പ്രപഞ്ച പരിപാലകനായ അല്ലാഹുവിനാണ് സർവസ്തുതിയും. മുഹമ്മദ് നബിയുടെയും അവിടുത്തെ കുടുംബത്തിന്റെയും സ്വഹാബത്തിന്റെയും മേൽ സമാധാനവും രക്ഷയുമുണ്ടാകട്ടെ. ഈ വിഷയവുമായി ബന്ധപ്പെട്ട് പല നാടുകളിൽ നിന്നും എനിക്ക് ചോദ്യങ്ങൾ വന്നിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ പ്രാർത്ഥിക്കൽ അനുവദനീയമാണോ? ഫർള്, സുന്നത്ത് നിസ്‌കാരങ്ങളിൽ അനറബി ഭാഷയിൽ പ്രാർത്ഥിക്കാമോ? എന്നിവ അതിൽപെട്ടതാണ്.
മറുപടി: വിശുദ്ധ ഖുർആനിൽ ഏതെങ്കിലും പ്രവാചകന്മാരിലേക്ക് ചേർത്തോ അല്ലാതെയോ പ്രതിപാദിച്ച പ്രാർത്ഥനകളാണ് മറ്റിതര പ്രാർത്ഥനകളേക്കാൾ ഉത്തമമായത് എന്നതിൽ സംശയമില്ല. അതിനുശേഷം ഏറ്റവും സ്രേഷ്ഠതയുള്ളത് ഹദീസിൽ സ്ഥിരപ്പെട്ട പ്രാർത്ഥനകളാണ്. എന്നാൽ, ഖുർആനിലോ ഹദീസിലോ വന്നിട്ടില്ലാത്ത പ്രാർത്ഥനകൾ അനുവദനീയമാണെന്നതാണ് ബഹുഭൂരിപക്ഷ പണ്ഡിതന്മാരുടെയും അഭിപ്രായം. കാരണം, അല്ലാഹു കേവലം പ്രാർത്ഥനകൊണ്ടാണ് നമ്മോട് കൽപിക്കുന്നത്. അവനാണ് ഭാഷകൾ സൃഷ്ടിച്ചത്. ആ ഭാഷകളെക്കുറിച്ചും അതിന്റെ ഉദ്ദേശ്യ, ലക്ഷ്യങ്ങളെക്കുറിച്ചും അല്ലാഹുവാണ് ഏറ്റവും കൂടുതൽ അറിയുന്നവൻ.
അല്ലാഹു പറയുന്നു: ‘എന്നോട് പ്രാർത്ഥിക്കൂ, ഞാൻ നിങ്ങൾക്ക് ഉത്തരം തരാം എന്ന് നിങ്ങളുടെ നാഥൻ അരുളിയിരിക്കുന്നു'(ഗാഫിർ: 60). ഇബ്‌നു മസ്ഊദ് ഉദ്ധരിക്കുന്നു; ഞങ്ങൾ പ്രവാചകനോട് കൂടെ നിസ്‌കരിക്കുകയായിരുന്നു. അന്നേരം അത്തഹിയ്യാത്തിൽ ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ മേൽ സമാധാനമുണ്ടാവട്ടെ. ഇന്ന വ്യക്തിയുടെ മേൽ സമാധാനമുണ്ടാവട്ടെ. അപ്പോൾ നബി(സ്വ) പറഞ്ഞു: ‘അല്ലാഹുവിന്റെ മേൽ സമാധാനമുണ്ടാവട്ടെ എന്ന് നിങ്ങൾ പറയരുത്. അല്ലാഹുവാണ് സമാധാനം. അതിന് പകരം, അഭിവാദ്യങ്ങളും രക്ഷയും നന്മയും അല്ലാഹുവിനാണ്. പ്രവാചകരെ, അങ്ങയുടെമേൽ സമാധാനമുണ്ടായിരിക്കട്ടെ. നമ്മുടെമേലും അല്ലാഹുവിന്റെ മറ്റെല്ലാ സൽവൃത്തരായ അടിമകളുടെമേലും സമാധാനമുണ്ടാകട്ടെ എന്നും(നിങ്ങൾ അങ്ങനെ പറഞ്ഞാൽ വാന-ഭുവനങ്ങൾക്കിടയിലുള്ള അല്ലാഹുവിന്റെ എല്ലാ അടിമകളും അതിനുകീഴിൽ വരും) അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ് നബി(സ്വ) അവന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുകയും ചെയ്യുന്നുവെന്നും പറയുക. പിന്നീട് ഞാൻ നിങ്ങൾക്ക് പറഞ്ഞുതന്ന പ്രാർത്ഥനകളിൽ നിന്നും നിങ്ങൾക്ക് ഇഷ്ടമുള്ളതുകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുക’. തശഹുദിന് ശേഷം നബി(സ്വ) പറഞ്ഞു തന്നിട്ടുള്ള ഐഹികവും പാരത്രികവുമായ നന്മക്കും വേണ്ടിയുള്ള പ്രാർത്ഥനകളിൽ നിന്നും ഇഷ്ടമുള്ളത് പ്രാർത്ഥിക്കാമെന്നതാണ് ഈ ഹദീസിന്റെ സാരം.
മജ്മൂഉ ഫതാവയിൽ ഇബ്‌നു തൈമിയ പറയുന്നു: അഹ്മദ് എന്നവരും മറ്റു ചില പണ്ഡിതന്മാരും ഈ അഭിപ്രായത്തിനെതിരാണ്. അവരുടെ വീക്ഷണപ്രകാരം പ്രാർത്ഥന ഒന്നുകൂടെ വിശാലമായ ഒന്നാണ്. അവരുടെ അഭിപ്രായമാണ് ശരിയായിത്തോന്നുന്നത്. കാരണം നബി(സ്വ) പറയുന്നു: ‘പിന്നീട് പ്രാർത്ഥനകളിൽ നിന്ന് നല്ലതെന്ന് തോന്നുന്നവകൊണ്ട് പ്രാർത്ഥിക്കാം’. ചില ദിക്‌റുകൾക്ക് പ്രത്യേക സമയം നിശ്ചയിച്ചതുപോലെ മരിച്ച വ്യക്തിയുടെ മേലുള്ള പ്രാർത്ഥനക്കൊന്നും കൃത്യമായ സമയം നിർണയിച്ചിട്ടില്ല. പിന്നെയെങ്ങനെ പ്രവാചകൻ പറഞ്ഞതിനെ ഉപാധികൾക്കുള്ളിലേക്ക് ചുരുക്കാനാകും(22/ 477).
മേൽപറഞ്ഞത് പ്രകാരം, ഖുർആനിലും ഹദീസിലും വന്നിട്ടില്ലാത്തവകൊണ്ടും പ്രാർത്ഥിക്കൽ അനുവദനീയമാണ്. എന്നാൽ, അറബി ഭാഷ അറിയുന്നവർ തന്നെ ഫർള്, സുന്നത്ത് നിസ്‌കാരങ്ങളിൽ അനറബി ഭാഷയിൽ പ്രാർത്ഥിക്കുന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നതകളുണ്ട്. അത് ഹറാമാണെന്നും കറാഹത്താണെന്നും അനുവദനീയമാണെന്നുമെല്ലാം പറഞ്ഞവരുണ്ട്.
പ്രബലമായ അഭിപ്രായം:
അറബി സംസാരിക്കാനറിയുന്ന ഒരു വ്യക്തിയെ സംബന്ധിച്ചെടുത്തോളം, നിർബന്ധമായ അറബി പ്രാർത്ഥനകൾ ഒരിക്കലും ഇതര ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ പാടില്ല. മറിച്ച്, ഖുർആനിലോ ഹദീസിലോ വന്നതെങ്ങനെയാണോ അതുപോലെത്തന്നെ പ്രാർത്ഥിക്കണം. എന്നാൽ, സുജൂദിൽ ചൊല്ലൽ നിർബന്ധമല്ലാത്തതും സുന്നത്താണെന്ന് ഹദീസിൽ വന്നതുമായ പ്രാർത്ഥനകൾ, നിർബന്ധമായ ഒന്നാം തശഹുദിന് ശേഷമുള്ള പ്രാർത്ഥനകൾ എന്നിവയിൽ ഹദീസിൽ വന്നതുപോലെത്തന്നെ പ്രാർത്ഥിക്കലാണ് ഉത്തമം. ഫർള് നിസ്‌കാരങ്ങളിൽ അവ പരിഭാഷപ്പെടുത്തി പ്രാർത്ഥിക്കൽ കറാഹത്താണ്. രാത്രിയിലെ സുന്നത്ത് നിസ്‌കാരങ്ങൾ പോലെയുള്ളവയിൽ സ്വന്തം ഭാഷയിൽ പ്രാർത്ഥിക്കൽ അനുവദനീയമാണ്. കാരണം, അതായിരിക്കും ഏറ്റം എളുപ്പവും കൂടുതൽ ആത്മാർത്ഥത ലഭിക്കാൻ ഉചിതവും. എന്നാൽ ഖുർആനിലും ഹദീസിലും വന്ന നിർബന്ധമായ പ്രാർത്ഥനകൾ അറിയാത്ത ഒരുത്തനെ സംബന്ധിച്ചെടുത്തോളം, അവനത് പരിഭാഷപ്പെടുത്തി പ്രാർത്ഥിക്കൽ അനുവദനീയമാണ്. അത് അറബിയിൽതന്നെ പ്രാർത്ഥിക്കാൻ അവൻ പരിശ്രമിക്കണം. തംഹീദ് എന്ന ഗ്രന്ഥത്തിൽ ഇബ്‌നു അബ്ദുൽ ബർറ് പറയുന്നു: അശക്തനെ സംബന്ധിച്ചെടുത്തോളം അവന് പരിഭാഷപ്പെടുത്തി പ്രാർത്ഥിക്കാമെന്നതാണ് പ്രബലം(1/141). അബൂ യൂസുഫ്, മുഹമ്മദ്, ഇമാം ശാഫിഈ, അഹ്മദ്, മാലികി പണ്ഡിതന്മാർ തുടങ്ങിയവരുടെ അഭിപ്രായ പ്രകാരം അശക്തന് നിർബന്ധമായ ദിക്‌റുകളും പ്രാർത്ഥനകളും സ്വന്തം ഭാഷയിൽ പറയുകയും ചൊല്ലുകയും ചെയ്യാവുന്നതാണ്.
മൻസൂർ എന്ന ഗ്രന്ഥത്തിൽ ഇമാം സർക്കശി പറയുന്നു: അറബി ഭാഷയിൽ കഴിവുള്ള ഒരു വ്യക്തിയെ സംബന്ധിച്ചെടുത്തോളം, ബാങ്ക്, തക്ബീറത്തുൽ ഇഹ്‌റാം എന്നിവ അവന് അനറബിയിലാക്കൽ അനുവദനീയമല്ല. അറബി ഭാഷയിൽ പ്രാവീണ്യമില്ലായെങ്കിൽ തശഹുദ് ഇതര ഭാഷയിൽ ആകാവുന്നതാണ്. ആരാധനയാണ് അവിടെയുള്ള ഉദ്ദേശ്യം എന്നതാണ് കാരണം. അപ്രകാരം തന്നെയാണ് നമസ്‌കാരത്തിൽ ചൊല്ലാമെന്ന് ഹദീസിൽ വന്ന സുന്നത്തായ ദിക്‌റുകൾ, പ്രാർത്ഥനകൾ, സലാം, ജുമുഅ ഖുതുബ എന്നിവയും. ഹജ്ജ്, ഉംറ വേളയിൽ ചില അനറബികൾ അവരുടെ ഭാഷയിൽ തന്നെ അർത്ഥമറിയാതെ തൽബിയത്ത് ചൊല്ലുന്നത് കാണാം. കൃത്യമായ ഒരു ഉദ്ദേശമില്ലാതെ പല പിഴവുകളും അതിലൂടെ സംഭവിക്കുന്നു. അത്തരക്കാരെ സംബന്ധിച്ചെടുത്തോളം സ്വന്തം ഭാഷയിൽ കാര്യം മനസ്സിലാക്കി ദിക്‌റ് ചൊല്ലുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതാണ് നല്ലത്. കാരണം, പ്രാർത്ഥന കേവലം പദങ്ങളല്ല. മറിച്ച്, വിനയും ആത്മാർത്ഥതയുമാണ് അതിന്റെ അടിസ്ഥാനം. ഖുതുബ കേൾക്കുന്ന ഭൂരിപക്ഷം ആളുകളും അറബി അറിയുന്നവരാണെങ്കിൽ അത് അറബിയിൽ തന്നെയാക്കലാണ് നല്ലതെന്നാണ് പ്രബലം. എന്നാൽ, ഭൂരിപക്ഷവും അറിയാത്തവരാണെങ്കിൽ സൂക്തങ്ങളും രണ്ട് ഖുതുബയുടെയും അടിസ്ഥാന നിയമങ്ങളും അറബിയിലാക്കുക. ബാക്കിയെല്ലാം കേൾക്കുന്ന ആളുകളിൽ ഭൂരിപക്ഷം ആളുകളുടെ ഭാഷയിലാക്കുക. കാരണം ഖുതുബയുടെ ഉദ്ദേശം സദുപദേശമാണ്.
രത്‌നച്ചുരുക്കം: ഫർള്, സുന്നത്ത് നിസ്‌കാരങ്ങളിൽ അറബി ഭാഷ അറിയാത്തവനാണെങ്കിൽ അവന് സ്വന്തം ഭാഷയിൽ പ്രാർത്ഥിക്കാവുന്നതാണ്. അബൂ യൂസുഫ്, മുഹമ്മദ് സ്വാഹിബി, അബൂ ഹനീഫ, മാലികി പണ്ഡിതന്മാർ, ശാഫിഈ മദ്ഹബ്, ഹമ്പലി മദ്ഹബ് എന്നിവരുടെയെല്ലാം അഭിപ്രായം ഇതുതന്നെയാണ്. ‘ആകുംവിധം നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക'(തഗാബുൻ: 16) എന്ന സൂക്തമാണ് അതിനവർ തെളിവായി അവലംബിക്കുന്നത്. നമസ്‌കാരത്തിൽ ചൊല്ലൽ നിർബന്ധമായി വന്നവ അറബി അറിയാത്തവൻ സ്വന്തം ഭാഷയിലേക്ക് പരിഭാഷപ്പെടുത്തണം. സുന്നത്തായ പ്രാർത്ഥനയിലും അങ്ങനെ ചെയ്യാവുന്നതാണ്. എന്നാൽ നിർബന്ധമായവ പഠിക്കാൻ അവ സാധ്യമാകുന്നത്രയും പരിശ്രമിക്കേണ്ടതുണ്ട്. അറബി അറിയുന്നവൻ ശർത്തുകളും റുകുനുകളും മനപ്പൂർവം പരിഭാഷപ്പെടുത്തിയാൽ അവന്റെ നിസ്‌കാരം അസാധുവായിപ്പോകുമെന്നതാണ് ബഹുഭൂരിപക്ഷ പണ്ഡിതന്മാരുടെയും അഭിപ്രായം.
അറബി ഭാഷ അറിയുന്നവനും അനറബി ഭാഷയിൽ പ്രാർത്ഥിക്കൽ അനുവദനീയമാണെന്ന് ഇമാം അബൂ ഹനീഫ, മാലികി, ശാഫിഈ, ഹമ്പലി പണ്ഡിതന്മാർ ഒരു അഭിപ്രായമായി രേഖപ്പെടുത്തിയിട്ടുണ്ട്. ‘തന്റെ ജനതക്ക് സന്മാർഗം പ്രതിപാദിച്ചുകൊടുക്കാനായി ഏതൊരു റസൂലിനെയും അവരുടെ ഭാഷയിലല്ലാതെ നാം നിയോഗിച്ചിട്ടില്ല. അങ്ങനെ താനുദ്ദേശിക്കുന്ന ചിലരെ അല്ലാഹു ദുർമാർഗത്തിലും മറ്റുചിലരെ സന്മാർഗത്തിലും ആക്കുന്നു. പ്രതാപശാലിയും യുക്തിമാനുമത്രേ അവൻ'(ഇബ്രാഹീം: 4) എന്ന സൂക്തമാണ് അതിനവർ തെളിവായി പിടിച്ചിട്ടുള്ളത്. ഇബ്‌നു തൈമിയ പറയുന്നു: പ്രാർത്ഥന അറബി ഭാഷയിലും അനറബി ഭാഷയിലും ആകാവുന്നതാണ്. അല്ലാഹുവിന് പ്രാർത്ഥിക്കുന്നവന്റെ ഉദ്ദേശമറിയാം.
അവലംബം:
1- ഹാശിയത്തു ഇബ്‌നു ആബിദീൻ(1/350)
2- ശറഹുൽ കബീർ മഅ ഹാശിയത്തിദ്ദസൂഖി(1/233)
3- മജ്മൂഅ്, നവവി(300-3/299)
4- അൽമൻസൂറു ഫിൽ ഖവാഇദ്(283-1/282)
5- കശ്ശാഫുൽ ഖനാഅ്(421-2/420)
6- മജ്മൂഉൽ ഫതാവ, ഇബ്‌നു തൈമിയ(489-22/488)
വിവ- മുഹമ്മദ് അഹ്സന്‍ പുല്ലൂര്‍