ചോദ്യം: മന:പാഠമാക്കിയ വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ മറന്നുപോകുന്നത് വലിയ തെറ്റാണെന്ന് ചിലയാളുകള്‍ പറയുന്നു. മാത്രമല്ല, അത് വന്‍ പാപങ്ങളില്‍പ്പെട്ടതാണെന്നും അവര്‍ മനസ്സിലാക്കുന്നു. ആയതിനാല്‍, മന:പാഠമാക്കാതെയുളള ഖുര്‍ആന്‍ പാരായണമാണ് നല്ലതെന്ന് ഞാനടക്കമുളളവര്‍ മനസ്സിലാക്കുന്നു. ഹൃദിസ്ഥമാക്കിയ വചനങ്ങള്‍ മറന്നുപോകുന്നത് ശിക്ഷക്ക് കാരണമാകുമെന്ന ഭയത്താലാണ് അങ്ങനെ ചെയ്യുന്നത്. പ്രത്യേകിച്ച്, മന:പൂര്‍വമല്ലാതെ ഖുര്‍ആന്‍ മറന്നുപോവുകയാണെങ്കില്‍ അതിനെ കുറിച്ചുളള വിശകലനമെന്താണ്?
ഉത്തരം: ഹൃദിസ്ഥമാക്കിയ വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ മറന്നുപോകുന്നത് വലിയ തെറ്റാണെന്ന് പറയുന്നവര്‍ അവലംബിക്കുന്നത് ഇമാം അനസ് ബ്‌നു മാലിക്കില്‍ നിന്ന് ഉദ്ധിരിക്കപ്പെട്ടിട്ടുളള ഹദീസാണ്. പ്രവാചകന്‍ പറയുന്നു: ‘എന്റെ സമുദായത്തിന്റെ കര്‍മങ്ങള്‍ക്കുളള പ്രതിഫലം എനിക്ക് കാണിക്കപ്പെട്ടപ്പോള്‍, അതില്‍ പളളിയില്‍ നിന്ന് എടുത്തുകളഞ്ഞ ചെറിയ കരടിനുളള പ്രതിഫലം പോലുമുണ്ടായിരുന്നു. എന്റെ സമുദായത്തിന്റെ തെറ്റുകള്‍ മുന്നില്‍ നിരത്തിയപ്പോള്‍, അതിലെ ഏറ്റവും വലിയ തെറ്റ്, ഒരു മനുഷ്യന്‍ ഖുര്‍ആനിലെ ഒരു അധ്യായമോ സൂക്തമോ മന:പാഠമാക്കിയ ശേഷം അത് മറന്നുപോകുന്നതായിരുന്നു’. ഹദീസില്‍ ഗവേഷണം നടത്തുന്ന പണ്ഡിതന്മാര്‍ ഈ ഹദീസിനെ കുറിച്ച് പറയുന്നത് ദുര്‍ബലമായ ഹദീസാണെന്നാണ്. ദുര്‍ബലമായ ഹദീസകളില്‍ നിന്ന് വിധികള്‍ കണ്ടെത്താന്‍ കഴിയുകയില്ല. ഇത് പണ്ഡിതന്മാര്‍ അംഗീകരിച്ചുട്ടുളള കാര്യമാണ്.
എന്നാല്‍, ദുര്‍ബലമായ ഹദീസുകള്‍ സംസ്‌ക്കരണത്തിനും, പുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതിനും, താക്കീത് നല്‍കുന്നതിനുമായി ഉപയോഗപ്പെടുത്താമെന്ന് ചില പണ്ഡിതന്മാര്‍ ഹദീസ് സ്വീകരിക്കാവതല്ല എന്നതില്‍ ഇളവ് വരുത്തി അഭിപ്രായപ്പെടുന്നു. ഈ ഹദീസുകള്‍ വിശുദ്ധ ഖുര്‍ആനിന്റെയും തിരു സുന്നത്തിന്റെയും അടിസ്ഥാനങ്ങള്‍ക്ക് എതിരാവാന്‍ പാടില്ല. അങ്ങേയറ്റം ദുര്‍ബലമായ ഹദീസുകളാവരുതെന്ന് പണ്ഡിതന്മാര്‍ ഈ ഹദീസുകള്‍ സ്വീകരിക്കുന്നതില്‍ നിബന്ധവെക്കുന്നു. ഇവിടെ സൂചിപ്പിച്ച ഹദീസ് ഖുര്‍ആന്‍ മറന്നുപോകുന്നത് വിലിയ തെറ്റാണെന്ന് വിധി കണ്ടെത്തുന്നതിന് സ്വീകരിക്കാവതല്ല. കാരണം, അത് ദുര്‍ബലമായ ഹദീസാണ്.
ദുര്‍ബലമായ ആ ഹദീസ് സ്വീകരിക്കുകയാണെങ്കില്‍ അത് ജനങ്ങളെ ഖുര്‍ആന്‍ മന:പാഠമാക്കുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തുകയാണ് ചെയ്യുക. ഖുര്‍ആന്‍ മന:പാഠമാക്കുക എന്നത് നിര്‍ബന്ധമായ കാര്യമല്ല. എന്നിരുന്നാലും, നമസ്‌കാരത്തില്‍ ഓതുന്നതിനായി സൂറത്തുല്‍ ഫാതിഹയും ചില സൂറത്തുകളും ഹൃദിസ്ഥമാക്കല്‍ നിര്‍ബന്ധമാണ്. അതെല്ലാത്തതെല്ലാം ഫര്‍ദുകളി(നിര്‍ബന്ധം)ല്‍പ്പെടുകയില്ല. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി മറന്നുപോകുന്നതിന് വന്‍ പാപത്തിന് കാരണമാകുന്നുവെങ്കില്‍, ഖുര്‍ആന്‍ മന:പാഠമാക്കാതിരിക്കലാണ് നല്ലതെന്ന് മുകളില്‍ ചോദ്യം ഉന്നയിച്ച വ്യക്തി പറഞ്ഞതുപോലെ അധികമാളുകളും പറയുന്നതായിരിക്കും!
ഇനി ഈ ഹദീസ് പരിഗണിക്കുകയാണെങ്കില്‍, ‘النسيان’ എന്ന പദം മറന്നുപോകുന്നതിനെയല്ല സൂചിപ്പിക്കന്നത്. മറിച്ച്, വിശുദ്ധ ഖുര്‍ആന്‍ അവഗണിക്കുകയും അത് കൊണ്ട് ശരിയായ ജീവിതം നയിക്കാതെ മാറിനില്‍ക്കുന്നതിനെയുമാണ് സൂചിപ്പിക്കുന്നത്. ഇത് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ‘كَذَلِكَ أَتَتْكَ آيَاتُنَا فَنَسِيتَهَا وَكَذَلِكَ الْيَوْمَ تُنْسَى’- ദൃഷ്ടാന്തങ്ങള്‍ വന്നെത്തിയിട്ട് അത് അവഗണിച്ചവനെ അല്ലാഹുവും അവഗണിക്കുമെന്നാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇബ്‌നു ഉയൈയ്‌ന പറയുന്നു: ‘النسيان المذموم’ എന്ന് പറഞ്ഞാല്‍ ഖുര്‍ആന്‍ കൊണ്ട് ജീവിക്കാതെ മാറിനില്‍ക്കലാണ്. അല്ലാതെ, ഖുര്‍ആന്‍ മന:പാഠമാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതല്ല. ഇപ്രകാരമായരുന്നെങ്കില്‍ പ്രവാചകന്‍ ഖുര്‍ആന്‍ മറന്നുപോകുകയില്ല. ‘നിനക്ക് നാം ഓതി തരാം, നീ മറന്നുപോകുകയില്ല'(ത്വാഹ: 126).
ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആയിശ(റ) പറയുന്നു: ‘അല്ലാഹുവിന്റെ ഭവനത്തില്‍ ഒരു മനുഷ്യന്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതായി അല്ലാഹുവിന്റെ പ്രവാചകന്‍ കേള്‍ക്കുകയുണ്ടായി. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: അല്ലാഹു അദ്ദേഹത്തിന് കാരുണ്യം ചൊരിയട്ടെ, മറന്നുപോയ ചില ആയത്തുകള്‍ അദ്ദേഹം എനിക്ക് ഓര്‍മപ്പെടുത്തി തന്നിരുന്നു. ഉസ്മാന്‍(റ)വില്‍ നിന്നുളള ഹദീസ് വിശ്വാസികളോട് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നതിന് ആഹ്വാനം ചെയ്യുന്നു. പ്രവാചകന്‍ പറയുന്നു: ‘നിങ്ങളില്‍ ഉത്തമരായിട്ടുളളവര്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്’. ഇത് ഖുര്‍ആന്‍ മറന്നുപോകാതിരിക്കുവാനുള്ള പ്രത്യേകമായ പ്രോത്സാഹനം നല്‍കുന്നു. ഖുര്‍ആന്‍ മന:പാഠമാക്കിയവന്റെ ഉപമ ബന്ധിക്കപ്പെട്ട ഒട്ടകത്തിന്റെ ഉടമസ്ഥനെപോലെയാണ്. അതിന്റെ അടുക്കലേക്ക് മടങ്ങി അതിനെ പിടിക്കാം. അതിനെ അയച്ചുവിട്ടാല്‍ അത് ഓടിപ്പോകുന്നതുമാണ്. ഖുര്‍ആനുമായി നിരന്തര ബന്ധമുണ്ടാകണമെന്ന് മറ്റു ഹദീസുകളിലും കാണാം.
മറവിക്കുളള പരിഹാരമെന്നത് നിരന്തരമായി കഴിയുന്നത്രയും ഖുര്‍ആന്‍ പാരായണം ചെയ്യുക എന്നതാണ്. എല്ലാ ദിവസവും ഖുര്‍ആന്‍ പാരായണം ചെയ്യുക എന്നതാണ് ഖുര്‍ആന്‍ മന:പാഠമാക്കുന്നതിനുളള ഉത്തമ മാര്‍ഗം. ഖുര്‍ആന്‍ ഓര്‍മയില്‍ നില്‍ക്കുന്നതിന് വേണ്ടി എല്ലാ നമസ്‌കാരങ്ങളിലും ഹൃദിസ്ഥമാക്കിയതില്‍ നിന്ന് പാരായണം ചെയ്യേണ്ടതുണ്ട്. എന്നാല്‍, ഒരുവന്‍ മന:പാഠമാക്കിയ ഖുര്‍ആനിക വചനങ്ങള്‍ ഇപ്രകാരത്തില്‍ ചെയ്ത ശേഷവും മറന്നുപോയാല്‍ അതില്‍ പ്രശ്‌നമില്ല. മുമ്പ് വന്ന ഹദീസ് പ്രവാചകനില്‍ നിന്ന് സ്ഥിരപ്പെട്ട ഹദീസല്ല.
അവലംബം: www.al-qaradawi.net
വിവ: അര്‍ശദ് കാരക്കാട്