അപകട സാധ്യതയുള്ള പര്‍വതാരോഹണം, സ്‌കൈ ഡൈവിങ്, സര്‍ഫിങ് പോലുള്ള സാഹസിക കായിക ഇനങ്ങളില്‍ ഏര്‍പെടുന്നതിലുള്ള ഇസ്‌ലാമിക വിധിയെന്താണ്?
മറുപടി: ശാരീരികമായും മാനസികമായും ആരോഗ്യവാനായിരിക്കണമെന്നാണ് ഒരു വിശ്വാസിയെ ഇസ്‌ലാം പഠിപ്പിക്കുന്നത്. കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതിലൂടെ മാനസിക ഉന്മേഷവും ശാരീരിക ക്ഷമതയും മനുഷ്യന് വര്‍ധിക്കുന്നു. അതുകൊണ്ടാണ് കുട്ടികളെ നീന്തലും കുതിരസവാരിയും അമ്പെയ്ത്തുമൊക്കെ അഭ്യസിപ്പിക്കണമെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചത്. ദുര്‍ബലനായ വിശ്വാസിയെക്കാള്‍ അല്ലാഹുവിന് ഇഷ്ടം ശക്തനായ വിശ്വാസിയാണെന്നും തിരുമേനിയുടെ വചനങ്ങളില്‍ കാണാം.
എന്നാല്‍ ഇത്തരം കായിക ഇനങ്ങളില്‍ മാറ്റുരക്കുമ്പോള്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. പ്രത്യേകിച്ച് പര്‍വതാരോഹണം, സ്‌കൈ ഡൈവിങ്, സര്‍ഫിങ്, വാഹനയോട്ട മത്സരങ്ങള്‍ പോലുള്ള സാഹസിക കായിക ഇനങ്ങള്‍. ഇസ്‌ലാമിക ശരീഅത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ ഒന്നാണ് വ്യക്തികളുടെ ജീവന്‍ സംരക്ഷിക്കുക എന്നത്. മനുഷ്യജീവനെ മുള്‍മുനയില്‍ നിര്‍ത്തി സുരക്ഷാ സംവിധാനങ്ങളില്ലാതെ നടത്തുന്ന സാഹസിക പ്രകടനങ്ങള്‍ ആത്മഹത്യാപരമാണ്.
എന്നാല്‍ ചിട്ടയായ പരിശീലനവും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോടെയുമുള്ള ഏത് കായിക ഇനങ്ങളില്‍ ഏര്‍പ്പെടുന്നതിനും ഇസ്‌ലാം വിലക്കുന്നില്ല. മനുഷ്യന്റെ സുരക്ഷ ഉറപ്പാക്കുക എന്നത് ഏത് കാര്യത്തിലും നാം കൈകൊള്ളേണ്ട പ്രഥമ നടപടിയാണ്. ഒരു സൈക്കിള്‍ സവാരി ആണെങ്കിലും കൃത്യമായ പരിശീലനമില്ലെങ്കില്‍ അതും അപകടങ്ങളിലേക്ക് നയിക്കാവുന്നതാണ്.
വിവ: അനസ് പടന്ന