Tuesday, July 23, 2024
Homeദൈവംഅമുസ്‌ലിംകളെല്ലാം നരകത്തിലോ?

അമുസ്‌ലിംകളെല്ലാം നരകത്തിലോ?

ചോദ്യം-  ”മുസ്‌ലിം സമുദായത്തിൽ ജനിക്കുന്നവർക്ക് ദൈവത്തെയും പ്രവാചകനെയും വേദഗ്രന്ഥത്തെയും സ്വർഗനരകങ്ങളെയും സംബന്ധിച്ച അറിവ് സ്വാഭാവികമായും ലഭിക്കും. മറ്റുള്ളവർക്കത് കിട്ടുകയില്ല. അതിനാൽ ആ അറിവ് ലഭിക്കാത്തതിന്റെ പേരിൽ അതനുസരിച്ച് ജീവിക്കാൻ സാധിക്കാത്തവരൊക്കെ നരകത്തിലായിരിക്കുമെന്നാണോ ?”

ഉത്തരം-  മുസ്‌ലിം സമുദായത്തിൽ ജനിക്കുകവഴി, ദൈവത്തെയും ദൈവിക ജീവിത വ്യവസ്ഥയെയും സംബന്ധിച്ച വ്യക്തമായ അറിവു ലഭിച്ച ശേഷം അതനുസരിച്ച് ജീവിക്കാത്തവൻ സത്യനിഷേധി (കാഫിർ) യാണ്. അവർക്ക് മരണശേഷം കൊടിയ ശിക്ഷയുണ്ടാകുമെന്ന് ഖുർആൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാത്രമല്ല, ദൈവത്തെയും ദൈവിക ജീവിതക്രമത്തെയും സംബന്ധിച്ച് അറിവുള്ളവരെല്ലാം മറ്റുള്ളവരെ അതറിയിച്ചുകൊടുക്കാൻ ബാധ്യസ്ഥരാണ്. ഈ ബാധ്യത നിർവഹിച്ചില്ലെങ്കിൽ അതിന്റെ പേരിലും പരലോകത്ത് അവർ ശിക്ഷാർഹരായിരിക്കും.

എന്നാൽ ദൈവത്തെയും ദൈവിക മതത്തെയും സംബന്ധിച്ച് ഒട്ടും കേട്ടറിവു പോലുമില്ലാത്തവർ ശിക്ഷിക്കപ്പെടുമെന്നോ നരകാവകാശികളാകുമെന്നോ ഇസ്‌ലാം പഠിപ്പിക്കുന്നില്ല. ഖുർആനോ പ്രവാചക ചര്യയോ അങ്ങനെ പറയുന്നുമില്ല. മറിച്ച്, ദിവ്യ സന്ദേശം വന്നെത്തിയിട്ടില്ലാത്തവർ ശിക്ഷിക്കപ്പെടില്ലെന്നാണ് വേദഗ്രന്ഥം പഠിപ്പിക്കുന്നത്. പതിനേഴാം അധ്യായം പതിനഞ്ചാം വാക്യത്തിലിങ്ങനെ കാണാം: ”ആർ സന്മാർഗം സ്വീകരിക്കുന്നുവോ, അതവന്റെ തന്നെ ഗുണത്തിനു വേണ്ടിയാകുന്നു. ആർ ദുർമാർഗിയാകുന്നുവോ, അതിന്റെ ദോഷവും അവനുതന്നെ. ഭാരം വഹിക്കുന്നവരാരുംതന്നെ ഇതരന്റെ ഭാരം വഹിക്കുകയില്ല. (സന്മാർഗം കാണിക്കാനായി) ദൈവദൂതൻ നിയോഗിതനാവുന്നതുവരെ നാമാരെയും ശിക്ഷിക്കാറുമില്ല.”

അതേസമയം ദൈവത്തെ സംബന്ധിച്ച് കേൾക്കാത്തവരോ സാമാന്യധാരണയില്ലാത്തവരോ ഉണ്ടാവുകയില്ല. അവർ ദൈവത്തെക്കുറിച്ച് കൂടുതലന്വേഷിക്കാനും ആ ദൈവം വല്ല ജീവിതമാർഗവും നിശ്ചയിച്ചുതന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും ബാധ്യസ്ഥരാണ്. അപ്രകാരം തന്നെ സ്വർഗമുണ്ടെന്നും നിശ്ചിത മാർഗത്തിലൂടെ നീങ്ങുന്നവർക്കേ അത് ലഭിക്കുകയുള്ളൂവെന്നുമുള്ള കാര്യം കേട്ടറിഞ്ഞവരൊക്കെയും അതേക്കുറിച്ച് പഠിക്കാൻ കടപ്പെട്ടവരാണ്. അതിന്റെ ലംഘനം ശിക്ഷാർഹമായ കുറ്റമാവുക സ്വാഭാവികമാണല്ലോ.

ശൈഖ് മുഹമ്മദ് കാരകുന്ന്
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Recent Posts

Related Posts

error: Content is protected !!