Homeവിശേഷദിനം- ആഘോഷംഇതരമതസ്ഥരുടെ ആഘോഷങ്ങളിലെ പങ്കാളിത്തം

ഇതരമതസ്ഥരുടെ ആഘോഷങ്ങളിലെ പങ്കാളിത്തം

മറ്റു മതസ്ഥരുടെ ആഘോഷത്തില്‍ പങ്ക് ചേരാമോ? ഇന്ത്യ പോലുള്ള രാജ്യത്ത് ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക് ഓണം, ക്രിസ്ത്മസ് പോലുള്ള മറ്റു മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കു ചേരാമോ? ഇതില്‍ പ്രവാചകന്റെയും, സ്വഹാബിമാരുടെയും, ഇമാമുമാരുടെയും നിലപാടെന്ത്? ഇപ്പോള്‍ ചില ആളുകള്‍ ഇതില്‍ പങ്കു ചേരുന്നത് ഹറാമാണെന്ന ഫത്‌വ നല്കിപ്പോരുന്നുണ്ട് ഈ ധാരണ നീക്കപ്പെടെണ്ടതല്ലേ? -ജുനൈദ്

ഇസ്‌ലാമിക ശരീഅത്തീ നിയമങ്ങള്‍ മുസലിംകള്‍ മാത്രം ജീവിക്കുന്ന ലോകത്തെ മുന്നില്‍കണ്ട് ആവിഷ്‌കരിക്കപ്പെട്ടതല്ല. മറിച്ച് മറ്റ് ഇതര ദര്‍ശനത്തിന്റെ വക്താക്കളും ഉള്‍ക്കൊള്ളുന്ന ബഹുസ്വര സമൂഹത്തെ പരിഗണിച്ച് തന്നെയാണ് ഇസ്‌ലാമിക നിയമങ്ങളെന്നത് അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട യാഥാര്‍ത്ഥ്യമാണ്.

വിശ്വാസികള്‍ക്ക് രണ്ട് പെരുന്നാളുകളാണുള്ളതെന്നും (ഈദുല്‍ ഫിത്വര്‍, അദ്ഹാ) അവ ആഘോഷിക്കേണ്ടത് എങ്ങനെയാണെന്നും വിശുദ്ധ ഖുര്‍ആനും (അല്‍ബഖറ 185) സുന്നത്തും വ്യക്തമാക്കിയ കാര്യമാണ്. എന്നാല്‍ മറ്റ് ഏതെങ്കിലും ദിവസം സന്തോഷിക്കരുതെന്നോ, ആഹ്ലാദം പ്രകടിപ്പിക്കരുതെന്നോ ഇത് കൊണ്ട് അര്‍ത്ഥമില്ല. ഇസ്‌ലാമിക വിജയങ്ങളുടെ സുദിനത്തിലും, വിവാഹം പോലുള്ള ജീവിതത്തിലെ നിര്‍ണായക വേളകളിലും സന്തോഷം പ്രകടിപ്പിക്കുവാന്‍ വിശ്വാസിക്ക് അവകാശവും അനുവാദവുമുണ്ട്.
 
എന്നാല്‍ ഇതില്‍ നിന്നും തീര്‍ത്തും ഭിന്നമായ വിഷയമാണ് മുസ്‌ലിമേതര മതവിഭാഗങ്ങളുടെ ആഘോഷങ്ങളിലുള്ള പങ്കാളിത്തവും, അവരുടെ ആചാരങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുകയെന്നത്. അവരുടെ മതപരമോ, സാമൂഹികമോ ആയ ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ക്ഷണം സ്വീകരിച്ച് പങ്കെടുക്കുന്നതില്‍ നിന്നും വിലക്കുന്ന പ്രമാണങ്ങളൊന്നുമില്ല എന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം. എന്ന് മാത്രമല്ല ഇസ്‌ലാമുദ്ദേശിക്കുന്ന ആശയക്കൈമാറ്റവും, സമൂഹത്തിന്റെ ഭദ്രതയും, പ്രബോധനാന്തരീക്ഷവും, ക്രിയാത്മകമായ സംവാദവും (അന്നഹല് 125) സൃഷ്ടിക്കുവാന്‍ അവ സഹായകമാണെങ്കില്‍ അവയില്‍ പങ്കെടുക്കുന്നത് ഗുണകരവുമാണ്.

ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുകയെന്നത് അവ ആഘോഷിക്കുവാനോ, ആചാരങ്ങളില്‍ പങ്കെടുക്കുവാനോ, അവരുടെ ആരാധനകള്‍ നിര്‍വഹിക്കാനോ ഉള്ള അനുവാദമല്ല. ഇസ്‌ലാമിന്റെ അടിത്തറയായ തൗഹീദിന് നിരക്കാത്ത ആചാരങ്ങളും ആരാധനകളും നിര്‍വഹിക്കാനോ, ബഹുദൈവവിശ്വാസത്തെ പ്രോത്സാഹിപ്പിച്ചവരുടെ കോലം കെട്ടുവാനോ ഒരു നിലക്കും അനുവാദമില്ല. മറ്റുള്ളവരുടെ ആരാധനയുടെ ഭാഗമായ നിലവിളക്ക് കത്തിക്കുക, ഭസ്മം തൊടുക തുടങ്ങിയ കാര്യങ്ങള്‍ ഈയര്‍ത്ഥത്തില്‍ നിഷിദ്ധമായ കാര്യങ്ങള്‍ തന്നെയാണ്. പ്രവാചകന്‍ തിരുമേനി വിലക്കിയിട്ടുള്ളതായി വന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയുന്നതും ഈ യാഥാര്‍ത്ഥ്യം തന്നെയാണ്. പ്രവാചകന്‍ മദീനയില്‍ വന്നപ്പോള്‍ ചിലര്‍ കളിയിലേര്‍പെടുന്നത് കണ്ട അദ്ദേഹം അതിന്റെ കാരണമന്വേഷിച്ചു. ഞങ്ങള്‍ ജാഹിലിയ്യത്തില്‍ ഈ ദിനങ്ങളില്‍ ആഘോഷിക്കാറുണ്ടായിരുന്നുവെന്നായിരുന്നു അവരുടെ മറുപടി. നിങ്ങള്‍ക്ക് ഇതിനേക്കാള്‍ ഉത്തമമായ രണ്ട് ദിനങ്ങള്‍ അല്ലാഹു പകരം വെച്ചിരിക്കുന്നുവെന്ന് പ്രവാചകന്‍ അവരോട് പറഞ്ഞു.’ (ഇമാം അഹ്മദ്) ഇവിടെ പ്രവാചകന്‍ വിലക്കുന്നത് മറ്റുള്ളവരുടെ ആചാരങ്ങളും പെരുന്നാളുകളും ആഘോഷിക്കുന്നതിനെയും, മറ്റ് സമൂഹങ്ങളെയും അവരുടെ ശീലങ്ങളെയും അനുകരിക്കുന്നതിനെയുമാണ്.

എന്നാല്‍ ഇവ നടക്കുന്നിടത്ത് ഹാജരാവരുതെന്നോ, നമ്മുടെ സന്ദേശം പങ്ക് വെക്കരുതെന്നോ ഇതുകൊണ്ടര്‍ത്ഥമാക്കുന്നില്ല. പ്രവാചകന്‍ തിരുമേനി(സ) തന്റെ പ്രബോധനത്തിന്റെ പ്രാരംഭത്തില്‍ കഅ്ബാലത്തിന്റെ തിരുമുറ്റത്തായിരുന്നു വന്ന് നിന്നിരുന്നത്. അവിടെയാവട്ടെ നഗ്നരായി ത്വവാഫ് ചെയ്യുന്നവരും, അശ്ലീലത പ്രവര്‍ത്തിക്കുന്നവരുമുണ്ടായിരുന്നു താനും. പക്ഷെ, തന്റെ സന്ദേശം പങ്ക് വെക്കാന്‍ യോജിച്ച വിദേശികള്‍ ഹജ്ജിന് വേണ്ടി സന്ദര്‍ശിക്കുന്ന സ്ഥലവും കഅ്ബാലയം തന്നെയായിരുന്നു. അപ്രകാരമാണ് ഒന്നാം അഖബ ഉടമ്പടിക്ക് തയ്യാറായ ഒരുപറ്റം ആളുകളെ പ്രവാചകന് ലഭിക്കുന്നത്.

പ്രവാചക കാലത്തെ ജൂത-ക്രൈസ്തവ സമൂഹങ്ങളുടെ ആരാധനകള്‍ തൗഹീദിന്ന് നിരക്കാത്തതായിരുന്നുവെന്നത് സംശയരഹിതമായ കാര്യമാണല്ലോ. എന്നിട്ട് പോലും വിശുദ്ധ ഖുര്‍ആന്‍ ജിഹാദിന്റെ യുക്തിയായി പറയുന്നത് മുസ്‌ലിം പള്ളികളോടൊപ്പം ജൂത-ക്രൈസ്തവ മടങ്ങളുടെയും സംരക്ഷണമാണ്.(അല്‍ ഹജ്ജ് 40) ക്രൈസ്തവര്‍ക്ക് തങ്ങളുടെ ആരാധനകള്‍ നിര്‍വഹിക്കാന്‍ പ്രവാചകന്‍ മദീനാ പള്ളി സൗകര്യപ്പെടുത്തിയത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

മറ്റുള്ളവരുടെ ആരാധ്യവസ്തുക്കളെ ആക്ഷേപിക്കാന്‍ നമുക്ക് അവകാശമില്ലാത്തത് പോലെ, അതിന് തടസ്സം നില്‍ക്കാനും നമുക്ക് അനുവാദമില്ല. മാത്രമല്ല, നിലവിലുള്ള സാഹചര്യത്തില്‍ മറ്റുള്ളവുരുടെ സദസ്സിലേക്കുള്ള ക്ഷണം സ്വീകരിക്കാത്ത നാം, അവരെ നമ്മുടെ സദസ്സിലേക്ക് ക്ഷണിക്കുന്നതില്‍ അര്‍ത്ഥവുമില്ലെന്നത് സുസമ്മത കാര്യവുമാണ്. അതിനാല്‍ പ്രബോധനപരമായ സാധ്യതയുള്ള തലങ്ങളില്‍ ബഹുദൈവ വിശ്വാസത്തിലേക്കും, അശ്ലീലതയിലേക്കും നയിക്കുന്ന, ഇസ്‌ലാം വിരുദ്ധമായ കാര്യങ്ങളിലേര്‍പെടാതെ ഇത്തരം കാര്യങ്ങളില്‍ സഹകരിക്കാവുന്നതാണ്.

Recent Posts

Related Posts

error: Content is protected !!