ചോദ്യം- ‘ഇസ്‌ലാമികരാഷ്ട്രം അമുസ്‌ലിം പൗരന്മാരിൽനിന്ന് ജിസ്‌യ എന്ന മതനികുതി ഈടാക്കാറില്ലേ? അത് കടുത്ത വിവേചനവും അനീതിയുമല്ലേ?”
ഉത്തരം – ജിസ്‌യ മതനികുതിയല്ല. ആണെന്ന ധാരണ അബദ്ധമാണ്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട വിഷയമെന്ന നിലയിൽ ഇത് അൽപം വിശദീകരിക്കുന്നത് ഗുണകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുസ്‌ലിംകൾ തങ്ങളുടെ കാർഷികവരുമാനത്തിന്റെ പത്തു ശതമാനവും ഇതര സാമ്പത്തിക വരുമാനങ്ങളുടെ രണ്ടര ശതമാനവും പൊതു ഖജനാവിൽ അടക്കാൻ ബാധ്യസ്ഥരാണ്. ഇത് മതപരമായ ആരാധനാകർമം കൂടിയായതിനാൽ ഇതര മതവിഭാഗക്കാരുടെ മേൽ നിർബന്ധമാക്കാൻ നിർവാഹമില്ല. കാരണം അതവരുടെ മതസ്വാതന്ത്ര്യത്തിന്റെ നിഷേധമായിരിക്കും. അതിനാൽ സമൂഹത്തിൽ സാമ്പത്തിക സന്തുലിതത്വം നിലനിർത്താനായി അമുസ്‌ലിം പൗരന്മാരുടെ മേൽ ഇസ്‌ലാമിലെ മതചടങ്ങുകളുമായി ബന്ധമില്ലാത്ത മറ്റൊരു നികുതി ചുമത്തുകയാണുണ്ടായത്. അതാണ് ജിസ്‌യ. മുസ്‌ലിംകളിൽനിന്ന് രാഷ്ട്രം നിർബന്ധമായും പിരിച്ചെടുക്കുന്ന സകാത്തിനു പകരമുള്ള നികുതിയാണത്.
സമ്പത്തുള്ള മുസ്‌ലിംകളെല്ലാം സകാത്ത് നൽകാൻ ബാധ്യസ്ഥരാണ്. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും രോഗികളും ഉൾപ്പെടെ ആരും തന്നെ അതിൽനിന്ന് മുക്തരല്ല. എന്നാൽ അതിനെയപേക്ഷിച്ച് ജിസ്‌യയിൽ ഒട്ടേറെ ആനുകൂല്യങ്ങളും ഇളവുകളുമുണ്ട്. സ്ത്രീകൾ, കുട്ടികൾ, അന്ധന്മാർ, വൃദ്ധന്മാർ, ഭ്രാന്തന്മാർ, മാറാരോഗികൾ, മഠങ്ങളിലെ സന്യാസിമാർ, പുരോഹിതന്മാർ പോലുള്ളവരിൽനിന്നൊന്നും ജിസ്‌യ പിരിക്കുന്നതല്ല. അതിനാൽ ജിസ്‌യ അമുസ്‌ലിം പൗരന്മാരോടുള്ള വിവേചനമോ അനീതിയോ അല്ല. അവർക്ക് സാമ്പത്തികമായി ഇളവ് ലഭിക്കാനുള്ള ഉപാധിയാണ്.
ആരെങ്കിലും മുസ്‌ലിംകളെപ്പോലെ സകാത്ത് നൽകാൻ സ്വയം സന്നദ്ധമായി മുന്നോട്ടു വരികയാണെങ്കിൽ അവരെ ഇസ്‌ലാമിക രാഷ്ട്രം ജിസ്‌യയിൽനിന്ന് ഒഴിവാക്കുന്നതാണ്. ചരിത്രത്തിലിതിന് ഏറെ ഉദാഹരണങ്ങൾ കാണാം. ഒന്നിവിടെ ഉദ്ധരിക്കാം: സർ തോമസ് ആർണൾഡ് എഴുതുന്നു: ”അവരോട് (തഗ്‌ലിബ് ഗോത്രം) അമുസ്‌ലിം ഗോത്രങ്ങൾക്ക് നൽകുന്ന സംരക്ഷണത്തിനു പകരമായി ചുമത്തുന്ന കരം- ജിസ്‌യ- അടക്കാനും അദ്ദേഹം (ഉമറുൽ ഫാറൂഖ്) ആവശ്യപ്പെട്ടു. എന്നാൽ ജിസ്‌യ കൊടുക്കുന്നത് അപമാനമായി കരുതിയ തഗ്‌ലിബ് ഗോത്രം തങ്ങളെ മുസ്‌ലിംകളെപ്പോലെ നികുതി (സകാത്ത്) അടക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു. ഖലീഫ അതനുവദിക്കുകയും അവർ മുസ്‌ലിംകളെപ്പോലെ ജിസ്‌യയുടെ ഇരട്ടി വരുന്ന സംഖ്യ ഖജനാവിലേക്കടക്കുകയും ചെയ്തു” (ഇസ്‌ലാം പ്രബോധനവും പ്രചാരവും, പുറം 62).
ഇസ്‌ലാമികരാഷ്ട്രത്തിലെ മുഴുവൻ പൗരന്മാരെയും സംരക്ഷിക്കാൻ ഭരണകൂടം ബാധ്യസ്ഥമാണ്. അതിനാൽ മുസ്‌ലിംകളുടെ മാത്രമല്ല, അമുസ്‌ലിംകളുടെയും ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കാൻ നിർബന്ധ സൈനികസേവനം നിർവഹിക്കാൻ മുസ്‌ലിംകൾ ബാധ്യസ്ഥരായിരുന്നു. ഈ വിധം സംരക്ഷണം ഉറപ്പു നൽകുന്നതിനും പട്ടാളസേവനത്തിൽനിന്ന് ഒഴിവാക്കുന്നതിനും പകരമായാണ് അവരിൽനിന്ന് ജിസ്‌യ ഈടാക്കിയിരുന്നത്. സൈനികസേവനത്തിന് അക്കാലത്ത് ശമ്പളമുണ്ടായിരുന്നില്ലെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ. എപ്പോഴെങ്കിലും രാജ്യനിവാസികൾക്ക് സംരക്ഷണം നൽകാൻ ഭരണകൂടത്തിന് സാധിക്കാതെ വന്നാൽ ജിസ്‌യ തിരിച്ചുനൽകുക പതിവായിരുന്നു. അപ്രകാരം തന്നെ സൈനികസേവനത്തിന് സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്നവരെയും ജിസ്‌യയിൽനിന്ന് പൂർണമായും ഒഴിവാക്കിയിരുന്നു. സർ തോമസ് ആർണൾഡ് എഴുതുന്നു: ”ചിലർ നമ്മെ വിശ്വസിപ്പിക്കുവാൻ ശ്രമിക്കുന്നതുപോലെ മുസ്‌ലിം വിശ്വാസം സ്വീകരിക്കാൻ വിസമ്മതിച്ചതിന്റെ ശിക്ഷയായി ക്രൈസ്തവരുടെ മേൽ ചുമത്തപ്പെടുന്നതല്ല ഈ നികുതി. എല്ലാ അമുസ്‌ലിം പൗരന്മാരും അടക്കേണ്ടതായിരുന്നു അത്. മതപരമായ കാരണങ്ങളാൽ നിർബന്ധ സൈനിക സേവനത്തിൽനിന്ന് അവർ ഒഴിവാക്കപ്പെട്ടിരുന്നു. മുസ്‌ലിംകൾ നൽകിയിരുന്ന സംരക്ഷണത്തിന് പകരമായാണ് അവർ ജിസ്‌യ കൊടുക്കേണ്ടി വന്നത്….
”തുർക്കീ ഭരണകാലത്ത് സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ക്രിസ്ത്യാനികളും ജിസ്‌യയിൽനിന്ന് ഒഴിവാക്കപ്പെട്ടിരുന്നതായി കാണാം. കൊറിൻത് കരയിടുക്കിലേക്ക് നയിക്കുന്ന സിത്തിറോൺ, ഗറാനിയ ചുരങ്ങൾ കാക്കാൻ ഒരു സംഘം സായുധരെ നൽകാമെന്ന വ്യവസ്ഥയിൽ അൽബേനിയൻ ക്രൈസ്തവവർഗമായ മെഗാരികളെ തുർക്കികൾ ജിസ്‌യയിൽനിന്ന് ഒഴിവാക്കിയിരുന്നു. തുർക്കീ സൈന്യത്തിന്റെ മുമ്പേ പോയി നിരത്തുകളും പാലങ്ങളും നന്നാക്കിയിരുന്ന ക്രിസ്തീയ സംഘത്തിൽനിന്ന് ജിസ്‌യ ഈടാക്കിയിരുന്നില്ലെന്നു മാത്രമല്ല, കരം വാങ്ങാതെ അവർക്ക് ഭൂമി പതിച്ചുകൊടുക്കുകകൂടി ചെയ്തിരുന്നു. ഹൈസ്രയിലെ ക്രിസ്ത്യാനികൾ സുൽത്താന് ജിസ്‌യ നൽകിയിരുന്നില്ല. പകരമായി അവർ 250 ദൃഢഗാത്രരായ നാവികരെ തുർക്കിപ്പടക്കു നൽകി.
”ആർമത്തോളി എന്നു വിളിക്കപ്പെടുന്ന തെക്കൻ റുമാനിയക്കാരാണ് പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ തുർക്കി സൈന്യത്തിൽ മുഖ്യഘടകമായിരുന്നത്. സ്‌കൂട്ടാരിക്കു വടക്കുള്ള പർവതനിരകളിൽ വസിച്ചിരുന്ന മിർദികൾ എന്ന അൽബേനിയൻ കത്തോലിക്കർ കരത്തിൽനിന്നൊഴിവാക്കപ്പെട്ടിരുന്നു. യുദ്ധവേളയിൽ സായുധ സംഘത്തെ നൽകാമെന്നായിരുന്നു അവരുടെ പ്രതിജ്ഞ. അതേപോലെ ഗ്രീക്ക് ക്രിസ്ത്യാനികളെയും ജിസ്‌യയിൽനിന്നൊഴിവാക്കി. കോൺസ്റ്റാന്റിനോപ്പിളിലേക്ക് ശുദ്ധജലം കൊണ്ടുവന്നിരുന്ന കൽക്കുഴലുകൾ അവരായിരുന്നു സംരക്ഷിച്ചിരുന്നത്. നഗരത്തിലെ വെടിമരുന്നുശാലക്ക് കാവലിരുന്നവരേയും കരത്തിൽനിന്നൊഴിവാക്കിയിരുന്നു. എന്നാൽ, ഈജിപ്തിലെ ഗ്രാമീണ കർഷകർ സൈനികസേവനത്തിൽനിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ അവരുടെ മേൽ ക്രിസ്ത്യാനികളെപ്പോലെ കരം ചുമത്തുകയും ചെയ്തു.”(സർ തോമസ് ആർണൾഡ്, ഇസ്‌ലാം: പ്രബോധനവും പ്രചാരവും, പുറം 73-76).
നബിതിരുമേനിയുടെ കാലത്ത് മദീനയിലെ അമുസ്‌ലിം വിഭാഗങ്ങൾ രാഷ്ട്രത്തിന്റെ പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നതിനാൽ അവരിൽനിന്ന് ജിസ്‌യ ഈടാക്കിയിരുന്നില്ല.
ചുരുക്കത്തിൽ, പാശ്ചാത്യർ പ്രചരിപ്പിക്കുകയും അവരുടെ മെഗാഫോണുകളായി മാറിയ മറ്റുള്ളവർ ഏറ്റുപിടിക്കുകയും ചെയ്യുന്നതുപോലെ ജിസ്‌യ ഒരു മതനികുതിയല്ല. ഒരിക്കലും അങ്ങനെ ആയിരുന്നിട്ടുമില്ല. യഥാർഥത്തിലിത് യുദ്ധനികുതിയാണ്. കഴിവും കായികബലവും ഉണ്ടായിരുന്നിട്ടും സൈനികസേവനമനുഷ്ഠിക്കാൻ സന്നദ്ധമാവാതെ മാറിനിന്നവരാണ് അത് നൽകേണ്ടിവന്നിരുന്നത്. നിർബന്ധ സൈനിക സേവനം നിലനിന്നിരുന്ന ഘട്ടത്തിൽ അതിൽനിന്നൊഴിവാക്കുകയും അതോടൊപ്പം ശാരീരികവും സാമ്പത്തികവുമായ സുരക്ഷിതത്വം അനുഭവിക്കുകയും ചെയ്തിരുന്നതിന്റെ പ്രതിഫലമായിരുന്നു അത്. എന്നാൽ ഇസ്‌ലാമികരാഷ്ട്രത്തിലെ മുസ്‌ലിം പൗരന്മാർ നിർബന്ധ സൈനിക സേവനമനുഷ്ഠിച്ചാലും ഭരണകൂടത്തിനു സകാത്ത് നൽകാൻ ബാധ്യസ്ഥരാണ്. എക്കാലത്തും സകാത്ത് സംഖ്യ ജിസ്‌യയേക്കാൾ വളരെ കൂടുതലായിരുന്നുവെന്ന വസ്തുത വിസ്മരിക്കാവതല്ല. അമുസ്‌ലിം പൗരന്മാർ സകാത്ത് നൽകുകയോ സൈനികസേവനമനുഷ്ഠിക്കാൻ സന്നദ്ധമാവുകയോ ചെയ്തപ്പോഴെല്ലാം അവരെ ജിസ്‌യയിൽനിന്നൊഴിവാക്കിയിരുന്നു. സൈനികവൃത്തി വേതനമുള്ള തൊഴിലായി മാറിയ ഇക്കാലത്തും ഇസ്‌ലാമിക രാഷ്ട്രം അമുസ്‌ലിം പൗരന്മാരുടെ മേൽ ജിസ്‌യ ചുമത്തുന്നതല്ല. അതിനാൽ മതന്യൂനപക്ഷങ്ങൾ ഇസ്‌ലാമികരാഷ്ട്രത്തിൽ ഒരുവിധ വിവേചനവും അനുഭവിക്കുകയില്ലെന്നു മാത്രമല്ല, സകാത്തിൽനിന്ന് ഒഴിവാക്കപ്പെടുന്നതിനാൽ മുസ്‌ലിംകളേക്കാൾ സാമ്പത്തിക സൗകര്യവും ആനുകൂല്യവും അനുഭവിക്കുകയും ചെയ്യുന്നു.