ചോദ്യം: ഭാര്യക്ക് നമസ്‌കാരത്തിന്റെ അവസാനത്തില്‍ ഭര്‍ത്താവിന് വേണ്ടി പ്രാര്‍ഥിക്കാമോ?
ഉത്തരം: നമസ്‌കാരത്തിന്റെ അവസാനത്തില്‍ ഇത്തരത്തില്‍ പ്രാര്‍ഥന നടത്തുന്നതില്‍ പ്രശ്‌നമില്ലെന്നാണ് മാലിക്കീ മദ്ഹബും ശാഫിഈ മദ്ഹബും കാണുന്നത്. കുവൈത്തിലെ കര്‍മശാസ്ത്ര വിജ്ഞാനകോശത്തില്‍ വ്യക്തമാക്കുന്നത്- ഹനഫികളും ഹമ്പലികളും പറയുന്നു: ‘അവസാനത്തെ തശഹുദില്‍ പ്രവാചകന് സ്വാലാത് ചൊല്ലിയ ശേഷം ഖുര്‍ആനിലെയോ ഹദീസിലെയോ പദങ്ങള്‍കൊണ്ട് പ്രാര്‍ഥിക്കല്‍ അനുവദനീയമാണ്. സാധാരണ ആളുകള്‍ സംസാരിക്കാറുളള ശൈലിയില്‍ പ്രാര്‍ഥിക്കുന്നത് ശരിയല്ല. അഥവാ, അല്ലാഹുവെ എനിക്ക് നല്ലൊരു സ്ത്രീയെ വിവാഹം കഴിപ്പിച്ച് തരേണമേ, എനിക്ക് സ്വര്‍ണവും വെള്ളിയും സ്ഥാനവും നല്‍കേണമേ തുടങ്ങിയ രീതിയില്‍ പ്രാര്‍ഥിക്കാവതല്ല’. എന്നാല്‍ മാലിക്കീ മദ്ഹബും ശാഫിഈ മദ്ഹബും അഭിപ്രായപ്പെടുന്നത് തശഹുദിന് ശേഷം സലാം വീട്ടുന്നതിന് മുമ്പായി ഇഹത്തിലും പരത്തിലുമുളള നന്മകള്‍ തേടുന്നതില്‍ പ്രശ്‌നമൊന്നുമില്ല എന്നാണ്. പക്ഷേ, നിഷിദ്ധമായതോ അസംഭവ്യമായതോ ചോദിക്കാന്‍ പാടില്ല എന്ന നിബന്ധനയുണ്ട്. അപ്രകാരമാണ് പ്രാര്‍ഥിക്കുന്നതെങ്കില്‍ നമസ്‌കാരം വൃഥാവിലാകുന്നതാണ്(ബാത്വില്‍). ഏറ്റവും നല്ലത് മഅ്‌സൂറുകള്‍കൊണ്ട് (പ്രവാചകന്റെയും അനുചരന്മാരുടെയും പ്രാര്‍ഥന) പ്രാര്‍ഥിക്കുന്നതാണ്.
കടപ്പാട് :islamonline.net