Friday, April 19, 2024
Homeകച്ചവടംകൂട്ടൂകച്ചവടത്തിലെ ലാഭം പലിശയാകാതിരിക്കാൻ

കൂട്ടൂകച്ചവടത്തിലെ ലാഭം പലിശയാകാതിരിക്കാൻ

ചോദ്യം: നാട്ടിൽ ഇന്ന് കൂട്ടൂകച്ചവടം (Joint venture) പൊടിപൊടിക്കുന്നു. ഒരാളുടെ പക്കൽ അഞ്ചോ പത്തോ ലക്ഷം രൂപയുണ്ടെങ്കിൽ അത് ഏതെങ്കിലും വ്യക്തിയിലോ സ്ഥാപനത്തിലോ നൽകി മാസത്തിൽ ലാഭവിഹിത വരുമാനം സ്വീകരിക്കുന്നു! പണം ലാഭ നഷ്ട കച്ചവടത്തിന് നൽകി പലിശരഹിത വരുമാനമാണ് ഇതിന് പ്രചോദനം!

ഈ ചോദ്യ കർത്താവും ഒരു വ്യക്തി വശം മാസം മുപ്പതിനായിരം രൂപ നൽകും (ലഭിക്കും) എന്ന വ്യവസ്ഥയിൽ ഷെയർ ഇനത്തിൽ പത്ത് ലക്ഷം നൽകിയിരിക്കുന്നു.

ഇതിൽ ആദ്യകുറച്ചു മാസങ്ങളിൽ മൂപ്പതിനായിരം രൂപവീതം ലഭിച്ചിരുന്നു . ശേഷം കോവിഡ് പശ്ചതലത്തിൽ ഒരു വർഷം ഇത് വരെ ഒന്നും ലഭിച്ചില്ല . ചോദിച്ചപ്പോൾ കണക്ക് പ്രകാരം 3 ലക്ഷം നിങ്ങൾക്ക് തരാൻ ഞാൻ ബാധ്യസ്ഥനാണെന്നും കച്ചവടം കോവിഡ് കാലം നഷ്ടം ആയതിനാൽ പകുതിയായ ഒന്നര ലക്ഷം നൽകാമെന്നും പ്രസ്തുത വ്യക്തി അറിയിച്ചു. ലാഭ നഷ്ട പങ്കാളി എന്ന അർഥത്തിൽ അതിന് ഈ ചോദ്യകർത്താവ് സമ്മതിച്ചിട്ടുമുണ്ട്. കച്ചവടം മൊത്തത്തിൽ നഷ്ടമാണെങ്കിൽ ഒന്നും വാങ്ങാതിരിക്കാനും ഈ കുറിപ്പുകാരൻ ഒരുക്കമാണ്! പക്ഷെ, കച്ചവടത്തിൻറെ രീതിയോ അധ്വാനമോ കണക്കുകളോ ലാഭ നഷ്ടമോ ഒന്നും ഈ ചോദ്യ കർത്താവ് അറിയുന്നില്ല.

ഈ ഷെയർ കച്ചവടത്തിൻറെയും, ഇത്തരം ഷെയർ (ലാഭ നഷ്ട) കച്ചവടത്തിൻറെയും ഇസ് ലാമിക വിധിയെന്താണ്? അനുവദനീയമല്ലങ്കിൽ ഈ ചോദ്യകർത്താവ് നൽകിയ പണം (പത്ത് ലക്ഷം) പിൻവലിക്കുന്നതുമാണ്! വിശദമായ മറുപടി പ്രതീക്ഷിക്കുന്നു!

മറുപടി: പത്തു ലക്ഷം കൊടുത്താൽ, മാസം തോറും മുപ്പതിനായിരം തരാം എന്ന വ്യവസ്ഥയിൽ താങ്കൾ നടത്തിയിട്ടുളള ഈ ഇടപാട് ഇസ്ലാമിക ദൃഷ്ട്യാ തെറ്റാണ്. നിഷിദ്ധമാണ്. കാരണം ഇത്തരം ഇടപാടുകൾ സാധുവാകാൻ ഇസ്ലാം നിഷ്കർഷിച്ച അനിവാര്യമായ ഉപാധികൾ ഇവിടെ പരിഗണിക്കപ്പെട്ടിട്ടില്ല.

അതു കൊണ്ട് തന്നെ ചോദ്യകർത്താവും സംരംഭകനും രണ്ടു പേരും ഇവിടെ ഒരേ പോലെ കുറ്റക്കാരാണ്.
ഒരു കക്ഷി മുതൽ മുടക്കുകയും മറുകക്ഷി തന്റെ കഴിവും പ്രാവീണ്യവും ഉപയോഗപ്പെടുത്തി ബിസിനസ്‌ നടത്തുകയും ചെയ്യുന്ന തരത്തിലുള്ള ഇടപാടിന് ഇസ്ലാമിക കർമശാസ്ത്രത്തിൽ മുദാറബ എന്നാണ് പറയുക. ഇത്തരം സംരംഭത്തിൽ നിന്നും ലഭിക്കുന്ന ലാഭം നേരത്തേ ഉണ്ടാക്കിയിട്ടുള്ള കരാർ അനുസരിച്ച് ഇരുപങ്കാളികളും ആനുപാതികമായി പങ്കുവെക്കുകയും. നഷ്ടം വരികയാണെങ്കിൽ മുതൽ മുടക്കുന്നയാൾക്ക് തൻറെ പണവും മറുകക്ഷിക്ക് തന്റെ അധ്വാനവും നഷ്ടമാകുകയും ചെയ്യുക എന്നതാണ് മുദാറബയുടെ നിയമം.

ഇങ്ങനെയുള്ള ഇടപാടുകൾ സാധുവാകണമെങ്കിൽ ചില ഉപാധികൾ പാലിച്ചിരിക്കൽ നിർബന്ധമാണ്. അതിൽ പ്രധാനപ്പെട്ടതാണ് ലാഭവിഹിതം മുൻകൂട്ടി നിശ്ചയിച്ചിരിക്കണമെന്നത്, എന്നാൽ അത് ഒരു നിശ്ചിത സംഖ്യയായിരിക്കരുത്. ലാഭം ഒരു നിശ്ചിത സംഖ്യയായിട്ടാണ് നിജപ്പെടുത്തിയിട്ടുള്ളതെങ്കിൽ ആ ഇടപാട് അസാധുവാകും. അതിനാൽ ലാഭം കിട്ടിയാൽ അതിൻറെ ഇത്ര ശതമാനം എന്നായിരിക്കണം നിശ്ചയിക്കേണ്ടത്. അല്ലാതെ താൻ മുടക്കിയ മുതലിന്റെ ഇത്ര ശതമാനം എന്നല്ല. കാരണം അങ്ങനെ വരുമ്പോൾ ലാഭം ഒരു നിശ്ചിത സംഖ്യ തന്നെയായിരിക്കും.

തരണ്ടും തമ്മിലുള്ള വ്യത്യാസം, ലാഭം എല്ലായ്പോഴും തുല്യമോ, നിശ്ചിതമോ ആയിരിക്കില്ല എന്നതാണ്. ലഭിക്കുന്ന മൊത്തം ലാഭത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് ഓരോരുത്തരുടെയും ലാഭവിഹിതവും കൂടിയും കുറഞ്ഞതുമിരിക്കുമെന്നർഥം. എന്നാൽ ലാഭം താൻ മുടക്കിയ മുതലിന്റെ ഇത്ര ശതമാനയിമാരിക്കും എന്നു നിബന്ധന വച്ചാൽ ഒന്നുകിൽ അന്യായമായ ലാഭം പറ്റാനും, അല്ലെങ്കിൽ ന്യായമായ ലാഭവിഹിതം ലഭിക്കാതിരിക്കാനുമെല്ലാം സാധ്യതയുണ്ട്.

ചോദ്യ കർത്താവ് സൂചിപ്പിച്ച പോലെ പത്തു ലക്ഷത്തിന് മുപ്പതിനായിരം എന്ന വ്യവസ്ഥ പ്രകാരം, ഒരു മാസം ആകെ കിട്ടിയ ലാഭം മുപ്പതിനായിരമാണെങ്കിൽ അതു മുഴുവൻ മുതൽ മുടക്കിയ താങ്കൾക്ക് അദ്ദേഹം നൽകേണ്ടിവരുമല്ലോ. അപ്പോൾ അദ്ധ്വാനിച്ചവൻ തന്റെ അദ്ധ്വാനത്തിന് ഒരു മെച്ചവും കിട്ടുകയില്ലെന്നു മാത്രമല്ല, അത്രയും തുക അദ്ദേഹം തന്റെ സ്വന്തം പോക്കറ്റിൽ നിന്ന് എടുത്തു തരേണ്ടി വരികയും ചെയ്യും.

നേരെ തിരിച്ചും സംഭവിക്കാം. അതായത് ഒരു മാസം ആകെ കിട്ടിയ ലാഭം ഒരു ലക്ഷമാണെങ്കിലും അഞ്ചു ലക്ഷമാണെങ്കിലുമൊക്കെ മുതൽ മുടക്കിയ താങ്കൾക്കു ആകെ മുപ്പതിനായിരം മാത്രമേ അദ്ദേഹം തരേണ്ടി വരികയുള്ളൂ.

ഈ ഇടപാടിലെ മറ്റൊരു ന്യൂനത നഷ്ടം സംഭവിച്ചാലത്തെ അവസ്ഥയെ പറ്റി മൂർത്തമായ ഒരു ധാരണയും നിങ്ങൾ ഇടപാടുകാർ പരസ്പരം ഇല്ലാ എന്നതാണ്. അതുകൊണ്ടാണല്ലോ, ” കണക്ക് പ്രകാരം മൂന്നു ലക്ഷം അദ്ദേഹം നിങ്ങൾക്ക് തരാൻ ബാധ്യസ്ഥനാണെന്നും, എന്നാൽ കോവിഡ് കാരണം കച്ചവടം നഷ്ടമായതിനാൽ പകുതിയായ ഒന്നര ലക്ഷം നൽകാമെന്നും പ്രസ്തുത വ്യക്തി അറിയിച്ചു “. എന്ന് ചോദ്യത്തിൽ താങ്കൾ പരാമർശിച്ചത്. സംരംഭം നഷ്ടത്തിലാണെങ്കിൽ പിന്നെങ്ങനെയാണ് ഈ മൂന്നു ലക്ഷം അദ്ദേഹം നിങ്ങൾക്കു തരേണ്ടി വരിക? ഇതു പലിശക്ക് കടം കൊടുത്തതു പോലെ തന്നെയല്ലേ?

നിക്ഷേപകർക്ക് മുടക്കുമുതലിന്റെ (Capital) നിശ്ചിത ശതമാനം ലാഭവിഹിതം നൽകും, അതുപോലെ മുടക്കുമുതൽ സുരക്ഷിതമായി (Grande) അവശേഷിക്കുകയും ചെയ്യും എന്ന വ്യവസ്ഥയോടെയുളള എല്ലാതരം ഇടപാടുകളും അനിസ്‌ലാമികവും നിഷിദ്ധവുമാണ്. പൗരാണികളും ആധുനികരുമായ മുഴുവൻ ഫുഖഹാക്കളുടെയും, ഇന്ന് മുസ്‌ലിം ലോകത്ത് നിലവിലുളള ഫിഖ്ഹ് അക്കാദമികളുടെയുമെല്ലാം അഭിപ്രായവും ഇതു തന്നെയാണ്. വിഖ്യാത കർമ്മശാസ്ത്ര ഗ്രൻഥമായ മുഗ്നിയിൽ ഇമാം ഇബ്നുഖുദാമ പറയുന്നു:

പങ്കാളികളിലാരെങ്കിലും തന്റെ ലാഭവിഹിതം നിർണ്ണിത എണ്ണം ദിർഹം എന്നു നിശ്ചയിക്കുകയോ, അല്ലെങ്കിൽ ഒരു ഭാഗവും പത്തു ദിർഹമും എന്നു നിശ്ചയിക്കുകയാ ചെയ്താൽ ആ കൂട്ടുക്കച്ചവടം അതോടെ ബാത്വിലായി. ഇമാം ഇബ്നുൽ മുൻദിർ പറഞ്ഞു. കൂറുകച്ചവടത്തിൽ പങ്കാളികളിലാരെങ്കിലും ഒരാളോ ഇനി രണ്ടുപേരുമോ തങ്ങളുടെ ലാഭവിഹിതം സുനിർണ്ണിതമായ സംഖ്യ നിബന്ധനയായി വെച്ചാൽ ആ ഇടപാട് അസാധുവാണെന്ന കാര്യത്തിൽ പണ്ഡിതന്മരെല്ലാം ഏകോപിച്ചിരിക്കുന്നു. അങ്ങനെ നാം മനസ്സിലാക്കിയിട്ടുള്ളവരിൽ ഇമാം മാലിക്, ഔസാഈ, ശാഫിഈ, അബു സൗർ, ഹനഫീ മദ്ഹബുകാർ തുടങ്ങിയവരെല്ലാം പെടുന്നു. ആ ഇടപാട് സാധുവാകാത്തത് രണ്ട് കാരണങ്ങളാലാണ്. ഒന്ന്: നിർണിത സംഖ്യ ഉപാധി വെച്ചാൽ അതല്ലാതെ ലാഭം നേടില്ലെന്ന് വരാം. അപ്പോൾ കിട്ടിയ ലാഭം മുഴുവൻ ഒരാളിലേക്കു മാത്രമായി ചുരുങ്ങും, ലാഭം ഉപാധിവെച്ച തുകയേക്കാൾ കുറഞ്ഞന്നും വരാം. അപ്പോൾ മുതലിൽ നിന്നും എടുത്ത് കൊടുക്കണ്ടിവരും. ഇനി ലാഭം ഉപാധി വെച്ചതിനേക്കാൾ അധികമാണെങ്കിൽ ഉപാധിവെച്ചവന് അത് വഴി കോട്ടം സംഭവിക്കുകയും ചെയ്യും. രണ്ട്: എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്തതിനാൽ ജോലി ചെയ്യുന്നവന്റെ ഓഹരിഭാഗം തിരിച്ചു കണക്കാക്കേണ്ടതുണ്ട്. അപ്രകാരം വിഹിതം അജ്ഞാതമാകുന്നപക്ഷം ആ കൂട്ടുകച്ചവടം അസാധുവായി. അതുപോലെ തന്നെയാണ് ജോലിചെയ്യുന്നവൻ ഒരു നിശ്ചിത തുക ലാഭം ഉപാധിവെച്ചാലും. കാരണം ജോലി ചെയ്യുന്നവൻ തന്റെ വിഹിതം നിശ്ചിത സംഖ്യയായി നിർണ്ണയിച്ചാൽ ഒരുവേള ലാഭമുണ്ടാക്കുന്നതിൽ ഉദാസീനത കാണിക്കാനിടവരാം. അവനതിൽ പ്രത്യകിച്ച് ഗുണമൊന്നുമില്ലാത്തതാണ് അതിന് കാരണം. അതിന്റെ ഗുണം മറ്റെ കക്ഷിക്കാണല്ലോ. നേരെ മറിച്ച് തനിക്കുള്ളത് ലാഭത്തിൽ നിന്ന് ഒരു വിഹിതമെന്നാണെങ്കിൽ പരമാവധി ലാഭം നടാനായിരിക്കും അവന്റെ ശ്രമം.-(മുഗ്നി: മസ്അല: 3658).

مَتَى جَعَلَ نَصِيبَ أَحَدِ الشُّرَكَاءِ دَرَاهِمَ مَعْلُومَةً، أَوْ جَعَلَ مَعَ نَصِيبِهِ دَرَاهِمَ، مِثْلُ أَنْ يَشْتَرِطَ لِنَفْسِهِ جُزْءًا وَعَشْرَةَ دَرَاهِمَ، بَطَلَتْ الشَّرِكَةُ. قَالَ ابْنُ الْمُنْذِرِ أَجْمَعَ كُلُّ مِنْ نَحْفَظُ عَنْهُ مِنْ أَهْلِ الْعِلْمِ عَلَى إبْطَالِ الْقِرَاضِ إذَا شَرَطَ أَحَدُهُمَا أَوْ كِلَاهُمَا لِنَفْسِهِ دَرَاهِمَ مَعْلُومَةً. وَمِمَّنْ حَفِظْنَا ذَلِكَ عَنْهُ مَالِكٌ وَالْأَوْزَاعِيُّ وَالشَّافِعِيُّ، وَأَبُو ثَوْرٍ وَأَصْحَابُ الرَّأْيِ، وَالْجَوَابُ فِيمَا لَوْ قَالَ: لَك نِصْفُ الرِّبْحِ إلَّا عَشْرَةَ دَرَاهِمَ، أَوْ نِصْفُ الرِّبْحِ وَعَشْرَةُ دَرَاهِمَ، كَالْجَوَابِ فِيمَا إذَا شَرَطَ دَرَاهِمَ مُفْرَدَةً. وَإِنَّمَا لَمْ يَصِحّ ذَلِكَ لِمَعْنَيَيْنِ: َحَدُهُمَا، أَنَّهُ إذَا شَرَطَ دَرَاهِمَ مَعْلُومَةً، احْتَمَلَ أَنْ لَا يَرْبَحَ غَيْرَهَا، فَيَحْصُلَ عَلَى جَمِيعِ الرِّبْحِ، وَاحْتَمَلَ أَنْ لَا يَرْبَحَهَا، فَيَأْخُذَ مِنْ رَأْسِ الْمَالِ جُزْءًا. وَقَدْ يَرْبَحُ كَثِيرًا، فَيَسْتَضِرُّ مَنْ شُرِطَتْ لَهُ الدَّرَاهِمُ. وَالثَّانِي، أَنَّ حِصَّةَ الْعَامِلِ يَنْبَغِي أَنْ تَكُونَ مَعْلُومَةً بِالْأَجْزَاءِ، لَمَّا تَعَذَّرَ كَوْنُهَا مَعْلُومَةً بِالْقَدْرِ، فَإِذَا جُهِلَتْ الْأَجْزَاءُ، فَسَدَتْ، كَمَا لَوْ جُهِلَ الْقَدْرُ فِيمَا يُشْتَرَطُ أَنْ يَكُونَ مَعْلُومًا بِهِ. وَلِأَنَّ الْعَامِلَ مَتَى شَرَطَ لِنَفْسِهِ دَرَاهِمَ مَعْلُومَةً، رُبَّمَا تَوَانَى فِي طَلَبِ الرِّبْحِ؛ لِعَدَمِ فَائِدَتِهِ فِيهِ وَحُصُولِ نَفْعِهِ لِغَيْرِهِ، بِخِلَافِ مَا إذَا كَانَ لَهُ جُزْءٌ مِنْ الرِّبْحِ.- الْمُغْنِي لِلْإِمَامِ ابْنِ قُدَامَةَ رَقَمُ الْمَسْأَلَةِ: 3658.

ഇവിഷയകമായി 1995 ജനുവരിയിൽ മക്കയിൽ ചേർന്ന ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി കൗൺസിൽ തീരുമാനം കാണുക:
“ കൂറുക്കച്ചവടക്കാരൻ നടത്തിപ്പുകാരന്റെ മേൽ നിശ്ചിത തുക ലാഭം നിശ്ചയിക്കാൻ പാടില്ല. കാരണം അത് കൂറുകച്ചവടത്തിന്റെ ചൈതന്യത്തിന് എതിരാകുന്നു. അതു പലിശക്ക് കടം കൊടുക്കലായിത്തീരുകയും ചെയ്യും. ലാഭം ഒരു വേള ഈ നിശ്ചയിച്ചതിനേക്കാൾ കൂടുതലായി ഒന്നും കിട്ടാതെ വരാം, അങ്ങനെ വരുമ്പോൾ മുഴുവൻ സംഖ്യയും അവൻ സ്വന്തമാക്കും. ഇനി സംരംഭം നഷ്ടത്തിലാവുകയോ നിശ്ചയിച്ചതിനേക്കാൾ കുറഞ്ഞ ലാഭമേ കിട്ടിയുളളു എന്നും വരാം, അങ്ങനെ അപ്പോൾ നടത്തിപ്പുകാരൻ നഷ്ടം സ്വയം സഹിക്കേണ്ടിയും വരും “.-(ഫിഖ്ഹ് അക്കാദമി കൗൺസിൽ തീരുമാനങ്ങൾ).

قَرَارُ الْمَجْمَعِ الْفِقْهِيِّ:
إِنَّ مَجْلِسَ الْمَجْمَعِ الْفِقْهِي الْإِسْلَامِيِّ، بِرَابِطَة ِالعَالَمِ الإِسْلاَمِيِّ، فِي دَوْرَتِهِ الرَّابِعَةَ عَشْرَةَ، الْمُنْعَقِدَةِ بِمَكَّةَ الْمُكَرَّمَةَ، وَاَلَّتِي بَدَأَت يَوْمَ السَّبْتِ 20مِنْ شَعْبَانَ 1415هـ- 21/1/1995م: قَدْ نَظَرَ فِي هَذَا الْمَوْضُوعِ، وَقَرَّر: أَنَّهُ لَا يَجُوزُ فِي الْمُضَارَبَةِ أَنْ يُحَدِّدَ الْمُضَارِبُ لِرَبِّ الْمَالِ مِقْدَارًا مُعَيَّنًا مِنَ الْمَالِ، لِأَنَّ هَذَا يَتَنَافَى مَعَ حَقِيقَةِ الْمُضَارَبَةِ، وَلِأَنَّهُ يَجْعَلُهَا قَرْضًا بِفَائِدَةٍ، وَلِأَنّ الرِّبْحَ قَدْ لَا يَزِيدُ عَلَى مَا جَعَلَ لِرَبِّ الْمَالِ فَيَسْتَأْثِرُ بِهِ كُلَّهُ، وَقَدْ تَخْسَرُ الْمُضَارَبَةُ، أَوْ يَكُونُ الرِّبْحُ أَقَلَّ مِمَّا جُعَلَ لِرَبِّ الْمَالِ، فَيَغْرَمُ الْمُضَارِبُ.

ഉദാ: ഒരാൾ ഒരു ലക്ഷം രൂപ നിക്ഷേപിച്ചു. കരാർ പ്രകാരം 2000 രൂപ പ്രതിമാസം നൽകേണ്ടി വരും. ഒരുലക്ഷത്തിന് വെറും 1000 രൂപ മാത്രമാണ് സംരംഭകന് ലാഭമായി ലഭിച്ചെതെങ്കിൽ പോലും അയാൾ നിക്ഷേപകന് 2000 നൽകാൻ ബാധ്യസ്ഥരാകുന്നു. ഇതിനർത്ഥം അയാൾ മറു കക്ഷിക്ക് 1000 സ്വന്തം പോക്കറ്റിൽ നിന്ന് എടുത്തു കൊടുക്കേണ്ടിവരുമെന്നാണ്. ഇവിടെ ആ നഷ്ടം അയാൾ സ്വയം വഹിക്കേണ്ടി വരുന്നു എന്നു എന്നു മാത്രമല്ല, താൻ അതുവരെ ചെയ്ത ജോലി വെറുതെയാവുകയും ചെയ്യുന്നു.

ഇനി ഒരു ലക്ഷം രൂപക്ക് 10000 രൂപ എന്ന നിരക്കിൽ സംരംഭകന് ലാഭമുണ്ടായി എന്ന് കരുതുക. നിക്ഷേപകന് 2000 മാത്രമേ ലഭിക്കുന്നുള്ളൂ. ലാഭത്തിൽ ഉണ്ടായ വർദ്ധനവിൽ നിക്ഷേപകന് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. ഇതും ഒരനീതിയാണ്. അതുകൊണ്ടാണ് എത്രയാണോ ലാഭം ലഭിക്കുന്നത് അതിൻറെ നിശ്ചിത ശതമാനം നിക്ഷേപകനും, നിശ്ചിത ശതമാനം സംരഭകനും എന്ന നിലക്കായിരിക്കണം ലാഭവിഹിതം ഓഹരി വെക്കപ്പെടേണ്ടത് എന്ന് ഇസ്‌ലാം നിഷ്കർഷിക്കുന്നത്. ഉദാ: ലാഭം 50% എന്ന തോതിൽ ഇരുവരും പങ്കിട്ടെടുക്കും എന്നാണ് വ്യവസ്ഥയെന്ന് കരുതുക. ഒരു ലക്ഷം രൂപക്ക് 1000 രൂപ ലാഭം ലഭിച്ചാൽ ഇരുവർക്കും 500 വീതം ലഭിക്കും. ഇനി 2000 രൂപയാണ് ലാഭം ലഭിച്ചത് എങ്കിൽ രണ്ടുപേർക്കും 1000 വീതവും, കൂടിയാൽ അത് പങ്കിടുന്നു, കുറഞ്ഞാൽ അതും പങ്കിടുന്നു.
ചുരുക്കിപ്പറഞ്ഞാൽ: ഒരാൾ തൻറെ മുതൽ ചോദ്യത്തിൽ പരാമർശിക്കപ്പെട്ടതുപോലുള്ള ഒരു സംരംഭത്തിൽ നിക്ഷേപിക്കുകയും, എന്തുതന്നെ സംഭവിച്ചാലും താൻ ആവശ്യപ്പെടുമ്പോൾ നിക്ഷേപിച്ച തുക തിരികെ നൽകണം എന്ന ഉപാധിയോടെയാണ് നൽകുന്നതെങ്കിൽ, ഇനി അദ്ദേഹം അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെങ്കിൽ പോലും അദ്ദേഹം നിക്ഷേപിക്കുന്ന കമ്പനി ആ പണം തിരികെ നൽകും എന്ന് ഉറപ്പ് കൊടുക്കുന്നുവെങ്കിൽ അതിന് ലാഭം എന്നല്ല മറ്റെന്തു പേരിട്ട് വിളിച്ചാലും അത് പലിശയാണ്, ആ സംഖ്യ എത്രയാണെങ്കിലും ശരി. കാരണം തിരിച്ച് കിട്ടും എന്ന ഉപാധിയോടെ നൽകുന്ന പണത്തിന് കടം എന്നാണു പറയുക, കടത്തിന്മേൽ ഉപാധിവെച്ചുകൊണ്ട് ലഭിക്കുന്ന ഏതൊരു ആനുകൂല്യവും പലിശയാണ് എന്നതാണ് സർവാംഗീകൃതമായ തത്വം.
« كُلُّ قَرْضٍ جَرَّ مَنْفَعَةً فَهُوَ وَجْهٌ مِنْ وُجُوهِ الرِّبَا ».-رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: 11252.
അതേസമയം സൗകര്യത്തിനുവേണ്ടി എല്ലാ മാസവും ലാഭവിഹിതമെന്ന നിലക്ക് ഒരു നിശ്ചിത തുക നൽകുകയും, അങ്ങനെ വർഷാവസാനം കണക്കുകൂട്ടി കൂടുതലോ കുറവോ എങ്കിൽ അതിനനുസരിച്ച് അങ്ങോട്ടോ ഇങ്ങോട്ടോ നൽകാമെന്ന വ്യവസ്ഥയിൽ ഇടപാടുകൾ നടത്തുന്നതിന് വിലക്കൊന്നുമില്ല, കാരണം അവിടെ ലാഭവിഹിതം ഒരു നിശ്ചിത സംഖ്യ എന്നു നിശ്ചയിക്കുന്നില്ല, പ്രത്യുത സൗകര്യത്തിനുവേണ്ടി അങ്ങനെ ചെയ്യുന്നുവെന്നുമാത്രം. യഥാർത്ഥ ലാഭം വർഷാവസാനം കൃത്യമായി കണക്കുകൂട്ടി ബന്ധപ്പെട്ടവർക്കു നൽകുന്നുമുണ്ട്. പക്ഷേ ലാഭം എന്ന നിലയ്ക്ക് വിതരണം ചെയ്ത പണം വർഷാവസാനം, ‘ നിങ്ങൾക്ക് അത്ര ലാഭമില്ല അതിനാൽ അത്രയും തുക തിരിച്ചു തരണം ‘ എന്നു പറഞ്ഞാൽ അതിൻറെ ലഭ്യതയും പ്രായോഗികതയും എത്രത്തോളമായിരിക്കും എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

പരിഹാരം:
താങ്കളുടെ മുമ്പിൽ രണ്ടാലൊരു മാർഗമാണുള്ളത്. ഒന്നുകിൽ ശറഈ ഉപാധികളനുസരിച്ച് കരാർ പുതുക്കിപ്പണിയുക. അതായത്, ലാഭമുണ്ടായാൽ അതിന്റെ എത്ര ശതമാനമായിരിക്കും നിങ്ങൾക്കു ലഭിക്കുക എന്നതിൽ തീരുമാനമാക്കുക. അങ്ങനെ ഉപാധി വെക്കുന്നതോടെ, ലാഭമാണോ, നഷ്ടമാണോ എന്ന് തുടങ്ങി സംരംഭത്തിന്റെ അവസ്ഥ, സമയാസമയം നിങ്ങൾക്കറിയാൻ പറ്റും. അക്കാര്യം അറിയാനും ഉറപ്പു വരുത്താനുമുള്ള സംവിധാനം ഉണ്ടാക്കുക. അപ്പോൾ കേവലം കടം കൊടുത്തയാളെപ്പോലെയാകാതെ, സംരംഭത്തിൽ പങ്കാളി എന്ന പരിവേഷം നിങ്ങൾക്ക് കൈവരും.

എന്നാൽ ഇങ്ങനെയൊരു സ്വവസ്ഥ ഇത്തരം സംരംഭകർ പൊതുവേ സ്വീകരിക്കാറില്ല. കാരണം അവർക്ക് ചുളുവിൽ പണം സ്വരൂപിച്ച് തങ്ങളുടെ ബിസിനസ് സംരംഭം വികസിപിച്ച് സ്വാർഥ ലാഭം നേടണം. ഭീമമായ പലിശക്ക് ബാങ്കു ലോണെടുത്ത് കിട്ടുന്ന ലാഭം മുഴുവൻ പലിശയൊടുക്കേണ്ട ഗതികേടിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല സൂത്രമാണ്, ഇങ്ങനെ ഷെയറാണെന്ന വ്യാജേന കാശ് ഒപ്പിക്കുക എന്നത്. യഥാർഥ ലാഭം ഇത്രയാണെന്ന കൃത്യമായ കണക്ക് കൊടുത്താൽ തതുല്ല്യമായ ലാഭവിഹിതവും നിക്ഷേപകർക്കെല്ലാം ആനുപാതികമായി കൊടുക്കേണ്ടിവരും. നല്ല ലാഭകരമായ സംരംഭമാണെങ്കിൽ വലിയ സംഖ്യ തന്നെ ലാഭമായി കൊടുക്കാനുണ്ടാവും. പക്ഷെ അങ്ങനെ കൊടുക്കാൻ ഇത്തരക്കാരെ മനസ്സു സമ്മതിക്കുകയില്ല.

രണ്ടാമത്തെ വഴി: നടേ പറഞ്ഞ വ്യവസ്ഥ അദ്ദേഹം അംഗീകരിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ, പിന്നെ ഒറ്റ മാർഗമേ നിങ്ങൾക്കു മുമ്പിലുള്ളൂ, നിങ്ങൾ മുടക്കിയ പത്തു ലക്ഷം എത്രയും പെട്ടെന്ന് പിൻവലിച്ച്, ഹറാമായ ഇടപാടുകൾക്ക് കൂട്ടു നിൽക്കാതിരിക്കുക.

ഇൽയാസ് മൗലവി
1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.

Recent Posts

Related Posts

error: Content is protected !!