Wednesday, October 9, 2024
Homeഇബാദത്ത്ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണോ ഫത്‌വ?

ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണോ ഫത്‌വ?

ചോദ്യം : വളരെ ലാഘവത്തോടെ ഹലാല്‍, ഹറാം ഫത്‌വകള്‍ നല്‍കാന്‍ ചില സാധാരണക്കാര്‍ വരെ മുതിരാറുണ്ട്. ഇത്തരത്തില്‍ ഫത്‌വ നല്‍കുന്നതിന്റെ വിധി എന്താണ്?
മറുപടി : ഹലാലുകളും ഹറാമുകളും നിശ്ചയിക്കാനുള്ള അധികാരം ഇസ്‌ലാം സൃഷ്ടികള്‍ക്ക് വകവെച്ചു നല്‍കിയിട്ടില്ല. ജനങ്ങളില്‍ എത്ര ഉയര്‍ന്നവനാണെങ്കിലും അവന് ആ അവകാശമില്ല. സ്രഷ്ടാവിന്റെ മാത്രം അവകാശമായിട്ടാണ് ഇസ്‌ലാം അതിനെ കാണുന്നത്. അല്ലാഹുവിന്റെ അടിമകള്‍ക്ക് മേല്‍ ഒരു കാര്യം നിഷിദ്ധമാക്കാനോ അനുവദനീയമാക്കാനോ പുരോഹിതന്‍മാര്‍ക്കോ രാജാക്കന്മാര്‍ക്കോ അവകാശമില്ല. അങ്ങനെ ചെയ്യുന്നത് അല്ലാഹുവിന്റെ അധികാരത്തില്‍ കൈകടത്തലാണ്. അതിനുള്ള അവകാശം ആര്‍ക്കെങ്കിലും വകവെച്ചു നല്‍കുന്നത് നിയമനിര്‍മാണത്തിനുള്ള അല്ലാഹുവിന്റെ അവകാശത്തില്‍ കൈകടത്തലാണ്. അല്ലാഹു പറയുന്നു : ‘ഈ ജനത്തിന്, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതനിയമമായി നിശ്ചയിച്ചുകൊടുത്ത വല്ല പങ്കാളികളുമുണ്ടോ? വിധി ത്തീര്‍പ്പിനെ സംബന്ധിച്ച കല്‍പന നേരത്തെ വന്നിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ പെട്ടെന്നു തന്നെ വിധിത്തീര്‍പ്പുണ്ടാകുമായിരുന്നു.’ (അശ്ശൂറാ : 21)

ഹലാല്‍ ഹറാമുകള്‍ തീരുമാനിക്കാനുള്ള അധികാരം പുരോഹിതന്‍മാര്‍ക്ക് നല്‍കിയ ക്രിസ്ത്യാനികളെയും ജൂതന്‍മാരെയും വിശുദ്ധ ഖുര്‍ആന്‍ ആക്ഷേപിക്കുന്നുണ്ട്. ‘അവര്‍ തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിനു പുറമെ ദൈവങ്ങളാക്കി സ്വീകരിച്ചു. മര്‍യമിന്റെ മകന്‍ മസീഹിനെയും. എന്നാല്‍ ഇവരൊക്കെ ഒരേയൊരു ദൈവത്തിന് വഴിപ്പെടാനല്ലാതെ കല്‍പിക്കപ്പെട്ടിരുന്നില്ല.’ (അത്തൗബ : 31) ഈ ആയത്ത് ഇറങ്ങിയപ്പോള്‍ മുമ്പ് ക്രിസ്ത്യാനിയായിരുന്ന അദ്‌യ് ബിന്‍ ഹാത്വിം പ്രവാചകന്റെ അടുക്കല്‍ ചെന്ന് പറഞ്ഞു : അല്ലാഹുവിന്റെ ദൂതരെ, അവര്‍ പുരോഹിതന്‍മാര്‍ക്ക് ഇബാദത്ത് ചെയ്യുന്നില്ലല്ലോ! അപ്പോള്‍ നബി(സ) പറഞ്ഞു : എന്നാല്‍ അവരുടെ മേല്‍ ഹലാല്‍ ഹറാമുകള്‍ നിശ്ചയിക്കുന്നത് അവരാണ്. അവരതിനെ പിന്തുടരുകയും ചെയ്യുന്നു. അത് തന്നെയാണ് അവര്‍ക്കുള്ള ഇബാദത്ത്.

ഹലാല്‍ ഹറാമുകളില്‍ സ്വയം തീരുമാനമെടുത്ത ബഹുദൈവ വിശ്വാസികളെ കുറിച്ചും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ‘ചിലതിനെ നിങ്ങള്‍ ഹലാല്‍ എന്നും ചിലതിനെ ഹറാം എന്നും നിശ്ചയിച്ചു. അവരോടു ചോദിക്കുക: ഇതിന്ന് അല്ലാഹു നിങ്ങള്‍ക്ക് അനുവാദം തന്നിരുന്നുവോ, അതോ നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കളളം പറഞ്ഞതോ?’ (യൂനുസ് : 59)
മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നു : ‘ഇന്നത് അനുവദനീയം, ഇന്നത് നിഷിദ്ധം എന്നിങ്ങനെ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുന്നതിനുവേണ്ടി നിങ്ങളുടെ നാവുകള്‍ വിധിക്കുന്നത് പറയാതിരിക്കുവിന്‍.’ (അന്നഹ്ല്‍ : 116)

ഒരു കാര്യം നിഷിദ്ധമാക്കാനും അനുവദനീയമാക്കാനും അല്ലാഹുവിന് മാത്രമേ അധികാരമുള്ളൂ എന്ന് പണ്ഡിതന്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്. ‘നിഷിദ്ധമായിട്ടുള്ള വസ്തുക്കളേതൊക്കെയാണെന്നു നിങ്ങളോടു വിശദീകരിച്ചു കഴിഞ്ഞിട്ടുള്ളതാണല്ലോ.’ (അല്‍-അന്‍ആം : 119) അല്ലാഹു വിശുദ്ധ ഗ്രന്ഥത്തിലൂടെയും അവന്റെ ദൂതന്റെ വാക്കുകളിലൂടെയും ഇതെല്ലാം വിശദീകരിച്ചിട്ടുണ്ട്. അവ മറികടക്കാന്‍ ആര്‍ക്കും അനുവാദമില്ല. ജനങ്ങള്‍ക്ക് ഏതൊക്കെ കാര്യങ്ങള്‍ അനുവദനീയമാണ് ഏതൊക്ക അനുവദനീയമല്ല എന്നു നിശ്ചയിക്കലല്ല പണ്ഡിതന്‍മാരുടെ ദൗത്യം. ദീനില്‍ ആഴത്തിലുള്ള അറിവും വിജ്ഞാനവും ഉണ്ടായിട്ടു പോലും ഫത്‌വ നല്‍കാന്‍ മടിച്ചവരായിരുന്നു പൂര്‍വകാല പണ്ഡിതന്‍മാര്‍. ഹലാല്‍ ഹറാമുകളുടെ കാര്യത്തില്‍ വല്ല വീഴ്ച്ചയും തങ്ങളുടെ ഭാഗത്ത് നിന്നും വന്നു പോകുമോ എന്ന ഭയമായിരുന്നു അതിന് കാരണം.

അബൂഹനീഫയുടെ ശിഷ്യനായ ഖാദി അബൂയൂസുഫിന്റെ വാക്കുകള്‍ ഇമാം ശാഫിഈ തന്റെ ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നത് കാണുക : ‘അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ വിശദീകരണത്തിന്റെ ആവശ്യമില്ലാതെ വളരെ വ്യക്തമായി പറയാത്ത കാര്യങ്ങളെ കുറിച്ച് ഇന്നത് നിഷിദ്ധം ഇന്നത് അനുവദനീയം എന്ന് ഫത്‌വ നല്‍കാന്‍ അറച്ചു നില്‍ക്കുന്നവരായിട്ടാണ് എന്റെ ഗുരുനാഥന്‍മാരെ ഞാന്‍ കണ്ടത്.’
പ്രമുഖ താബീഈയായ ഇബ്‌നു ഗുഥൈം പറയുന്നു : ‘അല്ലാഹു ഇത് അനുവദനീയമാക്കിയിരിക്കുന്നു അല്ലെങ്കില്‍ തൃപ്തിപ്പെട്ടിരിക്കുന്നു എന്ന് ഒരാളോട് പറയുമ്പോള്‍ ‘ഞാനത് അനുവദനീയമാക്കുകയോ തൃപ്തിപ്പെടുകയോ ചെയ്തിട്ടില്ലെന്ന്’ അല്ലാഹു പറയുന്നത് നിങ്ങള്‍ സൂക്ഷിക്കുക. അല്ലാഹു ഒരു കാര്യം നിഷിദ്ധമാക്കിയിരിക്കുന്നു എന്ന് പറയുമ്പോള്‍ ‘കളവാണ് നീ പറഞ്ഞത്, ഞാനത് നിഷിദ്ധമാക്കിയിട്ടില്ലെന്ന്’ അല്ലാഹു പറയുന്നത് നിങ്ങള്‍ സൂക്ഷിക്കുക.’ ഇത് അഭികാമ്യമല്ല അല്ലെങ്കില്‍ അതുകൊണ്ട് കുഴപ്പമില്ല എന്നൊക്കെയായിരുന്നു നമ്മുടെ മുന്‍ഗാമികള്‍ ഫത്‌വ നല്‍കിയിരുന്നതെങ്കില്‍ ഇന്ന് ‘ഇത് ഹലാലാണ്, ഇത് ഹറാമാണ്’ എന്ന് ഖണ്ഡിതമായി ഫത്‌വ നല്‍കുന്നവരെയാണ് നാമിന്ന് കാണുന്നത്.

ഒരു കാര്യം നിഷിദ്ധമാണെന്നതിന് ഖണ്ഡിതമായ തെളിവുകള്‍ കിട്ടിയാലല്ലാതെ പൂര്‍വികരായ പണ്ഡിതന്‍മാര്‍ അത് നിഷിദ്ധമാണെന്ന് പറഞ്ഞിരുന്നില്ല എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അപ്രകാരം ഇമാം അഹ്മദ് ബിന്‍ ഹമ്പലിനോട് ആരെങ്കിലും ഒരു കാര്യത്തെ കുറിച്ചന്വേഷിച്ചാല്‍ അദ്ദേഹം അതില്‍ നല്‍കാറുണ്ടായിരുന്ന മറുപടി, ഞാനത് വെറുക്കുന്നു, ഞാനത് ഇഷ്ടപ്പെടുന്നില്ല, എന്നെ സംബന്ധിച്ച് അത് നന്നായി തോന്നുന്നില്ല എന്നൊക്കെയായിരുന്നു. ഇപ്രകാരം സൂക്ഷമത പുലര്‍ത്തിയിരുന്നവരായിരുന്നു ഇമാം മാലികും അബൂഹനീഫയും അടക്കമുള്ള എല്ലാ ഇമാമുമാരും.

വിവ: അഹ്മദ് നസീഫ്‌

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!