ചോദ്യം: ഞാനിപ്പോള്‍ ഗര്‍ഭിണിയാണ്. ഗര്‍ഭത്തിന്നു മുമ്പ് തന്നെ സൂറത് മുഹമ്മദ് ഓതിക്കൊണ്ടിരിക്കുന്നുണ്ട്. ഒരാണ്‍കുട്ടിയുണ്ടാകാന്‍ കൂടിയാണത്. ഗര്‍ഭാവസ്ഥയില്‍ സൂറത് മുഹമ്മദ് ഓതിയാല്‍, കുട്ടി ആണായിരിക്കുമെന്നും അതിന്നു മുഹമ്മദ് എന്ന് നാമകരണം ചെയ്യണമെന്നും ചിലര്‍ പറഞ്ഞതാണ് കാരണം. പക്ഷെ, മുഹമ്മദ് എന്ന പേര്‍ ഭര്‍തൃവീട്ടുകാര്‍ നിലനിറുത്തുമോ എന്ന് ഞാനിപ്പോള്‍ ഭയപ്പെടുകയാണ്. അങ്ങനെ നാമകരണം ചെയ്തില്ലെങ്കില്‍ കുട്ടിക്ക് വല്ലതും ബാധിക്കുമോ? അതിന്നു വല്ല പ്രായശ്ചിത്തവും ചെയ്യേണ്ടതുണ്ടോ?
മറുപടി: ഗര്‍ഭവേളയില്‍ സൂറത് മുഹമ്മദ് പാരായണം ചെയ്താല്‍ ആണ്‍കുട്ടി ജനിക്കുമെന്നും, ആ കുട്ടിക്ക് മുഹമ്മദ് എന്ന് നാമകരണം ചെയ്യണമെന്നുമുള്ള വിശ്വാസം, ശരീഅത്തില്‍ അടിസ്ഥാനമില്ലാത്തതാണ്. എന്നാല്‍, മുഹമ്മദ് ഏറ്റവും നല്ല നാമങ്ങളില്‍ പെട്ടതാണെന്നതില്‍ സംശയമില്ല. അല്ലാഹു നിങ്ങള്‍ക്ക് ഒരാണ്‍കുട്ടിയെ തരികയാണെങ്കില്‍, ആ പേരിടാം. അല്ലെങ്കില്‍, മറ്റേതെങ്കിലും നല്ല പേരിടാം. മുഹമ്മദ് എന്ന് നാമകരണം ചെയ്തില്ലെങ്കില്‍, ദൈവേച്ഛയാല്‍, കുട്ടിക്ക് യാതൊരു ഹാനിയുമുണ്ടാവുകയില്ല. പ്രായശ്ചിത്തത്തെ കുറിച്ച് പ്രമാണങ്ങളില്‍ യാതൊരു പ്രസ്താവവുമില്ല.
എന്നാല്‍, കുട്ടിക്ക് നാമകരണം ചെയ്യുന്നത് പിതാവിന്റെ അവകാശമാണെന്നത് ശ്രദ്ധേയമാണ്. ‘തുഹ്ഫതുല്‍ വദൂദ് ഫീ അഹ്കാമില്‍ മൗലൂദ്’ എന്ന കൃതിയില്‍, ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ‘കുട്ടിക്ക് നാമകരണം ചെയ്യുന്നത് പിതാവിന്റെ അവകാശമാണ്, മാതാവിന്റേതല്ല. ഇക്കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. നാമകരണം സംബന്ധിച്ച് മാതാപിതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍, നാമകരണത്തിന്റെ അവകാശം പിതാവിനായിരിക്കും.’ എന്നാല്‍, ഒരു പേരില്‍ ഇരുവരും യോജിപ്പിലെത്തിയാല്‍ അതായിരിക്കും ഉത്തമം.
അവലംബം: islamweb
വിവ: കെ.എ. ഖാദര്‍ ഫൈസി