Monday, May 13, 2024
Homeഖു‌‍ർആൻവിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയത് മറന്നുപോയാല്‍

വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയത് മറന്നുപോയാല്‍

ചോദ്യം: വിശുദ്ധ ഖുർആനിൽ നിന്നും മനപ്പാഠമാക്കിയ സുക്തങ്ങൾ മറന്നുപോകുന്നത് വലിയ പാപമാണെന്ന് ചിലർ പറയുന്നു. ചിലരുടെ അഭിപ്രായ പ്രകാരം അത് വൻദോഷമാണ്. അതുകൊണ്ട് തന്നെ വിശുദ്ധ ഖുർആൻ മനപ്പാഠമാക്കുന്നതിന് പകരം അത് പാരായണം ചെയ്യലാണ് ഏറ്റവും ഉത്തമമെന്ന് എനിക്ക് തോന്നുന്നു. ഖുർആൻ ഹൃദിസ്ഥമാക്കിയതിന് ശേഷം അത് മറുന്നുപോയി പാപിയാകുന്നതിനേക്കാൾ നല്ലത് അതുതന്നെയല്ലേ. ഈ വിഷയത്തിൽ താങ്കളുടെ അഭിപ്രായമെന്താണ്?

മറുപടി: അല്ലാഹുവിന് സർവ സ്തുതിയും. അവന്റെ ദൂതൻ മുഹമ്മദ് നബി(സ്വ)യുടെയും സ്വഹാബികളുടെയും കുടുംബത്തിന്റെയും മേലിൽ സമാധാനവും രക്ഷയുമുണ്ടാകട്ടെ. വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയത് മറന്നുപോകുന്നത് വൻപാപമാണെന്ന് പറയുന്നവർ അവലംബിക്കുന്നത് ഇമാം തിർമുദിയും ഇമാം അബൂ ദാവൂദും ഉദ്ധരിച്ച ഹദീസാണ്; അനസ്(റ) ഉദ്ധരിക്കുന്നു; നബി(സ്വ) പറഞ്ഞു: ‘ഒരു വ്യക്തിക്ക്, പള്ളയിൽ നിന്നും അഴുക്ക് എടുത്തുകളയുന്നത് അടക്കം എന്റെ സമുദായത്തിന്റെ എല്ലാ പ്രവർത്തനങ്ങളും എനിക്ക് കാണിക്കപ്പെട്ടു. എന്റെ സമുദായത്തിന്റെ എല്ലാ പാപവും എനിക്ക് കാണിക്കപ്പെട്ടു. അതിൽ ഏറ്റവും വലിയ പാപമായി ഞാൻ കണ്ടിട്ടുള്ളത് വിശുദ്ധ ഖുർആനിലെ അധ്യായവും സൂക്തവും മനപ്പാഠമാക്കിയതിന് ശേഷം അത് മറന്നുകളയലാണ്’.(1)

ഹദീസിന്റെ സാധുതയെക്കുറിച്ചും അസാധുതയെക്കുറിച്ചും ചർച്ചചെയ്ത ഹദീസ് പണ്ഡിതന്മാരും മറ്റു പ്രമുഖ പണ്ഡിതന്മാരും ഈ ഹദീസിനെക്കുറിച്ച് അത് ദുർബലവും അസാധുവുമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ദുർബലമായ ഹദീസിൽ നിന്നും ശരീഅത്ത് വിധികൾ അപഗ്രഥനം ചെയ്യാനും സാധ്യമല്ല. അതിൽ എല്ലാ പണ്ഡിതന്മാർക്കും ഏകാഭിപ്രായമാണെങ്കിൽപോലും നന്മകളുടെ ശ്രേഷ്ഠതകൾ വിവരിക്കാനും തിന്മകൾക്ക് ലഭിക്കുന്ന ഭയാനകമായ ശിക്ഷയെക്കുറിച്ച് വിവരിക്കാനും ഇത്തരം ഹദീസുകൾ ഉപയോഗിക്കാമെന്ന് അവർ അഭിപ്രായപ്പെടുന്നു. അങ്ങേയറ്റം ദുർബലമായ ഹദീസാകരുതതെന്ന് അതിനവർ നിബന്ധനവെക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ മേലുദ്ധൃത ഹദീസിൽ ഖുർആൻ മറന്നുപോകുന്നത് വൻദോഷമാണെന്ന വിധി അപഗ്രഥനം ചെയ്‌തെടുക്കുന്നു. അതൊരു ദുർബലമായ ഹദീസാണെന്നതിനോടൊപ്പം തന്നെ നാമത് സ്വകരിക്കുകയാണെങ്കിൽ വിശുദ്ധ ഖുർആൻ പഠനത്തിൽ നിന്നും ജനങ്ങൾ പിന്മാറും. ഖുർആൻ മുഴുവൻ മനപ്പാഠമാക്കുകയെന്നത് ഒരിക്കലും നിർബന്ധമുള്ള കാര്യമല്ല. നിസ്‌കാരത്തിൽ പാരായണം ചെയ്യാൻ ഫാതിഹയും മറ്റു സൂക്തങ്ങളിൽ നിന്ന് അൽപവും പഠിക്കൽ മാത്രമാണ് നിർബന്ധമുള്ളത്. പരിശുദ്ധ ഖുർആൻ മറന്ന് പോവുന്നത് വൻദോഷമാകുമായിരുന്നെങ്കിൽ പിന്നെ മുമ്പ് പറഞ്ഞതു പോലെ ഒരാളും ഖുർആൻ പഠിക്കാൻ മുന്നോട്ട് വരുമായിരുന്നില്ല.

ഇനി മേലുദ്ധരിച്ച ഹദീസ് സാധുവാണെന്ന് അംഗീകരിച്ചാൽ തന്നെ മനുഷ്യനിൽ നിന്നും സ്വാഭാവികമായും ഉണ്ടാകുന്ന മറവിയല്ല അതിനുദ്ദേശം. മറിച്ച്, വിശുദ്ധ ഖുർആനിനെ അവഗണിക്കുകയും അത് പ്രാവർത്തികമാക്കാതിരിക്കുകയും ചെയ്യലാണ് അതുകൊണ്ടുള്ള ഉദ്ദേശം. ‘അല്ലാഹു പ്രതികരിക്കും: അതു ശരിതന്നെ. പക്ഷെ, എന്റെ ദൃഷ്ടാന്തങ്ങൾ നിനക്കു വന്നെത്തിയിരിക്കുന്നു. എന്നിട്ട് നീയതു വിസ്മരിച്ചു. അതുപോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുകയാണ്'(ത്വാഹ: 126) എന്ന സൂക്തത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ഹദീസും എന്ന് വേണമെങ്കിൽ പറയാം. ഇബ്‌നു ഉയൈയ്‌ന പറയുന്നു: ആക്ഷേപിക്കപ്പെടേണ്ട മറവിയെന്ന് പറഞ്ഞാൽ അത് വിശുദ്ധ ഖുർആൻ ജീവിതത്തിൽ പ്രാവർത്തികമാക്കാതിരിക്കുകയെന്നതാണ്. അങ്ങനെ അല്ലായിരുന്നുവെങ്കിൽ തിരുനബി(സ്വ) ഒരിക്കലും മറന്നുപോകുമായിരുന്നില്ല. അല്ലാഹു പറയുന്നു: ‘അങ്ങേക്ക് നാം ഓതിത്തരുന്നതാണ്. അപ്പോൾ താങ്കൾ വിസ്മരിച്ചു പോവുകയില്ല, അല്ലാഹു ഉദ്ദേശിക്കുന്നതൊഴികെ'(അഅ്‌ലാ: 6,7). ആയിശ ബീവി പറയുന്നു: ‘പള്ളിയിൽ ഒരാൾ ഖുർആൻ ഓതുന്നത് പ്രവാചകൻ കേൾക്കാനിടയായി. അപ്പോൾ പ്രവാചകൻ പറഞ്ഞു: ‘അല്ലാഹു അവന് അനുഗ്രഹം നൽകട്ടെ. ഇന്നാലിന്ന സൂക്തങ്ങളെല്ലാം അദ്ദേഹം എന്നെ ഓർമ്മപ്പെടുത്തി. അവയിൽ ചിലതെല്ലാം ഞാൻ ഒഴിവാക്കിയവയാണ്”(ബുഖാരി).(3)

അതോടൊപ്പം തന്നെ, വിശുദ്ധ ഖുർആൻ മനപ്പാഠമാക്കുന്നതിനെ പ്രേരിപ്പിക്കുന്ന ഒരു ഹദീസ് ഉസ്മാൻ(റ) ഉദ്ധരിക്കുന്നു; നബി(സ്വ) പറഞ്ഞു: ‘നിങ്ങളിൽ ഏറ്റവും ഉത്തമർ വിശുദ്ധ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്'(4). മറ്റൊരു ഹദീസിൽ ‘നിങ്ങളിൽ ഏറ്റവും ഉത്കൃഷ്ടർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്'(5). അത് മറക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് ഓരോരുത്തരിൽ നിന്നുമുണ്ടാകേണ്ടത്. പ്രവാചകൻ(സ്വ) പറയുന്നു: ‘ഖുർആനിനോട് പ്രതിബദ്ധതയുള്ളവരാവുക. അല്ലാഹു തന്നെയാണ് സത്യം, ഒരു ഒട്ടകത്തെ അതിന്റെ കയറിനോട് ബന്ധിപ്പിക്കുന്നതിനേക്കാൾ ഏറ്റവും ശക്തമായത് വിശുദ്ധ ഖുർആനുമായി ബന്ധപ്പെടലാണ്'(6). ‘വിശുദ്ധ ഖുർആനുമായി ബന്ധപ്പെടുന്ന ഒരാളുടെ ഉപമ ബന്ധിക്കപ്പെട്ട ഒട്ടകത്തിന്റെ ഉടമയെപ്പോലെയാണ്. അവനത് സൂക്ഷിച്ചാൽ അവനതിനെ സംരക്ഷിക്കാനാകും. മറിച്ച്, അഴിച്ചുവിട്ടാൽ അതോടിപ്പോവുകയും ചെയ്യും'(7). ഖുർആനോട് കൂടുതൽ പ്രതിജ്ഞാബദ്ധരാവുകയും നിരന്തരം പാരായണം നടത്തുകയും ചെയ്യണം.

മറവിക്കുള്ള മറുമരുന്ന് ഖുർആൻ ഹൃദിസ്ഥമാക്കിയവൻ സാധ്യമാകുന്നത്രയും പാരായണം പതിവാക്കുകയെന്നത് മാത്രമാണ്. ദിവസവും അൽപമെങ്കിലും ഖുർആൻ പരായണം ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. നിസ്‌കാരത്തിൽ പഠിച്ച അധ്യായങ്ങളെല്ലാം ഓതാൻ ശ്രമിക്കുക. അങ്ങനെ ഖുർആനിനെ അവന്റെ മനസ്സിൽ സധാ സജീവമാക്കി നിർത്തുക. എന്നാൽ, അവനത് പതിവാക്കിയിട്ടും മറന്നുപോകുന്നുവെങ്കിൽ അതുകൊണ്ട് യാതൊരു ശിക്ഷയും ലഭിക്കില്ല.

അവലംബം:
1- നിസ്‌കാരം: അബൂ ദാവൂദ്(461), ഇബ്‌നു ഖുസൈമ(1297), ഖുര്‍ആന്റെ സ്രേഷ്ഠതകള്‍: തിര്‍മുദി(2916).
2- ശറഹുസ്സര്‍ഖാനി ലി മുവത്വഇ മാലികി(2/11).
3- ശഹാദത്ത്: ബുഖാരി(2655), പള്ളികളും നിസ്‌കാര സ്ഥലങ്ങളും: മുസ്ലിം(788).
4- ഖുര്‍ആന്റെ സ്രേഷ്ഠതകള്‍: ബുഖാരി(5027), അഹ്മദ്(500)
5- ഖുര്‍ആന്റെ സ്രേഷ്ഠതകള്‍: ബുഖാരി(5028)
6- ഖുര്‍ആന്റെ സ്രേഷ്ഠതകള്‍: ബുഖാരി(5033), യാത്രക്കാരന്റെ നിസ്‌കാരം: മുസ്ലിം(791)
7- ഖുര്‍ആന്റെ സ്രേഷ്ഠതകള്‍: ബുഖാരി(5031), യാത്രക്കാരന്റെ നിസ്‌കാരം: മുസ്ലിം(789).

വിവ- മുഹമ്മദ് അഹ്സന്‍ പുല്ലൂര്‍

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!