ചോദ്യം- ഇസ്‌ലാം പരിണാമസിദ്ധാന്തത്തെ അംഗീകരിക്കുന്നുണ്ടോ?
ഉത്തരം- ഖണ്ഡിതമായി തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങൾക്ക് വിരുദ്ധമായതൊന്നും ഇസ്‌ലാമിലില്ലെന്നത് തീർത്തും ശരിയാണ്. എന്നാൽ, ശാസ്ത്രനിഗമനങ്ങൾക്കോ ചരിത്രപരമായ അനുമാനങ്ങൾക്കോ ഇതു ബാധകമല്ല. പരിണാമവാദം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒന്നല്ല. ചരിത്രപരമായ ഒരനുമാനം മാത്രമാണ്.
പരിണാമം രണ്ടിനമാണെന്ന് ജീവശാസ്ത്രജ്ഞർ പറയുന്നു. സൂക്ഷ്മപരിണാമവും സ്ഥൂലപരിണാമവും. സ്പീഷ്യസിനകത്തു നടക്കുന്ന നിസ്സാര മാറ്റങ്ങളെപ്പറ്റിയാണ് സൂക്ഷ്മപരിണാമമെന്നു പറയാറുള്ളത്. മനുഷ്യരിൽ നീണ്ടവരും കുറിയവരും വെളുത്തവരും കറുത്തവരും ആണും പെണ്ണും പ്രതിഭാശാലികളും മന്ദബുദ്ധികളുമെല്ലാമുണ്ടല്ലോ. ഒരേ കുടുംബത്തിൽ ഒരേ മാതാപിതാക്കളുടെ മക്കളിൽപോലും ഈ വൈവിധ്യം ദൃശ്യമാണ്. ഇത്തരം മാറ്റങ്ങളെക്കുറിക്കുന്ന സൂക്ഷ്മപരിണാമത്തെ ഇസ്‌ലാം എതിർക്കുന്നില്ല. എന്നാൽ ഒരു ജീവി മറ്റൊന്നായി മാറുന്ന അഥവാ ഒരു സ്പീഷ്യസ് മറ്റൊന്നായി മാറുന്നുവെന്ന് അവകാശപ്പെടുന്ന സ്ഥൂലപരിണാമത്തെ സംബന്ധിച്ചാണ് വ്യത്യസ്തമായ വീക്ഷണമുള്ളത്. അതിലൊട്ടും അസാംഗത്യവുമില്ല. കാരണം സ്ഥൂലപരിണാമത്തിന് ശാസ്ത്രത്തിലോ ചരിത്രത്തിലോ ഒരു തെളിവുമില്ല. കേരളത്തിലെ പരിണാമവാദികളുടെ മുന്നണിപ്പോരാളിയായ ഡോ. കുഞ്ഞുണ്ണി വർമതന്നെ ഇക്കാര്യം തുറന്നുസമ്മതിച്ചിട്ടുണ്ട്. ”പരീക്ഷണാത്മകമായ തെളിവുകളില്ലെന്ന് പറഞ്ഞത് സ്ഥൂലപരിണാമത്തെക്കുറിച്ചു മാത്രമാണ്. അതേസമയം, പരീക്ഷണവാദത്തിലടങ്ങിയിട്ടുള്ള മിക്ക തത്ത്വങ്ങളെക്കുറിച്ചും സൂക്ഷ്മമായ പരിണാമമാറ്റങ്ങളെക്കുറിച്ചും പരീക്ഷണങ്ങൾ നടത്തി ആശിച്ച ഫലങ്ങൾ സമ്പാദിക്കുവാൻ ശാസ്ത്രജ്ഞന്മാർക്കു കഴിഞ്ഞിട്ടുണ്ട്”(ഉദ്ധരണം: സൃഷ്ടിവാദവും പരിണാമവാദികളും, പുറം 33).
പരിണാമവാദത്തിന്റെ ഉപജ്ഞാതാവായി വാഴ്ത്തപ്പെടുന്ന ചാൾസ് ഡാർവിൻ പോലും അതിനെ അനിഷേധ്യമായ ഒരു സിദ്ധാന്തമായി തറപ്പിച്ചു പറഞ്ഞിട്ടില്ല. അദ്ദേഹം എഴുതുന്നു: ”വിശേഷരൂപങ്ങളുടെ വ്യതിരിക്തതയും അവ അനേകം പരിവർത്തനകണ്ണികളാൽ ചേർക്കപ്പെട്ടിട്ടില്ല എന്നതും വളരെ വ്യക്തമായ പ്രശ്‌നമാണ്…”
Also read: എന്തുകൊണ്ട് സ്ത്രീപ്രവാചകന്മാരില്ല?
”എന്റെ സിദ്ധാന്തപ്രകാരം സിലൂറിയൻ ഘട്ടത്തിനു മുമ്പ് തീർച്ചയായും എവിടെയെങ്കിലും അടിഞ്ഞുകൂടിയിരിക്കാവുന്ന വിപുലമായ ഫോസിൽപാളികളുടെ അഭാവം ഉൾക്കൊള്ളുന്നതിലുള്ള പ്രയാസം വളരെ വലുതാണ്. ഇതു വിശദീകരിക്കാനാവാതെ തുടരും. ഞാനിവിടെ അവതരിപ്പിച്ച വീക്ഷണങ്ങളോടുള്ള, സാധുതയുള്ള എതിർവാദമായി ന്യായമായും ഇതുന്നയിക്കപ്പെട്ടേക്കാം.”(ഒറിജിൻ ഓഫ് സ്പീഷ്യസ്, പേജ് 314. ഉദ്ധരണം, ഡാർവിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 23).
”ഡാർവിൻ കൃതിയിലെ ഒമ്പതാം അധ്യായത്തിന്റെ തലക്കെട്ട് ‘ഭൂശാസ്ത്ര രേഖയുടെ അപൂർണതയെപ്പറ്റി’ എന്നാണ്. ഫോസിൽ ശൃംഖലയിലെ വിടവുകളെപ്പറ്റി ഡാർവിൻ നൽകുന്ന വിശദീകരണങ്ങളാണ് അതിന്റെ ഉള്ളടക്കം. അദ്ദേഹം എഴുതി: ‘വിശേഷരൂപങ്ങളുടെ വ്യതിരിക്തതയും അവ അനേകം പരിവർത്തനകണ്ണികളാൽ ചേർക്കപ്പെട്ടിട്ടില്ല എന്നതും വളരെ വ്യക്തമായ പ്രശ്‌നമാണ്” (ഒറിജിൻ ഓഫ് സ്പീഷ്യസ്, പേജ് 291. ഉദ്ധരണം, ഡാർവിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 30).
”ഒരേ ഗ്രൂപ്പിലെ വിവിധ സ്പീഷ്യസുകൾ പഴക്കമേറിയ പാലിയോ സോയിക് കൽപത്തിന്റെ ആദ്യഘട്ടമായ സിലൂറിയൻ പാളികളിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതായി അക്കാലത്തെ ഉത്ഖനനങ്ങൾ തെളിയിച്ചിരുന്നു. സിലൂറിയന് തൊട്ടുമുമ്പുള്ള ക്രസ്റ്റേഷ്യൻ പാളിയിൽ ഇവയുടെ മുൻഗാമികളെ കാണേണ്ടിയിരുന്നു. പക്ഷേ, ലഭ്യമായില്ല. ഇതു ഗുരുതരമായ പ്രശ്‌നമാണെന്ന് സമ്മതിച്ചുകൊണ്ട് ഡാർവിൻ എഴുതുന്നു: ‘ഈ വിസ്തൃതമായ പ്രാഗ്ഘട്ടങ്ങളുടെ രേഖകൾ എന്തുകൊണ്ടു കാണുന്നില്ലെന്ന ചോദ്യത്തിന് സംതൃപ്തമായ ഉത്തരം നൽകാൻ എനിക്കു കഴിയില്ല”(ഒറിജിൻ ഓഫ് സ്പീഷ്യസ്, പേജ്, 313. ഉദ്ധരണം, ഡാർവിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 30).
ചാൾസ് ഡാർവിനു ശേഷം പരിണാമവാദത്തിന് ഉപോദ്ബലകമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ചിക്കാഗോ സർവകലാശാലയിലെ ഭൂഗർഭ ശാസ്ത്രവകുപ്പിന്റെ ചെയർമാൻ ഡേവിഡ് എം. റൂപ്പ് എഴുതുന്നു: ”തന്റെ സിദ്ധാന്തവും ഫോസിൽ തെളിവുകളും തമ്മിലുള്ള പൊരുത്തക്കേടിന് സാമാന്യ പരിഹാരമായി ഫോസിൽ രേഖ വളരെ അപൂർവമാണെന്നാണ് ഡാർവിൻ പറഞ്ഞത്. ഡാർവിനുശേഷം നൂറ്റിരുപത് വർഷം കഴിഞ്ഞിരിക്കുന്നു. ഫോസിൽ രേഖയെപ്പറ്റിയുള്ള വിജ്ഞാനം വളരെയേറെ വികസിച്ചിട്ടുണ്ട്. നമുക്കിപ്പോൾ രണ്ടു ലക്ഷത്തി അമ്പതിനായിരം ഫോസിൽ സ്പീഷ്യസുകളുണ്ടെങ്കിലും സ്ഥിതി അത്രയൊന്നും മാറിയിട്ടില്ല. പരിണാമരേഖ ഇപ്പോഴും വിസ്മയിപ്പിക്കുംവിധം ഭംഗമുള്ളതാണ്. വിരോധാഭാസമെന്നോണം ഡാർവിന്റെ കാലത്തുണ്ടായിരുന്നതിനേക്കാൾ കുറഞ്ഞ പരിണാമ ഉദാഹരണങ്ങളേ നമുക്കുള്ളൂ” (Conflicts between Darwinism and Paloeantology Bullettin Field Museum of Natural History: 50 Jan 1979, P: 22 ഉദ്ധരണം Ibid പുറം 23).
Also read: ഭാര്യയുടെ മൊബൈൽ പരിശോധിക്കാൻ അനുവാദമുണ്ടോ?
ഡാർവിനിസത്തിൽ പരിണാമവാദികൾക്കുതന്നെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓക്‌സ്‌ഫോർഡ് സർവകലാശാല 1982-ൽ പുറത്തിറക്കിയ, പ്രമുഖ ജന്തുശാസ്ത്രജ്ഞനും പരിണാമവാദിയുമായ ഹൊവാഡിന്റെ ഡാർവിനെ സംബന്ധിച്ച ജീവചരിത്ര കൃതിയിലിങ്ങനെ കാണാം: ”ഡാർവിന്റെ മരണശതാബ്ദിയോടെ വിജ്ഞാനത്തിനുള്ള ഡാർവിന്റെ സംഭാവനയുടെ വിലയേയും നിലയേയും പറ്റി വ്യാപകമായ സംശയമനോഭാവവും അസ്വസ്ഥതയും ഉണ്ടായിവരുന്നു”(ഉദ്ധരണം: സൃഷ്ടിവാദവും പരിണാമവാദികളും, പുറം 54).
പ്രമുഖ ഫോസിൽ ശാസ്ത്രജ്ഞരായ സ്റ്റീഫൻ ഗൗൾഡും നീൽസ് എൽഡ്രൈഡ്ജും ഡാർവിനിസത്തിൽ വിശ്വാസം നഷ്ടപ്പെട്ടതിനാൽ പുതിയ സിദ്ധാന്തം ആവിഷ്‌കരിക്കുകയുണ്ടായി. വിശ്വവിഖ്യാതരായ പരിണാമവാദികൾക്കുപോലും തങ്ങൾ മുമ്പോട്ടുവച്ച സിദ്ധാന്തത്തിന്റെ ദൗർബല്യങ്ങളെക്കുറിച്ച് നന്നായറിയാം. സത്യസന്ധരായ ചിലരെങ്കിലും അത് തുറന്നുപറയാറുണ്ട്. പ്രശസ്ത പുരാജീവിശാസ്ത്രജ്ഞനും പരിണാമ വിശ്വാസിയുമായ ഡോ. കോളിൻ പാറ്റേഴ്‌സൺ എഴുതിയ കത്തിലിങ്ങനെ കാണാം: ”പക്ഷികളുടെയെല്ലാം മുൻഗാമിയായിരുന്നുവോ ആർക്കിയോപ്‌ടെറിക്‌സ്? ഒരുപക്ഷേ, ആയിരിക്കാം. ഒരുപക്ഷേ അല്ലായിരിക്കാം. ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്താൻ യാതൊരു മാർഗവുമില്ല. ഒരു രൂപത്തിൽനിന്നും മറ്റൊരു രൂപമുണ്ടായതെങ്ങനെയെന്നതിനെപ്പറ്റി കഥകൾ മെനയാൻ എളുപ്പമാണ്; പ്രകൃതിനിർധാരണം ഓരോ ഘട്ടത്തെയും എങ്ങനെയാണ് പിന്തുണച്ചതെന്നു പറയാനും. പക്ഷേ, അത്തരം കഥകൾ ശാസ്ത്രത്തിന്റെ ഭാഗമല്ല. കാരണം അവയെ പരീക്ഷണ വിധേയമാക്കാനാവില്ല” (1979 ഏപ്രിൽ 10-ലെ പാറ്റേഴ്‌സന്റെ കത്ത് Scopes II The Great Debate pp. 14-þ15. ഉദ്ധരണം: Ibid പുറം 68).
പ്രമുഖ സൃഷ്ടിവാദ എഴുത്തുകാരനായ സുന്റർലാന്റിന്റെ കത്തിനുള്ള മറുപടിക്കത്തായിരുന്നു കോളിൻ പാറ്റേഴ്‌സന്റേത്. അതിലദ്ദേഹം ഇത്രകൂടി കുറിച്ചിടുകയുണ്ടായി: ”പരിണാമപരമായ പരിവർത്തനങ്ങളുടെ നേരിട്ടുള്ള ഉദാഹരണങ്ങൾ എന്റെ പുസ്തകത്തിൽ ഇല്ലാത്തതിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളോട് ഞാൻ പൂർണമായി യോജിക്കുന്നു. ജീവിച്ചിരിക്കുന്നതോ ഫോസിൽ രൂപത്തിലുള്ളതോ ആയ അത്തരം ഏതെങ്കിലും ഒന്നിനെക്കുറിച്ച് എനിക്കറിയാമായിരുന്നെങ്കിൽ തീർച്ചയായും ഞാനത് ഉൾപ്പെടുത്തുമായിരുന്നു. അത്തരം പരിവർത്തനങ്ങൾ ഒരു ആർട്ടിസ്റ്റിനെക്കൊണ്ട് ഭാവനയിൽ വരപ്പിച്ചുകൂടേയെന്ന് താങ്കൾ നിർദേശിക്കുന്നു. പക്ഷേ, അതേപ്പറ്റിയുള്ള വിവരങ്ങൾ അയാൾക്ക് എവിടെനിന്ന് ലഭിക്കും? സത്യസന്ധമായി പറഞ്ഞാൽ എനിക്ക് നൽകാനാവില്ല.”(Ibid പുറം 68)
Also read: നിക്കാഹ് മാത്രം കഴിഞ്ഞവർക്കിടയിലെ അനന്തരാവകാശം?
ശാസ്ത്രത്തിന്റെ കണ്ടെത്തലുകളൊക്കെ ഡാർവിനിസത്തെ ശക്തിപ്പെടുത്തിയിട്ടേയുള്ളൂവെന്ന് അടുത്തകാലം വരെ ശക്തമായി വാദിച്ചിരുന്ന ഡോ. എ.എൻ. നമ്പൂതിരിപോലും മറിച്ചുപറയാൻ നിർബന്ധിതനാവുകയുണ്ടായി. അദ്ദേഹം എഴുതി: ”ശാസ്ത്രരംഗത്തെ പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാനും ഊർജസ്വലമായി നിലനിർത്താനും ഡാർവിനിസത്തിനു ഇതുവരെ കഴിഞ്ഞു. അടുത്തകാലത്താണ് ചിത്രം മാറിയത്. ഇപ്പോഴും ഡാർവിനിസത്തിന്റെ പ്രഭയ്ക്ക് പൊതുവെ മങ്ങലേറ്റിട്ടില്ല. എങ്കിലും ജീവന്റെ ചരിത്രത്തിലെ ചില ഘട്ടങ്ങളിലെങ്കിലും പരിണാമത്തിന്റെ പ്രവർത്തനരീതി ഡാർവിൻ സങ്കൽപത്തിന് അനുയോജ്യമല്ല എന്ന സൂചനകളുണ്ട്. ഡാർവിനിസം നേരിടുന്ന ആദ്യത്തെ പ്രതിസന്ധി.” (ഡാർവിനിസം വഴിത്തിരിവിൽ, കലാകൗമുദി 1076, പേജ് 19).
ശാസ്ത്രസത്യങ്ങളുടെ നേരെ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടികളുണ്ടായിരിക്കും. എന്നാൽ പരിണാമവാദത്തിനു നേരെ ധൈഷണിക തലത്തിൽനിന്ന് ഉയർത്തപ്പെട്ട ചോദ്യങ്ങൾക്കൊന്നും ഇതേവരെ മറുപടി ലഭിച്ചിട്ടില്ല. ഉദാഹരണത്തിന് ഒന്നുമാത്രമിവിടെ ഉദ്ധരിക്കാം.”ജീവികളിൽ നിരന്തരമായി വ്യതിയാനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അനുകൂല വ്യതിയാനങ്ങളെ പ്രകൃതിനിർധാരണം വഴി അതിജീവിപ്പിക്കുന്നതിനാൽ അവ പാരമ്പര്യമായി കൈമാറപ്പെടുന്നു. അനുകൂലഗുണങ്ങൾ സ്വരൂപിക്കപ്പെട്ട് പുതിയ ജീവിവർഗങ്ങളുണ്ടാവുന്നു” എന്നാണ് ഡാർവിനിസത്തിന്റെ വാദം. ഇതു ശരിയാണെങ്കിൽ ഏകദേശം മുന്നൂറുകോടി വർഷങ്ങൾക്കപ്പുറം ഉണ്ടായ (ഇന്നും നിലനിൽക്കുന്ന) ഏകകോശ ലളിതജീവികളായ അമീബകൾ എന്തുകൊണ്ടവശേഷിച്ചു? ഇന്നു കാണപ്പെടുന്ന അമീബകളുടെ മുൻതലമുറകളിൽ നിരന്തരമായി വ്യതിയാനങ്ങൾ ഉണ്ടായില്ലേ? ഇല്ലെങ്കിൽ എന്തുകൊണ്ട്? അവ മറ്റൊരു ജീവിവർഗമായി പരിണമിക്കാതെ പ്രതികൂല പരിതഃസ്ഥിതികളെ എങ്ങനെ അതിജീവിച്ചു? മുന്നൂറുകോടി വർഷങ്ങൾക്കപ്പുറം നിലനിന്ന ഏകകോശങ്ങളുടെ ഒരു ശ്രേണി അതേപടി തുടരുകയും മറ്റൊരു ശ്രേണി അസംഖ്യം പുതിയ സ്പീഷ്യസുകളിലൂടെ സസ്തനികളിലെത്തുകയും ചെയ്തതെന്തുകൊണ്ട്? ഇത്തരം ചോദ്യങ്ങൾ ഡാർവിനിസത്തിന്റെ സൈദ്ധാന്തിക ശേഷിയെ പരീക്ഷിക്കുന്നവയാണ്. ഈ വസ്തുത തന്നെ കുഴക്കുന്നതായി ഡാർവിൻ തന്നെ സമ്മതിച്ചിട്ടുണ്ട്. 1860 മെയ് 22-ന് ഡാർവിൻ അദ്ദേഹത്തിന്റെ പിന്തുണക്കാരനും ഹാർവാർഡ് സർവകലാശാലയിലെ സസ്യശാസ്ത്രജ്ഞനുമായിരുന്ന അസാഗ്രേക്ക് എഴുതി: ”കത്തുകളിൽനിന്നും അഭിപ്രായ പ്രകടനങ്ങളിൽനിന്നും മനസ്സിലാകുന്നതിനനുസരിച്ച് എന്റെ കൃതിയുടെ ഏറ്റവും വലിയ പോരായ്മ എല്ലാ ജൈവരൂപങ്ങളും പുരോഗമിക്കുന്നുവെങ്കിൽ പിന്നെ ലളിതമായ ജൈവരൂപങ്ങൾ എന്തിനു നിലനിൽക്കുന്നു എന്നു വിശദീകരിക്കാൻ കഴിയാതെ പോയതാണ്.”(ഫ്രാൻസിസ് ഡാർവിൻ എഡിറ്റു ചെയ്ത The life and letters of Charls Darwin എന്ന കൃതിയിൽനിന്ന്, എൻ. എം. ഹുസൈൻ, ഡാർവിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 18,19).
Also read: കൃത്രിമ ബീജസങ്കലനത്തിലൂടെ ഗര്‍ഭധാരണം?
പരിണാമവാദികൾ ആദ്യകാലത്ത് തങ്ങളുടെ വാദത്തിന് തെളിവായി എടുത്തുകാണിച്ചിരുന്ന നിയാണ്ടർതാൽ മനുഷ്യരുടെ ഫോസിലുകൾ കണരോഗം ബാധിച്ച സാധാരണ മനുഷ്യരുടെ അസ്ഥികൾ ചേർത്തുവെച്ചതാണെന്ന് പിന്നീട് തെളിയിക്കപ്പെടുകയുണ്ടായി. അതോടെ മൃഗഛായയുള്ള നിയാണ്ടർതാൽ മനുഷ്യന്റെ കഥയും കണ്ണിയും അറ്റുപോയി കഥാവശേഷമായി. പകരമൊന്നു വയ്ക്കാനിന്നോളം പരിണാമവാദികൾക്കു സാധിച്ചിട്ടില്ല. ഇപ്രകാരംതന്നെയാണ് ഹൽട്ട് മനുഷ്യന്റെ കഥയും. മനുഷ്യനും ആൾക്കുരങ്ങനുമിടയിലെ പ്രസിദ്ധമായൊരു കണ്ണിയായാണ് പരിണാമവാദികൾ ഹൽട്ട് മനുഷ്യനെ അവതരിപ്പിച്ചിരുന്നത്. എന്നാൽ ആൾക്കുരങ്ങിന്റെ താടിയെല്ല് മനുഷ്യന്റെ തലയോട്ടിൽ ഘടിപ്പിച്ച് കൃത്രിമമായി ഉണ്ടാക്കിയതാണ് ഈ അർധ മനുഷ്യ ഫോസിലെന്ന് പിന്നീട് തെളിയിക്കപ്പെടുകയുണ്ടായി. ഇതെല്ലാം പരിണാമവാദത്തെ കഥാവശേഷമാക്കുന്നതിൽ അതിപ്രധാനമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.
ചുരുക്കത്തിൽ, പരിണാമവാദത്തിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയോ പ്രമാണത്തിന്റെ പിൻബലമോ ഇല്ല. കേവലം വികല ഭാവനയും അനുമാനങ്ങളും നിഗമനങ്ങളും മാത്രമാണത്. അതിന്റെ വിശ്വാസ്യത അടിക്കടി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരമൊന്നിനെ ഇസ്‌ലാം അംഗീകരിക്കുന്നുണ്ടോ എന്ന പ്രശ്‌നം ഉദ്ഭവിക്കുന്നില്ല. പരിണാമ സങ്കല്പം ഒരു സിദ്ധാന്തമായി തെളിയിക്കപ്പെടുമ്പോഴേ അതിന്റെ നേരെയുള്ള ഇസ്‌ലാമിന്റെ സമീപനം വിശകലനം ചെയ്യുന്നതിലർഥമുള്ളൂ.