Wednesday, March 27, 2024
Homeദൈവംമതപരിത്യാഗത്തിന് വധശിക്ഷയോ?

മതപരിത്യാഗത്തിന് വധശിക്ഷയോ?

ചോദ്യം: മുസ്‌ലിമായ ഒരാള്‍ മതപരിത്യാഗം നടത്തിയാല്‍ അയാള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ഇസ്‌ലാമിക ശരീഅത്ത് ആവശ്യപ്പെടുന്നുണ്ടോ?

മറുപടി: വിശുദ്ധ ഖുര്‍ആന്‍ സംരക്ഷണം ഉറപ്പു നല്‍കുന്ന മനുഷ്യന്റെ മൗലികാവകാശങ്ങളില്‍ ഒന്നാണ് വിശ്വാസ സ്വാതന്ത്ര്യം. അതുകൊണ്ട് ഒരാള്‍ താന്‍ നേരത്തെയുണ്ടായിരുന്ന മതം ഉപേക്ഷിച്ചു എന്ന കാരണത്താല്‍ വധശിക്ഷ നല്‍കണമെന്ന് പറയുന്നത് ബുദ്ധിശൂന്യതയാണ്. ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളില്‍ ഒന്നാണ് വിശ്വാസ സ്വാതന്ത്ര്യം എന്ന് വ്യക്തമാക്കുന്ന നിരവധി ഖുര്‍ആന്‍ സൂക്തങ്ങള്‍ നമുക്ക് കാണാം.

‘മതത്തില്‍ ബലപ്രയോഗം അരുത്. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ വ്യാജ ദൈവങ്ങളെ നിഷേധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ മുറുകെപ്പിടിച്ചത് ഉറപ്പുള്ള കയറിലാണ്. അതറ്റുപോവില്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.’ (2: 256)

‘നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ ഭൂമിയിലുള്ളവരൊക്കെയും സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?’ (10: 99)

‘അഥവാ, അവര്‍ നിന്നോട് തര്‍ക്കിക്കുകയാണെങ്കില്‍ പറയുക: ”ഞാന്‍ എന്നെ പൂര്‍ണമായും അല്ലാഹുവിന് സമര്‍പ്പിച്ചിരിക്കുന്നു; എന്നെ പിന്തുടര്‍ന്നവരും.” വേദഗ്രന്ഥം ലഭിച്ചവരോടും അക്ഷരജ്ഞാനമില്ലാത്തവരോടും നീ ചോദിക്കുക: ‘നിങ്ങള്‍ ദൈവത്തിന് കീഴ്‌പ്പെട്ടോ?’ അവര്‍ കീഴ്‌പ്പെട്ടു കഴിഞ്ഞാല്‍ ഉറപ്പായും അവര്‍ നേര്‍വഴിയിലായി. അവര്‍ പിന്തിരിഞ്ഞു പോയാലോ അവര്‍ക്ക് സന്മാര്‍ഗം എത്തിക്കേണ്ട ബാധ്യതയേ നിനക്കുള്ളൂ. അല്ലാഹു തന്റെ ദാസന്മാരുടെ കാര്യം സൂക്ഷ്മമായി കണ്ടറിയുന്നവനാണ്.’ (3: 20)

‘അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. ജാഗ്രത പുലര്‍ത്തുകയും ചെയ്യുക. അഥവാ നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ അറിയുക: നമ്മുടെ ദൂതന്റെ കടമ ദിവ്യസന്ദേശം വ്യക്തമായി എത്തിച്ചുതരല്‍ മാത്രമാണ്.’ (5: 92)

‘അഥവാ, ഇനിയും അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍, നിന്നെ നാം അവരുടെ സംരക്ഷകനായൊന്നും അയച്ചിട്ടില്ല. നിന്റെ ബാധ്യത സന്ദേശമെത്തിക്കല്‍ മാത്രമാണ്.’ 42: 48)

അതിലുപരിയായി ഖുര്‍ആന്റെ എല്ലാ ധാര്‍മികാധ്യാപനങ്ങളും ധാര്‍മിക ഉത്തരവാദിത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അതിന് അനിവാര്യവുമാണ്. അതുകൊണ്ട് തന്നെ ഒരാള്‍ അവിശ്വാസം തെരെഞ്ഞെടുക്കുമ്പോള്‍ വധശിക്ഷ നല്‍കുന്നത് ഖുര്‍ആന്റെ മുഴുവന്‍ ധാര്‍മിക മൂല്യങ്ങള്‍ക്കും വിരുദ്ധമാണ്.

മാത്രമല്ല, സമാധാനപരമായി ജീവിക്കുന്ന ഒരാളെ, അയാളുടെ വിശ്വാസവും മതവും എന്തു തന്നെയാണെങ്കിലും ദ്രോഹിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ഖുര്‍ആന്‍ വളരെ വ്യക്തമായി അത് പറയുന്നു:
‘അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടാതെ മാറിനില്‍ക്കുകയും നിങ്ങളുടെ മുന്നില്‍ സമാധാനം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ, അവര്‍ക്കെതിരെ ഒരു നടപടിക്കും അല്ലാഹു നിങ്ങള്‍ക്ക് അനുമതി നല്‍കുന്നില്ല.’ (4: 90)

പ്രസ്തുത നയത്തിന്റെ ഭാഗമാണ് യുദ്ധത്തിന് സൈന്യത്തെ നിയോഗിച്ചപ്പോള്‍ ആരാധനയില്‍ കഴിഞ്ഞു കൂടുന്ന ആളുകള്‍ക്ക് നേരെ ആക്രമണം നടത്തരുതെന്ന് പ്രവാചകന്‍(സ) സൈനികര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയത്. ജീവിക്കലും മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കലുമാണ് ഇസ്‌ലാമിന്റെ നയമെന്ന് വ്യക്തമാക്കുന്നതാണ് ഈ സൂക്തം: ‘പറയുക: അല്ലയോ സത്യനിഷേധികളേ, നിങ്ങള്‍ ആരാധിക്കുന്നവയെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങള്‍.’ (109: 1-3)

മേല്‍പറയപ്പെട്ട അധ്യാപനങ്ങളുടെ അടിസ്ഥാനത്തില്‍, പ്രവാചകന്‍(സ)യോ നാല് ഖലീഫമാരോ മതപരിത്യാഗത്തിന്റെ പേരില്‍ ആരുടെയും ജീവനെടുത്തിട്ടില്ല. എന്നാല്‍ അത്യപൂര്‍വം കേസുകളില്‍, രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ അവര്‍ അത് ചെയ്തിട്ടുണ്ട്. രാജ്യദ്രോഹമെന്നത് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു സംഗതിയാണ്. ഖുര്‍ആനിലെന്ന പോലെ ഹീബ്രു ബൈബിളിലും കടുത്ത ശിക്ഷയാണ് രാജ്യദ്രോഹത്തിന് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ മതപരിത്യാഗത്തെയും രാജ്യദ്രോഹത്തെയും പരസ്പരം കൂട്ടികുഴക്കരുത്. അതുകൊണ്ട് തന്നെ മതപരിത്യാഗത്തിന് വധശിക്ഷ നല്‍കണമെന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍ തികഞ്ഞ വിഡ്ഢിത്തമാണതെന്ന് മനസ്സിലാക്കുക.

Recent Posts

Related Posts

error: Content is protected !!