മറുപടി: വഴിതെറ്റിപ്പോവാന്‍ ഏറെ സാധ്യതയുള്ള ഒരു പ്രായമാണ് യുവത്വം അതിനുള്ള സാഹചര്യങ്ങളും സംവിധാനങ്ങളും അത്രമേല്‍ വിപുലവും വിശാലവുമായ ഈ കാലത്ത് വിശേഷിച്ചും. ഇത്തരം ഒരു പശ്ചാത്തലത്തില്‍ താങ്കളെപ്പോലുള്ള ചെറുപ്പക്കാര്‍ ദീനീ തല്‍പരരായി മുന്നോട്ട് വരുന്നത് തന്നെ ശുഭോതര്‍ക്കമാണ്. അല്ലാഹു താങ്കളുടെയും താങ്കളെപ്പോലുള്ളവരെയും അനുഗ്രഹിക്കുകയും സഹായിക്കുകയും ചെയ്യുമാറാകട്ടെ. നാളെ മരണാനന്തരം പരലോകത്ത് ജനങ്ങളെല്ലാവരും ഒരുമിച്ചു കൂട്ടപ്പെടുകയും അതികഠിനമായ ചൂടില്‍ ഞെരിപിരികൊണ്ട് കഷ്ടപ്പെടുകയും ചെയ്യുന്ന സങ്കീര്‍ണമായ ആ സന്ദര്‍ഭത്തില്‍ അല്ലാഹു പ്രത്യേകം തണലേകി അനുഗ്രഹിക്കുന്ന ഏഴു വിഭാഗം സൗഭാഗ്യവാന്‍മാരുണ്ട്. അതില്‍ എടുത്തുപറഞ്ഞ ഒരു വിഭാഗം അല്ലാഹുവിനെ അനുസരിച്ച് ജീവിച്ച യുവാവാണ്. അല്ലാഹു താങ്കളെ ആ ഗണത്തില്‍ ഉള്‍പ്പെടുത്തട്ടെ. അതിന് സഹായകമാവുന്ന ഏതാനും ചില കാര്യങ്ങല്‍ താഴെ കുറിക്കട്ടെ. വിശിഷ്യ റമദാന്‍ സമാഗതമായ ഈ പുണ്യ മുഹൂര്‍ത്തത്തില്‍.
ഒന്ന്: ആദ്യമായി നമസ്‌കാരത്തിന്റെ കാര്യത്തില്‍ കണിശത പുലര്‍ത്തുക, സമയം തെറ്റാതെയും, ചിട്ടയോടെയും അത് നിര്‍വഹിക്കുക. നമസ്‌കാരത്തില്‍ ചൊല്ലുന്ന ദിക്‌റുകളുടെയും പ്രാര്‍ത്ഥനകളുടെയും അര്‍ഥം ഗ്രഹിച്ചുകൊണ്ട് അത് നിര്‍വഹിച്ചാല്‍ കൂടുതല്‍ ഭയഭക്തി കൈവരിക്കാം. മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി രചിച്ച ‘നമസ്‌കാരം’ എന്ന ലഘുഗ്രന്ഥം ഇതിന് ഉപകരിക്കും. ‘നമസ്‌കാരത്തിന്റെ ചൈതന്യം’ എന്ന ഗ്രന്ഥമാകട്ടെ നമസ്‌കാരത്തിന്റെ ആത്മാവ് ഉല്‍ക്കൊണ്ട് അത് നിര്‍വഹിക്കാന്‍ ഏറെ സഹായിക്കും.
രണ്ട്: നോമ്പുമായി ബന്ധപ്പെട്ട് വളരെയധികം പഠിക്കാനൊന്നുമില്ല. ആകെക്കൂടി ചെയ്യാനുള്ളത് പ്രഭാതോദയത്തിന് മുമ്പ് നിയ്യത്ത് വെക്കുകയും മഗ്‌രിബ് ബാങ്കിന്റെ സമയം വരെ നോമ്പുമുറിയുന്ന കാര്യങ്ങലളായ അന്നപാനീയങ്ങല്‍ ഉപേക്ഷിക്കുക, ബോധപൂര്‍വമുള്ള ഇന്ദ്രിയസ്ഘലനം, സംഭോഗം തുടങ്ങിയവ ഉണ്ടാവതെ ശ്രദ്ധിക്കുക എന്നിവയാണ്. (സ്പനസ്ഖലനം പ്രശ്‌നമല്ല)
മൂന്ന്: നോമ്പിനെ ചൈതന്യവത്താക്കാനായി സദാ നോമ്പുകാരനാണെന്ന ബോധം നിലനിറുത്തേതാണ്. തന്റെ പഞ്ചേന്ദ്രിയങ്ങളും മറ്റവയവങ്ങളുമെല്ലാം തന്നോടൊപ്പം നോമ്പനുഷ്ഠിക്കുന്നുണ്ടോ എന്ന് ജാഗ്രത പുലര്‍ത്തേണ്ടതാണ്. പട്ടിണിയും ദാഹവും സഹിക്കുന്ന വിശ്വാസിയുടെ വിലപ്പെട്ട ആരാധന നിഷ്ഫലമാക്കാന്‍ പിശാച് കണ്ടെത്തിയ എളുപ്പവഴി അവന്റെ കണ്ണുകളെയും നാവിനെയും തന്റെ വലയിലാക്കുക എന്നതാണ്. ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം കണ്ണിനെ, അശ്ലീലങ്ങള്‍, അന്യസ്ത്രീകളെ നോക്കാനായി നോക്കല്‍, സംസാരത്തില്‍ വികാരങ്ങള്‍ക്ക് വശംവദരായി പോയി അല്ലാഹുവിനിഷ്ടമില്ലാത്തത് പറയല്‍, കേള്‍ക്കാന്‍ കൊള്ളാത്ത കാര്യങ്ങള്‍ക്ക് ചെവികൊടുക്കല്‍ തുടങ്ങിയവ ഒഴിവാക്കി ആത്മസംയമനവും ക്ഷമയും കൈകൊള്ളല്‍ തുടങ്ങിയ സംഗതികള്‍ ഭക്ഷണ പാനീയങ്ങള്‍ വര്‍ജ്ജിക്കുന്നതിനേക്കാള്‍ പ്രയാസമുള്ളതായിരിക്കും. തങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ ഏറ്റവും പ്രയാസമുള്ള വഴിയിലൂടെയായിരിക്കും പിശാച് നുഴഞ്ഞ് കയറുക. ഇവിടെ തോറ്റുപോവരുത്. പിശാചിനെ പരാജയപ്പെടുത്തുവാനുള്ള ഇഛാശക്തി നേടിയെടുക്കാന്‍ നമസ്‌കാരവും, നോമ്പും, സര്‍വോപരി ദൈവസഹായത്തിനായുള്ള ആത്മാര്‍ഥമായ പ്രാര്‍ഥനയും, നല്ല സുഹൃത്തുക്കളും, നല്ല പുസ്തകങ്ങളും, ഒഴിവുവേളകളില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടലുമെല്ലാം ഏറെ സഹായിക്കും.
നാല്: റമദാന് ചൈതന്യവത്താക്കുന്നതിന് ഏറ്റവും സഹായകമായ ഒരു അവസരമാണ് രാവുകള്‍. കൂരിരുട്ടില്‍ ആകാശ പന്തലില്‍ നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുമ്പോള്‍ ഭൂമിയില്‍ വിശ്വാസികളുടെ ഭവനങ്ങളില്‍ വിളക്കുകള്‍ തെളിയുമെന്ന് മഹാന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ജീവിതത്തിലിന്നേവരെ സംഭവിച്ചുപോയ തെറ്റുകുറ്റങ്ങള്‍ റമദാനിലെ രാത്രി നമസ്‌കാരങ്ങളിലൂടെ പൊറുക്കപ്പെടുന്നതാണ്. ‘ലോകം ഉറങ്ങുമ്പോള്‍ എഴുന്നേറ്റ് നമസ്‌കരിക്കൂ അനായാസം സ്വര്‍ഗത്തില്‍ പ്രവേശിക്കാം’ എന്നെല്ലാം നബിതിരുമേനി പഠിപ്പിച്ചിരിക്കുന്നു.
അഞ്ച്: ഇങ്ങനെ ദീര്‍ഘം നേരം നിന്ന് നമസ്‌കരിക്കുന്നത് സമീപത്ത് പള്ളികളില്‍ വെച്ചാകാം. ജോലികാരണമോ, പള്ളി അടുത്തില്ലാത്തതിനാലോ അതിന് കഴിയാത്തവര്‍ സ്വന്തം നിലക്ക് തന്നെ നമസ്‌കരിക്കാവുന്നതാണ്. അതാണുത്തമവും. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയിട്ടില്ലാത്തവര്‍ മുസ്വഹഫ് നോക്കി ഓതിയാല്‍ മതി. ഇക്കാലത്ത് പോക്കറ്റില്‍ വെക്കാന്‍ സൗകര്യമുള്ള മുസ്വ്ഹഫുകള്‍, അതിലും സൗകര്യപ്രദമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കയുമൊക്കെ ചെയ്യാവുന്നതാണ്. അതും നോക്കി ഓതാനറിയാത്തവര്‍ നന്നെ ചുരുങ്ങിയത് സൂറത്തുല്‍ ഫാത്വിഹയും ചെറിയ സൂറത്തുകളും പരമാവധി
പഠിച്ച് നമസ്‌കാരത്തില്‍ അവ ഓതുകയും കൂടുതല്‍ പഠിക്കാനുള്ള ശ്രമങ്ങളും സംവിധാനങ്ങളും ഒരുക്കുകയും വേണ്ടതാണ്. ഇതിനൊന്നും സമയം കളയാന്‍ ഒഴിവില്ല എന്ന് ആരും ചിന്തിക്കരുത്. ഇതൊക്കെയേ ശാശ്വത ജീവിതത്തിന് ഉപകാരപ്രദമാവൂ. മരണാനന്തരം വിചാരണയും വിളവെടുപ്പും മാത്രമേ ഉള്ളൂ. കര്‍മ്മവും കൃഷിയും ഇവിടെ തന്നെ നടക്കേതാണ്.
ആറ്: ഖുര്‍ആന്‍ കാണാത്ത ഒരു ദിവസം പോലും ജീവിതത്തില്‍ ഉണ്ടാവാതിരിക്കാന്‍ നിഷ്‌കര്‍ഷവേണം. ഒരായത്തെങ്കിലും അര്‍ത്ഥസഹിതം പഠിക്കുക. 24 മണിക്കൂറില്‍ കേവലം 5 മിനുട്ട് മതിയാവും. ഇതിന് നാളെ നമുക്ക് ഏറ്റവും വലിയ ശിപാര്‍ശകരായി ഈ ഖുര്‍ആനും നോമ്പുമുണ്ടാവുമെന്നും ആ ശിപാര്‍ശ അല്ലാഹുവിങ്കല്‍ സ്വീകാര്യവുമാണെന്നാണ് തിരുമേനി പഠിപ്പിച്ചിട്ടുള്ളത്. ഖുര്‍ആനിന്റെ മാസമായ റമദാനില്‍ ഖുര്‍ആനുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുവാന്‍ ശ്രമിക്കുക ഖുര്‍ആന്‍ നോക്കി ഓതാന്‍ അറിയില്ലെങ്കില്‍ ഇഷ്ടമുള്ള ഏതെങ്കിലും പാരായണം മൊബൈലിലോ മറ്റോ ഡൗണ്‍ലോഡ് ചെയ്ത് കേള്‍ക്കുക. പരിഭാഷ സഹിതം അവയില്‍ ചിലത് ഇന്ന് സുലഭമാണ്.
ഏഴ്: അല്ലാഹുവിന്റെ അനുഗ്രഹം ശരിക്കും ബോധ്യപ്പെടുക ആ അനുഗ്രഹം മുടങ്ങിയാലാണ് നോമ്പനുഷ്ഠിക്കുമ്പോള്‍ ഭക്ഷണത്തിന്റെയും പാനീയത്തിന്റെയും വില നാം തിരിച്ചറിയുന്നു. അതു ഒട്ടും ലഭിക്കാതെ കഷ്ടപ്പെടുന്നവെര കുറ ിച്ച് നമുക്ക് ഓര്‍മയുണ്ടായിരിക്കണം. നാമെത്രമാത്രം അനുഗ്രഹീതരാണെന്ന ബോധം നമ്മെ കൂടുതല്‍ വിനയരും അനുഗ്രഹ ദാതാവിനോട് നന്ദി പ്രകടിപ്പിക്കാന്‍ ഉത്തരവാദിത്തം കൂടുതലുന്നെും മനസ്സിലാക്കി അവനെ ധ്യാനിക്കാനും നമുക്കു കഴിയണം. റമദാന്‍ ഈയര്‍ഥത്തില്‍ വലിയ അവസരമാണ്. നോമ്പിന്റെ ഒരു യുക്തിയും അതത്രെ.
എട്ട്: സഹാനുഭൂതിയുടെ മാസമാണ് റമദാന്‍. നിലാരംബരെയും കഷ്ടപ്പെടുന്നവരെയും സഹായിക്കാനോ അതിന് വകയില്ലാത്തവര്‍ അത്തരം സംരംഭങ്ങളില്‍ ശാരീരിക സേവനങ്ങളില്‍ പങ്കാളിയാവുകയോ ചെയ്തുകൊണ്ട് തങ്ങളുടെ ബാധ്യത നിര്‍വഹിക്കണം. അത് ദീനാണെന്നും അതിന് മെനക്കെടാത്തവര്‍ ദീനിനെ തള്ളിയവരാണെന്നുമാണ് അല്ലാഹു പഠിപ്പിച്ചിട്ടുള്ളത്. (അല്‍ മാഊന്‍)
ഒമ്പത്: റമദാനുമായി ബന്ധപ്പെട്ട് തന്നെ വളരെ ഗൗരവത്തില്‍ മനസ്സിലാക്കിയിരിക്കേ ഒരു ബാധ്യതയാണ് ഫിത്വ്ര്‍ സകാത്ത്. അത്യാവശ്യം സ്വന്തം ചെലവിന് വകയുള്ളവര്‍ക്കെല്ലാം അത് നിര്‍ബന്ധമാണ്. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് അത് കൊടുത്ത വീട്ടിയെങ്കിലേ സ്വീകാര്യമാവൂ. ആകെക്കൂടി 2.200 ഗ്രാം അരിയോ മറ്റു ഭക്ഷ്യ ധാന്യങ്ങളോ അതിന്റെ വിലയോ സാധുക്കള്‍ക്ക് നല്‍കിയാല്‍ അത് വീടുന്നതാണ്.
പത്ത്: റമദാനിലെ അവസാനത്തെ പത്ത് ദിനരാത്രങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ആയിരം മാസങ്ങള്‍ ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിനേക്കാള്‍ ഉത്തമമായ രാത്രി ആ ദിവസങ്ങളില്‍ നിങ്ങള്‍ പ്രതീക്ഷിക്കുക എന്നാണ് തിരുമേനി പഠിപ്പിച്ചിട്ടുള്ളത്. ഇനിയൊരു പക്ഷെ തന്റെ ജീവിതത്തില്‍ ഇത്തരം ഒരു സുവര്‍ണാവസരം വന്നു ചേര്‍ന്നുകൊള്ളണമെന്നില്ല. ഇന്നലെ വരെ തനിക്കറിയാവുന്നതും തന്റെ ബന്ധുമിത്രാദികളും സുഹൃത്തുക്കളും നാട്ടുകാരും അയല്‍വാസികളുമൊക്കെയായി എത്രപേര്‍ നമ്മെ വിട്ടുപിരിഞ്ഞുപോയി. അടുത്ത റമദാനില്‍ ഞാനുണ്ടാവുമെന്ന് എന്താണുറപ്പ്? ഇനി ഉണ്ടായാല്‍ സാഹചര്യം അനുകൂലമായിരിക്കുമെന്ന് വല്ലവര്‍ക്കും ഉറപ്പിക്കാമോ? അതിനാല്‍ ജീവിതത്തിലെ ആവര്‍ത്തികാകനിടയില്ലാത്ത അസുലഭാവസരമായി ഈ റമദാനിനെ ഉപയോഗപ്പെടുത്തുക. അങ്ങനെ സ്വര്‍ഗത്തില്‍ നോമ്പുകാര്‍ക്കായി പ്രത്യേകം തയ്യാറാക്കപ്പെട്ട റയ്യാന്‍ എന്ന ഗേറ്റിലൂടെ പ്രവേശിക്കാന്‍ സൗഭാഗ്യം നേടിയവരില്‍ ഉള്‍പ്പെടാന്‍ വേണ്ടി പരിശ്രമിക്കാം.
അവസാനമായി ഒരു കാര്യം കൂടി ഉണര്‍ത്തട്ടെ. തിരുമേനി പഠിപ്പിച്ചു: ‘ആരെക്കൊണ്ടെങ്കിലും ഒരു നന്മ കൈവരണമെന്ന് അല്ലാഹു ഉദ്ദേശിച്ചാല്‍ അവനെ അല്ലാഹു ദീനില്‍ അറിവും അവഗാഹമുള്ളവനുമാക്കും’. താങ്കളുടെ ചോദ്യവും അറിയാനുള്ള ആത്മാര്‍തമായ ആഗ്രഹവും അല്ലാഹു താങ്കളെ കൊണ്ട് എന്തൊക്കെയോ ഗുണം ഉണ്ടാവണമെന്ന് ഉദ്ദേശിക്കുന്നു എന്നതിന്റെ തെളിവാണ്. അതായത് അല്ലാഹു താങ്കളെ ഇഷ്ടപ്പെടുന്നു എന്നര്‍ഥം. ഒരു മഹാ ഭാഗ്യമായി ഈ അവസരത്തെ താങ്കള്‍ മനസ്സിലാക്കണം. താങ്കളിലൂെട ഒരുപാട് നന്മകള്‍ പൂവിരിയെട്ട. ഈ റമദാന്‍ അങ്ങനെ എന്തു കൊണ്ടും ചൈതന്യമുള്ളതാക്കാന്‍ അല്ലാഹു തുണ നല്‍കട്ടെ. ആത്മ വിശ്വാസത്തോടെ പ്രതീക്ഷയോടെ ദൈവസാമീപ്യത്തിനായി നമുക്ക് അല്ലാഹുവോട് പ്രാര്‍ഥിക്കാം അവന്‍ പ്രാര്‍ഥന കേള്‍ക്കുന്നവനാണല്ലോ.