ചോദ്യം: അല്ലാഹുവിന് മാത്രമാണ് സുജൂദ് ചെയ്യേണ്ടതെങ്കില്‍, എന്തുകൊണ്ടാണ് അല്ലാഹു മലക്കുകളോട് ആദമിന് സുജൂദ് ചെയ്യാന്‍ കല്‍പിച്ചത്? എപ്രകാരമാണ് സഹോദരന്മാര്‍ യൂസുഫ് നബിക്ക് സുജൂദ് ചെയ്തത്?
ഉത്തരം: ഒന്ന്, മലക്കുള്‍ ആദമിന് സുജൂദ് ചെയ്തത് ഇബാദത്തിന് വേണ്ടിയായിരുന്നില്ല. മറിച്ച്, അഭിവാദ്യം അര്‍പ്പിക്കുന്നതിന് വേണ്ടിയായിരുന്നു. രണ്ട്, സുജൂദ് ചെയ്യാന്‍ അല്ലാഹു തന്നെ കല്‍പിച്ചതാണ്. അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിക്കുകയെന്നത് നിര്‍ബന്ധ ബാധ്യതയാണ്. അല്ലാഹുവിനല്ലാതെ വേറെയാര്‍ക്കാണെങ്കിലും സുജൂദ് ചെയ്യുകയെന്നത് നിഷിദ്ധമാണ്, അനുവദനീയമല്ല. പ്രവാചക വചനങ്ങളില്‍ ഇപ്രകാരം കാണാവുന്നതാണ്: ‘ആരോടെങ്കിലും സുജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നുവെങ്കില്‍ സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താവിന് സുജൂദ് ചെയ്യാന്‍ കല്‍പിക്കുമായിരുന്നു. (തുര്‍മുദി) മലക്കുകള്‍ ആദമിന് സുജൂദ് ചെയ്തത് ആരാധനാപരമായ-ഇബാദത്തിന്റെ പരിധിയില്‍ വരുന്ന സുജൂദല്ലെന്നതില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ യോജിച്ചിരിക്കുന്നു.
അല്ലാഹു മലക്കുകളോട് നെറ്റികള്‍ ഭൂമിയില്‍ വെക്കുന്നതിന് കല്‍പിച്ചിരിക്കുന്നു. അത് ആദമിനെ ആദരിക്കുന്നതിന് വേണ്ടിയാണ്. അങ്ങനെയല്ലെങ്കില്‍, ആദിമിന് നേരെ തിരിഞ്ഞ് അല്ലാഹുവിന് സുജൂദ് ചെയ്യുകയെന്നതാണ്. ഉദാഹരണമായി, ഖിബ്‌ലക്ക് നേരെ തിരിഞ്ഞ് നമസ്‌കരിക്കുകയാണെന്ന് പറയുന്നതുപോലെ. സുജൂദെന്നത് ഭൗതിക ഭാവത്തിലുള്ള സുജൂദല്ലെന്നും മറിച്ച്, മാനസികമായതാണെന്നും ചിലര്‍ പറയുന്നു. അഥവാ, ആദമിന്റെ ശ്രേഷ്ഠത അംഗീകരിക്കുകയും സമ്മതിക്കുകയുമാണത്. എങ്ങനെയായിരുന്നാലും, സുജൂദ് അഭിവാദ്യമര്‍പ്പിക്കുന്നതിനുള്ളതാണ്, ഇബാദത്തിന് വേണ്ടിയുള്ളതല്ല.
Also read: മാനസിക സംഘര്‍ഷങ്ങള്‍
യഅ്കൂബ് നബിയുടെ കാലം മുതല്‍ തന്നെ അപ്രകാരം അറിയപ്പെടുന്നു. അല്ലാഹു യൂസുഫിനോട് പറയുന്നു: ‘അദ്ദേഹം തന്റെ മാതാപിതാക്കളെ രാജപീഠത്തിന്‍മേല്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പ്രണാമം ചെയ്യുന്നവരായികൊണ്ട് വീണു.’ (യൂസുഫ്: 100) ഇത് പ്രവാചക കാലത്തിലേക്ക് വന്നെത്തിനില്‍ക്കുന്നതാണ്. മരവും ഒട്ടകവും പ്രവാചകന് സുജൂദ് ചെയ്യുന്നത് കണ്ട സ്വഹാബികള്‍ പറഞ്ഞു: താങ്കളെ സുജൂദ് ചെയ്യാന്‍ കൂടുതല്‍ അര്‍ഹരായിട്ടുള്ളത് ഞങ്ങളാണ്. പ്രവാചകന്‍(സ) പറഞ്ഞു: ലോക രക്ഷിതാവായ അല്ലാഹുവിനല്ലാതെ സുജൂദ് ചെയ്യുക അനുവദനീയമല്ല. (സുനനു ഇബ്‌നുമാജ, സ്വഹീഹു ബുസ്തി)
സിറിയയില്‍ നിന്ന് വരുന്ന മുആദ് ബിന്‍ ജബല്‍(റ) പ്രവാചകന് സുജൂദ് ചെയ്തു. പ്രവാചകന്‍(സ) ചോദിച്ചു: എന്താണിത്? മുആദ് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ, ഞാന്‍ സിറിയയില്‍ നിന്ന് വരികയാണ്. അവിടെയുള്ളവര്‍ അവരുടെ ചക്രവര്‍ത്തിമാരെയും മെത്രാന്മാരെയും സുജൂദ് ചെയ്യുന്നത് ഞാന്‍ കാണുകയുണ്ടായി. അപ്രകാരം താങ്കളോട് ചെയ്യാന്‍ ഞാന്‍ ഉദ്ദേശിച്ചു. പ്രവാചകന്‍(സ) പറഞ്ഞു: താങ്കള്‍ അപ്രകാരം ചെയ്യരുത്. ഞാന്‍ ഏതെങ്കിലും വസ്തുവിന് സുജൂദ് ചെയ്യാന്‍ കല്‍പിക്കുമായിരുന്നുവെങ്കില്‍, സ്ത്രീകള്‍ അവരുടെ ഇണക്ക് സുജൂദ് ചെയ്യാന്‍ കല്‍പിക്കുകമായിരുന്നു. തന്റെ ഇണയുടെ അവകാശങ്ങള്‍ നിര്‍വഹിക്കുന്നതുവരെ സ്ത്രീകള്‍ തന്റെ രക്ഷിതാവിന്റെ അവകാശങ്ങള്‍ നിര്‍വഹിക്കുന്നില്ല. എത്രത്തോളമെന്നാല്‍, ഒട്ടകപുറത്തിരിക്കുന്ന സ്ത്രീയോടാണ് ആവശ്യപ്പെടുന്നതെങ്കിലും (സ്ത്രീയെ തന്റെ ഇണ സംസര്‍ഗത്തിന് ക്ഷണിക്കുകയാണെങ്കില്‍) അവര്‍ക്ക് അത് നിഷേധിക്കാന്‍ അനുവാദമില്ല. ആരാധന എന്ന അര്‍ഥത്തിലുള്ള സുജൂദ് അനുവദനീയമല്ലെന്ന് ഇതില്‍നിന്ന് വ്യക്താകുന്നു. അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ആദമിന് ചെയ്ത സുജൂദ് അല്ലാഹുവിന്റെ കല്‍പനയായിരുന്നു. അതുപോലെ, യൂസുഫ് നബിയുടെ സഹോദരന്മാരുടെ സുജൂദ് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ളതായിരുന്നു. അഭിവാദ്യമര്‍പ്പിച്ചുകൊണ്ടാണെങ്കിലും ഇസ്‌ലാം നിരുപാധികം സുജൂദ് ചെയ്യുന്നത് നിഷിദ്ധമാക്കിയിരിക്കുന്നു.
അവലംബം: islamonline.net