Friday, July 19, 2024
Homeഖു‌‍ർആൻഖുർആൻ വാക്യങ്ങളിൽ വൈരുധ്യമോ?

ഖുർആൻ വാക്യങ്ങളിൽ വൈരുധ്യമോ?

ചോദ്യം- ”കാര്യങ്ങളെല്ലാം നടക്കുക ദൈവവിധിയനുസരിച്ചാണെന്ന് കാണിക്കുന്ന കുറേ ഖുർആൻ വാക്യങ്ങളും മനുഷ്യകർമങ്ങൾക്കനുസൃതമായ ഫലമാണുണ്ടാവുകയെന്ന് വ്യക്തമാക്കുന്ന നിരവധി വചനങ്ങൾ ഖുർആനിലുണ്ടല്ലോ. വിധിവിശ്വാസത്തെ സംബന്ധിച്ച ഖുർആൻ വാക്യങ്ങളിൽ പരസ്പര വൈരുധ്യമുണ്ടെന്നല്ലേ ഇത് തെളിയിക്കുന്നത്?”

ഉത്തരം- വിധിവിശ്വാസത്തെ സംബന്ധിച്ച വിശുദ്ധ ഖുർആൻ വചനങ്ങളിൽ ഒരുവിധ വൈരുധ്യവുമില്ല. മാത്രമല്ല, അവ പരസ്പരം വ്യാഖ്യാനിക്കുന്നവയും വിശദീകരിക്കുന്നവയുമാണ്. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം.

നല്ല നിലയിൽ ഉയർന്ന നിലവാരത്തോടെ അച്ചടക്കപൂർണമായി നടത്തപ്പെടുന്ന ഒരു മാതൃകാവിദ്യാലയം. സമർഥനായ പ്രധാനാധ്യാപകൻ. ആത്മാർഥതയുള്ള സഹപ്രവർത്തകർ. യോഗ്യരായ വിദ്യാർഥികൾ. കുട്ടികളുടെ കാര്യം ജാഗ്രതയോടെ ശ്രദ്ധിക്കുന്ന രക്ഷിതാക്കൾ. അങ്ങനെ എല്ലാവരും വിദ്യാലയത്തിന്റെ നന്മയിലും ഉയർച്ചയിലും നിർണായകമായ പങ്കുവഹിക്കുന്നു. സ്ഥാപനം നന്നാവുകയെന്ന സംഭവത്തിനു പിന്നിൽ ഒന്നിലേറെ കാരണങ്ങളും നിരവധി ഘടകങ്ങളുമുണ്ടെന്നർഥം. ഇത്തരമൊരവസ്ഥയിൽ വിദ്യാലയം മാതൃകായോഗ്യമാകാൻ കാരണം പ്രധാനാധ്യാപകനാണെന്നു പറയാം. അധ്യാപകരാണെന്നും വിദ്യാർഥികളാണെന്നും രക്ഷിതാക്കളാണെന്നുമൊക്കെ പറയാം. ഇതിലേതു പറഞ്ഞാലും കളവാകില്ല. ഒരിക്കലൊന്നും മറ്റൊരിക്കലൊന്നും പറഞ്ഞാൽ പരസ്പര വിരുദ്ധവുമാവുകയില്ല. ആവശ്യാനുസൃതം ഓരോ കാരണവും എടുത്തു കാണിക്കുകയാണെങ്കിൽ സന്ദർഭാനുസൃതമായ സത്യപ്രസ്താവം മാത്രമേ ആവുകയുള്ളൂ. എന്നാൽ ഇതിൽ ഏതെങ്കിലും ഒരു ഘടകം മാത്രമാണ് സംഭവത്തിനു പിന്നിലെന്ന് വിശ്വസിക്കുന്നവരോട് അത് നിഷേധിക്കേണ്ടിയും വരും.

മനുഷ്യകർമങ്ങളുടെ സ്ഥിതിയും ഈവിധം തന്നെ. ഒരാൾ നടന്നുപോകവെ വഴിയിലൊരു വൃദ്ധൻ വീണുകിടക്കുന്നത് കാണാനിടയാകുന്നു. അയാൾക്ക് വേണമെങ്കിൽ വൃദ്ധനെ കാണാത്തവിധം നടന്നുനീങ്ങാം. അങ്ങനെ ചെയ്യാതെ, അയാൾ വൃദ്ധനെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുമ്പോൾ തന്നെ വ്യത്യസ്തമായ ഉദ്ദേശ്യത്തോടെ അത് നിർവഹിക്കാവുന്നതാണ്. വൃദ്ധന്റെയോ അയാളുടെ ബന്ധുക്കളുടെയോ നന്ദിയും പ്രത്യുപകാരവും പ്രതിഫലവും പ്രതീക്ഷിക്കാം. അത്തരമൊന്നുമാഗ്രഹിക്കാതെ വൃദ്ധനോടുള്ള സ്‌നേഹ-കാരുണ്യ- വാത്സല്യ-ഗുണകാംക്ഷാ വികാരത്തോടെയും അതു ചെയ്യാം. അപ്പോൾ ഈ സംഭവത്തിൽ മനുഷ്യന്റെ ഭാഗത്തുനിന്ന് അയാളെടുക്കുന്ന തീരുമാനത്തിനും അതിന്റെ പിന്നിലെ ഉദ്ദേശ്യത്തിനും തുടർന്നുള്ള പ്രവർത്തനത്തിനുമെല്ലാം അനൽപമായ പങ്കുണ്ട്. അതിനാൽ വൃദ്ധനെ ആശുപത്രിയിലെത്തിച്ചതും ശുശ്രൂഷിച്ചതും ആ മനുഷ്യനാണെന്ന് പറയുന്നതിൽ തെറ്റോ അസാംഗത്യമോ ഇല്ല. അതേസമയം, വൃദ്ധനെ താങ്ങിയെടുക്കാനുപയോഗിച്ച കൈകളും ശരീരവും ആരോഗ്യവും കഴിവും കരുത്തുമൊക്കെ നൽകിയത് ദൈവമാണ്. വൃദ്ധനോട് അലിവ് തോന്നുകയും ശുശ്രൂഷിക്കാൻ തീരുമാനമെടുക്കുകയും ചെയ്ത മനസ്സും ദൈവത്തിന്റെ ദാനം തന്നെ. അതിനാൽ ദൈവമാണ് വൃദ്ധനെ രക്ഷിച്ചതെന്ന പ്രസ്താവവും സത്യനിഷ്ഠവും വസ്തുതാപരവുമത്രെ. അപ്പോൾ ഇത്തരം സംഭവങ്ങളെ മനുഷ്യനോട് ചേർത്തുപറയാം, ദൈവത്തോട് ചേർത്തു പറയാം; മനുഷ്യനോടും ദൈവത്തോടും ഒരേസമയം ചേർത്തു പറയാം. അപ്രകാരം തന്നെ മനുഷ്യകർമം മാത്രമാണെന്ന് ധരിക്കുന്നവരോട് അതിനെ നിഷേധിക്കാം. ദൈവത്തിന്റെ പങ്ക് ഊന്നിപ്പറയാം. ഈ രീതികളെല്ലാം ഖുർആൻ സ്വീകരിച്ചിട്ടുണ്ട്. മനസ്സിന്റെ തീരുമാനത്തിലും ഉദ്ദേശ്യത്തിലും മനുഷ്യന്റെ പങ്ക് എത്രയെന്ന് ലോകത്ത് ആർക്കും അറിയുകയില്ല. മനുഷ്യന്റെ ഗ്രാഹ്യവരുതിക്ക് അതീതമായതിനാൽ ദൈവം വിശദമായി പറഞ്ഞുതന്നിട്ടുമില്ല.

സംഭവങ്ങളെയും കർമങ്ങളെയും അവയ്ക്കു പിന്നിലെ തീരുമാനങ്ങളെയും വിശുദ്ധ ഖുർആൻ ദൈവവുമായും മനുഷ്യനുമായും ബന്ധപ്പെടുത്തിയതായി കാണാം. കപടവിശ്വാസികൾ സ്വീകരിച്ചിരുന്ന സമീപനം തിരുത്തി ഖുർആൻ പറയുന്നു: ”അവർക്ക് വല്ല നേട്ടവും കിട്ടിയാൽ അത് ദൈവത്തിങ്കൽനിന്നാണെന്ന് അവർ പറയും. വല്ല വിപത്തും ബാധിച്ചാലോ, നിന്നെ കുറ്റപ്പെടുത്തുകയും ചെയ്യും. പറയുക: എല്ലാം ദൈവത്തിങ്കൽ നിന്നുതന്നെ. ഇവർക്കെന്തു പറ്റി? ഇവർ ഗ്രഹിക്കുന്നില്ലല്ലോ”(ഖുർആൻ 4: 78).

നന്മയും തിന്മയും ദൈവത്തിങ്കൽ നിന്നാണെന്ന് വ്യക്തമാക്കുന്ന ഖുർആൻ ഇവിടെ കപടവിശ്വാസിയുടെ തെറ്റായ സമീപനത്തിന് കാരണക്കാർ അവർ തന്നെയാണെന്ന് പറയുകയും അതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ശരിയായ സമീപനം സ്വീകരിക്കാൻ സാധ്യതയുണ്ടായിട്ടും മറിച്ചൊരു നിലപാട് അവലംബിച്ചതിനാലാണ് ഖുർആൻ അവരെ ആക്ഷേപിക്കുന്നത്.
ഗുണദോഷങ്ങളിൽ മനുഷ്യകർമം പോലെ ദൈവവിധിക്കും പങ്കുള്ളതിനാൽ അതിന്റെ കാരണത്തെ സ്രഷ്ടാവിലേക്ക് ചേർത്തുപറയുന്ന സമീപനം സ്വീകരിച്ചതിന് ഖുർആനിൽ നിരവധി ഉദാഹരണങ്ങൾ കാണാം.

”അല്ലാഹു നിനക്ക് വല്ല ദോഷവും വരുത്തുകയാണെങ്കിൽ അത് പരിഹരിക്കാൻ അവനല്ലാതെ മറ്റാർക്കും സാധ്യമല്ല. അഥവാ, അവൻ നിനക്ക് വല്ല ദോഷവും വരുത്തുകയാണെങ്കിൽ എല്ലാറ്റിനും കഴിവുള്ളവനത്രെ അവൻ”(6:17). ”അല്ലാഹു താനിഛിക്കുന്നവരെ സന്മാർഗത്തിലാക്കുന്നു. താനിഛിക്കുന്നവരെ ദുർമാർഗത്തിലാക്കുന്നു. പ്രതാപശാലിയും യുക്തിജ്ഞനുമത്രെ അവൻ”(14: 4).

അതോടൊപ്പം സന്മാർഗ-ദുർമാർഗ പ്രാപ്തിയിൽ മനുഷ്യന്റെ പങ്കും ഖുർആൻ ഊന്നിപ്പറയുന്നു: ”ആർ അണുമണിത്തൂക്കം നന്മ ചെയ്യുന്നുവോ അവൻ അത് കണ്ടെത്തുകതന്നെ ചെയ്യും. ആർ അണുമണിത്തൂക്കം തിന്മ ചെയ്യുന്നുവോ അവൻ അതും കണ്ടെത്തും”(99: 7,8). ”ഒരുത്തനും മറ്റൊരുത്തന്റെ ഭാരം ചുമക്കുന്നില്ല. മനുഷ്യന് അവൻ പ്രവർത്തിച്ചതല്ലാതെ ഇല്ല” (53: 38). ”അല്ലാഹു ആരെയും അവന്റെ കഴിവിനതീതമായതിന് കൽപിക്കുകയില്ല. ഓരോരുത്തർക്കും അവർ പ്രവർത്തിച്ചതിനുള്ള പ്രതിഫലവും ശിക്ഷയുമാണുണ്ടാവുക”(2: 286). ”നിനക്ക് വല്ല ദോഷവും ബാധിച്ചിട്ടുണ്ടെങ്കിൽ അത് നിന്റെ ഭാഗത്തുനിന്നു തന്നെയുള്ളതാണ്”(4: 79). ”എന്നാൽ വിശ്വസിക്കുകയും സൽക്കർമങ്ങളനുഷ്ഠിക്കുകയും ചെയ്തവർക്ക് അവരുടെ പ്രതിഫലം പൂർണമായി ലഭിക്കുന്നതാണ്. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല”(3: 57). ”അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങൾ കളവാക്കുകയും ചെയ്തവരാരോ അവരത്രെ നരകാവകാശികൾ. അവരതിൽ നിത്യവാസികളത്രെ”(2: 39). ”സത്യനിഷേധികളേ, ഇന്ന് നിങ്ങൾ ഒഴികഴിവ് ബോധിപ്പിക്കേണ്ട. നിങ്ങൾ പ്രവർത്തിച്ചതിന്റെ ഫലം തന്നെയാണ് നിങ്ങളിന്ന് അനുഭവിക്കുന്നത്”(66: 7).

നന്മ-തിന്മകളിൽ മനുഷ്യന്റെ പങ്കും ദൈവവിധിയും എവ്വിധം ബന്ധപ്പെടുന്നുവെന്നും ഖുർആൻ വ്യക്തമാക്കുന്നു: ”പറയുക: ദൈവം ഇഛിക്കുന്നവരെ അവൻ ദുർമാർഗത്തിലാക്കുകയും തന്നിലേക്ക് ഖേദിച്ചു മടങ്ങുന്നവരെ സന്മാർഗത്തിലാക്കുകയും ചെയ്യുന്നു”(13: 27). ”സന്മാർഗം സ്പഷ്ടമായിക്കഴിഞ്ഞശേഷവും ആരെങ്കിലും ദൈവദൂതനെ ധിക്കരിക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത മാർഗം പിന്തുടരുകയുമാണെങ്കിൽ അവൻ സ്വയം തിരിഞ്ഞുകളഞ്ഞ ഭാഗത്തേക്കു തന്നെ നാം അവനെ തിരിക്കുന്നതാണ്”(4: 115).

ചുരുക്കത്തിൽ, കർമങ്ങളുടെ ഫലത്തെ സംബന്ധിച്ച് മനസ്സിലാക്കാൻ സാധിക്കുന്ന മനുഷ്യന് ചിന്തിക്കാനും തീരുമാനിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും സ്വാതന്ത്ര്യം നൽകപ്പെട്ടിരിക്കുന്നു. എന്നാൽ ഈ സ്വാതന്ത്ര്യം അപരിമിതമോ അനിയന്ത്രിതമോ അല്ല. ദൈവേഛയ്ക്കും വിധിക്കും വിധേയമാണ്. ഈ പരിമിതിയുടെ പരിധിക്കുള്ളിൽ നൽകപ്പെട്ട സ്വാതന്ത്ര്യത്തിന്റെ തോതനുസരിച്ച ബാധ്യത മാത്രമേ മനുഷ്യന്റെ മേൽ ചുമത്തപ്പെട്ടിട്ടുള്ളൂ. ആ ബാധ്യതയുടെ നിർവഹണവും ലംഘനവുമാണ് ജീവിതത്തിന്റെ ജയാപജയങ്ങളും സ്വർഗ-നരകങ്ങളും തീരുമാനിക്കുക. അതിനാൽ കഴിവിനതീതമായ ഒന്നിനും അല്ലാഹു ആരെയും നിർബന്ധിക്കുന്നില്ല. ആരോടും അനീതി കാണിക്കുന്നുമില്ല. വിധിയുടെയും മനുഷ്യസ്വാതന്ത്ര്യത്തിന്റെയും അവസ്ഥയും അവയ്ക്കിടയിലെ ബന്ധവും മനുഷ്യന് മനസ്സിലാക്കാൻ സാധിക്കുംവിധം വിവരിക്കുന്ന വിശുദ്ധ ഖുർആൻ വാക്യങ്ങളിൽ ഒട്ടും വൈരുധ്യവുമില്ല.

ദൈവവിധിയുടെയും മനുഷ്യ സ്വാതന്ത്ര്യത്തിന്റെയും അവസ്ഥയെ സംബന്ധിച്ച ഇസ്‌ലാമിക വീക്ഷണം യഥാവിധി അനാവരണം ചെയ്യുന്ന ഒരു സംഭവം രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖിന്റെ കാലത്ത് നടക്കുകയുണ്ടായി. ഫലസ്ത്വീനിൽ പ്ലേഗ് ബാധിച്ചു. ഏറെ കഴിയും മുമ്പേ അത് സിറിയയിലേക്കും പടർന്നുപിടിച്ചു. അതിവേഗം ആളിപ്പടർന്ന രോഗം അത് സ്പർശിക്കുന്നവരെയെല്ലാം കൊന്നൊടുക്കി. മരുന്നും ചികിത്സയുമൊന്നും ഫലിച്ചില്ല. ഒരൊറ്റ മാസത്തിനകം പതിനയ്യായിരം പേർ മരിച്ചു. ഈ വിപത്തിനെ സംബന്ധിച്ച് വിവരമറിഞ്ഞ ഉമറുൽ ഫാറൂഖ് ഒരു സംഘം സൈനികരോടൊപ്പം സിറിയയിലേക്ക് പുറപ്പെട്ടു. വഴിമധ്യേ തന്റെ അടുത്ത അനുയായികളുമായി, എന്തു ചെയ്യണമെന്ന് കൂടിയാലോചിച്ചു. അനന്തര നടപടികൾക്ക് നിർദേശം നൽകിയശേഷം, രോഗബാധിത പ്രദേശത്തേക്ക് പോകേണ്ടതില്ലെന്ന് തീരുമാനിച്ചു. പകർച്ചവ്യാധി ബാധിച്ചേടത്തേക്കുള്ള യാത്ര അപകടം വരുത്തിയേക്കുമെന്നതിനാൽ എല്ലാവരും തടസ്സം നിൽക്കുകയായിരുന്നു. വിവരമറിഞ്ഞ അബൂ ഉബൈദ ഖലീഫയോട് രോഷത്തോടെ ചോദിച്ചു: ”ദൈവവിധിയിൽ നിന്ന് ഓടിപ്പോകയോ?” ആ സേനാനായകന്റെ അന്തർഗതം വായിച്ചറിഞ്ഞ ഉമറുൽ ഫാറൂഖ് പറഞ്ഞു: ”അതെ, ഒരു ദൈവവിധിയിൽ നിന്ന് മറ്റൊരു ദൈവവിധിയിലേക്ക്.” അൽപസമയത്തെ മൗനത്തിനുശേഷം അദ്ദേഹം തുടർന്നു: ”ഒരാൾ ഒരു സ്ഥലത്ത് ചെന്നിറങ്ങി. അവിടെ അയാൾക്ക് രണ്ടു താഴ്‌വരകളുണ്ട്. ഫലസമൃദ്ധമായതും അല്ലാത്തതും. ഫലസമൃദ്ധമായത് സംരക്ഷിക്കുന്നവനും അല്ലാഹുവിന്റെ വിധിയനുസരിച്ചല്ലേ പ്രവർത്തിക്കുന്നത്? അല്ലാത്തത് നോക്കി നടത്തുന്നവനും അല്ലാഹുവിന്റെ വിധിയനുസരിക്കുകയല്ലേ ചെയ്യുന്നത്?”

ഇസ്‌ലാമിലെ വിധിവിശ്വാസം വിപത്തുകളുടെയും വിനാശത്തിന്റെയും താക്കോലാവരുതെന്നും പുരോഗതിയുടെയും നേട്ടങ്ങളുടെയും വിജയത്തിന്റെയും വഴിയിൽ വിഘാതം വരുത്തരുതെന്നും വ്യക്തമായ ഭാഷയിൽ സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു ഉമറുൽ ഫാറൂഖ്. ദൈവവിധിയുടെ വരുതിയിൽ മനുഷ്യനു നൽകപ്പെട്ട സ്വാതന്ത്ര്യത്തെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന ഉദ്‌ബോധനവും അതുൾക്കൊള്ളുന്നു.

ശൈഖ് മുഹമ്മദ് കാരകുന്ന്
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Recent Posts

Related Posts

error: Content is protected !!