മറുപടി : ആര്‍ത്തവകാരിയും നിഫാസുകാരിയും ഈ കാലയളവ് കഴിഞ്ഞു ശുദ്ധിയാകുന്നതു വരെ അശുദ്ധിക്കാരാണ്. അവരുടെ നമസ്‌കാരവും നോമ്പുമൊന്നും സ്വീകരിക്കുകയില്ല. ഖുര്‍ആന്‍ പാരായണം, പള്ളിയില്‍ താമസിക്കല്‍ എന്നിവ വലിയ അശുദ്ധി ഉള്ളവര്‍ക്ക് ശുദ്ധിയാകുന്നതു വരെ അനുവദനീയമല്ല എന്നത് സുവിദിതമാണ്. അതനുസരിച്ച് ആര്‍ത്തവക്കാരിക്ക് ഈ കാലയളവില്‍ നമസ്‌കാരവും നോമ്പും അനുവദനീയമല്ലാത്തതു പോലെ വിശുദ്ധ ഖുര്‍ആന്‍ (നോക്കിയോ അല്ലാതെയോ) പാരായണം ചെയ്യല്‍ അനുവദനീയമല്ല എന്നു മനസ്സിലാക്കാം.
എന്നാല്‍ അവള്‍ക്ക് കൂടുതല്‍ പ്രയാസമുണ്ടാകുകയാണെങ്കില്‍ മറയോടു കൂടി ഖുര്‍ആന്‍ പാരായണം ചെയ്യല്‍ അനുവദനീയമാണ് എന്ന് ചില പണ്ഡിതന്മാര്‍ ഫതവ നല്‍കിയിട്ടുണ്ട്. എന്നാല്‍ നമസ്‌കാരം നോമ്പ് തുടങ്ങിയ നിര്‍ബന്ധ ബാധ്യതകള്‍ തന്നെ അനുവദനീയമല്ലാത്ത സന്ദര്‍ഭത്തില്‍ പിന്നെ എങ്ങനെയാണ് ഖുര്‍ആന്‍ പാരായണം ഈ കാലയളവില്‍ അനുവദനീയമാകുക എന്ന ചോദ്യം ഉയരുന്നുണ്ട്. മാത്രമല്ല, പ്രവാചകന്‍ (സ) വലിയ ജനാബത്തുകാരന്(വലിയ അശുദ്ധിയുള്ളവന്) കുളിച്ചു ശുദ്ധിയാകുന്നതു വരെ ഖുര്‍ആന്‍ പാരായണം നിരോധിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. ഈ കാരണങ്ങള്‍ ആര്‍ത്തവക്കാരിയിലും ഉണ്ടായിരിക്കെ ഖുര്‍ആന്‍ പാരായണം എങ്ങനെ അനുവദനീയമാകും.
ഖുര്‍ആന്‍ പാരായണം ഒരു ഇബാദത്താണ്. ശുദ്ധിയില്ലാതെ മുസ്ഹഫ് സ്പര്‍ശിക്കരുതെന്നത് ഖുര്‍ആനിന്റെ അധ്യാപനമാണ്. ആര്‍ത്തവ കാലത്തും നിഫാസ് കാലത്തും സ്ത്രീകള്‍ അശുദ്ധിയിലാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ‘ആര്‍ത്തവത്തെ സംബന്ധിച്ചും അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അത് മാലിന്യമാണ്. അതിനാല്‍ ആര്‍ത്തവ വേളയില്‍ നിങ്ങള്‍ സ്ത്രീകളില്‍നിന്നകന്നുനില്‍ക്കുക. ശുദ്ധിയാകുംവരെ അവരെ സമീപിക്കരുത്’ (അല്‍ബഖറ 222). നമസ്‌കാരവും നോമ്പും ഖുര്‍ആന്‍ പാരായണത്തേക്കാള്‍ ശ്രേഷടതയുള്ള ഇബാദത്താണ്. അശുദ്ധിയുടെ കാലം എത്ര നീണ്ടാലും അവ നിര്‍വഹിക്കല്‍ അനുവദനീയമല്ലാത്തതു പോലെ തന്നെ ഖുര്‍ആന്‍ പാരായണവും ഈ കാലയളവില്‍ അനുവദനീയമല്ല. ഖുര്‍ആന്‍ മറന്നുപോകും എന്നത് പോലുള്ള ലളിതമായ ന്യായങ്ങള്‍ കൊണ്ട് പ്രാമാണികമായി അത് അനുവദനീയമാക്കാന്‍ പറ്റുകയില്ല.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്