Friday, March 29, 2024
Homeഖു‌‍ർആൻമരണപ്പെട്ടവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം

മരണപ്പെട്ടവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം

മരിച്ചവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം നടത്തുന്നതിന്റെ വിധി എന്താണ്?
മറുപടി: മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത് പ്രവാചകന്റെയും(സ) അനുചരന്‍മാരുടെയും ചര്യയില്‍ പെട്ടതായിരുന്നുവെന്ന് ആധികാരിക റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നമുക്ക് മുമ്പേ മിരിച്ചു പോയ മുഴുവന്‍ വിശ്വാസികള്‍ക്കും വേണ്ടി പ്രാര്‍ഥിക്കാന്‍ ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നുണ്ട്. എന്നാല്‍ മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് പ്രതിഫലം ലഭിക്കുന്നതിനായി ഖുര്‍ആന്‍ പാരായണം നടത്തുന്ന രീതി പ്രവാചകന്റെയോ സഹാബികളുടെയോ ചര്യയില്‍ ഉള്ളതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

മരണപ്പെട്ട മാതാപിതാക്കള്‍ക്ക് വേണ്ടി ഹജ്ജും ദാനധര്‍മങ്ങളും ചെയ്യുന്നതിനെ കുറിച്ച് ചിലര്‍ ചോദിച്ചപ്പോള്‍ അതിന് അവര്‍ക്ക് അനുവാദം നല്‍കുന്ന മറുപടിയാണ് നബി(സ) നല്‍കിയിട്ടുള്ളത്. മരണപ്പെട്ട മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി ഹജ്ജോ ദാനധര്‍മങ്ങളോ നിര്‍വഹിക്കുന്നത് അദ്ദേഹം തടഞ്ഞില്ലെന്ന് ചുരുക്കം.

ഇക്കാര്യത്തിലുള്ള പ്രവാചകന്റെ(സ) അനുവാദം ഹജ്ജിലും ദാനധര്‍മങ്ങളിലും പരിമിതപ്പെടുന്നതാണോ, അതല്ല ഖുര്‍ആന്‍ പാരായണം പോലുള്ള ആരാധനാ കാര്യങ്ങള്‍ക്കും ബാധകമാണോ എന്നതില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഹജ്ജിലും ദാനധര്‍മത്തിലും മാത്രമാണ് പ്രസ്തുത അനുവാദമെന്നും ഖുര്‍ആന്‍ പാരായണം പോലുള്ള കര്‍മങ്ങള്‍ക്കത് ബാധകമല്ലെന്നും ഒരു പക്ഷം അഭിപ്രായപ്പെടുന്നു. എന്നാല്‍ പ്രവാചകന്‍ നല്‍കിയിട്ടുള്ള ഈ അനുവാദത്തില്‍ നിന്ന് ഖുര്‍ആന്‍ പാരായണത്തെ ഒഴിവാക്കാന്‍ ന്യായമില്ലെന്നാണ് മറുപക്ഷത്തിന്റെ കാഴ്ച്ചപ്പാട്. അതനുസരിച്ച്, ഒരാള്‍ക്ക് ഖുര്‍ആന്‍ പരായണം ചെയ്ത് അതിന്റെ പ്രതിഫലം മരണപ്പെട്ട മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ എത്തിക്കാന്‍ അവന് പ്രാര്‍ഥിക്കാവുന്നതാണ്. അതേസമയം ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന് പണം കൊടുത്ത് ആളെ വെക്കുന്നതും മരണാനന്തരമുള്ള ഏതെങ്കിലും പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ച് ഖുര്‍ആന്‍ പാരായണ ചടങ്ങുകള്‍ സംഘടിപ്പിപ്പിക്കുന്നതും നിഷിദ്ധമാണെന്നും അതനുവദനീയമാണെന്ന് അഭിപ്രായമുള്ള പണ്ഡിതന്‍മാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് ബിദ്അത്താണെന്നും അവര്‍ വ്യക്തമാക്കുന്നു.

ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം മരണപ്പെട്ട തന്റെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ നല്‍കാന്‍ പ്രാര്‍ഥിക്കുന്നത് അനുവദനീയമാണെന്ന് ഇബ്‌നു തൈമിയയെ പോലുള്ള പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രാര്‍ഥനയില്‍ പരിമിതപ്പെടുത്തുന്നതാണ് പ്രവാചകന്റെയും അനുചരന്‍മാരുടെയും ചര്യയെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു.

വിവ: നസീഫ്‌

Recent Posts

Related Posts

error: Content is protected !!