിന്റെ സമയമെത്തിയാൽ; രണ്ട്: ജനാസ ഖബ്റടക്കുവാൻ; മൂന്ന്: അനുയോജ്യനായ വരനുണ്ടെങ്കിൽ അടിമസ്ത്രീയെ വിവാഹം കഴിച്ചു കൊടുക്കാൻ.”

ഈ തിരുവചനത്തിന് ഒരു പശ്ചാത്തലമുണ്ട്. ഇബ്നു ദുറൈദും അസ്കരിയും അത് ഇപ്രകാരം ഉദ്ധരിക്കുന്നു: ഒരിക്കൽ മുആവിയ പറഞ്ഞു: “കാര്യങ്ങൾ സാവധാനം ചെയ്യുന്നതിന് തുല്യമായി ഒന്നുമില്ല.” അതു പറയുമ്പോൾ അദ്ദേഹത്തിനു സമീപം അഹ്നഫുബ്നു ഖൈസ് ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: “മൂന്നു കാര്യങ്ങളിലൊഴിച്ച്- മരണമെത്തും മുമ്പ് സത്കർമങ്ങൾ ചെയ്യുവാൻ തിരക്കുകൂട്ടുക; ജനാസയെ വളരെ വേഗം ഖബ്റടക്കുക; അനുയോജ്യനായ വരന് അടിമസ്ത്രീയെ വിവാഹം ചെയ്തു കൊടുക്കുവാൻ വൈകാതിരിക്കുക.’ അപ്പോൾ ഒരാൾ പറഞ്ഞു: “ഇതിന് നമുക്ക് അഹ്നഫിന്റെ ആവശ്യമൊന്നുമില്ല.’ അദ്ദേഹം ചോദിച്ചു: “എന്തുകൊണ്ട്?’ അയാൾ പറഞ്ഞു: “നമ്മുടെ പക്കൽ ദൈവദൂതന്റെ തിരുമൊഴി ഉള്ളതുകൊണ്ട്.’ തുടർന്നദ്ദേഹം തിരുനബിയുടെ മൊഴി ഉരുവിട്ടു.( ഫൈദുൽ ഖ്വദീർ ഭാ​ഗം 3, പേജ് 310).

ഫാതിമുൽ അസ്വമ്മിൽ നിന്ന് ഇമാം ഗസ്സാലി ഉദ്ധരിക്കുന്നു: “അഞ്ചു കാര്യങ്ങളിലൊഴിച്ച് ധൃതി പൈശാചികമാണ്. തിരുദൂതരുടെ ചര്യയാണത്. ആഹാരം ദാനം നൽകൽ, മയ്യിത്തിനെ സംസ്കരിക്കൽ, കന്യകയെ വിവാഹം കഴിപ്പിക്കൽ, കടം വീട്ടൽ, പാപത്തിന് പശ്ചാത്താപം ചെയ്യൽ.”
അബുൽ ഐനാഇനോട് ഒരാൾ പറഞ്ഞു: “ധൃതിവെക്കാതിരിക്കൂ! ധൃതി പൈശാചികമാണ്.’ അദ്ദേഹം പറഞ്ഞു: “അങ്ങനെ ആയിരുന്നെങ്കിൽ “നാഥാ! ഞാനിതാ നിന്നിലേക്ക് ധൃതിവെച്ച് വന്നിരിക്കുന്നു. നീ സംതൃപ്തനാകുവാൻ'( ത്വാഹാ 84) എന്ന് മൂസാ (അ) പറയുമായിരുന്നില്ല.”

രണ്ട്: ഒരു കാര്യത്തിൽ ഉറപ്പും സൂക്ഷ്മതയും സ്പഷ്ടതയും ഇല്ലാതിരിക്കുക. അങ്ങനെയുള്ള കാര്യങ്ങൾ ധൃതിവെച്ച് ചെയ്യുന്നത് ആക്ഷേപാർഹമാണ്. എന്നാൽ, കാര്യം സ്പഷ്ടമാവുകയും ഉറപ്പാവുകയും പ്രവൃത്തി തുടങ്ങും മുമ്പ് പഠനവും കൂടിയാലോചനയും പ്രാർഥനയും വഴി ആവശ്യമായ മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കുകയും ചെയ്താൽ പിന്നെ മടിച്ചു നിൽക്കുന്നതും താമസിപ്പിക്കുന്നതും ന്യായമല്ല. അങ്ങനെ ചെയ്താൽ അവധാനത എന്ന ശ്രേഷ്ഠ ഗുണം ഉദാസീനത, അലംഭാവം തുടങ്ങിയ ദുർഗുണങ്ങളായി മാറും. ഏതു കാര്യവും പരിധി വിട്ടാൽ തലകീഴാവും. “നീ വങ്കൻമാരെപ്പോലെ ധൃതികൂട്ടരുത്; ഭീരുവിനെപ്പോലെ അറച്ചു നിൽക്കയുമരുത്’ എന്ന പഴമൊഴി അതാണ് കുറിക്കുന്നത്. “നീയൊരഭിപ്രായം രൂപവൽക്കരിച്ചുകഴിഞ്ഞാൽ ദൃഢചിത്തനാവുക! സംശയിച്ചു നിന്നാൽ അത് നിന്റെ തീരുമാനത്തെ നിർവീര്യമാക്കും’ എന്ന കവിവാക്യത്തിലെ തത്ത്വവുമതുതന്നെ. ഖുർആൻ പറയുന്നു: “നീ അവരുമായി കാര്യങ്ങളിൽ കൂടിയാലോചന നടത്തുക! പിന്നെ തീരുമാനമെടുത്തുകഴിഞ്ഞാൽ അല്ലാഹുവിൽ ഭരമേൽപിക്കുക. നിശ്ചയമായും അല്ലാഹു ഭരമേൽപിക്കുന്നവരെ ഇഷ്ടപ്പെടുന്നു.”

മൂന്ന്: ഉദ്ദിഷ്ടകാര്യം പാഴായിപ്പോകുമെന്ന ഭീതി ഇല്ലാതിരിക്കുക. നിശ്ചിത സമയത്തിനകം ചെയ്തുതീർക്കേണ്ടുന്ന ഒരു കാര്യമുണ്ടെങ്കിൽ അതിൽ മെല്ലെപ്പോക്കു നയം സ്വീകരിക്കുന്നത് അഭികാമ്യമല്ല. അത് അനുഗുണമായ അവസരം നഷ്ടപ്പെടുത്തുകയും പിന്നീട് ഖേദത്തിന് ഇടവരുത്തുകയും ചെയ്യും. ആ സന്ദർഭത്തിൽ ഖേദം നിഷ്പ്രയോജനമായിരിക്കും. “നീ അവസരം ഉപയോഗപ്പെടുത്തുക. അവസരം യഥാവിധി ഉപയോഗപ്പെടുത്തുന്നില്ലെങ്കിൽ അത് കോപഹേതുവായി മാറും!’ എന്ന കവിവാക്യം ശ്രദ്ധേയമാണ്.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!