Home ദൈവം ദൈവാവതാരം സത്യമോ മിഥ്യയോ?

ദൈവാവതാരം സത്യമോ മിഥ്യയോ?

ചോദ്യം- ”അവതാരസങ്കൽപത്തെ ഇസ്‌ലാം അംഗീകരിക്കാത്തത് എന്ത് കൊണ്ടാണ്?. ദൈവം വിവിധ രൂപേണ അവതരിക്കുമെന്ന വിശ്വാസം ഇസ്‌ലാമിന്ന് വിരുദ്ധമാണോ?”

ഉത്തരം- ഇസ്‌ലാമിക വീക്ഷണത്തിൽ ദൈവം ഏകനാണ്, അനാദിയാണ്, അനന്തനാണ്, അദൃശ്യനാണ്, അരൂപിയാണ്, അതുല്യനാണ്, അസദൃശനാണ്, അവിഭാജ്യനാണ്, ജനിമൃതികൾക്കതീതനാണ്. എന്നാൽ ദൈവാവതാരമെന്ന് അവകാശപ്പെടുന്നവയ്‌ക്കെല്ലാം ജനനമുണ്ട്, മരണമുണ്ട്, രൂപമുണ്ട്, സ്ഥലകാലവുമായി ബന്ധമുണ്ട്, പരിധികളും പരിമിതികളുമുണ്ട്. ദൈവം ഇതിനെല്ലാം അതീതനത്രെ. അതിനാൽ ഇസ്‌ലാം അവതാര സങ്കൽപത്തെ അനുകൂലിക്കുന്നില്ലെന്നു മാത്രമല്ല, ശക്തമായെതിർക്കുകയും ചെയ്യുന്നു.

എന്നാൽ ഇസ്‌ലാം മാത്രമല്ല അതിനെ എതിർക്കുന്നത്. ഹൈന്ദവവേദദർശനവും അവതാരസങ്കൽപത്തിനെതിരാണ്. അത് ഹിന്ദുമത വിശ്വാസത്തിന്റെ ഭാഗമേയല്ല, പിൽക്കാലത്ത് കൂട്ടിച്ചേർക്കപ്പെട്ടതാണ്.

ദൈവം മനുഷ്യശരീര രൂപമണിയുന്നവനാണെന്ന വിശ്വാസത്തെ ഭഗവത്ഗീത ശക്തമായെതിർക്കുന്നു:
”അവജാനന്തി മാം മൂഢാഃ മാനുഷീം തനുമാശ്രിതം
പരം ഭാവമജാനന്തോ മമ ഭൂതമഹേശ്വരം.
മോഘാശാ മോഘകർമാണോ മോഘജ്ഞാനാ വിചേതസഃ
രാക്ഷസീമാസൂരീം ചൈവ പ്രകൃതിം മോഹിനീം ശ്രിതാഃ”

(ഭൂതങ്ങളുടെ മഹേശ്വരനെന്ന പരമമായ എന്റെ ഭാവത്തെ അറിയാത്ത മൂഢന്മാർ എന്നെ മാനുഷികമായ ശരീരത്തെ ആശ്രയിച്ചവനായി നിന്ദിക്കുന്നു. അങ്ങനെ എന്നെ ധരിക്കുന്നവരുടെ ആശകളും അവർ ചെയ്യുന്ന കർമങ്ങളും അവർക്കുള്ള ജ്ഞാനവും നിഷ്ഫലങ്ങളാണ്. അവർ അവിവേകികളും മനസ്സിനെ മോഹിപ്പിക്കുന്ന രാക്ഷസപ്രകൃതിയെയും അസുരപ്രകൃതിയെയും ആശ്രയിച്ചുള്ളവരാകുന്നു.) (അധ്യായം 9, രാജവിദ്യാരാജ ഗുഹ്യയോഗം, ശ്ലോകം: 11, 12)

നമ്മുടെ രാജ്യത്ത് ദൈവാവതാരങ്ങളായി ഗണിച്ച് ആരാധിക്കപ്പെടുന്ന ബ്രഹ്മാവ്, വിഷ്ണു, ശിവൻ, ശ്രീരാമൻ, ശ്രീകൃഷ്ണൻ എന്നിവരെക്കുറിച്ച് പ്രമുഖ വേദപണ്ഡിതനായ വാഗ്ഭടാനന്ദ ഗുരു എഴുതുന്നു:

”സൃഷ്ടിസ്ഥിത്യന്തകരണീം ബ്രഹ്മവിഷ്ണു ശിവാത്മികാം
സ സംജ്ഞാം യാതി ഭഗവാനേക ഏവ മഹേശ്വരഃ (വിഷ്ണുപുരാണം 1- 2- 66).

അർഥം: സൃഷ്ടി സ്ഥിതി സംഹാരങ്ങൾ നടത്തുന്നതുകൊണ്ട് ഏകനായ ഈശ്വരനെ ബ്രഹ്മാവെന്നും വിഷ്ണുവെന്നും ശിവൻ എന്നും വിളിക്കുന്നു. ഇതുകൊണ്ട് പൗരാണികന്മാരുടെ ഇടയിലും ഏകദൈവവിശ്വാസമാണുള്ളതെന്ന് അനായാസേന ഗ്രഹിക്കാവുന്നതാണ്.

‘സത്യം അങ്ങനെയാണെങ്കിലും പൗരാണികന്മാർ തുടങ്ങി ഇതുവരെയുള്ള ബഹുജനങ്ങൾ ബ്രഹ്മാദികളെ വെവ്വേറെ ഈശ്വരന്മാരായി വിശ്വസിച്ചുവരുന്നുണ്ടല്ലോ! ഇതിനു പരമാണുഗ്രായമായിട്ടെങ്കിലും വല്ല കാരണവും ഉണ്ടോ, ഉണ്ടെങ്കിൽ അത് എന്തായിരിക്കും എന്നു ചോദിക്കുന്നു. എങ്കിൽ ഞാൻ കുറഞ്ഞൊരു സമാധാനം പറയാം. പണ്ട് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നും മറ്റും ചില മനുഷ്യർ ഉണ്ടായിരുന്നു. അവരെല്ലാം മതവാദികളും ബുദ്ധമതപ്രചാരണത്തോടുകൂടി ഉടഞ്ഞുതകർന്നുപോയ പൗരോഹിത്യ പ്രഭാവക്കോട്ടയുടെ പുനരുദ്ധാരണത്തിന്നായി കൈയുയർത്തി ചാടിപ്പുറപ്പെട്ട വീരവീരന്മാരും ആയിരുന്നു. ഇവരുടെ ഇടയിൽ ബ്രഹ്മാവ് കുറെ നല്ല മനസ്ഥിതിയുള്ള ഒരാളായിരുന്നു എന്നു വിശ്വസിക്കാം. അദ്ദേഹം തന്റെ മതം പ്രചരിപ്പിക്കുന്നതിന് ആയുധം ഉപയോഗിച്ചിരുന്നില്ല. അതായിരുന്നു അദ്ദേഹത്തിനുള്ള വൈശിഷ്ട്യം. വിഷ്ണുവും ശിവനും തങ്ങളുടെ മതപ്രചാരണത്തിന്നായി കരവാൾ, ഗദ, ശൂലം മുതലായവ നിഷ്‌കരുണം ഉപയോഗിച്ചു. അതിന്റെ ഫലമായിട്ട് അവരുടെ മതം ഇന്ത്യയിൽ പ്രബലപ്പെട്ടു. വിഷ്ണു, വികുണ്ഠ എന്ന സ്ത്രീയുടെ മകനും വൈകുണ്ഠനെന്ന് പ്രസിദ്ധനുമാകുന്നു. അദ്ദേഹം ആര്യവർഗത്തിൽ പെട്ട ഒരുവനായിരുന്നു എന്നു വിശ്വസിക്കുന്നതിന് വിരോധമില്ല. ഭിക്ഷാശിയായി സഞ്ചരിച്ചതുകൊണ്ടും സർപ്പവശീകരണത്തിൽ സാരസ്യം കാട്ടിയിരുന്നതുകൊണ്ടും ‘നങ്ങ’ എന്ന കുറവസ്ത്രീയുടെ പിതാവായിരുന്നതുകൊണ്ടും മദ്യപാനത്തിൽ ആസക്തനായിരുന്നു എന്നറിയപ്പെട്ടതുകൊണ്ടും മറ്റും ‘ശിവൻ’ ഒരു കുറവനായിരുന്നു എന്നൂഹിക്കാൻ വഴിയുണ്ട്. ഏതായാലും ശിവന്റെ നൈവേദ്യത്തെ ഇന്നും ബ്രാഹ്മണജാതിക്കാർ ഭക്ഷിക്കാത്തതുകൊണ്ട് അദ്ദേഹം താഴ്ത്തപ്പെട്ട ഒരു ജാതിയിൽ ഉൾപ്പെട്ട ആളായിരിക്കണമെന്നത് തീർച്ച തന്നെ. ‘ബ്രഹ്മാവിന്റെ കഴുത്തറുത്ത പാതകം നിമിത്തമാണ് ബ്രാഹ്മണ ജാതിക്കാർ ശിവനൈവേദ്യം ഭക്ഷിക്കാത്തത്’ എന്നു പറയുന്നതു സ്വീകാര്യമല്ല. അങ്ങനെയാണെങ്കിൽ അനേകായിരം ജനങ്ങളുടെ ഗളനാളം മുറിച്ച് ജനാർദനൻ എന്ന പേർ സമ്പാദിച്ചതിന് പുറമെ മാതൃഹത്യാ മഹാപാതകവും കൂടി ചെയ്ത വിഷ്ണുവിന്റെ നൈവേദ്യം മേൽജാതിക്കാർ ആഹരിക്കുന്നതെങ്ങനെ? ഈ വിഷ്ണുവും ശിവനും പരമദ്രോഹികളായിരുന്നു എന്നതിനുപുറമെ അന്യോന്യമത്സരികളുമായിരുന്നു. ശിവൻ ബ്രഹ്മമതത്തെ നിഷ്പ്രയാസം ഉടച്ചിരുന്നു. ബ്രഹ്മാവിന്റെ ശിരസ്സറ്റുപോയി എന്ന ഐതിഹ്യത്തിന്റെ മൂലം അതാണ്. ബ്രഹ്മമതം തകർന്നുപോകയാൽ ബ്രഹ്മാവിനെ കുടിവെപ്പാനും ആരാധിപ്പാനും അധികം പേരുണ്ടായിരുന്നില്ല. തന്മൂലം അദ്ദേഹം അനാരാധ്യകോടിയിൽ ഗണിക്കപ്പെട്ടു. വൈഷ്ണവന്മാരും ശൈവന്മാരും കൂടുതൽ ഉണ്ടാകയാൽ വിഷ്ണുവിന്റെയും ശിവന്റെയും മരണശേഷം അവരെ സാദരം കുടിവയ്ക്കുന്നതിനും ആരാധിക്കുന്നതിനും അത്യധികം സൗകര്യമുണ്ടായി. ഇന്ത്യയിൽ വിഷ്ണുക്ഷേത്രങ്ങളും ശിവക്ഷേത്രങ്ങളും ധാരാളം ആവിർഭവിച്ചതിനു കാരണം ഇതുതന്നെ. ആയുധങ്ങൾ ഉപയോഗിച്ചു അനവരതം സാധുദ്രോഹം ചെയ്തിരുന്നതുകൊണ്ടും അന്യോന്യം കലഹങ്ങൾ നടത്തിയിരുന്നതുകൊണ്ടും മറ്റു പല കാരണങ്ങൾകൊണ്ടും ശിവന്റെയും വിഷ്ണുവിന്റെയും മനസ്ഥിതി ലേശം പോലും ഉൽകൃഷ്ടമായിരുന്നില്ലെന്ന് ധരിക്കുവാൻ ബുദ്ധിയുള്ള ഏതു മനുഷ്യന്നും എളുപ്പമാകുന്നു. ശിവന്റെ ദുഃസ്ഥിതിയെ വെളിവായി ഗ്രഹിക്കണമെങ്കിൽ അദ്ദേഹം ഏർപ്പെടുത്തിയ ശാക്തേയത്തിലുള്ള വാമതന്ത്രം ഒന്നു വായിച്ചുനോക്കിയാൽ മതി. മനുഷ്യരെ ഉടലോടെ നരകത്തിൽ തള്ളിവിടുന്ന നഗ്നങ്ങളും ബീഭത്സങ്ങളുമായ ദുരാചാരങ്ങളാണ് അതിൽ പ്രതിപാദിക്കപ്പെടുന്നത്. വൈഷ്ണവ മതത്തെ പ്രബലമായി പ്രചരിപ്പിച്ചവരെ വിഷ്ണുവിന്റെ അവതാര പുരുഷന്മാരാക്കിയും ശൈവമതത്തിന് പ്രാബല്യം വരുത്തിയവരെ ശിവന്റെ പുത്രന്മാരാക്കിയും വർണിക്കുകയാണ് പ്രായേണ ചെയ്തുകാണുന്നത്. ശ്രീരാമനും ശ്രീകൃഷ്ണനും മറ്റും അവതാര പുരുഷന്മാരായതും ഗണപതിയും സുബ്രഹ്മണ്യനും ശിവസൂതന്മാരായതും ഈ വഴിയിൽ കൂടിയാകുന്നു.” (വാഗ്ഭടാനന്ദന്റെ സമ്പൂർണ കൃതികൾ, മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1998 പുറം 751-752)

വാഗ്ഭടാനന്ദ ഗുരു തന്നെ ഇക്കാര്യം സംഭാഷണ രൂപേണ ഇങ്ങനെ വ്യക്തമാക്കുന്നു:
”രാമൻ: സ്‌നേഹിത, നിങ്ങൾ ഈശ്വരവിശ്വാസമില്ലാതെ ജീവിക്കുന്നതിൽ ഞാൻ വ്യസനിക്കുന്നു.

കൃഷ്ണൻ: ഞാൻ ഈശ്വരവിശ്വാസിയല്ലെന്ന് നിങ്ങളോടാരാണ് പറഞ്ഞത്?

രാമൻ: ആരെങ്കിലും പറഞ്ഞുതരേണമോ? ശിവൻ, വിഷ്ണു, ബ്രഹ്മാവ് തുടങ്ങിയ സകാരമൂർത്തികളെ നിഷേധിച്ചു പ്രസംഗങ്ങൾ നടത്തുന്ന നിങ്ങൾ ഒരു ഭയങ്കരനായ നിരീശ്വരനല്ലേ?

കൃഷ്ണൻ: സ്‌നേഹിത, ആകാരഭേദങ്ങളോടുകൂടിയ ശിവനും വിഷ്ണുവും മറ്റും ഈശ്വരസ്ഥാനത്തിൽ അഭിഷിക്തരാകുന്നതിന് അർഹന്മാരല്ലെന്നും ശിവാദികളെ സൃഷ്ടിച്ച സർവശക്തനാണ് ഈശ്വരനെന്നും വിശ്വസിക്കുന്ന ഞാനല്ലയോ ഈശ്വരവിശ്വാസി? നശ്വരങ്ങളും ഈശ്വരസൃഷ്ടങ്ങളുമായ സാകാരവസ്തുക്കളെ ഈശ്വരന്മാരെന്ന് വിശ്വസിച്ചും തദനുസാരം ആരാധിച്ചും വരുന്ന നിങ്ങളല്ലെയോ ധൂർത്തന്മാരായ നിരീശ്വരന്മാർ?

രാമൻ: ആശ്ചര്യം! ആശ്ചര്യം! സാകാരമൂർത്തികളായ ശിവാദികൾ നശ്വരന്മാരാണോ? എന്തൊരധികപ്രസംഗമാണിത്? എനിക്കിതൊന്നും കേൾക്കേണ്ട.

കൃഷ്ണൻ: സ്‌നേഹിത, ആകാരമുള്ള എല്ലാ പദാർഥങ്ങളും നശ്വരങ്ങളാണ്. ഇതിന്റെ തെളിവിന്ന് ഒരു ഘടത്തെ പരിശോധിച്ചാൽ മതി. ഘടം ആകാരമുള്ളതാകുന്നു, അത് നശിക്കുന്നതുമാകുന്നു. ഈ നിയമം പരമാണു കാരണവാദികൾ കൂടി സമ്മതിക്കാതിരിക്കില്ല. എന്തുകൊണ്ടെന്നാൽ ഈ നിയമം എവിടെയും ബാധകമാകുന്നു. എന്നാൽ സാകാരമായ ആ ഘടത്തിന് ഒരു കർത്താവു കൂടി വേണം. അല്ലാതെ ഘടം ഉണ്ടാവുകയില്ല. ആ കർത്താവാണ് കുശവൻ. അതുപോലെ ശിവാദികൾ സാകാരന്മാരാണെങ്കിൽ അവർ നശിക്കുന്നവർതന്നെ, സംശയമില്ല. അവരുടെ ഉൽപത്തിക്ക് ഒരു കർത്താവുണ്ടായിരിക്കണമെന്ന് അനുമാനിക്കണം. ആ കർത്താവത്രെ ഈശ്വരൻ. ‘വിശ്വസ്യ കർത്താ’ എന്നും മറ്റും വേദങ്ങൾ ശ്ലാഘിക്കുന്നത് ആ ഈശ്വരനെയാകുന്നു. താദൃശനായ ഈശ്വരനെ വിശ്വസിക്കുകയും ജനിച്ചു മരിച്ച ശിവാദികളെ ഈശ്വരനെന്ന് വിശ്വസിക്കാതിരിക്കുകയും ചെയ്യുക. അതാണ് ഉചിതം. കഥയില്ലാതെ വല്ലതും വിശ്വസിക്കുകയും ആ മൂഢവിശ്വാസത്തെ ആക്ഷേപിക്കുന്ന ദയാശാലികളെ അധികപ്രസംഗികളെന്ന് അധിക്ഷേപിക്കുകയും ചെയ്യുന്നത് സുജനതക്ക് യോജിച്ചതല്ല.

രാമൻ: കഷ്ടം! കഷ്ടം! ശിവാദികൾ ജനിച്ചു മരിച്ചവരെന്നോ! എന്തൊരു ധിക്കാരമാണിത്? ഇങ്ങനെ ആരെങ്കിലും പറയുമോ?

കൃഷ്ണൻ: സ്‌നേഹിതാ, ശിവാദികൾ ജനിച്ചവരെങ്കിൽ മരിക്കുകയില്ലേ? മരിച്ചിട്ടില്ലെങ്കിൽ നാം കാണേണ്ടതുമാണ്; അവർ സാകാരന്മാരാണല്ലോ! അവരെവിടെ? എന്തുകൊണ്ട് കാണുന്നില്ല?

രാമൻ: ശിവ! ശിവ! അവരെ നാം കാണുകയോ? പാപികളായ നമുക്ക് അത്ര ഭാഗ്യമുണ്ടോ? പുണ്യവാളന്മാരായ സജ്ജനങ്ങൾക്കു മാത്രമേ അവരെക്കാണാൻ കഴിയുകയുള്ളൂ!

കൃഷ്ണൻ: രാവണൻ തുടങ്ങിയ രാക്ഷസന്മാരേക്കാൾ നാം പാപികളാണെന്നോ?

രാമൻ: അതല്ല, രാവണാദികൾ നരഹത്യയും ബ്രഹ്മഹത്യയും ദേവന്മാരെ അടിച്ചോടിക്കുക എന്ന പാപകൃത്യവും ചെയ്ത ഘോരപാപികളല്ലേ? അത്ര പാപം നാം ചെയ്യുന്നില്ല. ചെയ്യുകയുമില്ല! രാവണാദികളേക്കാൾ നാം സുകൃതം ചെയ്തവരാണെന്ന് പറയേണ്ടതുണ്ടോ?

കൃഷ്ണൻ: രാവണനും മറ്റും ശിവാദികളെ പലപ്പോഴും കാണുകയുണ്ടായല്ലോ. എന്നു മാത്രമല്ല, ബാണാസുരന്റെ കോട്ടയിൽ കുറച്ചുകാലം ശിവൻ കാവൽക്കാരനായിരുന്നില്ലേ? ആദ്യത്തെ ഭാര്യ മരിച്ചതിനു ശേഷം പാർവതിയെന്ന മലയിപ്പെണ്ണിനെ അദ്ദേഹം കല്യാണം കഴിച്ചില്ലേ? ഇങ്ങനെ മഹാപാപികളായ രാക്ഷസന്മാർക്കു കൂടി ശിവനെ കാണാൻ മാത്രമല്ല, ഭൃത്യനാക്കുവാൻ കൂടി സാധിച്ചിട്ടുണ്ടെങ്കിൽ ഒരു മലയിക്കുറത്തിപ്പെണ്ണിന് അദ്ദേഹത്തെ ഭർത്താവാക്കി വരിക്കുവാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ നമുക്ക് പാപശക്തിയാൽ കാണാൻ കഴിയില്ലെന്ന് പറയുന്നത് കഥകേടല്ലേ?

രാമൻ: ശിവൻ രണ്ടാമതും കല്യാണം കഴിച്ചത് മലയത്തിപ്പെണ്ണിനെയോ? എന്താ പറയുന്നത്? അനാവശ്യമായി അസംബന്ധം പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വളരുന്നു. വേണ്ട, വേണ്ടാസനം പറയണ്ട!

കൃഷ്ണൻ: വേണ്ടാസനം പറയുകയല്ല. വേണ്ട ആസനം പറയുകയാണ്. പാർവതിയെ ശിവൻ കല്യാണം കഴിച്ചതായി നിങ്ങൾ കേട്ടിട്ടുണ്ടോ?
രാമൻ: ഉവ്വ്, കേട്ടിട്ടുണ്ട്.

കൃഷ്ണൻ: പാർവതിയെന്നു വച്ചാൽ ആരാണെന്നാണ് നിങ്ങൾ മനസ്സിലാക്കിയിട്ടുള്ളത്? പർവതം മലയാണെങ്കിൽ പാർവതി മലയിയല്ലേ? സംസ്‌കൃതഭാഷയിൽ ഭ്രമിക്കാതെ അർഥമൊന്നു ചിന്തിച്ചുനോക്കുക! മാതംഗൻ എന്ന മലക്കുറവന്റെ മകളായ പാർവതിയെന്ന മലയിയെക്കുറിച്ച് നിങ്ങൾ മറ്റൊരു പ്രകാരം ധരിച്ചിട്ടുണ്ടെങ്കിൽ ഈ നൂറ്റാണ്ടിൽ ചിലവാകാത്ത ആ ധാരണാഭേദവും കൊണ്ട് മറയത്തുപോകുന്നതാണ് നല്ലത്! കല്യാണം കഴിച്ച് മക്കളോടുകൂടി അങ്ങനെയങ്ങനെ ജീവിച്ചും മരിച്ചും മണ്ണടിഞ്ഞും പോയ ശിവാദികളെക്കുറിച്ചുള്ള വിശ്വാസം അകലെ തള്ളി ശാശ്വതനും നിരാകാരനുമായ ഈശ്വരനെ വിശ്വസിച്ചു നല്ല മനുഷ്യനായി ജീവിക്കാൻ നോക്കൂ! ഞങ്ങളോട് ഉപദേശിപ്പാൻ വരുന്നത് പിന്നെയാവട്ടെ”(വാഗ്ഭടാനന്ദന്റെ സമ്പൂർണ കൃതികൾ. പുറം 357-359)

ശ്രീസ്വാമി ദയാനന്ദസരസ്വതി ഈ വിഷയം ചോദ്യോത്തര രൂപത്തിൽ ഇങ്ങനെ അവതരിപ്പിക്കുന്നു:
”പ്രശ്‌നം: ഈശ്വരൻ അവതാരം സ്വീകരിക്കുന്നുണ്ടോ ഇല്ലയോ?

ഉത്തരം: ഇല്ല, എന്തെന്നാൽ ‘അജ ഏകപാത്’ (35-53), ‘സ പര്യഗാത് ശുക്രമകായം’ (40-8) എന്നു തുടങ്ങിയ യജുർവേദ വചനങ്ങളിൽനിന്ന് പരമേശ്വരൻ ജന്മം കൊള്ളുന്നില്ലെന്ന് മനസ്സിലാകുന്നുണ്ട്.

പ്രശ്‌നം: യദാ യദാ ഹി ധർമസ്യ ഗ്ലാനിർഭവതി ഭാരത!
അഭ്യുത്ഥാനമധർമസ്യ തദാത്മാനം സൃജാമ്യഹം.
(ഭഗവത്ഗീത, അ. 4, ശ്ലോകം 7)

ധർമത്തിന് ലോപം വരുമ്പോഴെല്ലാം ഞാൻ ശരീരം ധരിക്കുന്നു എന്ന് ശ്രീകൃഷ്ണൻ പറയുന്നുണ്ടല്ലോ?

ഉത്തരം: വേദവിരുദ്ധമായതുകൊണ്ട് ഇത് പ്രമാണമാകുന്നില്ല. ധർമാത്മാവും ധർമത്തെ രക്ഷിക്കാൻ ഇഛിക്കുന്നവനുമായ ശ്രീകൃഷ്ണൻ ‘ഞാൻ യുഗംതോറും ജന്മം കൈക്കൊണ്ടു ശിഷ്ടജനങ്ങളെ പരിപാലിക്കുകയും ദുഷ്ടന്മാരെ സംഹരിക്കുകയും ചെയ്യും’ എന്നിങ്ങനെ ആഗ്രഹിച്ചിട്ടുണ്ടായിരിക്കാം. അങ്ങനെ ചെയ്യുന്നതിൽ ദോഷമൊന്നുമില്ല. എന്തെന്നാൽ ‘പരോപകാരായ സതാം വിഭൂതയഃ’- സജ്ജനങ്ങളുടെ ശരീരം, മനസ്സ്, ധനം എന്നിവയെല്ലാം പരോപകാരത്തിനായിട്ടുള്ളതാണല്ലോ. എന്നാലും ശ്രീകൃഷ്ണൻ ഇതുകൊണ്ട് ഈശ്വരനാണെന്ന് വരുവാൻ തരമില്ല.

പ്രശ്‌നം: ഇങ്ങനെയാണെങ്കിൽ, ലോകത്തിൽ ഈശ്വരന്റെ ഇരുപത്തിനാല് അവതാരങ്ങളുണ്ടെന്നു പറയുന്നതിനെ എങ്ങനെയാണ് കൈക്കൊള്ളുന്നത്?

ഉത്തരം: വേദത്തിന്റെ അർഥം അറിഞ്ഞുകൂടാത്തതുകൊണ്ടും, സാമ്പ്രദായികന്മാരുടെ വഞ്ചനകൾക്ക് വശംവദന്മാരാകുന്നതുകൊണ്ടും അവരവർക്ക് അറിവില്ലാത്തതുകൊണ്ടും അജ്ഞാതമാകുന്ന വലയിൽ കുടുങ്ങിപ്പോകുന്നതുകൊണ്ടുമാണ് ഇങ്ങനെ പ്രമാണ ശൂന്യങ്ങളായ വാക്കുകൾ പറയുകയും അവയെ വിലവയ്ക്കുകയും ചെയ്യുന്നത്.

പ്രശ്‌നം: ഈശ്വരൻ അവതാരം ചെയ്യുന്നില്ലെങ്കിൽ കംസൻ, രാവണൻ മുതലായ ദുഷ്ടന്മാരെ സംഹരിപ്പാൻ എങ്ങനെ സാധിക്കും?

ഉത്തരം: ഒന്നാമത്, ജനിച്ചിട്ടുള്ളവരെല്ലാം നിശ്ചയമായും മരിക്കാതിരിക്കുകയില്ല. എന്നു മാത്രമല്ല, ശരീരം കൈക്കൊണ്ട് അവതരിക്കാതെ തന്നെ ജഗത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾ നടത്തുന്ന ഈശ്വരന്റെ മുമ്പിൽ കംസൻ, രാവണൻ മുതലായവർ കേവലം ഒരു കൃമിയോട് സാദൃശ്യപ്പെടുത്തത്തക്കവർ പോലുമല്ല. അദ്ദേഹം സർവവ്യാപിയായതുകൊണ്ട് കംസരാവണാദികളുടെ ശരീരങ്ങളിലും കുടിനിറഞ്ഞിരിക്കുന്നവനാണ്. ഇഛിക്കുന്ന ക്ഷണത്തിൽതന്നെ അവരുടെ മാറ് പിളർന്ന് അവരെ കൊന്നുകളയാൻ അദ്ദേഹത്തിനു കഴിയും. എണ്ണമറ്റ ഗുണ-കർമ- സ്വഭാവങ്ങളോടുകൂടിയ പരമേശ്വരൻ ഒരു ക്ഷുദ്രജന്തുവിനെ കൊല്ലുവാനായി ജനനമരണങ്ങളുള്ളവനായിത്തീരുന്നുവെന്നു പറയുന്ന മനുഷ്യനെ വിഡ്ഢിയോടല്ലാതെ മറ്റാരോടാണ് ഉപമിക്കാൻ സാധിക്കുക?…. ഇതിനു പുറമെ പരമേശ്വരൻ ജന്മം സ്വീകരിക്കുന്നുണ്ടെന്നുള്ളത് യുക്തികൊണ്ടും കിട്ടുന്നില്ല. അതിരില്ലാത്തതായ ഈ ആകാശം ഗർഭത്തിൽ അടങ്ങിയെന്നോ കരതലത്തിൽ ഒതുങ്ങിയെന്നോ ആരെങ്കിലും പറയുന്നതായാൽ അതു നേരായി വരുവാൻ ഒരിക്കലും നിവൃത്തിയില്ല. എന്തെന്നാൽ ആകാശം അതിരറ്റതും എങ്ങും നിറഞ്ഞതുമാകുന്നു. അതിനാൽ ആകാശം അകത്തേക്ക് പ്രവേശിക്കുകയും പുറത്തേക്ക് നിർഗമിക്കുകയും ചെയ്യുന്നില്ല. അതുപോലെത്തന്നെ പരമാത്മാവ് അനന്തനും സർവവ്യാപിയുമായതുകൊണ്ട് അദ്ദേഹത്തിന് പ്രവേശ നിർഗമങ്ങൾ ഉണ്ടെന്ന് സിദ്ധിക്കുന്ന കാര്യം ഒരിക്കലും ശക്യമല്ല. ഒരു വസ്തു എവിടെ ഇല്ലയോ അവിടെ മാത്രമേ ഗതാഗതങ്ങൾ സംഭവിക്കാൻ തരമുള്ളൂ. പരമേശ്വരൻ എങ്ങുനിന്നോ വന്നുവെന്നു പറയുവാൻ, ഗർഭത്തിൽ വ്യാപിച്ചിരുന്നില്ലെന്നോ? പരമേശ്വരൻ പുറത്ത് ഉണ്ടായിരുന്നില്ലേ? ഉണ്ടായിരുന്നുവെങ്കിൽ പിന്നെ എങ്ങനെയാണ് നിർഗമിച്ചു എന്നു പറയുന്നത്? അറിവില്ലാത്തവരല്ലാതെ മറ്റാരാണ് ഈശ്വരനെപ്പറ്റി ഇങ്ങനെ പറയുകയും വിചാരിക്കുകയും ചെയ്യുക? അതുകൊണ്ട് പരമേശ്വരനു ഗതാഗതങ്ങളും ജനനമരണങ്ങളും ഉണ്ടെന്ന് സിദ്ധിക്കുവാൻ ഒരിക്കലും നിവൃത്തിയില്ല. അതിനാൽ യേശു മുതലായവരും ഈശ്വരന്റെ അവതാരമല്ലെന്നു മനസ്സിലാക്കിക്കൊള്ളുക. എന്തെന്നാൽ, രാഗദ്വേഷങ്ങൾ, ക്ഷുത്പിപാസകൾ, ഭയശോകങ്ങൾ, സുഖദുഃഖങ്ങൾ, ജനനമരണങ്ങൾ മുതലായ ഗുണങ്ങളോടു കൂടിയവരായിരുന്നതുകൊണ്ട് അവർ മനുഷ്യർ തന്നെയായിരുന്നു”(സത്യാർഥ പ്രകാശം, പുറം 304-306).

അതിനാൽ ദൈവത്തിന് അവതാരമില്ലെന്നും ഉണ്ടാവുകയില്ലെന്നും ഇസ്‌ലാമിനെപ്പോലെ ഹിന്ദുദർശനവും അംഗീകരിക്കുന്നു. പ്രപഞ്ചത്തിലുള്ളതെല്ലാം ദൈവത്തിന്റെ സൃഷ്ടികളാണ്. യേശുവും മോശെയും മുഹമ്മദും ബ്രഹ്മാവും വിഷ്ണുവും ശിവനും രാമനും കൃഷ്ണനുമൊന്നും ഇതിൽനിന്നൊഴിവല്ല. അവരൊന്നും ഈശ്വരന്മാരോ ഈശ്വരാവതാരങ്ങളോ അല്ല. മറിച്ച് ഈശ്വരസൃഷ്ടങ്ങളാണ്. അതിനാൽ, അവരെയൊന്നും വിളിച്ചു പ്രാർഥിക്കുകയോ ആരാധിക്കുകയോ അരുത്. അവർക്ക് നിവേദ്യങ്ങളോ നേർച്ചവഴിപാടുകളോ അർപ്പിക്കരുത്. അവരുടെയൊക്കെ സ്രഷ്ടാവായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ. മറിച്ചു സംഭവിക്കുന്നതെല്ലാം അജ്ഞതകൊണ്ടോ അന്ധവിശ്വാസം നിമിത്തമോ ആണ്. അങ്ങനെ ചെയ്യുന്നത് അക്ഷന്തവ്യമായ അപരാധമത്രെ.

Previous articleശഅ്ബാനിൽ നോമ്പുനോൽക്കൽ സുന്നത്തായ നിശ്ചിത ദിനങ്ങളുണ്ടോ?
Next articleവിഗ്രഹാരാധനയെ എന്തിനെതിർക്കുന്നു?
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.
error: Content is protected !!