Friday, April 26, 2024
Homeഫിഖ്ഹ്ഫോട്ടോഗ്രഫി

ഫോട്ടോഗ്രഫി

ചോദ്യം- ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതിൽ തെറ്റുണ്ടോ? അത് നിഷിദ്ധമാണോ? എന്റെ ഉറക്കറയിൽ ചില നടന്മാരുടെ ഫോട്ടോകളും സ്ത്രീകളുടെ ചിത്രവുമുള്ള ഏതാനും മാസികകളും ഉണ്ട്. അവ കൈവശം വെക്കുന്നത് ഇസ്ലാമികശരീഅത്തിന്റെ ദൃഷ്ടിയിൽ കുറ്റകരമാണോ?

ഉത്തരം- ഇൗജിപ്തിലെ വിഖ്യാത പണ്ഡിതനും സമുന്നതനായ മുഫ്തിയും ആയിരുന്ന അൽഅല്ലാമഃ അശൈ്ശഖ് മുഹമ്മദ് ബുഖൈത്ത് അൽ മുത്വീഇൗ ഫോട്ടോഗ്രഫി അനുവദനീയമാണെന്ന് സമർഥിച്ചുകൊണ്ട് എഴുതിയ ഒരു പ്രബന്ധത്തിൽ, അത് “ഞാൻ സൃഷ്ടിച്ചതുപോലെ സൃഷ്ടിക്കുന്നവർ’ എന്ന തിരുവചനത്തിന്റെ വരുതിയിൽ വരുന്നതല്ലെന്ന് അഭിപ്രായപ്പെടുകയുണ്ടായി. കാരണം, ഫോട്ടോഗ്രഫിയിൽ സൃഷ്ടികർമം എന്ന പ്രക്രിയയല്ല സൃഷ്ടിയുടെ ഛായ പകർത്തുകയെന്നത് മാത്രമാണ് നടക്കുന്നത്. പ്രതിഛായ(REFLECTION)എന്നാണ് അതിന്റെ സാങ്കേതിക നാമം തന്നെ- ഏറ്റവും അനുയോജ്യമായ നാമകരണം. വസ്തുക്കളുടെ ഛായ ഒരു ദർപ്പണത്തിലെന്നപോലെ ഒരു പ്രതലത്തിൽ പ്രതിബിംബിക്കുകയാണ് ഫോട്ടോഗ്രഫിയിൽ സംഭവിക്കുന്നത്. ഒരു ശിൽപിയോ ചിത്രകാരനോ ചെയ്യുന്നതുപോലുള്ള കൃത്യമല്ല അത്. അതിനാൽ അത് നിഷിദ്ധമാക്കപ്പെട്ട സൃഷ്ടികർമത്തിന്റെ വരുതിയിൽ വരുന്നില്ല. തന്നിമിത്തം ശൈഖ് മുഹമ്മദ് ബുഖൈത്തിന്റെ മുൻചൊന്ന ഫത്വയോട് ബഹുഭൂരിപക്ഷം പണ്ഡിതന്മാരും യോജിക്കുകയുണ്ടായി. ഇതേ അഭിപ്രായമാണ് ഞാൻ എന്റെ “വിധിവിലക്കുകൾ’ എന്ന കൃതിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

എടുക്കുന്ന ചിത്രം ഹലാലായതാണെങ്കിൽ ഫോട്ടോഗ്രഫിയിൽ നിയമവിരുദ്ധമായി ഒന്നുമില്ല. സ്ത്രീയുടെ നഗ്നമോ അർധനഗ്നമോ ആയ ചിത്രങ്ങളോ ശർഇന്റെ ദൃഷ്ടിയിൽ അസ്വീകാര്യമായ മറ്റു ദൃശ്യങ്ങളോ ക്യാമറയിൽ പകർത്തരുത് എന്നു മാത്രം. സ്വന്തം മക്കളുടെയോ സുഹൃത്തുക്കളുടെയോ പ്രകൃതി ദൃശ്യങ്ങളുടെയോ പ്രത്യേക ചടങ്ങുകളുടെയോ ഛായകൾ ക്യാമറയിൽ പകർത്തുന്നത് അനുവദനീയമാണ്. പാസ്പോർട്ടിനുവേണ്ടി ചിത്രമെടുക്കുന്നതും കുപ്രസിദ്ധ കേഡികളുടെ ഫോട്ടോ പകർത്തുന്നതും സമ്മാനദാന ചടങ്ങുകൾ ക്യാമറയിലാക്കുന്നതും അനുവദനീയമാണെന്ന് ഇവ്വിഷയത്തിൽ അതിതീവ്രത പുലർത്തുന്നവർ പോലും സമ്മതിച്ചിട്ടുണ്ട്. എന്നാൽ നടീനടന്മാരുടെ ഫോട്ടോകൾ വാങ്ങി സൂക്ഷിക്കുന്നത് മതനിഷ്ഠയുള്ള മുസ്ലിമിന് ചേർന്ന വൃത്തിയല്ല. നടീനടന്മാരുടെയും ഗായികാഗായകന്മാരുടെയും ഫോട്ടോകൾ സൂക്ഷിക്കുന്നതിൽ മുസ്ലിമിന് എന്തുകാര്യം? മറ്റു ജോലിയൊന്നുമില്ലാത്ത വ്യക്തികൾക്ക് മാത്രം ചേരുന്ന ഒന്നാണത്. ഇത്തരം ചിത്രങ്ങൾ വഴി അവർക്ക് സമയം കൊല്ലാം.

എന്നാൽ, സ്ത്രീകളുടെ നഗ്ന ചിത്രങ്ങളുള്ള മാസികകൾ സൂക്ഷിച്ചുവെക്കുന്നത് ഖേദകരമായ കാര്യമാണ്. ഉൽപന്നങ്ങളുടെ പരസ്യത്തിന് സ്ത്രീകളുടെ മേനിക്കൊഴുപ്പ് ചൂഷണം ചെയ്യപ്പെടുന്ന ഇക്കാലത്ത് വിശേഷിച്ചും. ഉപഭോക്താക്കളെ കുടുക്കാനുള്ള കെണിയാണവ. എങ്കിലും ചോദ്യകർത്താവ് മാസികകൾ സൂക്ഷിച്ചുവെക്കുന്നത് അതിലുള്ള വൈജ്ഞാനിക കാര്യങ്ങൾ മുൻനിർത്തിയാണെങ്കിൽ- അതിലുള്ള ചിത്രങ്ങൾ കണ്ടു രസിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ലെങ്കിൽ- കുഴപ്പമില്ല. ഇസ്ലാമിക സംസ്കാരത്തിന് നിരക്കാത്ത നഗ്നചിത്രങ്ങൾ ഒഴിവാക്കുകയാണുത്തമം. അത് സാധ്യമല്ലെങ്കിൽ അവക്ക് ബഹുമതി കൽപിക്കപ്പെടുകയോ മനസ്സിനെ ആകർഷിക്കുകയോ ചെയ്യാത്ത സ്ഥലത്ത് സൂക്ഷിക്കുക. എന്നാൽ ചിത്രങ്ങൾ തൂക്കുന്നത് അനുവദനീയമല്ല. അങ്ങനെ ചെയ്യുമ്പോൾ അവക്ക് ഒരുതരം മഹത്വം കൽപിക്കപ്പെടുന്നുണ്ട്. അത് ശർഇന് വിരുദ്ധമത്രെ. സർവലോക നാഥനായ അല്ലാഹുവല്ലാതെ മഹത്വം അർഹിക്കുന്നില്ല.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!