ചോദ്യം : ദീനിന്റെ കാര്യത്തില്‍ ലജ്ജകാണിക്കേണ്ടതില്ലെന്ന് ഒരുപാട് പ്രാവശ്യം ഞാനങ്ങയില്‍ നിന്ന് കേട്ടിട്ടുണ്ട്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ കാര്യങ്ങള്‍ക്കുപോലും ദീനിന്റെ താല്‍പര്യമെന്താണെന്ന് ആരായേണ്ടത് അനിവാര്യമാണ്. അത് കൊണ്ടാണ് അങ്ങയോട് ഇക്കാര്യം ചോദിക്കുന്നത് തന്നെ. ചോദ്യം ലൈംഗികതയുമായി ബന്ധപ്പെട്ടതാണ്. ഇതിന്റെ കാര്യത്തില്‍ ഞാനും ഭാര്യയും തമ്മില്‍ തുടര്‍ച്ചയായി തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. എന്റെ ആവശ്യവുമായി അവളെ സമീപിക്കുമ്പോഴെല്ലാം അവള്‍ നിരസിക്കുകയും ഒഴിഞ്ഞ് മാറുകയും ചെയ്യുന്നു. ചില സമയങ്ങളില്‍ അവളുടെ ശാരീരിക ക്ഷീണം നിമിത്തമാണ് അവള്‍ ഒഴിഞ്ഞ് മാറാറുള്ളത്. പക്ഷെ ഞാനത് പരിഗണിക്കാറില്ല. വൈകാരികമായ ഇങ്ങനെയുള്ള പ്രശ്‌നങ്ങളില്‍ ശര്‍ഇല്‍ വല്ല പരിധികളുമുണ്ടോ? ഇണകള്‍ക്ക് പരസ്പരം അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമുണ്ടോ? ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഇതില്‍ ചിലത് ഉപേക്ഷിക്കാന്‍ പറ്റുമോ? എന്നാല്‍ ഇതിന്റെ കാര്യത്തില്‍ പരസ്പരം അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അതിന്റെ വിധിയെന്താണ്? ഇതിനെക്കുറിച്ച് താങ്കളില്‍ നിന്ന് ചില ഉപദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.
മറുപടി : ദീനിന്റെ കാര്യത്തില്‍ ലജ്ജകാണിക്കേണ്ടതില്ലെന്നത് തീര്‍ച്ചയായും ശരിയാണ്. ആര്‍ത്തവത്തെക്കുറിച്ച് ചോദിച്ച അന്‍സാരി സ്ത്രീയെ ആയിശ(റ) പ്രശംസിക്കുകയുണ്ടായി. അവരില്‍ ചിലര്‍ ആര്‍ത്തവത്തെക്കുറിച്ചും പ്രസവ രക്തത്തെക്കുറിച്ചും പ്രവാചകനോട് ചോദിച്ചിരുന്നു. ഈ ചോദ്യങ്ങളെല്ലാം സദസില്‍ വെച്ച് നേരിട്ട് ചോദിക്കുന്ന ചോദ്യങ്ങളായിരുന്നു. ഇതിനെക്കുറിച്ചെല്ലാം ഒരു കത്തില്‍ വിശദീകരിക്കുന്നതിനേക്കാള്‍ പ്രയാസമുള്ളതായിരുന്നു സദസില്‍ വെച്ച് ചോദിക്കുന്നത്. എന്നാല്‍ ലൈംഗിക ബന്ധത്തെക്കുറിച്ചും ജനാബത്തിനെക്കുറിച്ചും കുളിയെക്കുറിച്ചുമെല്ലാം സ്ത്രീകളും വൃദ്ധരുമെല്ലാമുള്ള പൊതുസദസില്‍ വെച്ച് ചര്‍ച്ചചെയ്യുന്നതും പ്രയാസമുള്ള കാര്യമാണ്. ഹദീസിന്റെയും തഫ്‌സീറിന്റെയും ക്ലാസുകളില്‍ ഇതുമായി ബന്ധപ്പെട്ട സൂക്തമോ ഹദീസുകളോ പഠിപ്പിക്കുമ്പോഴും ഇത്തരം ചര്‍ച്ചകള്‍ കടന്ന് വരാറുണ്ട്. അപ്പോള്‍ ഹദീസ് പണ്ഡിതരോ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നവരോ ഇത് ചര്‍ച്ചചെയ്യുന്നത് പ്രശ്‌നമായിക്കാണാറില്ല. അല്ലാഹുവിന്റെ വിധികളും പ്രവാചകന്റെ സുന്നത്തും വിശദീകരിക്കുന്നുവെന്ന പ്രതീതി മാത്രമേ അത്തരം ചര്‍ച്ചകളില്‍ ഉണ്ടാകാറുള്ളു.
ഈ രൂപത്തിലുള്ള പഠനങ്ങളില്‍ ഭയപ്പെടേണ്ടതോ നിഷേധാത്മകമോ ആയ കാര്യങ്ങളില്ല. കാരണം വിജ്ഞാനത്തോടുള്ള ത്വരയും ഗാംഭീര്യമുള്ള അന്തരീക്ഷവുമായിരിക്കും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടാവുക. ഇത്തരം ചര്‍ച്ചകള്‍ ദീനിയായ വിഷയമായാണ് കൈകാര്യം ചെയ്യുക. അപ്പോള്‍ പള്ളിയുടെ മഹത്വവും അവിടെ പാലിക്കേണ്ട മര്യാദകളും പാലിച്ച് കൊണ്ടാണ് ചര്‍ച്ചകള്‍ നടക്കുക. പണ്ഡിതന്റെ ഗാംഭീര്യവും ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പഠനത്തെ ഗൗരവമുള്ളതാക്കി മാറ്റും. ഇവിടെ സൂക്ഷിക്കേണ്ട കാര്യം ലൈംഗികതയുമായി ബന്ധപ്പെട്ട നിഗൂഢതകള്‍ നീക്കി പഠിതാവിന് അതിശയോക്തി കലര്‍ത്താത്ത വിവരങ്ങള്‍ ലഭിക്കണം. എന്നാല്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കാതിരിക്കുകയുമരുത്. ഇതു തന്നെയാണ് ഇപ്പോഴത്തെ ലൈംഗിക വിദ്യാഭ്യാസ പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്. ചോദ്യകര്‍ത്താവ് ഉന്നയിച്ചിരിക്കുന്ന ചോദ്യം അല്ലാഹു സദുദ്ദേശ്യത്തോടെയുള്ളാതാക്കിത്തീര്‍ക്കട്ടെ.
ലൈംഗിക ബന്ധത്തിന് ദാമ്പത്യ ജീവിതത്തില്‍ ഗൗരവപരമായ സ്വാധീനമുണ്ട്. ലൈംഗികതയെ പാടെ അവഗണിക്കുന്നതും അനുചിതമായ സന്ദര്‍ഭങ്ങളില്‍ ലൈംഗികാവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുന്നതും ദാമ്പത്യം പ്രശ്‌നകലുശിതമാക്കും. പാകപ്പിഴകള്‍ കുന്നുകൂടുന്നതോടു കൂടി ദാമ്പത്യം തകര്‍ന്ന് തരിപ്പണമാകും. പ്രാധാന്യമുള്ള ഇത്തരം കാര്യങ്ങളെ ദീന്‍ അവഗണിച്ചു എന്നാണ് ചിലര്‍ കരുതുന്നത്. മറ്റു ചിലര്‍ കരുതുന്നത് ഇതര മതങ്ങളെപ്പോലെ ദീന്‍ ലൈംഗികതയെ മോശമായാണ് കാണുന്നതെന്നാണ്. ചില മതങ്ങളില്‍ ലൈംഗികത മൃഗീയതയിലേക്കുള്ള അധ:പതനമായണല്ലോ കാണുന്നത്. യഥാര്‍ഥത്തില്‍ ഇസ്‌ലാം മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ഈ വികാരത്തെയും കുടുംബജീവിതത്തെയും അവഗണിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട നിരോധങ്ങളും കല്‍പനകളുമെല്ലാം ഇസ്‌ലാമിലുണ്ട്. അവയില്‍ ചിലത് ധാര്‍മിക ഉപദേശങ്ങളാണെങ്കില്‍ ചിലത് വ്യവസ്ഥാപിതമായ നിയമങ്ങളാണ്.
മനുഷ്യന്റെ പ്രകൃതിപരമായ ലൈംഗികചോദനയെ ഇസ്‌ലാം അംഗീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തീവ്ര നിലപാടെടുക്കുന്നതിനെ ഇസ്‌ലാം മുളയിലേ നുള്ളുകയുണ്ടായി. ലൈംഗികതയെ മ്ലേച്ഛമായി കാണുന്നതിനെ ഇസ്‌ലാം വിലക്കി. അതു കൊണ്ടാണ് ലൈംഗികചോദനയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്ന വരിയുടക്കല്‍ പ്രക്രിയ പ്രവാചകന്‍ നിരോധിച്ചത്. പ്രവാചക അനുയായികളില്‍ ചിലര്‍ സ്ത്രീകളെ സമീപിക്കില്ലെന്നും വിവാഹം കഴിക്കില്ലെന്നും പറഞ്ഞപ്പോള്‍ പ്രവാചകന്‍ പറഞ്ഞു : ‘ഞാനാണ് നിങ്ങളേക്കാള്‍ കൂടുതലായി അല്ലാഹുവിനെ അറിയുന്നവനും ഭയപ്പെടുന്നവനും. ഞാന്‍ രാത്രി നമസ്‌കരിക്കുന്നു; ഉറങ്ങുന്നു, നോമ്പ് പിടിക്കുന്നു; മുറിക്കുന്നു, ആരെങ്കിലും നമ്മുടെ ചര്യയില്‍ നിന്ന് പുറത്ത് പോകുന്നുവെങ്കില്‍ അവന്‍ നമ്മില്‍ പെട്ടവനല്ല’. വിവാഹ ശേഷവും ഈ ചോദനകളെ ശമിപ്പിക്കുന്നതില്‍ ഇണകള്‍ക്ക് പരസ്പരം ബാധ്യതകളുണ്ട്. അല്ലാഹുവിലേക്ക് അടുക്കുന്ന ഒരു ഇബാദത്തെന്ന നിലയില്‍ ലൈംഗിതയെ ഇസ്‌ലാം പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്. സ്വഹീഹായ ഹദീസില്‍ പ്രവാചകന്‍ (സ)പറഞ്ഞു: നിങ്ങളുടെ ഓരോരുത്തരുടെയും ലൈംഗിക അവയവത്തിലും നിങ്ങള്‍ക്ക് പുണ്യമുണ്ട്. അപ്പോള്‍ അനുയായികള്‍ ചോദിച്ചു : അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ ഞങ്ങളുടെ വികാരങ്ങള്‍ ശമിപ്പിക്കുന്നതിലും ഞങ്ങള്‍ക്ക് പുണ്യമുണ്ടോ? അവിടന്ന് പ്രതിവദിച്ചു: അയാള്‍ ആ ചെയ്യുന്നത് അവിഹിത ബന്ധമാണെങ്കില്‍ അയാള്‍ക്ക് ശിക്ഷ ലഭിക്കില്ലെ? അപ്പോള്‍ അത് നിയമപരമായി ചെയ്യുന്നുവെങ്കില്‍ അയാള്‍ക്കതില്‍ പ്രതിഫലവും ലഭിക്കും. (മുസലിം)
ഭര്‍ത്താവിന്റെ പ്രകൃതമനുസരിച്ച് ഭര്‍ത്താവിനെ ആവശ്യക്കാരനായി ഇസ്‌ലാം പരിഗണിക്കുന്നു. ആവശ്യം നിറവേറ്റുന്നതിനായി പുരുഷന്‍ സമീപിച്ചവളാണ് സ്ത്രീ. സ്ത്രീക്കാണ് പുരുഷനേക്കാള്‍ കൂടുതല്‍ വികാരമുള്ളതെന്നാണ് ചിലര്‍പ്രചരിപ്പിക്കുന്നത്. അത് ശരിയല്ലെന്നാണ് ഇസ്‌ലാം പറയുന്നത്. യതാര്‍ത്ഥത്തില്‍ പുരുഷനാണ് സ്ത്രീയേക്കാള്‍ കൂടുതല്‍ വികാരമുള്ളത്. അവനാണ് അവളില്ലാതെ ക്ഷമിക്കാന്‍ പ്രയാസമുള്ളത്. ഈ നിരീക്ഷണത്തിന് താഴെപറയുന്ന ചിലകാരണങ്ങളുണ്ട് :
എ. ഭര്‍ത്താവ് ലൈംഗികാവശ്യത്തിന് ക്ഷണിച്ചാല്‍ ഭാര്യ അതിന് വഴങ്ങണമെന്നാണ് ഇസ്‌ലാം പറയുന്നത്. ഭാര്യ അതിന് വിമുഖത കാണിക്കരുതെന്നാണ് ഇസ്‌ലാമിന്റെ പക്ഷം. പ്രവാചകന്‍ പറഞ്ഞു : ‘തന്റെ ആവശ്യപൂര്‍ത്തീകരണത്തിനായി ഭര്‍ത്താവ് ക്ഷണിച്ചാല്‍ ഭാര്യ അടുക്കളയിലാണെങ്കിലും അവന് വഴങ്ങിക്കൊള്ളട്ടെ.’
ബി. കാരണമില്ലാതെ ഭര്‍ത്താവിന്റെ ആവശ്യം നിരസിക്കുന്നതിനെ ഇസ്‌ലാം താക്കീത് ചെയ്തിരിക്കുന്നു. തന്റെ ആവശ്യം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ദേഷ്യത്തോടെ ഭര്‍ത്താവ് രാത്രി കഴിച്ച് കൂട്ടുന്ന അവസ്ഥയുണ്ടാകരുതെന്ന് ഇസ്‌ലാം കല്‍പിച്ചിട്ടുണ്ട്. പ്രവാചകന്‍(സ) പറഞ്ഞു: ‘ഒരാള്‍ തന്റെ ഭാര്യയെ വിരിപ്പിലേക്ക് ക്ഷണിക്കുകയും അവള്‍ അതിന് വഴങ്ങാതിരിക്കുകയും, പുരുഷന്‍ അവളോട് കോപമുള്ളവനായി രാത്രി കഴിച്ചുകൂട്ടുകയും ചെയ്താല്‍ നേരം വെളുക്കുന്നത് വരെ അവളെ മലക്കുകള്‍ ശപിച്ച് കൊണ്ടിരിക്കും’. രോഗമോ കഠിനാധ്വാനമോ മറ്റു ശര്‍ഇയ്യായ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അവള്‍ക്ക് ഒഴിവ് കഴിവുണ്ട്. ഭര്‍ത്താവ് അത് പരിഗണിക്കുകയും വേണം. അല്ലാഹുവാണ് അവന്റെ അടിമകളെ സൃഷ്ടിച്ചിരിക്കുന്നത്, അവര്‍ക്ക് ഭക്ഷണം നല്‍കുന്നവനും അവരെ സനമാര്‍ഗത്തിലാക്കുന്നവനും നേര്‍വഴിക്ക് നയിക്കുന്നവനും അവനാണ്. സുന്നത്ത് നോമ്പിന്റെ പ്രതിഫലത്തേക്കാള്‍ ഇസ്‌ലാം ഭര്‍ത്താവിന്റെ അവകാശത്തിന് മുന്‍ഗണന നല്‍കിയിരിക്കുന്നു. പ്രവാചകന്‍(സ)യില്‍ നിന്ന് ഉദ്ധരിച്ച ഹദീസ്: ‘ഭര്‍ത്താവ് കൂടെയുണ്ടായിരിക്കേ ഭാര്യ അവന്റെ അനുമതിയില്ലാതെ നോമ്പെടുക്കരുത്’ (മുതഫഖുന്‍ അലൈഹി). ഇവിടെ നോമ്പ് സുന്നത്ത് നോമ്പാണെന്ന് മറ്റൊരു ഹദീസില്‍ വന്നിട്ടുണ്ട്.
ഇസ്‌ലാം പുരുഷന്റെ വികാരത്തെ പരിഗണിക്കുമ്പോഴും സ്ത്രീയെന്ന നിലയില്‍ പ്രകൃതിപരമായ അവളുടെ അവകാശത്തെമാനിക്കുകയും അവളുടെ കൂടി സംതൃപ്തിയെ മുഖവിലക്കെടുക്കുകയും ചെയ്തിട്ടുണ്ട്. അത് കൊണ്ടാണ് രാത്രി നമസ്‌കരിക്കുകയും പകല്‍ നോമ്പ് പിടിക്കുകയും ചെയ്യുന്ന അബ്ദുല്ലാഹിബ്‌നു ഉമറിനെപ്പോലുള്ളവരോട് പ്രവാചകന്‍ പറഞ്ഞത് ‘നിന്റെ ശരീരത്തോടും കുടുംബത്തോടും(ഭാര്യയോട്) നിനക്ക് ചിലബാധ്യതകളുണ്ട്’. ഇമാം ഗസ്സാലി(റ) പറയുന്നു: നാല് രാത്രികളിലൊരിക്കലെങ്കിലും നിങ്ങള്‍ ഭാര്യമാരോട് ഇണ ചേരണം, അതാണ് ഏറ്റവും നീതി പൂര്‍ണ്ണമായത്. അതില്‍ കൂടുകയോ കുറയുകയോ ചെയ്യാം.പക്ഷെ ഭാര്യയുടെ ലൈംഗിക വിശുദ്ധി അവന്റെ കടമയാണ്. ഭാര്യമാര്‍ നാലില്‍ കൂടുതലുണ്ടാകുമ്പോഴാണിത് (ഭാര്യമാരുടെ എണ്ണത്തില്‍ അനുവദനീയമായതില്‍ പരമാവധിയാണ് നാല്).
ലൈംഗിക ബന്ധം ആരംഭിക്കുന്നതിനു മുമ്പ് ചില ആമുഖങ്ങള്‍ നല്‍കണമെന്നും മൃഗങ്ങളെപ്പോലെ ചാടി വീഴരുതെന്നും ഹദീസില്‍ കാണാം. ഇസ്‌ലാമില്‍ ഇമാമുമാരും കര്‍മശാസ്ത്ര വിശാരദന്മാരും നമ്മുടെ ചില ഭര്‍ത്താക്കന്മാരെപ്പോലെ ഇതിനെ തെറ്റായികണ്ടിട്ടില്ല. അറിവിലും ഭയഭക്തിയിലും സൂക്ഷമതയിലും ഉന്നത പദവി അലങ്കരിച്ച ഇമാം ഗസ്സാലി(റ) തന്റെ ഇഹ്‌യാ ഉലൂമുദ്ധീനില്‍ ലൈംഗികബന്ധത്തിലേര്‍പെടുന്നതിന്റെ മര്യദകളെക്കുറിച്ച് പറയുന്നിടത്ത് എഴുതുന്നു: ഇണചേരല്‍ തുടങ്ങേണ്ടത് ബിസ്മി ചൊല്ലിയായിരിക്കണം. എന്നിട്ട് അല്ലാഹുമ്മ ജന്നിബ്‌ന മിനശൈഥ്വനി വജന്നിബി ശൈഥ്വാന ഫീമാ റസക്തനാ (അല്ലാഹുവേ ഞങ്ങളെയും, ഞങ്ങള്‍ക്ക് നല്‍കുന്ന സന്താനങ്ങളെയും പിശാചില്‍ നിന്ന് രക്ഷിക്കണേ) എന്ന ദിക്‌റ് ചൊല്ലണം. തന്റെയും ഇണയുടെയും ശരീരങ്ങളെ ഒരു വസ്ത്രത്തില്‍ പൊതിയണം. കളിവാക്കുകള്‍ പറഞ്ഞ് ചുംബനങ്ങള്‍ നല്‍കിയും ഇണചേരലിന്റെ പ്രാരംഭങ്ങള്‍ നടത്തണം. നബി(സ) പറയുന്നു: മൃഗങ്ങള്‍ ഇണകള്‍ക്കു മീതെ ചാടിവീഴുന്ന പോലെ നിങ്ങളാരും തങ്ങളുടെ ഭാര്യമാരെ കടന്നാക്രമിക്കരുത്. നിങ്ങള്‍ക്കിടയില്‍ സന്ദേശവാഹകര്‍ ഉണ്ടായിരിക്കണം. അനുചരര്‍ ചോദിച്ചു: ആരാണ് നബിയെ സന്ദേശവാഹകര്‍? അവിടുന്ന് പറഞ്ഞു: കളിവാക്കുകളും ചുംബനങ്ങളുമാണവ. മറ്റൊരിടത്ത് പ്രവാചകന്‍ പുരുഷന്റെ ബലഹീനതയുടെ മൂന്ന് ലക്ഷണങ്ങള്‍ പറഞ്ഞു. അവരിലൊരാള്‍ തന്റെ ഭാര്യയെ പ്രാപിക്കുന്നു. സ്‌നേഹപ്രകടനമോ തലോടലോ നടത്തി തന്റെ ഇണയെ അയാള്‍ തൃപ്തിപ്പെടുത്തുന്നില്ല. അവള്‍ തന്റെ തൃപ്തിയും ലൈംഗിക സുഖവും കണ്ടെത്തുന്നതിന് മുമ്പ് അവന്‍ തന്റെ ലൈംഗിക ദാഹം തീര്‍ത്ത് വിടവാങ്ങുന്നു. ഇമാം ഗസ്സാലി തുടര്‍ന്ന് പറയുന്നു: ഇനി പുരുഷന് തന്റെ ആവശ്യം നിര്‍വ്വഹിച്ചാലും പതിയെ ഉണരുന്ന തന്റെ ഇണയെ തൃപ്തിപ്പെടുത്താന്‍ അവന്‍ കാത്തിരിക്കുകയോ സമയം കാണുകയോ വേണം. അല്ലാത്ത പക്ഷം അവളെ പീഡിപ്പിക്കലാണ്. രണ്ട് പേരും പരസ്പരം കാത്തിരുന്നും ആശയ വിനിമയം നടത്തിയും തൃപ്തിപ്പെടുത്തിയും ഒന്നിച്ച് രതിമൂര്‍ച്ചയിലെത്തലാണ് ഏറ്റവും ആനന്ദവും ആസ്വാദ്യവുമായത്. അത് സംഭവിക്കല്‍ വളരെ അപൂര്‍വ്വമാണെങ്കിലും.
സലഫി ഇമാമായ ഇബ്‌നുല്‍ഖയ്യിം അല്‍ജൗസി അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമായ സാദുല്‍ മആദില്‍ ലൈംഗികതയെക്കുറിച്ച് എഴുതിയിട്ടണ്ട്. പ്രവാചകന്‍(സ) ലൈംഗിക ബന്ധത്തിലേര്‍പെടുന്നതിനെ സംബന്ധിച്ചും നമുക്ക് വഴികാണിച്ച് തന്നിട്ടുണ്ട്. അതിനെക്കുറിച്ച് പരാമര്‍ശിക്കുന്നത് മതത്തില്‍ പ്രശ്‌നമായോ, ധാര്‍മികഗുണങ്ങള്‍ക്ക് അത് കുറവായോ സാമൂഹികതക്ക് അതിലൂടെ കോട്ടം തട്ടുന്നതായോ അദ്ദേഹം കാണുന്നില്ല. ചിലയാളുകള്‍് ഇതെല്ലാം ഒരു പ്രശ്‌നമായാണ് കാണുന്നത് : ലൈംഗികതയെക്കുറിച്ച് പൂര്‍ണമായ രീതിയില്‍ മാര്‍ഗദര്‍ശനം ഉണ്ടായിട്ടുണ്ട്. അത് ആരോഗ്യം സംരക്ഷിക്കും, അതിലൂടെ മാനസികോല്ലാസം ലഭിക്കും. ഇണ ചേരല്‍ മൂന്ന് കാര്യത്തിനാണ്. ഒന്ന്: മനുഷ്യവംശം നിലനിര്‍ത്താന്‍. രണ്ട്: ശരീരത്തില്‍ കെട്ടിനില്‍ക്കുന്ന ഇത്തരം സ്രാവങ്ങളെ ഒഴിവാക്കാനും ശരീരം ശുദ്ധിയാക്കലും. മൂന്ന്: ലൈംഗിക ദാഹം തീര്‍ക്കാനും ആനന്ദിക്കാനും ഈ അനുഗ്രഹം ആസ്വദിക്കാനും. അതിന്റെ ഉപകാരങ്ങള്‍ നിരവധിയാണ്. കണ്ണിനെയും ശരീരത്തെയും ഹൃദയത്തെയും ദുര്‍വിചാരങ്ങളില്‍ നിന്നും ഹറാമുകളില്‍ നിന്നും സംരക്ഷിക്കുക. അത് കൊണ്ട് സ്ത്രീകള്‍ക്ക് നിരവധി ഉപകാരങ്ങളുണ്ട്. ഇഹത്തലും പരത്തലും അവര്‍ക്കതിന്റെ ഗുണങ്ങള്‍ ലഭിക്കും. അത് കൊണ്ടായിരിക്കാം പ്രവാചകന്‍ (സ) പറഞ്ഞത് : ഇഹലോകത്തില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് സ്ത്രീയും സുഗന്ധ ദ്രവ്യവുമാകുന്നു. ഇമാം അഹ്മദിന്റെ ഗ്രന്ഥമായ കിതാബു സുഹ്ദില്‍ ചില ഫലിതങ്ങള്‍ അധികരിച്ച് വന്നിട്ടുണ്ട്. അന്നപാനീയങ്ങളില്ലാതായാല്‍ എനിക്ക് ക്ഷമിക്കാന്‍ കഴിയും, എന്നാല്‍ സ്ത്രീകളില്ലാതെ എനിക്ക് സാധ്യമല്ല.
പ്രവാചകന്‍(സ) തന്റെ സമുദായത്തെ വിവാഹം ചെയ്യാന്‍ പ്രേരിപ്പിച്ചു, അവിടന്ന് പറഞ്ഞു: വിവാഹം കഴിക്കൂ ഞാന്‍ നിങ്ങളുടെ ആധിക്യം കൊണ്ട് ഏറ്റവും കൂടുതല്‍ അനുയായികളാല്‍ പെരുമ നടിക്കട്ടെ. മറ്റൊരിടത്ത് പ്രവാചകന്‍ പറഞ്ഞു: അല്ലയോ യുവാക്കളെ, നിങ്ങളില്‍ കഴിവുള്ളവന്‍ വിവാഹം കഴിക്കട്ടെ, തീര്‍ച്ചയായും അത് ദൃഷ്ടികളെ താഴ്ത്തുന്നതും ഗുഹ്യാവയവങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതുമാണ്. ജാബിര്‍ (റ) കന്യകയല്ലാത്ത സ്ത്രീയെ വിവാഹം ചെയ്തതറിഞ്ഞപ്പോള്‍ പ്രവാചകന്‍(സ) അദ്ദേഹത്തോട് ചോദിച്ചു: ‘നിങ്ങള്‍ പരസ്പരം കളിതമാശകളിലേര്‍പെടാന്‍ കഴിയും വിധം നിനക്കൊരു കന്യകയെ വിവാഹം കഴിക്കാമായിരുന്നില്ലേ’ അബൂദാവൂദ് ഉദ്ധരിച്ച ഹദീസില്‍ കാണാം. പ്രവാചകന്‍(സ) ആയിശ(റ) ചുംബിക്കുകയും നാവ് ഇറുഞ്ചുകയും ചെയ്യുമായിരുന്നു. തുടര്‍ന്ന് ജാബിര്‍ ബിന്‍ അബ്ദുല്ല പറയുന്നു. കേളികളില്ലാതെ ഇണ ചേരുന്നത് പ്രവാചകന്‍(സ) നിരോധിച്ചിരിക്കുന്നു. നമ്മുടെ മുന്‍കാമികളായ പണ്ഡിതന്മാര്‍ ഇതുപോളുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതില്‍ ഒട്ടും പിന്തിരിപ്പന്മാരായിരുന്നില്ലെന്നാണ് ഈ ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ഇസ്‌ലാം ലൈംഗിക കാര്യങ്ങളെ ക്രമീകരിക്കുന്നതില്‍ വലിയ പരിഗണന നല്‍കിയിരുന്നുവെന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. വിശുദ്ധ ഖുര്‍ആന്‍ രണ്ടിടങ്ങളില്‍ അതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഒന്നമതായി, അതുമായി ബന്ധപ്പെട്ട് വിശുദ്ധഖുര്‍ആന്‍ സൂറതുല്‍ ബഖറയില്‍ പറയുന്നു: ‘വ്രതകാലത്തെ രാവുകളില്‍ നിങ്ങള്‍ ഭാര്യമാരെ പ്രാപിക്കുന്നത് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്ക് വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും വസ്ത്രമാകുന്നു. നിങ്ങള്‍ രഹസ്യമായി സ്വയം വഞ്ചിക്കുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അവന്‍ നിങ്ങളുടെ കുറ്റം പൊറുക്കുകയും ക്ഷമിക്കുകയും ചെയ്തിരിക്കുന്നു. ഇനി ഭാര്യമാരോടൊപ്പം രാപ്പാര്‍ത്ത് അല്ലാഹു നിങ്ങള്‍ക്കനുവദിച്ചിട്ടുള്ള സുഖം തേടിക്കൊള്ളുക. അപ്രകാരംതന്നെ, രാവിന്റെ കരിവരകളില്‍നിന്ന് പ്രഭാതത്തിന്റെ വെള്ളവരകള്‍ തെളിഞ്ഞുകാണുന്നതുവരെ നിങ്ങള്‍ക്ക് തിന്നുകയും കുടിക്കുകയും ചെയ്യാം. പിന്നെ അതെല്ലാം വര്‍ജിച്ച് രാവുവരെ വ്രതം പാലിക്കുക. നിങ്ങള്‍ പള്ളികളില്‍ ഭജനമിരിക്കുമ്പോള്‍ ഭാര്യാസംസര്‍ഗമരുത്. ഇവ അല്ലാഹു നിശ്ചയിച്ച പരിധികളാകുന്നു (അല്‍ബഖറ:187). അവര്‍ നിങ്ങളുടെ വസ്ത്രമാണെന്ന് പറഞ്ഞ സ്ഥലത്ത് സ്ത്രീ പുരുഷ ബന്ധത്തെ എത്ര മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. വസ്ത്രം എന്നതില്‍ ഒരുപാട് ആശയങ്ങളുണ്ട് അത് സംരക്ഷണം, മറവ്, പ്രധിരോധം, സൗന്ദര്യം എന്നിങ്ങനെ ഒരുപാട് ആശയങ്ങള്‍ ഇതില്‍ മറഞ്ഞ് കിടക്കുന്നു. വേറൊരിടത്ത് മെന്‍സസിനെക്കുറിച്ച് പരാമര്‍ശിച്ചേടത്ത് ഖുര്‍ആന്‍ പറയുന്നു: ‘ആര്‍ത്തവത്തിന്റെ വിധിയെന്തെന്നും നിന്നോടവര്‍ ചോദിക്കുന്നു. പറയുക: അത് ഒരു അശുദ്ധാവസ്ഥയാകുന്നു. ആ അവസ്ഥയില്‍നിന്ന് ശുദ്ധിയാകുന്നതുവരെ നിങ്ങള്‍ സ്ത്രീകളെ സമീപിക്കാതെ അകന്നുകഴിയുക. അവര്‍ ശുദ്ധിയായിക്കഴിഞ്ഞാല്‍ അല്ലാഹു കല്‍പിച്ചപടി നിങ്ങള്‍ സമീപിച്ചുകൊള്ളുക. തിന്മയില്‍നിന്ന് പിന്മാറുകയും വിശുദ്ധിനേടുകയും ചെയ്യുന്ന ജനത്തെയല്ലോ അല്ലാഹു സ്‌നേഹിക്കുന്നത്. നിങ്ങളുടെ സ്ത്രീകള്‍ നിങ്ങള്‍ക്കുള്ള കൃഷിയിടങ്ങളാകുന്നു. നിങ്ങളുടെ കൃഷിയിടങ്ങളില്‍ ഇഷ്ടമനുസരിച്ച് ചെല്ലുവാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, നിങ്ങള്‍ സ്വന്തം ഭാവി ചിന്തിക്കണം; അല്ലാഹുവിന്റെ അപ്രീതിയില്‍നിന്നു രക്ഷപ്പെടുവിന്‍. ഒരു നാള്‍ അവനെ കണ്ടുമുട്ടുമെന്ന് ഉറപ്പായറിയുവിന്‍. പ്രവാചകാ, നിന്റെ മാര്‍ഗദര്‍ശനം സ്വീകരിച്ചവരെ (വിജയത്തിന്റെയും മോക്ഷത്തിന്റെയും) സുവിശേഷമറിയിക്കുക (അല്‍ബഖറ: 223). ആര്‍ത്തവ കാലത്തെ സമീപനത്തെക്കുറിച്ചുള്ള പ്രവാചക വിശദീകരണങ്ങളില്‍ കാണാം, ആ സമയത്ത് ലൈംഗിക സംസര്‍ഗം മാത്രമാണ് നിശിദ്ധം. ചുംബനവും ആശ്ലേഷണവും തുടങ്ങി ലൈംഗികാസ്വാദനത്തിന്റെ മറ്റു മാര്‍ഗങ്ങള്‍ അനുവദനീയമാണ്.