Sunday, May 12, 2024
Homeദൈവംദൈവം നീതിമാനോ?

ദൈവം നീതിമാനോ?

ചോദ്യം- ”ദൈവം നീതിമാനാണെന്നാണല്ലോ പറഞ്ഞുവരുന്നത്. എന്നാൽ അനുഭവം മറിച്ചാണ്. മനുഷ്യരിൽ ചിലർ വികലാംഗരും മറ്റു ചിലർ മന്ദബുദ്ധികളുമാണ്. ഇത് അവരോടു ചെയ്ത കടുത്ത അനീതിയല്ലേ?”

ഉത്തരം- ഈ ചോദ്യം പ്രത്യക്ഷത്തിൽ വളരെ പ്രസക്തവും ന്യായവും തന്നെ. എന്നാൽ അൽപം ആലോചിച്ചാൽ അബദ്ധം അനായാസം ബോധ്യമാകും. നമുക്ക് ഈ ചോദ്യം ഒന്നുകൂടി വികസിപ്പിക്കാം. അപ്പോൾ പ്രസക്തമെന്ന് തോന്നുന്ന നിരവധി ചോദ്യങ്ങൾ നമ്മുടെ മുമ്പിൽ ഉയർന്നുവരും. എനിക്ക് എന്തുകൊണ്ട് ആറടി നീളം നൽകിയില്ലെന്ന് കുറിയവനു ചോദിക്കാവുന്നതാണ്. തന്നെ എന്തുകൊണ്ട് തൊലി വെളുത്തവനാക്കിയില്ലെന്ന കറുത്തവന്റെ ചോദ്യവും സുന്ദരനാക്കിയില്ലെന്ന വിരൂപന്റെ ചോദ്യവും പ്രതിഭാധനനാക്കിയില്ലെന്ന സാമാന്യബുദ്ധിയുടെ ചോദ്യവും സുഖകരമായ കാലാവസ്ഥയുള്ളേടത്ത് ജനിപ്പിച്ചില്ലെന്ന മരുഭൂവാസിയുടെ ചോദ്യവും ധനികകുടുംബത്തിലാക്കിയില്ലെന്ന ദരിദ്രന്റെ ചോദ്യവും ഭരണാധികാരിയാക്കിയില്ലെന്ന ഭരണീയന്റെ ചോദ്യവും ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിപ്പിച്ചില്ല എന്ന പത്താം നൂറ്റാണ്ടുകാരന്റെ ചോദ്യവുമൊക്കെ പ്രസക്തവും ന്യായവുമത്രെ. ഇതൊക്കെയും ഓരോരുത്തരുടെയും തലത്തിൽനിന്ന് നോക്കുമ്പോൾ തികഞ്ഞ അനീതിയുമാണ്. നമ്മുടെ സഹധർമിണിമാരുടെ ചോദ്യം ഇതിനെക്കാളെല്ലാം ന്യായവും പ്രസക്തവുമത്രെ. മാസത്തിൽ നിശ്ചിത ദിവസം ചില പ്രയാസങ്ങളനുഭവിക്കുന്നവളും ഗർഭം ചുമക്കേണ്ടവളും പ്രസവിക്കേണ്ടവളും കുട്ടിക്ക് മുല കൊടുക്കേണ്ടവളുമായി തന്നെയെന്തിനു സൃഷ്ടിച്ചു; തന്റെ ഭർത്താവിന് ഇത്തരം പ്രയാസങ്ങളൊന്നുമില്ലല്ലോ; അതിനാൽ തന്നെ എന്തുകൊണ്ട് ആണായി സൃഷ്ടിച്ചില്ല എന്ന് ഏതൊരു സ്ത്രീക്കും ചോദിക്കാവുന്നതാണ്. തന്നോട് ചെയ്തത് കടുത്ത അനീതിയാണെന്ന് സമർഥിക്കുകയും ചെയ്യാം. മനുഷ്യർക്കിടയിലെ ഈ വ്യത്യാസങ്ങളെല്ലാം ഇല്ലാതാവലാണ് നീതിയെങ്കിൽ എല്ലാവരും ഒരേ ഭൂപ്രദേശത്ത്, ഒരേ കാലാവസ്ഥയിൽ, ഒരേ കാലത്ത്, ഒരേ കുടുംബത്തിൽ, ഒരേ മാതാപിതാക്കളുടെ മക്കളായി, ബുദ്ധിപരമായി ഒരേ നിലവാരത്തിലുള്ളവരായി, ഒരേ ശരീരപ്രകൃതിയോടുകൂടി, ഒരേ ലിംഗക്കാരായി, ഒരേവിധം ആരോഗ്യാവസ്ഥയിൽ ജനിക്കുകയും ജീവിക്കുകയും വേണ്ടിവരും. ഇത് തീർത്തും അസാധ്യവും അപ്രായോഗികവുമാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. അതിനാൽ എല്ലാ കാര്യങ്ങളിലെയും വൈവിധ്യം മനുഷ്യരാശിയുടെ നിലനിൽപിന് അനിവാര്യമത്രെ.

മനുഷ്യജീവിതം മരണത്തോടെ അവസാനിക്കുമെങ്കിൽ നീതിയെ സംബന്ധിച്ച ഈ ചോദ്യങ്ങളെല്ലാം തീർത്തും പ്രസക്തങ്ങളാണ്. എങ്കിൽ ജനനം മുതൽ മരണം വരെയുള്ള ജീവിതം എല്ലാവർക്കും ഒരേപോലെ തുല്യമായി അനുഭവിക്കാനും ആസ്വദിക്കാനും അവസരം ലഭിക്കുകതന്നെ വേണം. എന്നാൽ നീതിമാനായ ദൈവം മരണത്തോടെ മനുഷ്യജീവിതം അവസാനിപ്പിക്കുന്നില്ല. ഐഹിക ജീവിതം കർമകാലമാണ്. വിചാരണയും വിധിയും കർമഫലവും മരണശേഷം മറുലോകത്താണ്. ഓരോരുത്തർക്കും ഭൂമിയിൽ നിർവഹിക്കാനുള്ള ബാധ്യത അവരവർക്ക് നൽകപ്പെട്ട കഴിവുകൾക്കനുസരിച്ചാണ്. പണക്കാരന്റെയത്ര ബാധ്യത പാവപ്പെട്ടവന്നില്ല. പണ്ഡിതന്റെ ചുമതല പാമരന്നില്ല. പ്രതിഭാശാലികളുടെ ഉത്തരവാദിത്വം സാമാന്യബുദ്ധിക്കില്ല. മന്ദബുദ്ധിക്ക് അത്രയുമില്ല. വികലാംഗന് പൂർണ ആരോഗ്യവാനെ അപേക്ഷിച്ച് കുറഞ്ഞ ഉത്തരവാദിത്വമേയുള്ളൂ. ഈ ബാധ്യതകളുടെ നിർവഹണമാണ് ജീവിതത്തിന്റെ ജയാപജയങ്ങളുടെ നിദാനം. ഓരോരുത്തർക്കും ലഭ്യമായ കഴിവുകൾ ഏതുവിധം വിനിയോഗിച്ചുവെന്നതാണ് വിലയിരുത്തപ്പെടുക. തദനുസൃതമായി ഓരോരുത്തരിലും അർപ്പിതമായ ചുമതലകളുടെ പൂർത്തീകരണത്തിന്റെ അടിസ്ഥാനത്തിലാണ് മരണാനന്തരജീവിതത്തിലെ രക്ഷാശിക്ഷകൾ നിശ്ചയിക്കപ്പെടുക. അതിനാൽ മരണശേഷം മറുലോകമില്ലെങ്കിൽ മാത്രമേ ഈ ഭൂമിയിലെ മനുഷ്യന്റെ അവസ്ഥാന്തരങ്ങൾ അനീതിപരമാവുകയുള്ളൂ. അനശ്വരമായ പരലോകം അനിഷേധ്യമാണെന്നതിനാൽ അംഗവൈകല്യവും ആരോഗ്യാവസ്ഥയിലെ അന്തരവും ധൈഷണിക നിലവാരത്തിലെ വ്യത്യാസവുമൊന്നും ദൈവനീതിക്കു തീരെ വിരുദ്ധമാവുന്നില്ല.

വികലാംഗൻ അംഗവൈകല്യമില്ലാത്തവന്റെയും പാവപ്പെട്ടവൻ പണക്കാരന്റെയും മുമ്പിലെ പരീക്ഷണം കൂടിയത്രെ. തങ്ങൾക്ക് ദൈവം നൽകിയ അനുഗ്രഹങ്ങളനുസ്മരിച്ച് വികലാംഗരോടും ദരിദ്രരോടും സഹാനുഭൂതിയും അനുകമ്പയും പുലർത്തി, സ്‌നേഹം പകർന്നുകൊടുക്കുകയും സഹായസഹകരണങ്ങൾ നൽകുകയും ഉദാരമായി പെരുമാറുകയും ചെയ്യുന്നുണ്ടോയെന്നതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അവരുടെ മരണാനന്തരജീവിതത്തിലെ രക്ഷാശിക്ഷകൾ.

എന്നാൽ ദൈവത്തെയും പരലോകത്തെയും നിഷേധിക്കുന്ന ഭൗതിക വാദികൾക്ക് നീതിയെ സംബന്ധിച്ച ഇത്തരം ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകുക സാധ്യമല്ല. പ്രപഞ്ചത്തിന് നിയതമായ താളവും വ്യക്തമായ ക്രമവും വ്യവസ്ഥയും നൽകിയ ‘പ്രകൃതി’ എന്തുകൊണ്ട് മനുഷ്യരോട് നീതി കാണിച്ചില്ല? പ്രകൃതി ചെയ്ത ഈ കടുത്ത അനീതിക്ക് എന്തു പരിഹാരമാണ് ഭൗതികവാദിക്ക് നിർദേശിക്കാനുള്ളത്? ഉത്തരം നൽകേണ്ടത് ദൈവനിഷേധികളും മതവിരുദ്ധരുമാണ്.

ശൈഖ് മുഹമ്മദ് കാരകുന്ന്
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Recent Posts

Related Posts

error: Content is protected !!