Tuesday, July 23, 2024
Homeവിശേഷദിനം- ആഘോഷംമുസ്‌ലിംകള്‍ക്ക് ക്രിസ്തുമസ് ആഘോഷിക്കാമോ?

മുസ്‌ലിംകള്‍ക്ക് ക്രിസ്തുമസ് ആഘോഷിക്കാമോ?

ചോദ്യം : ക്രിസ്തുമസ് കാലമാകുമ്പോള്‍ ക്രിസ്ത്യന്‍ സഹോദരങ്ങള്‍ അവരുടെ വീടുകളില്‍ നക്ഷത്രങ്ങളും ക്രിസ്തുമസ് ട്രീയും വെച്ച് അലങ്കരിക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യാറുണ്ട്. ടെലിവിഷന്‍ പരിപാടികളിലും വീടുകള്‍ അലങ്കരിക്കുന്നതിനെയും ക്രിസ്തുമസ ആഘോഷത്തെയും കുറിച്ച പരിപാടികളും കൂടുതലായി ഉണ്ടാവും. ചെറിയ കുട്ടികളെ ഇത് വല്ലാതെ ആകര്‍ഷിക്കാറുണ്ട്. തങ്ങളുടെ കുട്ടികളെ സന്തോഷിപ്പിക്കുന്നതിനായി നക്ഷത്രങ്ങള്‍ തൂക്കുകയും പ്രത്യേകം ലൈറ്റുകള്‍ സംവിധാനിക്കുകയും ചെയ്യുന്ന പല മുസ്‌ലിം കുടുംബങ്ങളുമുണ്ട്. പ്രവാചകന്‍ ഈസായുടെ ജന്മദിനമല്ലെ അത്, കുട്ടികളെ സന്തോഷിപ്പിക്കാന്‍ അത് ആഘോഷിക്കുന്നതിന് തെറ്റൊന്നുമില്ല എന്ന് അവര്‍ വ്യാഖ്യാനിക്കുകയും ചെയ്യും. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ കുട്ടികള്‍ ചോദിച്ചിരുന്നു, എന്തുകൊണ്ട് നമ്മള്‍ ക്രിസ്തുമസിന് നക്ഷത്രം തൂക്കുന്നില്ല? നമ്മള്‍ മുസ്‌ലിംകളായതു കൊണ്ട് ആഘോഷിക്കുന്നില്ല എന്നവര്‍ക്ക് വിവരിച്ചു കൊടുത്തു. നമ്മള്‍ പെരുന്നാളാണ് ആഘോഷിക്കുകയെന്ന് അവരോടു പറയുകയും ചെയ്തു. പെരുന്നാളിന് അവരെ സന്തോഷിപ്പിക്കാന്‍ റമദാനിലും പെരുന്നാളുകള്‍ക്കും വീടിനു ചുറ്റും നിറമുള്ള ലൈറ്റുകള്‍ വെക്കുകയും ചെയ്തിരുന്നു. അല്ലാഹുവിന് സ്തുതി, ഇപ്പോള്‍ കുട്ടികള്‍ ക്രിസ്തുമസല്ല കാത്തുനില്‍ക്കുന്നത്, അടുത്ത പെരുന്നാളാണ്. ഈ രണ്ട് വിഷയങ്ങളിലുള്ള ഇസ്‌ലാമിക കാഴ്ച്ചപാട് എന്താണ്? റമദാനിലും പെരുന്നാളിനും പ്രത്യേകം ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കുന്നത് ശരിയാണോ?

മറുപടി : സഹമുസ്‌ലിംകളുടെ പ്രവര്‍ത്തനത്തിലുള്ള ശ്രദ്ധയും ഇസ്‌ലാമിക ശരീഅത്ത് അനുസരിക്കാനുള്ള നിങ്ങളുടെ താല്‍പര്യവുമാണ് ചോദ്യത്തില്‍ നിന്ന് പ്രകടമാവുന്നത്. ഇസ്‌ലാമിക വിധിവിലക്കുകള്‍ അനുസരിച്ചു ജീവിക്കാന്‍ അല്ലാഹു നമ്മെയെല്ലാം അനുഗ്രഹിക്കുമാറാകട്ടെ. മറുപടിക്ക് മുമ്പായി ഒരു കാര്യം ഉണര്‍ത്തട്ടെ, ഇസ്‌ലാം ഒരു സമ്പൂര്‍ണ ജീവിതവ്യവസ്ഥയാണ്. മുസ്‌ലിംകള്‍ അത് പൂര്‍ണമായി ജീവിതത്തില്‍ പാലിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ നാം മറ്റുള്ളവരുമായ ഇടപഴകുന്നവരും പ്രവര്‍ത്തിക്കുന്നവരുമാണ്. സമൂഹത്തില്‍ നമ്മുടെ പങ്ക് നാം വിസ്മരിക്കരുത്. മറ്റുള്ളവര്‍ക്ക് നല്ല മാതൃകകളായിട്ടാണ് നാം മാറേണ്ടത്. വിശ്വാസത്തിന്റെയോ വര്‍ഗത്തിന്റെയോ പേരില്‍ യാതൊരു വിവേചനവും കാണിക്കാതെ എല്ലാവരോടും നന്മയില്‍ വര്‍ത്തിക്കാനാണ് ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നത്.

മുസ്‌ലിംകള്‍ അവരുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കല്‍ അനിവാര്യമാണ്.
norgerx.com

ഇസ്‌ലാമിക അസ്ഥിത്വം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി മുസ്‌ലിംകള്‍ ക്രിസ്തുമസോ മറ്റ് ഇതര മതസ്ഥരുടെ ആഘോഷങ്ങളോ ആഘോഷിക്കരുതെന്ന് മുസ്‌ലിം പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുണ്ട്. ഇസ്‌ലാമിനും ക്രിസ്തുമതത്തിനും ഇടയിലെ അടിസ്ഥാനപരമായ വ്യത്യാസത്തെ കുറിച്ചുള്ള ഒരാളുടെ ബോധം ക്രിസ്തുമസ് ആഘോഷിക്കുന്നതിലൂടെ സാവധാനം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മുസ്‌ലിംകള്‍ ഇക്കാര്യത്തില്‍ വളരെയധികം ശ്രദ്ധപുലര്‍ത്തണം. അതിന്റെ ഏറ്റവും വലിയ ദോഷഫലം ഉണ്ടാകുക നമ്മുടെ അടുത്ത തലമുറലിയായിരിക്കും. ഏകദൈവത്വത്തിലുള്ള അവരുടെ വിശ്വാസത്തെ സാവധാനം അത് കുറച്ചേക്കാം. യേശുവിനെ കുറിച്ച് അല്ലാഹുവിന്റെ ഒരു പ്രവാചകന്‍ എന്നതിനപ്പുറമുള്ള ഒരു വിശ്വാസം അവരുണ്ടാകാനും സാധ്യയുണ്ട്. ക്രിസ്തുമസ് നമ്മുടെ ആഘോഷമല്ലെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കുക തന്നെയാണ് വേണ്ടത്.

ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക(ISNA)യുടെ മുന്‍ പ്രസിഡന്റ് ഡോ. മുസമ്മില്‍ എച്ച് സിദ്ദീഖി ഈ ചോദ്യത്തിന് നല്‍കി മറുപടി ശ്രദ്ധിക്കുക:
പ്രവാചകന്‍(സ) പറഞ്ഞു: ‘എല്ലാവര്‍ക്കും അവരുടെ ആഘോഷമുണ്ട്…’ ചില ആഘോഷങ്ങള്‍ മതപ്രകൃതമുള്ളതാണ്, എന്നാല്‍ മറ്റുചില ആഘോഷങ്ങള്‍ സാമൂഹികവും സാംസ്‌കാരികവുമാണ്. വിശ്വാസങ്ങളെയും ആചാരങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ള ചില ആഘോഷങ്ങള്‍ ഇസ്‌ലാമികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ്. അത്തരത്തിലല്ലാത്ത ആഘോഷങ്ങളുമുണ്ട്. ക്രിസ്തുമസ് ഒരു മതആഘോഷത്തിലുപരിയായി ഒരു മതേതര ആഘോഷമാണെന്ന് ചില ആളുകള്‍ പറയാറുണ്ട്. അടിസ്ഥാനപരമായി ക്രിസ്തുമസ് ഒരു മതപരമായ ആഘോഷം തന്നെയാണ്. അതിന്റെ പേരും അതിലങ്ങോളമിങ്ങോളം കാണുന്ന പ്രതീകങ്ങളുമെല്ലാം അത് വിളിച്ചു പറയുന്നുണ്ട്.

ദൈവപുത്രന്റെ ജന്മദിനം ആഘോഷിക്കുന്നു എന്ന വിശ്വാസത്തോടെയാണ് ക്രിസ്ത്യാനികള്‍ ക്രിസ്തുമസിനെ കാണുന്നത്. മറ്റൊരു മതത്തിന്റെ ആഘോഷം എന്നത് മാത്രമല്ല ഇതിലെ പ്രശ്‌നം. ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്ക് പൂര്‍ണ വിരുദ്ധമായ ഒന്നു കൂടിയാണിത്. ‘ദൈവ പുത്രന്‍’ അല്ലെങ്കില്‍ ‘ദൈവത്തിന്റെ മനുഷ്യരൂപം’ എന്ന വിശ്വാസം സത്യനിഷേധമാണ് (കുഫ്ര്‍). ക്രിസ്തുമസ് ആഘോഷിക്കുന്നതിലൂടെ ഒരാള്‍ക്ക് അയാളുടെ വിശ്വാസത്തിലുള്ള അടിസ്ഥാന വ്യത്യാസത്തെ കുറിച്ചുള്ള ബോധം സാവധാനം ഇല്ലാതായേക്കാം. മുസ്‌ലിംകള്‍ ഇക്കാര്യത്തില്‍ വളരെയധികം ശ്രദ്ധപുലര്‍ത്തണം. ഇതിന്റെ ഏറ്റവും വലിയ അപകടം അടുത്ത തലമുറക്കായിരിക്കും. ഏകദൈവത്വത്തിലുള്ള വിശ്വാസം അവരില്‍ നിന്ന് സാവധാനം നഷ്ടപ്പെട്ട് യേശുവിന് പ്രവാചകന്‍ എന്നതില്‍ കവിഞ്ഞ സ്ഥാനം അവര്‍ കല്‍പ്പിച്ചു കൊടുത്തേക്കും. ക്രിസ്തുമസ് പ്രവാചകന്‍ ഈസാ നബിയുടെ ജന്മദിനമല്ലെ, അതാഘോഷിക്കുന്നത് തെറ്റൊന്നുമല്ലെന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതും അനിസ്‌ലാമികവുമാണ്. മുസ്‌ലിംകള്‍ എന്തിന് ഈസാ നബിയുടെ ജന്മദിനം ആഘോഷിക്കണം? ഖുര്‍ആന്‍ പരാമര്‍ശിച്ച് മറ്റ് 24 പ്രവാചകന്‍മാരുടെ ജന്മദിനം മുസ്‌ലിംകള്‍ എന്തുകൊണ്ട് ആഘോഷിക്കുന്നില്ല?

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം യേശുവല്ല, മുഹമ്മദ് നബി(സ)യാണ് അന്ത്യപ്രവാചകന്‍. ക്രിസ്ത്യന്‍ വിശ്വാസ പ്രകാരം യേശുവാണ് അവസാനത്തെ പ്രവാചകന്‍. അവരത് പറയുകയും ചെയ്യുന്നുണ്ട്, ‘പൂര്‍വകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്. എന്നാല്‍, ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. അവനെ അവിടുന്നു സകലത്തിന്റെയും അവകാശിയായി നിയമിക്കുകയും അവന്‍ മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു.’ (ഹെബ്രായര്‍ 1:1) അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വരവിനെ അവര്‍ ആഘോഷിക്കുന്നത്. എന്നാല്‍ വരാനിരിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി അല്ലാഹു നിയോഗിച്ച പ്രവാചകനാണ് മുഹമ്മദ് നബി(സ).

ആഘോഷങ്ങളും അവയുടെ വര്‍ണപൊലിമയും കുട്ടികളെ ആഴത്തില്‍ സ്വാധീനിക്കുമെന്നത് ഞാന്‍ അംഗീകരിക്കുന്നു. എന്തു കൊണ്ട് ആ സമയത്ത് അവര്‍ക്ക് ഇസ്‌ലാമികമായ ക്യാമ്പുകളോ പരിപാടികളോ സംഘടിപ്പിച്ചു കൂടാ? മുസ്‌ലിം കുടുംബങ്ങള്‍ ഒരിക്കലും ക്രിസ്തുമസ് ട്രീ സ്ഥാപിക്കുകയോ, വീടിനകത്തോ പുറത്തോ നക്ഷത്രങ്ങള്‍ തൂക്കുകയോ ചെയ്യരുത്. നമ്മള്‍ മുസ്‌ലിംകളാണെന്നും നമ്മുടെ ആഘോഷമല്ല ഇതെന്നും കുട്ടികളോട് നാം പറയണം. ക്രിസ്ത്യാനികളായ അയല്‍ക്കാരുടെയും കൂട്ടുകാരുടെയും ആഘോഷമാണിതെന്ന് അവരെ ബോധ്യപ്പെടുത്തണം.

ലൈറ്റുകള്‍ വെച്ച് അലങ്കരിച്ചും സമ്മാനങ്ങള്‍ കൈമാറിയും നിങ്ങള്‍ റമദാനും പെരുന്നാളും ആഘോഷിക്കുന്നുവെന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. തീര്‍ച്ചയായും വളരെ ശ്രദ്ധേയമായ ഒരു നിലപാടാണ്. റമദാനിലും പെരുന്നാളുകള്‍ക്കും നമ്മുടെ വീടുകളും മസ്ജിദുകളും അലങ്കരിക്കുന്നത് വളരെ നല്ലതാണ്. വിശുദ്ധ റമദാന്‍ മസമാകുമ്പോള്‍ സ്വര്‍ഗം വരെ പ്രത്യേകമായി അലങ്കരിക്കുമെന്ന് ഒരു ഹദീസില്‍ സൂചിപ്പിച്ചിട്ടുണ്ട്. റമദാനില്‍ നരക കവാടങ്ങള്‍ അടക്കുകയും സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്യും.

മുസ്‌ലിംകള്‍ അവരുടെ ആഘോഷങ്ങള്‍ക്ക് പ്രത്യേകം പ്രാധാന്യം കൊടുക്കല്‍ അനിവാര്യമാണ്. അതിലൂടെ നമ്മുടെ കുട്ടികള്‍ക്ക് ഇസ്‌ലാമിക ആഘോഷങ്ങളില്‍ പ്രത്യേകം താല്‍പര്യം ഉണ്ടാക്കാന്‍ സാധിക്കും. ദൗര്‍ഭാഗ്യവശാല്‍ ചില മുസ്‌ലിംകള്‍ റമദാനിനും പെരുന്നാളിനും വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല. പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് പോലും പലരും എത്താറില്ല. അതുകൊണ്ട് തന്നെ അവരുടെ കുട്ടികള്‍ക്ക് ഇസ്‌ലാമികാഘോഷങ്ങളെ കുറിച്ച് ഒരു ധാരണയുമില്ല. ആഘോഷങ്ങളൊന്നുമില്ലാത്ത ഒരു മതമായിട്ടാണ് അവര്‍ ഇസ്‌ലാമിനെ മനസിലാക്കുന്നത്.

എന്തുകൊണ്ട് മുസ്‌ലിംകള്‍ ക്രിസ്തുമസ് ആഘോഷിക്കരുതെന്ന് പ്രമുഖ പണ്ഡിതനായ ശൈഖ് അഹ്മദ് കുട്ടി പറയുന്നു : ക്രിസ്തുമസ് ക്രിസ്ത്യന്‍ മതത്തിനും മുമ്പേ ബഹുദൈവവിശ്വാസികള്‍ ആചരിച്ചുപോന്നിരുന്നതാണ്. അത് പിന്നീട് ക്രിസ്തുമതം ഏറ്റെടുക്കുകയായിരുന്നു. നാം മുസ്‌ലിംകള്‍ അങ്ങേയറ്റം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഈസ(അ) പ്രവാചകനോടുള്ള ആദരമായോ, സ്‌നേഹമായോ ഈ ആഘോഷത്തിനു യാതൊരു ബന്ധവുമില്ല. ഇന്ന് ജീസസ് അവതരിക്കുകയാണെങ്കില്‍ ക്രിസ്തുമസ് ആഘോഷിക്കുന്നവരോട് അദ്ദേഹം യോജിക്കുമോ ഇല്ലയോ എന്നത് ഗൗരവത്തില്‍ ആലോചിക്കേണ്ടുന്നതാണ്.

ജീസസിന്റെയോ ഇതര പ്രവാചകന്‍മാരുടെയോ അധ്യാപനങ്ങളെയാണ് നാം ആഘോഷിക്കുന്നതെങ്കില്‍ അത് നാം നിത്യം ചെയ്യേണ്ടതായിട്ടുണ്ട്. ദൈവത്തിന്റെ ഇച്ഛ നടപ്പിലാക്കുന്നതിനായി സ്‌നേഹവും, കാരുണ്യവും, അനുകമ്പയും അനുവര്‍ത്തിക്കുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.

വിവ : അഹ്മദ് നസീഫ്‌

Recent Posts

Related Posts

error: Content is protected !!