ഹിജാബ് ധരിക്കാത്ത സ്ത്രീയുടെ നമസ്‌കാരം, നോമ്പ് തുടങ്ങിയ ആരാധനാ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുമോ?
മറുപടി: സ്വാഭാവികമായും സ്വീകരിക്കപ്പെടും. ഇസ്‌ലാമില്‍ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തപ്പെടുമെന്നാണ്. അല്ലാഹു പറയുന്നു: ”അതിനാല്‍, അണുത്തൂക്കം നന്മ ചെയ്തവന്‍ അത് കാണും. അണുത്തൂക്കം തിന്മ ചെയ്തവന്‍ അതും കാണും.” (അസ്സല്‍സല: 7-8) എന്നാല്‍ നമ്മുടെ പെണ്‍മക്കളും സഹോദരിമാരും അല്ലാഹു നിഷിദ്ധമാക്കിയ ഒരു കാര്യം ചെയ്തുകൊണ്ട് ജീവിതകാലം മുഴുവന്‍ മുന്നോട്ടു പോവുകയെന്നത് അത്ര നിസ്സാര കാര്യമല്ലെന്നാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. തലയും കൈകളും മറ്റ് ശരീരഭാഗങ്ങളും വെളിപ്പെടുത്തുന്നത് നിഷിദ്ധമാണെങ്കില്‍ ജീവിതത്തിലുടനീളം അത് ചെയ്യുന്ന സ്ത്രീ അല്ലാഹു ഹറാമാക്കിയ കാര്യം ചെയ്തുകൊണ്ടാണ് ജീവിക്കുന്നത്. ആയുഷ്‌ക്കാലം മുഴുവന്‍ നിരന്തരം ഹറാം ചെയ്യുന്നു എന്ന് ചുരുക്കം. വലിയൊരു ദുരന്തമാണിത്. കാരണം വീണ്ടും വീണ്ടും അല്ലാഹു നിഷിദ്ധമാക്കിയ കാര്യം ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അതൊരിക്കലും അനുവദനീയമല്ല. ചെറിയ പാപങ്ങള്‍ നിരന്തരം ആവര്‍ത്തിച്ച് ചെയ്യുമ്പോള്‍ വലിയ പാപമായിട്ടത് മാറുകയാണ്. വലിയ പാപങ്ങളാണ് നിരന്തരം ചെയ്യുന്നതെങ്കില്‍ കൂടുതല്‍ ഗുരുതരമായ വലിയ പാപമായിട്ടത് മാറുന്നു. അതുകൊണ്ടു തന്നെ ഹിജാബ് ധരിക്കാത്ത മുസ്‌ലിം സ്ത്രീയോട് കാലാകാലവും ആ തെറ്റ് ആവര്‍ത്തിക്കുന്നതിന് പകരം ഹിജാബ് ധരിക്കണമെന്നാണ് എനിക്ക് ഉപദേശിക്കാനുള്ളത്.
ഇതിന് മറ്റൊരു വശം കൂടിയുണ്ട്. മറ്റുള്ളവരെ കൊണ്ട് നിഷിദ്ധമാക്കപ്പെട്ട കാര്യം ചെയ്യിക്കുന്നതിന് അവര്‍ കാരണക്കാരിയാവുന്നു എന്നതാണത്. ഉദാഹരണത്തിന് ഞാന്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയാണെന്ന് കരുതുക. ഹിജാബ് ധരിച്ചവരും അല്ലാത്തവരുമായ പെണ്‍കുട്ടികള്‍ എന്റെ മുമ്പിലുണ്ട്. ഹിജാബ് ധരിക്കാത്ത പെണ്‍കുട്ടിയുടെ മുടിയില്‍ എന്റെ കണ്ണു പതിക്കുമ്പോള്‍ ആ തെറ്റില്‍ അവള്‍ കൂടി പങ്കാളിയാണ്. അവളില്‍ നിന്ന് എന്റെ കാഴ്ച്ചയെ തടയുകയെന്നതോ മറ്റൊരു മുറിയിലിരുന്ന് അവരോട് സംസാരിക്കുകയെന്നതോ യുക്തമായ പരിഹാരമല്ല. അധ്യാപകന്‍ ഒരു മുറിയില്‍ വെച്ച് ക്ലാസ്സെടുക്കുകയും വിദ്യാര്‍ഥിനികള്‍ മറ്റൊരു മുറിയിലിരുന്ന് അത് ശ്രദ്ധിക്കുകയും ചെയ്യുന്ന സംവിധാനം ചില രാജ്യങ്ങളിലെല്ലാം ഉണ്ടെന്ന് കേള്‍ക്കുന്നു. അസാധാരണമായ ഒരു രീതിയാണത്. ക്ലാസ്സെടുക്കുന്ന വ്യക്തിക്കും വിദ്യാര്‍ഥിനികള്‍ക്കുമിടയിലുള്ള ഉണ്ടാവേണ്ട ആശയവിനിമയത്തിനുള്ള അവസരം നിഷേധിക്കുകയാണ് അതില്‍. ശരിയായി ശരീരം മറക്കാത്ത മുസ്‌ലിം പെണ്‍കുട്ടി അവളുടെ ശരീരഭാഗങ്ങളിലേക്ക് നോക്കുന്ന മറ്റുള്ളവരുടെ തെറ്റിന്റെ കൂടി കാരണക്കാരിയായി മാറുകയാണെന്ന് മനസ്സിലാക്കുക.